ചിലന്തികളെന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് ഓടിയെത്തുന്ന ഒരു രൂപമുണ്ട്. നീണ്ട കാലുകളും ചെറിയ ശരീരവുമുള്ള ജീവി. എന്നാല്‍, ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ടറാന്‍ടുലകളെന്നറിയപ്പെടുന്ന ചിലന്തികള്‍. ഇവയുടെ ശരീരപ്രകൃതി ഇവയ്ക്ക് സെലിബ്രറ്റി പരിവേഷം ചാര്‍ത്തികൊടുത്തിട്ടുണ്ട്. കാര്‍ട്ടൂണിലും മറ്റും കാണാറുളള ചിലന്തികള്‍ക്ക് സമാനമാണ് ഇവയുടെ രൂപം. രോമാവൃതമായ ശരീരവും ഇവയുടെ പ്രത്യേകതകളിലൊന്നാണ്. മറ്റ് ചിലന്തികളെ അപേക്ഷിച്ച് ടറാന്‍ടുല ചിലന്തികള്‍ക്ക് വലിപ്പവും കൂടുതലാണ്. കാഴ്ചയില്‍ ഭീമനായതിനാല്‍ ആരുമൊന്ന് പേടിക്കുകയും ചെയ്യും. പല കാരണങ്ങള്‍ കൊണ്ടും ഈ ചിലന്തി ഇനം ഭീഷണി നേരിടുകയാണ്. 

To advertise here,

അരുമകളായും വളര്‍ത്തല്‍

നിലവില്‍ ആയിരത്തോളം സ്പീഷിസില്‍പ്പെടുന്ന ടറാന്‍ടുല ചിലന്തികളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. മറ്റ് ജീവജാലങ്ങളെ വളര്‍ത്തുന്നത് പോലെ തന്നെ ടറാന്‍ടുല ചിലന്തികളെയും അരുമകളായി വളര്‍ത്തിപ്പോരുന്നുണ്ട്. 1970-80 കളിലാണ് ടറാന്‍ടുലകളെ അരുമകളായി വളര്‍ത്തുന്നത് വ്യാപകമായി തുടങ്ങുന്നത്.  എന്നാല്‍ അരുമകളായി ടറാന്‍ടുല ചിലന്തികളെ വളര്‍ത്തുന്നതിനെ വിദഗ്ധര്‍ എതിര്‍ക്കുന്നുണ്ട്. ടറാന്‍ടുല ചിലന്തികളെ മറ്റ് ജീവജാലങ്ങളെ മെരുക്കി വളര്‍ത്തുന്നത് പോലെ വളര്‍ത്തിയെടുക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അരുമകളായി വളര്‍ത്തുന്ന ടറാന്‍ടുലകളില്‍ ചിലത് വനപ്രദേശത്ത് നിന്ന് പിടികൂടിയവ ആയിരിക്കാം. സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്ന് ഇവയെ പിടികൂടി മാറ്റുന്നത് എണ്ണത്തില്‍ കുറവ് വരുത്തുന്ന കാഴ്ചയ്ക്കാണ് ഗവേഷകലോകം സാക്ഷ്യംവഹിച്ചത്. അരുമകളായി വളര്‍ത്തുന്നത് ചില ടറാന്‍ടുല ചിലന്തികളുടെ എണ്ണം കുറയുന്നതിലേക്കും നയിച്ചിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളും ശരിവെയ്ക്കുന്നു. മെക്‌സിക്കന്‍ റെഡ് നീ ടറാന്‍ടുലകളുടെ എണ്ണവും കുറയുന്നത് ഇത്തരത്തിലാണ്. എന്നാല്‍ ഇത് മാത്രമല്ല ടറാന്‍ടുല ചിലന്തികള്‍ക്ക് വെല്ലുവിളിയാകുന്നത്. 

placeholder
Photo: AP 

ടറാന്‍ടുല ഹോബി

2000-ത്തിലാണ് ടറാന്‍ടുല ഹോബി പ്രചാരത്തില്‍ വരുന്നത്. ടറാന്‍ടുല ചിലന്തികളെ ശേഖരിക്കുന്നതിനെയാണ് ടറാന്‍ടുല ഹോബി എന്ന വിശേഷിക്കപ്പെടുന്നത്. വിവിധ സ്പീഷിസുകളില്‍പ്പെടുന്ന ടറാന്‍ടുല ചിലന്തികളെ ശേഖരിക്കുന്നതില്‍ താത്പര്യം പ്രകടിപ്പിക്കുന്നവരെ ഓണ്‍ലൈന്‍ ഫോറങ്ങളിലും മറ്റും കാണാം. ഓണ്‍ലൈന്‍ ഫോറങ്ങളില്‍ നൂറിലേറെ ടറാന്‍ടുല ചിലന്തികളെ ശേഖരിച്ചവരെ കാണാന്‍ കഴിയുമെന്ന വിദഗ്ധരും പറയുന്നു. ആളുകള്‍ 'പോക്കിമോന്‍' ശേഖരിക്കുന്നത് പോലെയാണ് ടറാന്‍ടുല ചിലന്തികളെ ശേഖരിക്കുന്നതെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എല്ലാ സ്പീഷിസുകളിലും പെടുന്ന ടറാന്‍ടുല ചിലന്തികളെ ശേഖരിക്കാന്‍ ആളുകള്‍ താത്പര്യം പ്രകടിപ്പിക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ വേട്ടയാടലും ടറാന്‍ടുല ചിലന്തികളെ ബാധിച്ചിട്ടുണ്ട്. 

വേട്ടയാടലെന്ന ഭീഷണി 

വേട്ടയാടലും ടറാന്‍ടുല ചിലന്തികളുടെ എണ്ണം കുറയുന്നതിനുള്ള പ്രധാന കാരണമായി മാറി. ടറാന്‍ടുലകളുടെ ആയുസ്സാണ് അവയെ വേട്ടയാടാനുള്ള കാരണങ്ങളിലൊന്ന്. ടറാന്‍ടുല ചിലന്തികളില്‍ ചിലത് 30 വര്‍ഷം വരെ ജീവിച്ചതായി രേഖകളുണ്ട്. 1970-80 കളിലാണ് വേട്ടയാടല്‍ വ്യാപകമാകുന്നത്. അരുമകളായി വളര്‍ത്താനും മറ്റുമാണ് ടറാന്‍ടുല ചിലന്തികളെ വ്യാപകമായി വേട്ടയാടാന്‍ ആരംഭിച്ചത്. തുടര്‍ന്ന് വിപണിയില്‍ ടറാന്‍ടുല ചിലന്തികളുടെ ആവശ്യകത ഉയര്‍ന്നു. നിയമപരമായും ആ സമയങ്ങളില്‍ ടറാന്‍ടുല ചിലന്തികളെ വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ നിയമപരമായി ടറാന്‍ടുല ചിലന്തികളെ വാങ്ങണമെങ്കില്‍ കാലതാമസം നേരിടേണ്ടി വന്നിരുന്നു. ഇതൊഴിവാക്കാനായി പലരും അനധികൃതമായി ടറാന്‍ടുല ചിലന്തികളെ വില്‍പ്പനയ്ക്ക് വെയ്ക്കാനും വാങ്ങാനും ആരംഭിച്ചു.

ഇന്റര്‍നെറ്റ് അടക്കമുള്ള സാങ്കേതിക വിദ്യയുടെ വരവോടെ ടറാന്‍ടുല ചിലന്തികളുടെ അനധികൃത വില്‍പ്പന വീണ്ടും കുതിച്ചുയര്‍ന്നു. ഇന്റര്‍നെറ്റിലൂടെ ടറാന്‍ടുല ചിലന്തികളെ വില്‍ക്കുന്നവരും വാങ്ങുന്നവരും കണ്ടുമുട്ടാനുള്ള അവസരമൊരുങ്ങി. ഇന്റര്‍നെറ്റിന്റെ വരവും നിയമപരമായ വില്‍പ്പനയ്ക്ക് എടുക്കുന്ന കാലതാമസവും അനധികൃത വിപണിയുടെ വാതിലുകള്‍ തുറക്കാനുള്ള കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതോടൊപ്പം തന്നെ ടറാന്‍ടുല ചിലന്തികളുടെ കാപ്റ്റീവ് ബ്രീഡിങ്ങിലും (കൃത്രിമ ചുറ്റുപാടുകളൊരുക്കി കൂട്ടിലടച്ച് നടത്തുന്ന പ്രജനനം) വര്‍ധനവ് രേഖപ്പെടുത്തി. എന്നാല്‍, വേട്ടയാടല്‍ മാത്രമായിരുന്നില്ല, അനധികൃത കടത്തും ടറാന്‍ടുല ചിലന്തികള്‍ക്ക് വെല്ലുവിളിയായി തീര്‍ന്നു. വിമാനത്താവളങ്ങളിലൂടെയും മറ്റ് ഗതാഗത സംവിധാനങ്ങളിലൂടെയും ടറാന്‍ടുല ചിലന്തികളെ അനധികൃതമായി കടത്താറുണ്ട്. 

placeholder
ടറാന്‍ടുല ചിലന്തിയുടെ ചിത്രം പകര്‍ത്തുന്നയാള്‍ | Photo: AP 

അനധികൃത വന്യജീവി കടത്ത് 

കാഴ്ചയില്‍ ചിലന്തിയില്‍ തന്നെ ഭീമന്‍മാരാണെങ്കിലും ചിലന്തികളായതിനാല്‍ വളരെ വേഗത്തില്‍ ആരും കാണാതെ തന്നെ ഇവയെ കടത്താന്‍ സാധിക്കുമായിരുന്നു. ഇത് വന്യജീവി കടത്തിന് ഉപയോഗിക്കാനുള്ള സാഹചര്യമൊരുക്കി. വലിപ്പത്തില്‍ ചെറുതായതിനാല്‍ വന്യജീവി കടത്തിനിടെ പിടികൂടാനുള്ള സാധ്യതകളും കുറവെന്നു പലരും വിശ്വസിച്ചു. വിമാനത്താവളങ്ങളിലും മറ്റു ഗതാഗത മാര്‍ഗങ്ങളിലൂടെയും ധാരാളമായി ടറാന്‍ടുല ചിലന്തികളെ കടത്താന്‍ ആരംഭിച്ചു. പലരെയും ടറാന്‍ടുല ചിലന്തികളെ കടത്തുന്നതിനിടെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

അനധികൃത വന്യജീവി കടത്തിനൊപ്പം തന്നെ മറ്റൊരു പ്രധാനപ്പെട്ട ആശങ്കയാണ് ഗവേഷക സമൂഹം പങ്കുവെയ്ക്കുന്നത്. ടറാന്‍ടുല ചിലന്തികളെ പറ്റിയുളള പഠനങ്ങള്‍ കുറവാണ് എന്നതാണ് അത്. ടറാന്‍ടുല ചിലന്തികള്‍ എവിടെയൊക്കെ വ്യാപിച്ച് കിടക്കുന്നു, എണ്ണം എന്നിവയെ പറ്റി കൂടുതല്‍ പഠനങ്ങള്‍ ഇനിയും ആവശ്യമാണ്. ഇതോടൊപ്പം തന്നെ അനധികൃത വന്യജീവി കടത്ത് വര്‍ധിക്കുന്നതും തിരിച്ചറിയപ്പെടാതെ പോകുന്ന ടറാന്‍ടുല സ്പീഷിസുകള്‍ വംശമറ്റു പോകാനുള്ള കാരണമാകുമോയെന്ന ആശങ്കയാണ് ഗവേഷകര്‍ പങ്കുവെയ്ക്കുന്നത്. ഇനിയും കൂടുതല്‍ പഠനങ്ങള്‍ നടത്തിയാല്‍ മാത്രമേ അനധികൃത വില്‍പ്പന എങ്ങനെയാണ് ടറാന്‍ടുല ചിലന്തികളെ ബാധിക്കുകയെന്നത് പറയാന്‍ സാധിക്കുകയുള്ളൂവെന്നും വിദഗ്ധര്‍ പറയുന്നു. ഭീഷണി നേരിടുന്ന ജീവജാലങ്ങളെ സംരക്ഷണപ്പട്ടികയില്‍ ഉള്‍പ്പെടുത്തി വിവിധ രാജ്യങ്ങള്‍ സംരക്ഷിക്കാറുണ്ട്. നിലവില്‍ സംരക്ഷണ പട്ടികയിലുള്ള ടറാന്‍ടുല ചിലന്തികളുടെ എണ്ണം കുറവാണ്. 

സംരക്ഷിക്കപ്പെടുന്നവ കുറവ് 

ആയിരക്കണക്കിന് സ്പീഷിസില്‍പ്പെടുന്ന ടറാന്‍ടുല ചിലന്തികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മൂന്ന് ശതമാനം മാത്രം വരുന്നവയെയാണ്  Cites-ല്‍ (കണ്‍വന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഇന്‍ എന്‍ഡാന്‍ജേഡ് സ്പീഷിസ് ഓഫ് വൈല്‍ഡ് ഫോന ആന്‍ഡ് ഫ്‌ളോറ)  ഉള്‍പ്പെടുത്തിയിരിക്കുന്നത്. സംരക്ഷണ പ്രാധാന്യമുള്ളവയെ വന്യജീവി കടത്തിന് ഉപയോഗിക്കുന്ന സംഭവങ്ങള്‍ വളരെ കുറച്ച് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. cites-ല്‍ ഉള്‍പ്പെടുത്തിയ ടറാന്‍ടുല സ്പീഷിസുകളെ സജീവമായി നിരീക്ഷിച്ച് വരുന്നുണ്ട്. ഇവയ്ക്കാണ് അധികൃതര്‍ അമിതപ്രാധാന്യം നല്‍കി വരുന്നത്. ടറാന്‍ടുല ചിലന്തികളെ പറ്റിയുള്ള കൂടുതല്‍ പഠനങ്ങള്‍ക്കും തുടര്‍നിരീക്ഷണത്തിനും പണം ആവശ്യമാണ്. ആവശ്യമായ ഫണ്ട് ഇതിന് ലഭിക്കുന്നില്ലെന്നാണ് ഗവേഷകര്‍ പറയുന്നത്.

പൊതുജനങ്ങള്‍ക്ക് ചിലന്തികളോടുള്ള സമീപനവും ഇതിനൊരു കാരണമായതായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ജനപ്രീതിയാര്‍ജിച്ചതും പ്രശസ്തമായതുമായ വന്യജീവികളുടെ സംരക്ഷണത്തിന് പണം ലഭിക്കും. അതേസമയം, ചിലന്തിയെ പോലുള്ളവയുടെ സംരക്ഷണത്തിന് ആവശ്യമായ പണം ലഭിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. ആളുകള്‍ക്ക് ഇത്തരം ജീവികളോട് ഒരു തരം ഭയമാണ്. ഇതും പണം ലഭ്യമാകാത്തതിനുള്ള പ്രധാന കാരണമാണ്. മാധ്യമങ്ങള്‍ ചിലന്തികളെ തെറ്റായി വരച്ചുകാട്ടുന്നതും ഇതിനൊരുപരിധി വരെ കാരണമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 

ചിലന്തികളെ സംബന്ധിച്ച് മാധ്യമങ്ങള്‍ തെറ്റായ വിവരങ്ങളാണ് പലപ്പോഴും പ്രചരിപ്പിക്കുന്നതെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ട വിദഗ്ധര്‍ പറയുന്നത്. ചിലന്തികളെ എന്തോ ഒരു ഭീകരജീവിയായി മാധ്യമങ്ങള്‍ ചിത്രീകരിക്കുന്നതായാണ് വിമര്‍ശനം. ഇതേ പറ്റി നടത്തിയ ഒരു പഠനറിപ്പോര്‍ട്ടും ഗവേഷകര്‍ പുറത്തുവിട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് പ്രകാരം സമയങ്ങളിലും മാധ്യമങ്ങള്‍ മിക്കവാറും ചിലന്തിയെ ഭീകരജീവിയായി ചിത്രീകരിക്കുന്നു. ഇതോടൊപ്പം തന്നെ ചിലന്തികളുടെ സ്വഭാവരീതി, മറ്റ് വിവരങ്ങള്‍ എന്നിവയെ പറ്റിയും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നു. തെറ്റായ വിവരങ്ങള്‍ക്കൊപ്പം ഭീകരജീവിയായി ചിത്രീകരിക്കുന്നത് ടറാന്‍ടുല ചിലന്തികളുടെ എണ്ണം വന്‍തോതില്‍ കുറയാനും അവ കൂടുതലായി ചൂഷണം ചെയ്യപ്പെടാനുമുള്ള അവസരം സൃഷ്ടിക്കുന്നു. 

രാജ്യങ്ങളുടെ സമീപനം 

ബ്രസീല്‍, പെറു, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ ടറാന്‍ടുല ചിലന്തികളെ കടത്തുന്നതില്‍ കര്‍ശന നടപടി സ്വീകരിച്ച് വരുന്നുണ്ട്. ദക്ഷിണാഫ്രിക്ക പോലുള്ള രാജ്യങ്ങള്‍ക്ക് ടറാന്‍ടുല ചിലന്തികള്‍ പിന്നീട് അധിനിവേശ സ്വഭാവം കാട്ടുമോയെന്ന പേടിയുണ്ട്. അതിനാല്‍ ദക്ഷിണാഫ്രിക്കയിലും നിയമം കര്‍ശനമാണ്.