
കേരളതീരം ഉള്‍പ്പടെ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ മണ്‍സൂണ്‍ കാലയളവില്‍ മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നതായി പഠനം. മഴമേഘങ്ങളുടെ ഘടനയില്‍ മാറ്റം വരുന്നതിനാല്‍ കാലവര്‍ഷം കൂടുതല്‍ കനക്കാനാണ് സാധ്യതയെന്ന് 'നേച്ചര്‍' മാഗസിന്റെ പോര്‍ട്ട്‌ഫോളിയോ ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നു. കുസാറ്റില്‍ 'അഡ്വാന്‍സഡ് സെന്റര്‍ ഫോര്‍ അറ്റ്‌മോസ്ഫറിക് റഡാര്‍ റിസര്‍ച്ചി'ന്റെ ഡയറക്ടര്‍ ഡോ.അഭിലാഷ് എസിന്റെ മേല്‍നോട്ടത്തിലാണ് പഠനം നടന്നത്. പഠനത്തെക്കുറിച്ചും മഴപ്പെയ്ത്തിന്റെ സ്വഭാവം മാറുന്നതിനേക്കുറിച്ചും ഡോ.അഭിലാഷ് മാതൃഭൂമി ഡോട്ട് കോമിനോട് സംസാരിക്കുന്നു.
എന്തായിരുന്നു പഠനത്തിലെ പ്രധാന കണ്ടെത്തല്‍?
Also Read
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ മേഘങ്ങളുടെ ഘടന മാറുന്നു എന്നതാണ് പഠനത്തിലെ പ്രധാന കണ്ടെത്തല്‍. അവിടെ നേരത്തെയുണ്ടായിരുന്ന വ്യാപ്തി കുറഞ്ഞ മേഘങ്ങളില്‍ നിന്നുമാറി വലിയ കട്ടിയുള്ള മേഘങ്ങള്‍ രൂപം കൊള്ളുന്നു. പ്രധാനമായും മേഘങ്ങളുടെ ഉയരം കൂടുന്നു എന്നതാണ് പഠനം പറയുന്നത്. ഇത്തരം മേഘങ്ങള്‍ മണ്‍സൂണ്‍ സീസണില്‍, ചില അവസരങ്ങളില്‍ തീരത്തുനിന്ന് കരയിലേക്കെത്തും. കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ഇത്തരം കട്ടികൂടിയ മേഘങ്ങള്‍ കടലിലുണ്ടായിരുന്നു. അതുമൊത്തം അവിടെ പെയ്തുതീര്‍ന്നു. എന്നാല്‍ കരയിലേക്ക് പ്രവേശിച്ചില്ല. പ്രവേശിക്കുന്ന സാഹചര്യമുണ്ടായാല്‍ കരയിലത് വലിയ മഴയായിരിക്കും ഉണ്ടാക്കുക.
മഴമേഘങ്ങളുടെ ഘടനയില്‍ മാറ്റം വരുന്നതിന് കാരണമെന്താണ് ?
നമ്മുടെ കാലാവസ്ഥയിലുണ്ടായ വ്യതിയാനമാണ് ഇതിന് കാരണം. കിഴക്കന്‍ അറബിക്കടല്‍ ക്രമാതീതമായി ചൂടാകുന്നതും അതുപോലെതന്നെ അതിന്റെ ഭാഗമായി അന്തരീക്ഷത്തിലൊരു താപഅസ്ഥിരത രൂപപ്പെടുന്നതുമാണ് കാരണം. ഈ താപഅസ്ഥിരത വലിയ മേഘങ്ങള്‍ ഉയരത്തില്‍ രൂപപ്പെടാനുള്ള ഒരു അനുകൂല സാഹചര്യം സൃഷ്ടിക്കും. ഇത് രണ്ടുമാണ് അതിന്റെ കാലാവസ്ഥ ഘടകങ്ങള്‍. ഒപ്പം ഒരു മണ്‍സൂണ്‍ സീസണില്‍ നാലോ അഞ്ചോ തീവ്രന്യൂന മര്‍ദ്ദവും (Depression) എട്ടോ പത്തോ ന്യൂനമര്‍ദ്ദങ്ങളുമൊക്കെ ബംഗാള്‍ ഉള്‍ക്കടലിലും ശാന്തസമുദ്രത്തിലുമൊക്കെ പ്രതീക്ഷിക്കാം. അതുണ്ടാകുന്ന അവസരങ്ങളില്‍ തീരപ്രദേശത്തെ മണ്‍സൂണ്‍ കാറ്റിന്റെ വേഗത വര്‍ധിക്കും. ഇത് പശ്ചിമഘട്ട മലനിരകള്‍ക്ക് ലംബമായി വേഗത്തില്‍ വീശും. കടലിലെ മഴമേഘങ്ങളേയും നീരാവിയേയും ഇത് പശ്ചിമഘട്ടത്തിലെ മലയോര പ്രദേശത്ത് എത്തിക്കും.
മേഘങ്ങളുടെ ഘടനയിലുള്ള മാറ്റം എങ്ങനെയാണ് മഴപ്പെയ്ത്തിന്റെ സ്വഭാവത്തെ സ്വാധീനിക്കുന്നത് ?
മണ്‍സൂണ്‍ സീസണില്‍ പണ്ടും അതിതീവ്രമഴ കേരളത്തിലുണ്ടായിട്ടുണ്ട്. പക്ഷേ 24 മണിക്കൂര്‍ കൊണ്ടായിരിക്കും 20 സെന്റീമീറ്റര്‍ മഴ ലഭിക്കുന്നത്. അതുമാറി, ചില പ്രദേശങ്ങളില്‍ 15 മുതല്‍ 20 സെന്റീമീറ്റര്‍ മഴ രണ്ട് മൂന്ന് മണിക്കൂര്‍ കൊണ്ട് പെയ്യുന്ന രീതിയില്‍ കേരളത്തിലെ മഴ പെയ്ത്തിന്റെ സ്വഭാവം മാറി. അതിനുകാരണം ഇത്തരം മേഘങ്ങള്‍ ചില പ്രത്യേക സ്ഥലങ്ങളില്‍ (ഉദാഹരണത്തിന് കവളപ്പാറ, കൂട്ടിക്കല്‍, പെട്ടിമുടി പോലുള്ള മലയോര പ്രദേശങ്ങളില്‍) എത്തുമ്പോള്‍ മലകള്‍ ഇതിനെ മുകളിലേക്ക് പുഷ് ചെയ്യും. ഒരു കിലോമീറ്റര്‍ മുതല്‍ 14 കിലോമീറ്റര്‍ വരെ ഉയരത്തില്‍ വ്യാപ്തിയുള്ളതിനാല്‍ അത്രയും ജലമാണ് ഈ മേഘങ്ങളില്‍ ശേഖരിക്കുന്നത്. അത്രയും വെള്ളമാണ് താഴേക്ക് വരുന്നത്. അതുകൊണ്ടാണ് ചുരുങ്ങിയ സമയത്ത് വലിയ മഴ ലഭിക്കുന്നത്.
മണ്‍സൂണ്‍ സമയത്ത് കേരളത്തിലേക്ക് വരുന്ന മേഘങ്ങളുടെ ഉയരം ഏഴ് കിലോമീറ്റര്‍ വരെയൊക്കെയെ ഉണ്ടായിരുന്നുള്ളൂ. ചില അവസരങ്ങളിലെങ്കിലും ആ മേഘങ്ങളുടെ കട്ടിയും ഉയരവും കൂടും. ഏഴ് കിലോ മീറ്ററില്‍ താഴെയുള്ള മേഘങ്ങളാണെങ്കില്‍ അതിനുള്ളില്‍ ഐസ് പരലുകള്‍ കാണില്ല. അതിന് മുകളിലുള്ള മേഘങ്ങളിലാണ് വലിയ തോതില്‍ ഐസ് പരലുകള്‍ കാണുക. ഐസിന്റെ സാന്നിധ്യത്തില്‍ മഴ രൂപീകരണ പ്രക്രിയ ത്വരിതപ്പെടും. അത് കൂടുതല്‍ മഴക്ക് കാരണമാകും.
2018-ലെയും 2019-ലേയും പ്രളയവുമായി ഇതിന് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ?
2018-ലെ പ്രളയം ഇത്തരം വലിയ മേഘങ്ങള്‍ കൊണ്ടുള്ള പ്രളയമല്ലായിരുന്നു. അത് മൂന്ന് മാസക്കാലം വലിയ മഴ കിട്ടിയതുകൊണ്ടുണ്ടായതാണ്. ഓരോ ഘട്ടത്തിലും വെള്ളം ഉയര്‍ന്നുവരുന്നത് നമുക്ക് അറിയാമായിരുന്നു. അതേസമയം 2019-ലേത് ഒരു മിന്നല്‍ പ്രളയമായിരുന്നു. ഒറ്റദിവസം കൊണ്ടുണ്ടായ പ്രളയമായിരുന്നു അത്. ആ വര്‍ഷം ഓഗസ്റ്റ് ഒന്ന് വരെ 35 ശതമാനം മഴക്കുറവായിരുന്നു രേഖപ്പെടുത്തിയത്. എട്ടാം തീയതിയിലെ ഒറ്റ മഴകൊണ്ട് ആ മഴക്കുറവ് പരിഹരിച്ചു. അത്രക്ക് മഴയാണ് മൂന്നാലഞ്ച് ദിവസം കൊണ്ട് കിട്ടിയത്. അതില്‍ ഒരു ദിവസമാണ് നിലമ്പൂരില്‍ 35 സെന്റീമീറ്റര്‍ മഴ രേഖപ്പെടുത്തിയത്. 2019-ലെ പ്രളയം, പെട്ടിമുടി ദുരന്തം, കൂട്ടിക്കല്‍ ദുരന്തം ഇതെല്ലാമുണ്ടാക്കിയത് ലഘുമേഘവിസ്‌ഫോടനത്തിന്റെ ഗണത്തില്‍പ്പെടുത്താവുന്ന മഴമൂലമാണ്.
കേരളത്തില്‍ വീണ്ടും ഒരു പ്രളയത്തിനുള്ള സാധ്യതയിലേക്കാണോ ഇത് വിരല്‍ചൂണ്ടുന്നത് ?
അറബിക്കടലിന്റെ താപനില വര്‍ധിക്കുക, അതുമൂലമുണ്ടാകുന്ന താപഅസ്ഥിരത, തീവ്രന്യൂനമര്‍ദ്ദം മൂലം മണ്‍സൂണിന്റെ വേഗം വര്‍ധിക്കുക എന്നീ മൂന്ന് ഘടകങ്ങളും ഒരുപോലെ ഒന്നിച്ച് വന്നാല്‍ മാത്രമേ ഇത്തരത്തിലൊരു സാഹചര്യം ഉണ്ടാകുകയുള്ളൂ. അത് ഒരു മണ്‍സൂണ്‍ സീസണില്‍ എപ്പോള്‍ വേണമെങ്കിലും പ്രതീക്ഷിക്കാം. എന്നാല്‍, എപ്പോള്‍ ഉണ്ടാകുമെന്ന് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. ഒരുപക്ഷേ, ഈ ഒരു സീസണില്‍ ഒന്നോ രണ്ടോ തവണ അതുണ്ടാകാനുള്ള സാധ്യതയുണ്ട്. ഒരു സീസണില്‍ മൂന്നോ നാലോ തവണ തീവ്രന്യൂനമര്‍ദ്ദം ഉണ്ടാകാറുണ്ട്. ആ അവസരത്തിലെല്ലാം ഇതുണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുകയാണ്. അതിനര്‍ഥം നാളെയിത് ഉണ്ടാകുമെന്നല്ല. അല്ലെങ്കില്‍ അടുത്ത മാസം ഉണ്ടാകുമെന്നല്ല. അതൊന്നും നമുക്ക് പ്രവചിക്കാന്‍ സാധിക്കില്ല. മുന്നേ സൂചിപ്പിച്ച ഘടകങ്ങള്‍ ഒന്നിച്ചു വന്നാലെ ഇത് സംഭവിക്കുകയുള്ളൂ. അത് ഒന്നിച്ചുവരുന്ന ഒരു സാഹചര്യത്തില്‍ ഇത് നമുക്ക് പ്രതീക്ഷിക്കാം.
എന്നാല്‍, ഈ മണ്‍സൂണ്‍ കാലത്ത് മേഘവിസ്‌ഫോടനം ഉണ്ടാകണമെന്നില്ല. പക്ഷേ, ഇതൊരു പതിവായി മാറാനുള്ള സാധ്യതയാണ് മുന്നോട്ട് വെയ്ക്കുന്നത്. ഈ സീസണില്‍ ഉണ്ടായില്ലെങ്കില്‍ അടുത്ത സീസണില്‍ ഉണ്ടായേക്കാം. ഏത് സമയത്തും ഇത് സംഭവിക്കാനുള്ള സാഹചര്യമാണുള്ളത്. ഇതു തുടര്‍ന്ന് വന്നാല്‍ വലിയ മേഘവിസ്‌ഫോടനമാകാന്‍ അധികം സമയം വേണ്ട. ചെറിയ മേഘവിസ്‌ഫോടനം ഉണ്ടായിട്ടാണ് വലുതുണ്ടാകുന്നത്. ചെറിയ മേഘവിസ്‌ഫോടനം എന്നത് ഒരു ടെസ്റ്റ് ഡോസ് ആകാന്‍ സാധ്യതയുണ്ട്. അതില്‍ ചെറിയ മാറ്റം മതി വലിയ മേഘവിസ്‌ഫോടനമായി മാറാന്‍. അതാണ് ഈ പഠനത്തില്‍ മുന്നറിയിപ്പ് നല്‍കുന്നത്.
നമ്മുടെ കാലവര്‍ഷത്തിന്റെ സ്വഭാവത്തിലും കാലാവസ്ഥയിലും വന്ന മാറ്റങ്ങളുമായി ഇതിന് ഏതെങ്കിലും തരത്തില്‍ ബന്ധമുണ്ടോ?
സീസണ്‍ തെറ്റിയും പതിവ് തെറ്റിച്ചുമുള്ള മഴയാണ് നമുക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കാര്‍ഷിക കലണ്ടറിലും പരമ്പരാഗതമായി ലഭിച്ചു കൊണ്ടിരുന്ന മഴയുടെ വിതരണത്തിലുമെല്ലാം ഒരുപാട് മാറ്റമുണ്ട്. നേരത്തെ, മഴ ലഭിച്ചിരുന്ന സമയത്ത് ഇപ്പോള്‍ ലഭിക്കുന്നില്ല. പ്രതീക്ഷിക്കാതെ വലിയ മഴ ലഭിക്കുകയും ചെയ്യുന്നു. മഴയുടെ പാറ്റേണില്‍ വലിയ സ്ഥലകാലവ്യതിയാനമാണ് ഉണ്ടായിരിക്കുന്നത്.
എന്നാല്‍, മിന്നല്‍ പ്രളയങ്ങളുടെ, അല്ലെങ്കില്‍ പെട്ടന്നുണ്ടാകുന്ന ഉരുള്‍പൊട്ടലിന്റെ ഒരു കാരണം മുമ്പ് പറഞ്ഞതുപോലുള്ള ലഘുമേഘവിസ്‌ഫോടനമാണ്. ഒരു മണിക്കൂറില്‍ 10 സെന്റീമീറ്റര്‍ മഴ ലഭിക്കുമ്പോഴാണ് കേരളത്തെ സംബന്ധിച്ച് വലിയ മേഘവിസ്‌ഫോടനം എന്ന് പറയാന്‍ സാധിക്കുക. അത്തരത്തിലൊന്നും അടുത്ത കാലം വരെ കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കേരളത്തിന്റെ പ്രത്യേക ഭൂപ്രകൃതി കണക്കിലെടുത്താല്‍ അടുത്തടുത്ത രണ്ട് മണിക്കൂറുകളില്‍ അഞ്ച് സെന്റീമീറ്ററില്‍ മഴ പെയ്താല്‍ പോലും മണ്ണിടിച്ചിലും പ്രളയവുമൊക്കെ ഉണ്ടാകും. ആ തരത്തിലാണ് കേരളത്തിന്റെ ഭൗമഘടന മാറിയിരിക്കുന്നത്. അതുതന്നെ അപകടകരമാണ്.
Watch Video
Content Highlights: Interview with dr abhilash on Changes in the pattern of rain clouds near Kerala sea shore
Published: 16 May 2022, 01:08 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented