തിമിംഗല സ്രാവിനെ എല്ലാവരും വേഗം തിരിച്ചറിയും. നിറയെ പുള്ളികളും വരയുമുള്ള ഇത്രയും വലിയ വേറെയൊരു സ്രാവ് എവിടെയും ഇല്ല..', സംഭാഷണത്തിന്റെ ഇടയില്‍ ഒരു മത്സ്യതൊഴിലാളി ഞങ്ങളോട് പറഞ്ഞു. അദേഹത്തിന്റെ വാക്കുകള്‍ ശരിയാണ്. 36 ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് സമുദ്രത്തിലുണ്ടായിരുന്ന മെഗലോഡണ്‍ (Megalodon) സ്രാവുകളുടെ വംശനാശത്തിന് ശേഷം ലോകത്തിലെ ഏറ്റവും വലിയ മത്സ്യം എന്ന പദവി അലങ്കരിച്ച് പോരുന്നത് നമ്മുടെ ഈ സൗമ്യനായ ഭീമനാണ്. 'Whale Shark' അഥവാ തിമിംഗല സ്രാവുകളാണ് (Rhincodon typus) ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മത്സ്യം

ഇത് പറയുമ്പോള്‍, സ്വാഭാവികമായി ചിലരുടെയെങ്കിലും മനസില്‍ വരുന്ന ഒരു ചോദ്യം ഉയരും. 'അപ്പോള്‍ നീല തിമിംഗലം അല്ലേ?' എന്ന്!  തിമിംഗല സ്രാവുകളും നീല തിമിംഗലവും തമ്മിൽ പ്രകടനമായ വ്യത്യാസങ്ങൾ ഉണ്ട്. അത് പരിശോധിക്കാം.

നീല തിമിംഗലമാണ് ലോകത്തെ ഏറ്റവും വലിയ ജീവി എന്നതിൽ തര്‍ക്കമില്ല. എന്നിരുന്നാലും തിമിംഗലങ്ങളെ മത്സ്യവര്‍ഗത്തില്‍ ഉള്‍പ്പെടുത്താറില്ല. പൊതുവെ മുട്ടയിട്ട് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നവയാണ് മത്സ്യഗണത്തിലുള്ളവ. മനുഷ്യരെപ്പോലെ നീല തിമിംഗലങ്ങളും സസ്തിനി വര്‍ഗത്തില്‍ ഉള്‍പ്പെട്ടവയാണ്. എല്ലുകളുള്ള (Calcified bones), പ്രസവിക്കുന്ന, മുലയൂട്ടുന്ന, അന്തരീക്ഷത്തിലെ വായു ശ്വസിക്കാന്‍ ശ്വാസകോശമുള്ള (Lungs) സസ്തിനികളാണ് നീല തിമിംഗലങ്ങള്‍ ഉള്‍പ്പെടുന്ന തിമിംഗലവര്‍ഗം. ഏകദേശം 136 ടണ്‍ ഭാരമായിരിക്കും പൂര്‍ണ വളര്‍ച്ച കൈവരിച്ച നീല തിമിംഗലത്തിന്. മാത്രമല്ല ഇവയ്ക്ക് 80 മുതല്‍ 90 അടി വരെ നീളവും ഉണ്ടായിരിക്കും എന്നാണ് പഠനങ്ങള്‍ വെളിപ്പെടുത്തുന്നത്.

ആദ്യം പറഞ്ഞതുപോലെ ഇന്ന് ലോകത്ത് ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ മത്സ്യമാണ് വെയില്‍ ഷാര്‍ക്ക് അഥവാ തിമിംഗല സ്രാവുകള്‍. വെള്ളുടുമ്പന്‍ സ്രാവ്, പുള്ളി സ്രാവ്, കറുമ്പച്ചന്‍ മുതലായ പേരുകളിലാണ് കേരളത്തിന്റെ വിവിധതീര പ്രദേശങ്ങളില്‍ ഇവ അറിയപ്പെടുന്നത്. ഒരുവര്‍ഗത്തില്‍ ഒന്ന് മാത്രമുള്ള (Monotypic) വിഭാഗത്തില്‍ പെട്ട മത്സ്യങ്ങളില്‍ ഉള്‍പ്പെട്ടവയാണ് തിമിംഗല സ്രാവുകള്‍.

തരുണാസ്ഥിയുള്ള (Cartilage Skelton) തിമിംഗല സ്രാവുകള്‍ മുട്ടയിട്ടാണ് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നത്. മറ്റ് മത്സ്യങ്ങള്‍ക്ക് കഴിയുന്നത് പോലെ ജലത്തില്‍ അലിഞ്ഞ് ചേര്‍ന്നിട്ടുള്ള വായു ശ്വസിക്കുവാന്‍ കഴിയുന്ന ചെകിളകളാണ് ഇവയ്ക്കുള്ളത്. പൂര്‍ണവളര്‍ച്ച എത്തിയ തിമിംഗലസ്രാവിന്റെ തൂക്കം ഏകദേശം 20 ടണ്‍ ആയിരിക്കും മാത്രമല്ല 40 മുതല്‍ 45 അടിവരെ നീളവും ഇവയ്ക്ക് കൈവരിക്കുവാന്‍ സാധിക്കും.

To advertise here,

ദി ജെന്റില്‍ ജയന്റ്...

മുത്തശിക്കഥകളിലേയും ഡിറ്റക്ടീവ് നോവലുകളിലേയും സ്ഥിരം സാന്നിധ്യമായ പ്രതികാരദാഹിയായ രക്തരക്ഷസിന്റെ മറ്റൊരു പകര്‍പ്പായിട്ടാണ് പലരും സ്രാവുകളെ കാണുന്നത്. ചോരയുടെ മണം തിരിച്ചറിഞ്ഞ് പാഞ്ഞടുക്കുന്ന, കൂറ്റന്‍ കപ്പലുകളും ബോട്ടുകളും തകര്‍ത്ത് തരിപ്പണമാക്കാന്‍ കഴിവുള്ള, ജീവിയായിട്ടാണ് സ്രാവുകളെ പലരും മനസിലാക്കി വച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള ജനമനസുകളില്‍ സ്രാവുകളെ ഒരു ക്രൂരമൃഗമായി പ്രതിഷ്ഠിക്കുന്നതില്‍ ഹോളിവുഡ് ഡയറക്ടര്‍മാരായ സ്റ്റീവന്‍ സ്പില്‍ബര്‍ഗിന്റെയും റെന്നി ഹാര്‍ലിന്റെയുമൊക്കെ പങ്ക് വളരെ വലുതാണ്.

എന്നാല്‍, വെള്ളിത്തിരയില്‍ കാണുന്ന തകര്‍പ്പന്‍ ആക്ഷന്‍ സീനുകള്‍ക്ക് വിപരീതമാണ് വസ്തുത. തിമിംഗല സ്രാവുകള്‍ വളരെ ശാന്തരാണ്. കാഴ്ച്ചയില്‍ ഭീമന്മാരാണെങ്കിലും വലിയ മത്സ്യങ്ങളെയൊന്നും ഭക്ഷിക്കാനുള്ള കഴിവ് അവയ്ക്കില്ല. ഫില്‍ട്ടര്‍ ഫീഡര്‍ വിഭാഗത്തില്‍ പെട്ടവയാണ് തിമിംഗല സ്രാവുകള്‍. സമുദ്രത്തിലുള്ള സൂക്ഷ്മജീവികളും ചെറിയ ചെമ്മീനുകളുമാണ് ഇവരുടെ ഇഷ്ടഭക്ഷണം. വായ തുറന്ന് ഇരയെ അകത്താക്കി അതില്‍ നിന്നും ഭക്ഷണം വേര്‍ത്തിരിക്കുകയും വെള്ളം അരിച്ച് പുറുത്ത് വിടുന്നതുമായ രീതിയാണ് ഇവയ്ക്കുള്ളത്.

ഫില്‍ട്ടര്‍ ഫീഡര്‍ ആയതിനാല്‍ തന്നെ ഇവയ്ക്ക് പല്ലുകളുമില്ല. മനുഷ്യന്റെ സാമീപ്യത്തില്‍ അലോസരമില്ലാത്ത ഇവര്‍,  ഒരിക്കല്‍പ്പോലും മനുഷ്യരെ അക്രമിച്ചതായി അറിയില്ല. സ്രാവുകളെ നല്ലവരായി ചിത്രീകരിച്ചിട്ടുള്ള ഹോളിവുഡ് ചിത്രങ്ങളും ഉണ്ട്. സമുദ്രത്തിലൂടെ സാഹസിക യാത്രയ്ക്കായി പുറപ്പെടുന്ന ഒരു കൂട്ടം വ്യക്തികളുടെ കഥ പറഞ്ഞ എസ്പെന്‍ സാന്‍ഡ്ബെര്‍ഗ് - ജോക്കിം റോണിംഗ് ചിത്രം 'കോണ്‍-ടികി'യില്‍ തിംമിംഗല സ്രാവിന്റെ ശാന്ത സ്വഭാവം കാണിക്കുന്ന മനോഹരമായ രംഗം ചിത്രീകരിച്ചിട്ടുണ്ട്.

എന്താണ് തിമിംഗല സ്രാവുകളുടെ പാരിസ്ഥിതിക മൂല്യം?

തിമിംഗല സ്രാവുകളുടെ സാന്നിധ്യം കടലിലുള്ള അനേകം മത്സ്യങ്ങള്‍ക്ക് ആശ്വാസമാണ് എന്നുവേണം പറയാന്‍. വെള്ളം അരിച്ച് ഭക്ഷിക്കുന്ന ഇവ മറ്റ് കടല്‍ ജീവികള്‍ക്ക് ആപത്കാരികളായുള്ള കടല്‍ പായലുകള്‍, നോട്ടിലുകള്‍, സയനോ ബാക്ടീരിയകള്‍, ഡയറ്റം എന്നിവയെ അകത്താക്കുന്നു. ഇത്തരത്തില്‍ ബാക്ടീരിയകളുടേയും മറ്റും തോത് നിയന്ത്രണവിധേയമായി നിലനിര്‍ത്തുകയും കടലിലെ ആവാസവ്യവസ്ഥയെ നിലനിര്‍ത്തുകയും ചെയ്യുന്നു. കടലിലെ മത്സ്യസമ്പത്ത് വര്‍ധിക്കുന്നതിന് ഇത് കാരണമാകുന്നുണ്ട്. 'കടലില്‍ കറുമ്പച്ചനെ കണ്ടാല്‍ വല നിറയെ മീന്‍ കിട്ടും', എന്ന് പഴമക്കാരായ മത്സ്യബന്ധന തൊഴിലാളികള്‍ പറയുന്നുണ്ട്. അതുകൊണ്ടു തന്നെ തിമിംഗലസ്രാവുകളുടെ സംരക്ഷണത്തിന് മുന്‍കൈ എടുക്കേണ്ടത് മത്സ്യബന്ധന തൊഴിലാളികള്‍ തന്നെയാണ്.

എന്തുകൊണ്ടാണ് തിമിംഗല സ്രാവുകളെ സംരക്ഷിക്കേണ്ടത് അനിവാര്യമാകുന്നത്?

മനുഷ്യരാല്‍ സൃഷ്ടിക്കപ്പെട്ട കാരണങ്ങളാണ്, വംശനാശം വന്ന് ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമായ മിക്ക ജന്തുജാലങ്ങളുടെയും കഥകള്‍ക്ക് പിന്നില്‍. 1972-ല്‍ വന്യജീവി സംരക്ഷണ നിയമം ഇന്ത്യയിൽ നിലവില്‍ വന്നിരുന്നില്ലായെങ്കില്‍ ഇന്ന് നമ്മള്‍ കാണുന്ന മനോഹരമായ കാടും വൈവിധ്യമാര്‍ന്ന പക്ഷിമൃഗാദികളും  ഉണ്ടാകുമായിരുന്നില്ല. ഇതിന് എടുത്തുപറയുവാന്‍ പറ്റുന്ന ഉദാഹരണമാണ് മൈസൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന വാന്‍ ഇനിഗന്‍ ആന്‍ഡ് വാന്‍ ഇനിഗന്‍ (van ingen and van ingen) കമ്പനി. 1900-ത്തില്‍ പ്രവര്‍ത്തനം ആരംഭിച്ച് 1999-ല്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച ടാക്‌സിഡെര്‍മി സ്‌പെഷ്യലിസ്റ്റുകള്‍ ആയിരുന്നു ഇവര്‍.

തങ്ങള്‍ മൈസൂരില്‍ പ്രവര്‍ത്തിച്ച 99 വര്‍ഷ കാലഘട്ടത്തില്‍ മൊത്തത്തില്‍ 43,000 കടുവകളുടേയും പുലികളുടേയും ജഡങ്ങളാണ് ഇവര്‍ ടാക്‌സിഡെര്‍മി ചെയ്തിട്ടുള്ളത്. ഇവറ്റകള്‍ക്ക് പുറമേ ആനകള്‍, മാനുകള്‍, കാട്ടികള്‍ എന്നിവ വേറെ. ഈ സമ്പ്രദായം മുന്നോട്ട് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതത്തിന്റെ വന്യജീവി സമ്പത്ത് ഏതുതരത്തില്‍ ആയിരിക്കും എന്നത് സംശയാവഹമാണ്.

നമുക്ക് തിമിംഗല സ്രാവുകളുടെ പ്രശ്‌നങ്ങളിലേക്ക് തിരികെ വരാം. റെഡ് ലിസ്റ്റ് എന്നത് ഇന്ന് പലര്‍ക്കും സുപരിചിതമായ വാക്കാണ്. സ്വറ്റ്‌സര്‍ലന്‍ഡിലെ ഗ്ലാന്‍ഡ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ യൂണിയന്‍ ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറാണ് റെഡ് ലിസ്റ്റ് തയ്യാറാക്കുന്നത്. ലോകത്തുള്ള മുഴുവന്‍ ജന്തുജാലങ്ങളുടേയും ആഗോള സംരക്ഷണ സ്ഥിതി വ്യക്തമാക്കുന്നതാണ് റെഡ് ലിസ്റ്റ്. ഈ പട്ടിക പ്രകാരം വംശനാശഭീഷണി നേരിടുന്ന ജന്തുകളുടെ പട്ടികയിലാണ് തിമിംഗല സ്രാവും ഇടം പിടിച്ചിരിക്കുന്നത്.

2016-ലാണ് തിമിംഗല സ്രാവ് ഈ പട്ടികയില്‍ ഇടം നേടുന്നത്. പിന്നിട്ട 75 വര്‍ഷത്തില്‍ ആഗോളതലത്തില്‍ തിമിംഗല സ്രാവുകളുടെ എണ്ണത്തില്‍ 50 ശതമാനത്തില്‍ കൂടുതല്‍ കുറവ് നേരിട്ടതാണ് ഇതിന് കാരണമായത്. ഈ കഴിഞ്ഞ 75 വര്‍ഷത്തില്‍ ഇത്രമാത്രം കുറവ് നേരിടാന്‍ കാരണം എന്തായിരിക്കാം എന്ന് കൂടി നമുക്ക് നോക്കാം. ലോകത്ത് ഏറ്റവും കൂടുതല്‍ വികസനങ്ങളും, കണ്ടുപിടുത്തങ്ങളും നടന്നിട്ടുള്ള ഒരു കാലഘട്ടം ആണ് കഴിഞ്ഞുപോയ ഈ 75 വര്‍ഷങ്ങള്‍ എന്നുള്ളത് നിസംശയം പറയുവാന്‍ സാധിക്കും, രണ്ടാം ലോക മഹായുദ്ധവും അണുപരീക്ഷണങ്ങളും അടക്കം അനേകം സംഭവവികാസങ്ങള്‍ക്കാണ് സമുദ്രം സാക്ഷി ആയിരുന്നത്. ഇതെല്ലാം കടലിലെ ഒട്ടുമിക്ക ജീവികളേയും നേരിട്ടോ അല്ലാതെയോ ബാധിച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനവും സുസ്ഥിരമല്ലാത്ത മത്സ്യബന്ധന രീതികളും വര്‍ധിച്ചുവരുന്ന ചരക്ക് ഗതാഗതവും തീരപ്രദേശങ്ങളില്‍ നടത്തിവരുന്ന അശാസ്ത്രീയപരമായ നിര്‍മാണ പ്രവര്‍ത്തനങ്ങളും വളര്‍ന്നു വന്ന ടൂറിസം രീതികളുമെല്ലം ഇവയുടെ എണ്ണം കുറയ്ക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിച്ചിട്ടുണ്ട്. പൊതുവെ കടലിന്റെ മുകള്‍തട്ടില്‍ പ്രത്യക്ഷനാകുന്ന തിമിംഗല സ്രാവുകള്‍ വളരെ സാവാധാനം ചലിക്കുന്നവയാണ്. അവയുടെ ശരീരവലിപ്പവും ഇതിന് ഒരു കാരണമാണ്.

ചെറുമീനുകളെ പോലെ പൊടുന്നനെ വെള്ളത്തിലേയ്ക്ക് ഊളിയിട്ട് പോകാനുള്ള കഴിവും ഈ പാവത്തിനില്ല. ആയതിനാല്‍ വലിയ കപ്പലുകളും മത്സ്യബന്ധന യാനങ്ങളും തട്ടി ഇവ മരണപ്പെടുന്ന സാഹചര്യവും നിലവിലുണ്ട്. അതുപോലെതന്നെ തിമിംഗല സ്രാവുകള്‍ ഫില്‍റ്റര്‍ ഫീഡിങ്ങ് സ്രാവായതിനാല്‍ വെള്ളം അരിച്ചു ഭക്ഷിക്കുമ്പോള്‍ കടലില്‍ അടിയുന്ന പ്ലാസ്റ്റിക്ക് എണ്ണ കെമിക്കല്‍ മാലിന്യങ്ങള്‍ എന്നിവ ഇവയുടെ ആമാശയത്തിലേക്ക് പോകുകയും മരണം സംഭവിക്കുകയും ചെയ്യാറുണ്ട്.

നമ്മുടെ രാജ്യത്തെ സാഹചര്യങ്ങള്‍ നോക്കുകയാണെങ്കില്‍, വൈല്‍ഡ്‌ലൈഫ് (പ്രൊട്ടക്ഷന്‍) ആക്ട് 1972-ല്‍ ഇടം പിടിക്കുന്ന ആദ്യത്തെ മത്സ്യമാണ് തിമിംഗല സ്രാവ്. ഗുജറാത്തിന്റെ തീരപ്രദേശങ്ങളില്‍ അതിക്രൂരമായി ഇവറ്റകളെ വേട്ടയാടിയിരുന്ന ഒരു കാലമുണ്ടായിരുന്നു. ഈ ക്രൂരതയെപ്പറ്റി ലോകത്തെ അറിയിക്കുന്നതിനായി പ്രശസ്ത പരിസ്ഥിതി സംരക്ഷകനും  ചലച്ചിത്ര സംവിധായകനുമായ മൈക്ക് പാണ്ഡെ 'ഷോര്‍സ് ഓഫ് സൈലന്‍സ്' എന്ന ഡോക്യുമെന്ററി നിര്‍മ്മിക്കുകയുണ്ടായി. അന്താരാഷ്ട്ര തലത്തില്‍ വലിയ ചര്‍ച്ചയായ ഈ ഡോക്യുമെന്ററിയാണ് പിന്നീട് കേന്ദ്ര സര്‍ക്കാരിനെ 2001-ല്‍ തിമിംഗല സ്രാവുകളെ സംരക്ഷിത വര്‍ഗമായി പ്രഖ്യാപിക്കുവാന്‍ പ്രചോദനമായത്.

തിമിംഗല സ്രാവുകള്‍ ദേശാടന പ്രിയരാണ്. രാജ്യത്തിന്റെ കടല്‍ അതിര്‍ത്തികള്‍ ഇവയ്ക്ക് ബാധകമല്ല. അതുകൊണ്ടുതന്നെ, നമ്മുടെ കടലതിര്‍ത്തികള്‍ ഇവയ്ക്ക് സുരക്ഷിതമാണ് എന്ന് കരുതി അയല്‍ രാജ്യത്തിന്റെ കടലോരങ്ങള്‍ ഇവയ്ക്ക് സുരക്ഷിത താവളങ്ങള്‍ ആയിക്കൊള്ളണമെന്നില്ല. രാജ്യത്തിന്റെ 8000 KM വരുന്ന തീരപ്രദേശങ്ങളില്‍ എല്ലാം തന്നെ തിമിംഗല സ്രാവുകളുടെ സാന്നിധ്യം രേഖപ്പെടുത്തിയിട്ടുണ്ട്.

എന്നിരുന്നാലും ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഇവയെ ഏറ്റവും കൂടുതല്‍ കണ്ടുവരുന്നത് ഗുജറാത്തിലെ സൗരാഷ്ട്ര തീരത്താണ്. ഓഗസ്റ്റ് മുതല്‍ മാര്‍ച്ച് വരെയുള്ള സമയങ്ങളിലാണ് കൂടുതലായും ഇവിടെ തിമിംഗല സ്രാവിന്റെ സാന്നിധ്യം ഉണ്ടാകാറുള്ളത്. ഇന്ത്യന്‍ തീരങ്ങളില്‍ ഗുജറാത്ത് കഴിഞ്ഞാല്‍ കേരള-ലക്ഷദ്വീപ് തീരപ്രദേശങ്ങളിലാണ് തിമിംഗല സ്രാവിനെ കൂടുതലായി കണ്ടുവരുന്നത്. നവംബര്‍ മുതല്‍ മെയ് വരെയുള്ള സമയങ്ങളിലാണ് ഇവയെ കൂടുതലായും ഇവിടെ കാണാറുള്ളത്.

തിമിംഗല സ്രാവുകളുടെ നീക്കങ്ങളെ മനസിലാക്കുവാന്‍ വേണ്ടി ഗുജറാത്ത് തീരത്ത് വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ നടത്തിയ സാറ്റ്‌ലൈറ്റ് ട്രാക്കിംഗ് പഠനത്തില്‍ ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് നിന്നും പ്രയാണം ആരംഭിച്ച് ആഫ്രിക്കയുടെ കിഴക്കന്‍ തീരത്ത് വരെ എത്തിയതായി കണ്ടെത്തിയിട്ടുണ്ട്. രാജ്യത്ത് തിംമിഗല സ്രാവുകളെ സംരക്ഷിക്കുന്നതില്‍ വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ (WTI) നടത്തിയിട്ടുള്ള ഇടപെടലുകള്‍ ശ്രദ്ധേയമാണ്. 2001-ല്‍ വന്യജീവി സംരക്ഷണ നിയമത്തില്‍ ഉള്‍പ്പെട്ടുവെങ്കിലും കടലില്‍ വസിക്കുന്ന ഒരു ജന്തുവിനെ സംരക്ഷിക്കുക എന്നത് വനം വകുപ്പിനോ മറ്റു സംഘടനകള്‍ക്കോ സാധ്യമല്ലാത്ത ഒന്നാണ്. ഇവയുടെ സംരക്ഷണം ഉറപ്പ് വരുത്തുവാന്‍ ലോകത്ത് ഒരേ ഒരു വിഭാഗത്തിനു മാത്രമേ സാധിക്കുകയുള്ളൂ. അത് മറ്റാരുമല്ല ആപത്ഘട്ടങ്ങളില്‍ സൂപ്പര്‍ഹീറോസ് ആകാന്‍ കഴിവുള്ള നമ്മുടെ മത്സ്യത്തൊഴിലാളികളാണ്.

ഡബ്യു.ടി.ഐ.യും, ഗുജറാത്ത് ഫോറസ്റ്റ് ഡിപ്പാര്‍ട്ടുമെന്റും സംയുക്തമായി ചേര്‍ന്നാണ് 2004-ല്‍ ഗുജറാത്തില്‍ വെരാവല്‍ തീരപ്രദേശത്ത് തിമിംഗല സ്രാവ് സംരക്ഷണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നത്. ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി 20 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഗുജറാത്ത് തീരത്ത് വലയില്‍ അകപ്പെട്ട 958 തിമിംഗല സ്രാവുകളെയാണ് സംരക്ഷിക്കുവാന്‍ സാധിച്ചിട്ടുള്ളത്. കേരള വനംവകുപ്പുമായി ചേര്‍ന്ന് സമാന പ്രവര്‍ത്തനങ്ങള്‍ക്ക് 2017-ല്‍ കേരളത്തില്‍ തുടക്കം കുറിക്കുകയുണ്ടായി. ചുരുങ്ങിയ സമയത്തില്‍ നമ്മുടെ കേരളത്തില്‍ മത്സ്യതൊഴിലാളികള്‍ വലയറുത്ത് കടലിലേക്ക് തിരികെ അയച്ചത് 23 തിമിംഗല സ്രാവുകളെയാണ്.

ഗുജറാത്തില്‍ തിമിംഗല സ്രാവിന്റെ രക്ഷാപ്രവര്‍ത്തനവേളയില്‍ വലയ്ക്ക് സംഭവിക്കുന്ന കേടുപാടുകള്‍ക്ക് 25000 രൂപ നഷ്ടപരിഹാരം അനുവദിച്ചിട്ടുണ്ട്. ഗുജറാത്തിലെ വനംവകുപ്പ് മുഖേനയാണ് ഈ നഷ്ടപരിഹാരത്തുക വ്യക്തികള്‍ക്ക് കൈമാറുന്നത്. കേരളത്തില്‍ ഇത്തരത്തിലുള്ള നഷ്ടപരിഹാര സംവിധാനം ഒന്നും തന്നെ പ്രാബല്യത്തില്‍ വന്നിട്ടില്ല. ആതുകൊണ്ടുതന്നെ ഇവിടെ ഈ സാഹചര്യത്തില്‍ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന ഈ സേവനത്തിന്റെ നഷ്ടത്തിന്റെ ആക്കം കുറക്കുന്നതിന് ഡബ്ല്യു.ടി.ഐ. തങ്ങളുടെ പ്രവര്‍ത്തന ഫണ്ടില്‍ നിന്നും ഒരു വിഹിതം മാറ്റിവെച്ചിട്ടുണ്ട്. എന്നാല്‍ തന്നെയും, ഇവിടെ ശ്വാശ്വതമായ പരിഹാരം നടപ്പിലാക്കുന്നതിന് സര്‍ക്കാരിന്റെ ശക്തമായ ഇടപെടല്‍ അനിവാര്യമാണ്.

(ഡബ്ല്യുടിഐയിലെ (വൈല്‍ഡ്‌ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യ) കോ-പ്രിന്‍സിപ്പല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ മറൈന്‍ പ്രൊജ്ക്ട്‌സ് ആണ് സാജന്‍ ജോണ്‍, ഡബ്ല്യുടിഐയിലെ അസിസ്റ്റന്റ് മാനേജറാണ് സേതു.ജി)