
വര്‍ഷങ്ങള്‍ക്കുമുന്‍പ് വയനാട്ടിലെ മഞ്ഞുമൂടിയ പ്രഭാതങ്ങളില്‍ അച്ഛനോടൊപ്പം നടക്കുമ്പോള്‍ പുല്‍ത്തുമ്പുകളിലെല്ലാം തിളങ്ങുന്ന മഞ്ഞുതുള്ളികള്‍ പറ്റിനില്‍ക്കുന്നത് കാണാന്‍ കൗതുകമായിരുന്നു. ചില മഞ്ഞുതുള്ളികള്‍ വിരല്‍ത്തുമ്പില്‍ പറ്റിച്ചെടുത്ത് കണ്‍പോളയ്ക്കുമുകളില്‍ വെക്കും. ചുറ്റുമുള്ള തണുപ്പ് നമ്മുടെ ഉള്‍ക്കാഴ്ചയിലേക്ക് പടരുന്ന അനുഭവമായിരുന്നു അത്.
അത്തരം നടത്തങ്ങളില്‍ അച്ഛന്‍ പലപ്പോഴും പറഞ്ഞിരുന്നത്, മനുഷ്യര്‍ പ്രകൃതിയെ കനിവോടെ സംരക്ഷിക്കാത്തതിന്റെ അപകടങ്ങളെക്കുറിച്ചായിരുന്നു. വെള്ളം ഇല്ലാതാവുന്ന അവസ്ഥയെക്കുറിച്ചൊക്കെ അച്ഛന്‍ അന്ന് പറയുമ്പോള്‍ പേടിപ്പിക്കുന്ന ഒരു യക്ഷിക്കഥ കേള്‍ക്കുന്നതുപോലെയേ തോന്നിയിരുന്നുള്ളൂ. ഇന്നിപ്പോള്‍ ഒപ്പം നടക്കാന്‍ അച്ഛനില്ല. എന്നാല്‍, അച്ഛന്‍ അന്നുപറഞ്ഞ കാര്യങ്ങളൊക്കെ ചുട്ടുപൊള്ളിക്കുന്ന യാഥാര്‍ഥ്യങ്ങളായി ചുറ്റിലും കാണുകയാണ്. ആ യാഥാര്‍ഥ്യങ്ങളെ, പൊള്ളുന്ന ചൂടായും ജീവിതം കടപുഴക്കുന്ന പ്രളയമായും ഒക്കെ ഇത്രവേഗം മുഖാമുഖം കാണേണ്ടിവരുമെന്ന് ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അച്ഛന്‍ അന്ന് പറയാതിരുന്നത് പ്ലാസ്റ്റിക്കിനെക്കുറിച്ചായിരുന്നു. കുട്ടിക്കാലത്ത് നടപ്പാതയിലെവിടെയും പ്ലാസ്റ്റിക്കിന്റെ തരിപോലും ഉണ്ടായിരുന്നില്ല, ചെമ്മണ്ണും കരിയിലകളും മാത്രം.
Also Read
പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക്
'പ്ലാനറ്റ് വേഴ്സസ് പ്ലാസ്റ്റിക്' എന്ന ഈ വര്‍ഷത്തെ ഭൗമദിന സന്ദേശം തിരക്കിനിടയില്‍ വായിച്ച് കടന്നുപോയെങ്കിലും അത് വീണ്ടും വീണ്ടും മനസ്സില്‍ കറങ്ങിത്തിരിഞ്ഞുകൊണ്ടിരുന്നു. ഭൂമിയിലെ ജീവന്‍ ഇല്ലാതാകാന്‍ നാമോരോരുത്തരും കാരണമാവുന്നുണ്ടോ എന്ന ചോദ്യമാണ് ഉയര്‍ന്നുവരുന്നത്. ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വിപത്തുകളില്‍ ഒന്നാണ് പ്ലാസ്റ്റിക് മലിനീകരണം.
എന്നാല്‍, പ്ലാസ്റ്റിക് പൂര്‍ണമായും നിരോധിക്കുക എന്നത് നിലവിലെ സാഹചര്യത്തില്‍ പ്രായോഗികമല്ല. അങ്ങനെ ചെയ്താല്‍, ശരിയായ രീതിയില്‍ പാക്ക് ചെയ്യാത്ത ഭക്ഷ്യവസ്തുക്കളില്‍നിന്നുണ്ടാവുന്ന വിഷബാധയിലൂടെയും ആശുപത്രികളിലെ അണുബാധയിലൂടെയുമൊക്കെ ഒട്ടേറെയാളുകളുടെ ജീവന്‍ അപകടത്തിലാക്കിയേക്കാം.
പ്ലാസ്റ്റിക്കല്ല, പ്ലാസ്റ്റിക്കിന്റെ അനിയന്ത്രിതവും അപകടകരവുമായ ഉപയോഗവും അത് അലക്ഷ്യമായി ഉപേക്ഷിക്കുന്നതുമാണ് യഥാര്‍ഥ പ്രശ്‌നം.
ഒരു പൊതുനിരത്തില്‍ രണ്ടുമിനിറ്റ് നിന്നാല്‍ മതി; ആരെങ്കിലുമൊരാള്‍ അലക്ഷ്യമായി പ്ലാസ്റ്റിക് ഉപേക്ഷിക്കുന്നത് കാണാം. ഇങ്ങനെ ചെയ്യുന്ന ആളിന് താനൊരു തെറ്റുചെയ്യുന്നു എന്ന ബോധ്യം ഉണ്ടാവണമെന്നില്ല. റോഡില്‍ ഉപേക്ഷിക്കുന്ന പ്ലാസ്റ്റിക്, ഓടകളിലും മറ്റും കൂടിക്കിടന്ന് വെള്ളത്തിന്റെ ഒഴുക്ക് തടയും. വലിയ മഴ വരുമ്പോള്‍ പ്രദേശംതന്നെ വെള്ളത്തില്‍ മുങ്ങുന്നതിന് ഇതു കാരണമാകാം.
ഇവിടെയാണ് നമ്മുടെ കാഴ്ചപ്പാടുകളില്‍ മാറ്റം വരേണ്ടത്. നമ്മള്‍ കഴിക്കുന്ന മിഠായിയുടെയും ബിസ്‌കറ്റിന്റെയും കവറുകളടക്കം ശരിയായ രീതിയില്‍ സംസ്‌കരിക്കുന്നതിനോ, പുനരുപയോഗിക്കുന്നതിനോ എത്തിച്ചുകൊടുക്കേണ്ട ചുമതല നമുക്കുതന്നെയാണ്. കോഴിക്കോട് ജില്ലയില്‍ എടക്കാട് പ്രദേശത്ത് മാലിന്യസംസ്‌കരണത്തിന്റെ പ്രായോഗികരീതി പരീക്ഷിക്കുന്ന ഒരു പൈലറ്റ് പ്രോജക്ട് 'മാതൃഭൂമി'യുടെ നേതൃത്വത്തില്‍ നടപ്പാക്കിയിരുന്നു. അവിടെനിന്ന് 18 മാസങ്ങള്‍കൊണ്ട് ശേഖരിച്ച പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള 72,672 കിലോഗ്രാം അജൈവ മാലിന്യം ബ്രാന്‍ഡടിസ്ഥാനത്തില്‍ തരംതിരിച്ചു.
ഒരു ചെറിയ വാര്‍ഡില്‍നിന്നും ഇത്രയധികം മാലിന്യമാണ് പുറംതള്ളുന്നതെങ്കില്‍ കേരളത്തില്‍ ആകമാനം കോടാനുകോടി ടണ്‍ മാലിന്യമായിരിക്കും പുറംതള്ളുന്നത്. ഗുളികയുടെ കവറുകള്‍, മദ്യക്കുപ്പികള്‍മുതല്‍ പാലിന്റെ കവര്‍വരെ ഓരോ ഇനത്തിലുംപെട്ടവ വേര്‍തിരിച്ച് കണക്കെടുത്തപ്പോള്‍ ഒരു ചെറിയ പ്രദേശത്തെ പ്ലാസ്റ്റിക് ഉപയോഗംതന്നെ ആഴത്തില്‍ ചിന്തിപ്പിക്കുന്നതായിരുന്നു.
പ്ലാസ്റ്റിക് മാലിന്യശേഖരണത്തിനും തരംതിരിക്കലിനും പുനരുപയോഗത്തിനുമെല്ലാം സ്റ്റാര്‍ട്ടപ്പുകളടക്കം ഒട്ടേറെ മാര്‍ഗങ്ങള്‍ ഉയര്‍ന്നുവരേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. പ്ലാസ്റ്റിക് കൈകാര്യം ചെയ്യുന്നകാര്യത്തില്‍ പത്തുവര്‍ഷം മുന്‍പുള്ള അപകടസ്ഥിതി ഇപ്പോഴില്ല എന്നത് ആശ്വാസകരമാണ്. മിക്കവീടുകളിലും പ്ലാസ്റ്റിക് മാലിന്യം വേര്‍തിരിച്ച് ഹരിതകര്‍മസേന, കുടുംബശ്രീ സംഘങ്ങളെ ഏല്‍പ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു. പ്ലാസ്റ്റിക് കത്തിക്കുന്ന ശീലവും കുറഞ്ഞുവരുന്നുണ്ട്. ഈ പ്രവര്‍ത്തനങ്ങള്‍ നൂറുശതമാനം വിജയത്തിലെത്തിക്കാന്‍ നമ്മള്‍ ഓരോരുത്തരും ശ്രമിച്ചുകൊണ്ടേയിരിക്കണം. നമ്മുടെ പൊതുനിരത്തുകളിലും പൊതുസ്ഥലങ്ങളിലും അലക്ഷ്യമായി ഉപേക്ഷിച്ച പ്ലാസ്റ്റിക് (മറ്റു മാലിന്യങ്ങളും) ഇല്ലാതാവുന്ന അവസ്ഥയാണ് നമ്മള്‍ ലക്ഷ്യമിടേണ്ടത്.
മാറാത്ത ശീലങ്ങള്‍
കാലങ്ങളായി നമ്മള്‍ പരിചയിച്ചുപോന്ന ശീലങ്ങള്‍ മാറ്റിയെടുക്കുക അത്ര എളുപ്പമല്ല. ഇത് പ്ലാസ്റ്റിക്കിന്റെ കാര്യത്തില്‍ മാത്രമല്ല. വികസനം എന്ന വാക്കിനുമുന്‍പില്‍ പ്രകൃതിയോടുള്ള സ്‌നേഹവും കടപ്പാടുമൊക്കെ മറന്നുപോകുന്ന ശീലവും നമുക്കുണ്ട്.
ഒരിക്കല്‍ വയനാട്ടിലെ ഒരു സ്‌കൂളില്‍ നടന്ന യോഗത്തില്‍ റോഡ് വികസനത്തെക്കുറിച്ച് പറയുകയുണ്ടായി. റോഡിനായി കുറച്ച് മരങ്ങളൊക്കെ മുറിച്ചുമാറ്റേണ്ടതുണ്ടായിരുന്നു. വിശദവിവരങ്ങള്‍ എല്ലാം പറഞ്ഞപ്പോള്‍ നാട്ടുകാര്‍ക്കെല്ലാം വലിയ സന്തോഷം. നല്ല റോഡ് എന്നത് അവരുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു. യോഗം കഴിഞ്ഞ് പോരുന്നതിനുമുന്‍പ് അവിടെയുണ്ടായിരുന്ന ചില സ്‌കൂള്‍കുട്ടികള്‍ എന്റെ അടുത്തുവന്നു. മരംവെട്ടുമ്പോള്‍ അതിലുള്ള കിളിക്കൂടുകളെല്ലാം പോവില്ലേ എന്നതായിരുന്നു അവരുടെ ആശങ്ക. പ്രകൃതിയോടുള്ള അടുപ്പം നിറഞ്ഞുതുളുമ്പുന്ന അവരുടെ കണ്ണുകള്‍ വികസനത്തിനപ്പുറമുള്ള കാഴ്ചകള്‍ സാധ്യമാക്കുന്നതായിരുന്നു.
കോഴിക്കോട് പുതിയ ബൈപ്പാസിലെ മരങ്ങള്‍ മുറിച്ചുകളഞ്ഞ ദിവസത്തെ അനുഭവം ആ പ്രദേശത്തുള്ള ഒരാള്‍ പറഞ്ഞത് ഓര്‍ക്കുന്നു. ഒട്ടേറെ പക്ഷികള്‍ ചേക്കേറി കൂടുവെച്ചിരുന്നവയായിരുന്നു ആ മരങ്ങള്‍. രാവിലെ പറന്നുപോയ പക്ഷികള്‍ വൈകുന്നേരം തിരിച്ചുവന്നപ്പോള്‍ കൂടുമില്ല, അവ നിന്നിരുന്ന മരങ്ങളുമില്ല. ആ പക്ഷിക്കൂട്ടങ്ങളുടെ ഹൃദയഭേദകമായ കരച്ചില്‍ പ്രദേശത്ത് മുഴുവന്‍ കേള്‍ക്കാമായിരുന്നുവത്രേ. 'ഈ വൃക്ഷമില്ലാതാവുമ്പോള്‍ കൂടുകള്‍ നഷ്ടപ്പെടുന്ന പറവകളേ പൊറുക്കുക' എന്ന് അപേക്ഷിച്ചുമാത്രമേ പണ്ടുകാലങ്ങളില്‍ മരങ്ങള്‍ മുറിക്കുമായിരുന്നുള്ളൂ. അത്രയും സമഗ്രമായിരുന്നു ഭാരതത്തിന്റെ പ്രകൃതിദര്‍ശനം.
അത്തരം അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദ്യാര്‍ഥികളെ പ്രകൃതിയോടൊപ്പം നടത്തുന്ന സീഡ് (Student Empowerment for Environmental Development) പദ്ധതി മാതൃഭൂമി തുടങ്ങിയത്. 15 വര്‍ഷമായി ആ പ്രവര്‍ത്തനങ്ങള്‍ കേരളത്തിലുടനീളമുള്ള വിദ്യാര്‍ഥികളും അധ്യാപകരും രക്ഷിതാക്കളും സന്നദ്ധ സംഘടനകളും ഏറ്റെടുത്ത് വളരെ മികച്ചരീതിയില്‍ മുന്നോട്ടുകൊണ്ടുപോകുന്നു. കുട്ടികളുടെ ഉത്സാഹംകൊണ്ട് പരിസ്ഥിതി സംരക്ഷണകാര്യത്തില്‍ കാലങ്ങളായി തുടര്‍ന്നുവന്ന പല ശീലങ്ങള്‍ക്കും മാറ്റമുണ്ടായി. ഏതു വലിയകാര്യവും നിരന്തര പരിശ്രമത്തിലൂടെ സാധ്യമാക്കാമെന്നാണ് കുട്ടികള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. സീഡിന്റെ മാതൃക പിന്തുടര്‍ന്ന് പ്രകൃതിസംരക്ഷണ പ്രവര്‍ത്തന രംഗത്തേക്കു പല സ്ഥാപനങ്ങളും വന്നു. ചിലരെങ്കിലും കോവിഡ് കാലത്ത് തുടര്‍ച്ച നഷ്ടപ്പെട്ട് പ്രവര്‍ത്തനം അവസാനിപ്പിച്ചു. ഈ സാഹചര്യം നമ്മളെ ഓര്‍മ്മിപ്പിക്കുന്ന ഒരു കാര്യമുണ്ട്, പ്രകൃതിസംരക്ഷണം എന്നത് വലിയൊരു ഉത്തരവാദിത്വമാണ്. അതില്‍ ഇടവേളകള്‍ക്ക് ഇടമില്ല. ആ ഉത്തരവാദിത്വം എത്രയധികം ആളുകള്‍ ആത്മാര്‍ഥമായി ഏറ്റെടുക്കുന്നോ അത്രത്തോളം രക്ഷപ്പെടും നമ്മുടെ ഭൂമി. അതിലൂടെ ഭൂമിയിലെ ജീവിതം കൂടുതല്‍ സുരക്ഷിതവും സുഖകരവുമാവും.
കുട്ടികള്‍ എന്തിന് പ്ലാസ്റ്റിക് പെറുക്കണം?
സീഡ് പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ 13 വര്‍ഷമായി പ്ലാസ്റ്റിക് വിപത്തിനെതിരേയുള്ള വലിയ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നുണ്ട്. ഇക്കാലയളവില്‍ രണ്ടായിരത്തോളം വിദ്യാലയങ്ങളില്‍നിന്ന് 6,62,800 കിലോഗ്രാം പ്ലാസ്റ്റിക് മാലിന്യം തരംതിരിച്ചു ശേഖരിച്ച് പുനഃചംക്രമണത്തിനായി അയച്ചു. ഒരിക്കല്‍ സീഡിന്റെ ഒരു ആലോചനായോഗത്തില്‍ ഒരു പരാതി ഉയര്‍ന്നു. കുട്ടികളെക്കൊണ്ട് പൊതുസ്ഥലങ്ങളിലെ പ്ലാസ്റ്റിക് ശേഖരിക്കുന്നത് ശരിയല്ല എന്നായിരുന്നു വാദം. പൊതുസ്ഥലത്തുനിന്ന് പ്ലാസ്റ്റിക് പെറുക്കിമാറ്റിയാലും തൊട്ടടുത്ത ദിവസംമുതല്‍ ആളുകള്‍ വീണ്ടും അവിടെ പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയും. പിന്നെ എന്തിനാണ് കുട്ടികള്‍ ഈ നിരര്‍ഥക പ്രവൃത്തി ചെയ്യുന്നത് എന്ന് വിശദമായിത്തന്നെയായിരുന്നു ആ ചോദ്യം.
ഇതിന്റെ ഉത്തരം ലളിതമാണ്. പൊതുസ്ഥലത്ത് പ്ലാസ്റ്റിക് അലക്ഷ്യമായി വലിച്ചെറിയുന്ന ആളുകള്‍ക്ക് അതുണ്ടാക്കുന്ന അപകടത്തെക്കുറിച്ച് ശരിയായ അറിവുണ്ടാവണമെന്നില്ല. എല്ലാവരെയും ബോധവത്കരിച്ച് നേര്‍വഴിയിലെത്തിക്കുക എന്നതും ശ്രമകരമായ ദൗത്യമാണ്. എന്നാല്‍, കുട്ടികളെക്കൊണ്ട് പ്ലാസ്റ്റിക് ശേഖരിക്കുന്നതിലൂടെ മറ്റൊന്നാണ് ലക്ഷ്യംവെക്കുന്നത്. പ്ലാസ്റ്റിക് വിപത്തിനെക്കുറിച്ച് നല്ല അവബോധം നേടും കുട്ടികള്‍. മറ്റാരോ ഉപേക്ഷിച്ച പ്ലാസ്റ്റിക് വേസ്റ്റ് ശേഖരിക്കുമ്പോള്‍ അവരുടെ ഉള്ളില്‍ രൂപപ്പെടുന്ന ഒരു സംസ്‌കാരമുണ്ട്. ആ കുട്ടികള്‍ വളര്‍ന്നുവരുമ്പോള്‍ അവരാരും പൊതുസ്ഥലത്ത് പ്ലാസ്റ്റിക് ഉപേക്ഷിക്കുകയില്ല എന്നതാണ് നമ്മുടെ പ്രതീക്ഷ. അല്പം വൈകിയാലും കാര്യങ്ങള്‍ ശരിയായ രീതിയിലും ശാശ്വതമായും നടപ്പാക്കുന്നതിനുള്ള മാര്‍ഗമാണ് അതെന്ന വിശദീകരണം, ആ പ്രശ്‌നം ഉന്നയിച്ച ആളും നിറഞ്ഞ മനസ്സോടെയാണ് അംഗീകരിച്ചത്.
പേടിപ്പിക്കുമോ പ്ലാസ്റ്റിക്കോസിസ്!
പ്ലാസ്റ്റിക് ഉണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ച് വൈദ്യശാസ്ത്രം വലിയ മുന്നറിയിപ്പുകള്‍ നല്‍കുന്നുണ്ട്. പ്ലാസ്റ്റിക് കത്തിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയുടെ അപകടം നമ്മള്‍ മനസ്സിലാക്കിയത് വളരെ വൈകിയാണ്. അതിലും വലിയ അപകടങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ മുന്നറിയിപ്പുകള്‍ വരുന്നത്. പ്ലാസ്റ്റിക്കിന്റെ സൂക്ഷ്മാംശങ്ങള്‍ നാനാവിധത്തില്‍ മനുഷ്യരടക്കമുള്ള ജീവികളുടെ ഉള്ളിലെത്തുന്നു. നമ്മള്‍ സുരക്ഷിതമെന്ന് കരുതി കുടിക്കുന്ന കുപ്പിവെള്ളത്തിലുള്ള മൈക്രോ പ്ലാസ്റ്റിക്കിന്റെ കണക്കുകളും പുറത്തുവന്നു.
പ്ലാസ്റ്റിക്കോസിസ് (Plasticosis) എന്ന വാക്ക് വൈദ്യശാസ്ത്രം അടുത്തകാലത്താണ് വ്യാപകമായി ഉപയോഗിച്ചുതുടങ്ങിയത്. പ്ലാസ്റ്റിക് നേരിട്ടുതന്നെ ഒരു രോഗകാരിയാവുന്ന അവസ്ഥയാണിതെന്നറിയുമ്പോഴാണ് ആശങ്ക വര്‍ധിക്കുന്നത്. പ്ലാസ്റ്റിക് ഉപയോഗവും പ്ലാസ്റ്റിക് മാലിന്യവും ജീവജാലങ്ങള്‍ക്ക് എത്ര വലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നതെന്ന കണക്കുകളും വസ്തുതകളും തിരഞ്ഞാല്‍ അതിന് അവസാനമുണ്ടാവില്ല. എല്ലാവരേയും നന്നാക്കിയിട്ട് ലോകത്ത് ഒരുമാറ്റവും കൊണ്ടുവരാനാവില്ല. എന്നാല്‍, അവനവന്റെ ശീലങ്ങള്‍ മാറ്റി ലോകത്ത് മാറ്റം കൊണ്ടുവരാനാവും. ആ വഴിയാണ് ഭൂമിയെ സംരക്ഷിക്കുന്നതിന് സ്വീകരിക്കേണ്ടത്. തിരഞ്ഞെടുപ്പിലായാലും ജീവിതത്തിലായാലും നിലനില്‍പ്പിനാണ് ഏറ്റവും പ്രാധാന്യം.
മാറിച്ചിന്തിക്കട്ടെ
മുന്‍കാലങ്ങളെ അപേക്ഷിച്ച് ഈ തിരഞ്ഞെടുപ്പില്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം കുറവാണെന്നാണ് പൊതുവേ മനസ്സിലാവുന്നത്. കൊടിതോരണങ്ങളാണ് പ്രധാനമായും പ്ലാസ്റ്റിക്കില്‍നിന്ന് മുക്തമായത്. പ്ലാസ്റ്റിക്കിനുപകരം വലിയബോര്‍ഡുകള്‍ തുണിയില്‍ പ്രിന്റ് ചെയ്യുന്ന സാങ്കേതികവിദ്യ നമ്മുടെ നാട്ടിലും എത്തിക്കഴിഞ്ഞു പ്ലാസ്റ്റിക് കൊടിതോരണങ്ങളും ഫ്‌ളെക്‌സുകളും ഇനിയും കുറഞ്ഞുവന്ന് പ്രകൃതിസൗഹൃദ തിരഞ്ഞെടുപ്പ് പ്രചാരണം കാണാന്‍ കഴിയുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ഡിജിറ്റല്‍ പ്രചാരണോപാധികളും ഇക്കാര്യത്തില്‍ വലിയ പങ്ക് വഹിക്കുന്നുണ്ട്. പ്ലാസ്റ്റിക് സഞ്ചികള്‍ ഒരു വ്യക്തി ഉപയോഗിക്കുന്നത് ഏതാനും മണിക്കൂറുകള്‍ക്കുവേണ്ടി മാത്രമാണ്. ഉപയോഗശേഷം അവയുടെ ശിഥിലീകരണത്തിന് നൂറ്റാണ്ടുകള്‍ എടുക്കും.
അവ മൈക്രോ പ്ലാസ്റ്റിക് ആയോ മറ്റു പദാര്‍ഥങ്ങളായോ ഭൂമിയില്‍ അലിയാതെ നിലനിന്ന് അപകടകാരികളായ വാതകങ്ങള്‍ പുറംതള്ളുകയും നമ്മുടെ ഭക്ഷണം, ജലം, വായു എന്നിവയില്‍ അലിഞ്ഞുചേരുകയും ചെയ്യുന്നു. ഇവ നമ്മുടെ രക്തത്തില്‍ കടന്ന് ആന്തരികാവയവങ്ങളെ ബാധിക്കുകയും തന്മൂലം അര്‍ബുദം പോലുള്ള മാറാരോഗങ്ങള്‍ക്ക് അടിമപ്പെടുകയും ചെയ്യുന്നു. ഒരുകാലത്ത് അദ്ഭുതകരവും വളരെ ഉപകാരപ്രദവുമായ ഒരു വസ്തുവായിരുന്ന പ്ലാസ്റ്റിക് ഇന്ന് മനുഷ്യന്റെ ആരോഗ്യകരമായ നിലനില്‍പ്പിനെത്തന്നെ അപകടത്തിലാക്കുന്ന വസ്തുവായി മാറി. 20-ാം നൂറ്റാണ്ടില്‍ മൊത്തം ഉത്പാദിപ്പിച്ചിരുന്ന പ്ലാസ്റ്റിക്കിനെക്കാള്‍ പതിന്മടങ്ങ് പ്ലാസ്റ്റിക് കഴിഞ്ഞ 10 വര്‍ഷംകൊണ്ട് ലോകത്ത് ഉത്പാദിപ്പിച്ചിട്ടുണ്ട്. ലോകത്ത് ഒരുവര്‍ഷം ഉത്പാദിപ്പിക്കുന്ന ഏകദേശം 380 മില്യന്‍ ടണ്‍ പ്ലാസ്റ്റിക്കിന്റെ പകുതിയും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കാണ്. ഒരു പ്ലാസ്റ്റിക് ബോട്ടില്‍ നിര്‍മിക്കാന്‍ ആറുലിറ്റര്‍ വെള്ളം വേണം എന്നതാണ് വസ്തുത. എന്നിട്ടും നാം കുടിവെള്ളത്തിനായി പ്ലാസ്റ്റിക് ബോട്ടിലുകളെയാണ് ആശ്രയിക്കുന്നത്. ഉത്പാദിപ്പിക്കുന്ന പ്ലാസ്റ്റിക്കിന്റെ അഞ്ചുശതമാനം മാത്രമേ പുനഃചംക്രമണം നടത്തുന്നുള്ളൂ.
പ്ലാസ്റ്റിക് ശരിയായ രീതിയില്‍ പുനഃചംക്രമണം നടത്തുന്നതിനും പുനരുപയോഗം ചെയ്യുന്നതിനുമുള്ള ഒരു നയവും അത് നടപ്പാക്കുന്നതിനുള്ള ഇച്ഛാശക്തിയും ഭരണകൂടങ്ങള്‍ക്ക് ഉണ്ടാവണം. രാജ്യത്തെ പ്രമുഖ രാഷ്ട്രീയപ്പാര്‍ട്ടികളുടെ 2024 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രകടനപത്രികളില്‍പ്പോലും രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന പ്ലാസ്റ്റിക് മാലിന്യ വെല്ലുവിളികളെ നേരിടാന്‍ ഒരു വാക്കുപോലും പറയുന്നില്ല എന്നത് ആശങ്കാവഹമാണ്.
Content Highlights: earth day, plastic vs planet, MV Shreyamskumar, environment,plasticosis
Published: 22 Apr 2024, 09:46 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented