
ഇതിനുമുമ്പും കാലിഫോര്‍ണിയയില്‍ തീപ്പിടിത്തങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഇത്തവണത്തെ 'സാന്റാ ആന' കാറ്റിനു ശക്തി കൂടുതലാണ്. കാറ്റിന്റെ കരുത്തു കാരണം തീ കെടുത്താന്‍പോയ ഹെലിക്കോപ്റ്ററുകള്‍ക്ക് പറക്കാന്‍പോലും പറ്റുന്നില്ലായിരുന്നു. ഞങ്ങള്‍ താമസിക്കുന്നത് കാലിഫോര്‍ണിയയിലെതന്നെ മറ്റൊരു പ്രമുഖനഗരമായ സാന്‍ ഫ്രാന്‍സിസ്‌കോയിലാണ്. ലോസ് ആഞ്ജലിസില്‍നിന്ന് ഏതാണ്ട് ആറു മണിക്കൂറോളം വടക്കോട്ടു ഡ്രൈവ് ചെയ്താല്‍ എത്താവുന്ന ദൂരം. അതുകൊണ്ടുതന്നെ എത്ര ശക്തമായ കാറ്റുണ്ടെങ്കിലും ഞങ്ങള്‍ താമസിക്കുന്ന ഈ മലമുകളിലേക്കു തീയെത്താനുള്ള സാധ്യതയില്ല. പക്ഷേ, തെക്കുനിന്നു വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നവയാണ്.
പസഫിക് കടല്‍ത്തീരത്തോടു ചേര്‍ന്ന് ഹൈവേ 101 കടന്നുപോകുന്ന 'പസഫിക് പാലിസൈഡ്‌സ്' എന്ന പ്രദേശത്താണ് ഏറ്റവും കൂടുതല്‍ വീടുകള്‍ കത്തിനശിച്ചത്. അല്ലാതെ മാധ്യമങ്ങളില്‍ പറയുന്നതുപോലെ, ഹോളിവുഡ് താരങ്ങള്‍ താമസിക്കുന്ന ബെവേര്‍ലി ഹില്‍സിലല്ല. ചില താരങ്ങള്‍ക്ക് മലമുകളില്‍ കടലിനഭിമുഖമായി വീടുകളുണ്ട്. പക്ഷേ അതെല്ലാം അവരുടെ 'സെക്കന്‍ഡ് ഹോം'സാണ്. ആ വീടുകള്‍ കത്തിനശിച്ചാലും അവയെല്ലാം ഭീമമായ തുകകള്‍ക്ക് ഇന്‍ഷ്വര്‍ ചെയ്തിട്ടുള്ളതാണെന്നാണറിവ്.
ഇതുവരെ പതിന്നാലായിരത്തോളം വീടുകള്‍ കത്തിനശിച്ചെങ്കിലും ആളപായം, ആയിരം വീടുകള്‍ക്ക് ഒന്ന് എന്ന അനുപാതത്തിലാണ്. അതാണ് തെല്ലൊരാശ്വാസം. ലോസ് ആഞ്ജലിസിലെ 'സണ്‍സെറ്റ്' എന്ന നഗരാതിര്‍ത്തിയിലായതുകൊണ്ടാണ് ഇത്രയധികം വീടുകള്‍ കത്തിനശിച്ചത്. പലര്‍ക്കും ട്രാഫിക് ജാം കാരണം വിലകൂടിയ കാറുകള്‍പോലും ഉപേക്ഷിച്ചുപോകേണ്ടിവന്നു.
ആളപായം കുറവായതുകൊണ്ട് അമേരിക്കയെപ്പോലെ സമ്പന്നമായ രാഷ്ട്രത്തിന് ഇതൊരു സാമ്പത്തികപ്രതിസന്ധി സൃഷ്ടിക്കാന്‍ പോകുന്നില്ല. നാട്ടിലുള്ള ചില ചാനലുകളും യൂട്യൂബുകാരും പ്രചരിപ്പിക്കുന്നത് അമേരിക്ക മുഴുവനും തീയാണ്, ന്യൂയോര്‍ക്ക് കത്തുന്നു എന്നൊക്കെയാണ്. ആ വാര്‍ത്തകള്‍ സത്യവിരുദ്ധമാണ്. ന്യൂയോര്‍ക്കില്‍ കേവലം ഒരു വീടുമാത്രം കത്തിയത് വാര്‍ത്തയാക്കി ആഘോഷിക്കുകയാണ് ചിലര്‍. ടിവിയില്‍ കാണിക്കുന്ന പല ദൃശ്യങ്ങളും ഹോളിവുഡ് ചിത്രങ്ങളില്‍നിന്ന് അടിച്ചുമാറ്റിയതാണെന്നതാണ് ഏറ്റവും വലിയ വസ്തുത!
പ്രകൃതിദുരന്തങ്ങള്‍ ഏതു രാജ്യത്തും എപ്പോള്‍ വേണമെങ്കിലുമുണ്ടാവാം. കേരളത്തില്‍ അടുത്തകാലത്തുണ്ടായ ദുരന്തങ്ങള്‍ നമ്മളാരും മറന്നിട്ടില്ല. ജപ്പാനില്‍ ഭൂകമ്പങ്ങളില്‍ ആയിരങ്ങള്‍ മരിക്കുന്നത് ആരോടു യുദ്ധം ചെയ്തിട്ടാണ്? ഒരു രാജ്യത്തിനു പ്രകൃതിദുരന്തമുണ്ടാകുമ്പോള്‍ അതില്‍ സന്തോഷിക്കുന്നതിന്റെ മനഃശാസ്ത്രം മനസ്സിലാകുന്നില്ല. ഗാസയിലെ തീയ്ക്കുപകരമായി അമേരിക്കയ്ക്കുകിട്ടിയ ശിക്ഷ എന്ന മട്ടിലുള്ള ദുഷ്പ്രചരണങ്ങളും കാണുന്നുണ്ട്. കാലിഫോര്‍ണിയ അറ്റോര്‍ണി ജനറലായിരുന്ന കമല ഹാരിസും കാലിഫോര്‍ണിയയിലെ ജനങ്ങളുമാണ് പലസ്തീനിനെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് എന്നുകൂടി ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതുണ്ട്. കര്‍മ്മഫലംപോലും അന്ധവിശ്വാസമാണെന്ന കാര്യമറിയാവുന്നവര്‍ ഈ വ്യാജ വാര്‍ത്തകള്‍ ചിരിച്ചുതള്ളുകയേയുള്ളു!
ഇന്നത്തെ അവസ്ഥ
ഫയര്‍ഫൈറ്റര്‍മാര്‍ ഒന്നിലധികം പ്രധാന തീപ്പിടിത്തങ്ങളുമായി പോരാട്ടം തുടരുകയാണ്. ലോസ് ആഞ്ജലിസ്, വെഞ്ചുറ കൗണ്ടികളിലെ പല പ്രദേശങ്ങളിലും ബുധനാഴ്ച രാവിലെ 3 മണിമുതല്‍ വീണ്ടും ഒരു ''വ്യത്യസ്തമായ അപകടകരമായ അവസ്ഥ'' മുന്നറിയിപ്പ് നിലവില്‍ വരും.
നാഷണല്‍ വെതര്‍ സര്‍വീസ്, വളരെ അപകടകരമായ തീപ്പിടിത്ത കാലാവസ്ഥ പ്രതീക്ഷിക്കുമ്പോള്‍ അതിനെ സൂചിപ്പിക്കുന്നതിനായി ഈ നിരൂപണം പ്രത്യേകമായി നല്‍കുന്നു, ഇത് അത്യന്തം തീവ്രമായ ഒരു റെഡ് ഫ്‌ളാഗ് മുന്നറിയിപ്പാണെന്ന് സൂചിപ്പിക്കുന്നു.
പാലിസെയ്ഡ്സ് തീപ്പിടിത്തം
23,713 ഏക്കര്‍ ഭൂമി കത്തി നശിക്കുകയും പസഫിക് പാലിസെയ്ഡ്സ് മേഖലയിലും പസഫിക് കോസ്റ്റ് ഹൈവേ വഴി മലിബുവിലേക്ക് പടിഞ്ഞാറായി നീണ്ടുപോകുകയും ധാരാളം വീടുകള്‍, വ്യാപാരസ്ഥാപനങ്ങള്‍, ചരിത്രനിലയങ്ങള്‍ എന്നിവ നശിക്കുകയും ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം വരെ തീ 18 ശതമാനമായി നിയന്ത്രണവിധേയമായിരുന്നു,
പസഫിക് പാലിസെയ്ഡ്സ്, മലിബു, കലബാസാസ്, ബ്രെന്റ്യുഡ്, എങ്കിനോ എന്നീ പ്രദേശങ്ങളുടെ നിരവധി ഭാഗങ്ങള്‍ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ക്കോ മുന്നറിയിപ്പുകള്‍ക്കോ വിധേയമാണ്. 12,000 ലധികം സമ്പത്തുകള്‍ ഇപ്പോഴും അപകടത്തിലാണ്. സാന്താമോണിക്കയിലെ നിര്‍ബന്ധമായ ഒഴിപ്പിക്കല്‍ ഉത്തരവുകള്‍ ഇപ്പോള്‍ മുന്നറിയിപ്പുകള്‍ മാത്രമായി ചുരുക്കി. 5,300 ലധികം കെട്ടിടങ്ങള്‍, പല വീടുകളും പൂര്‍ണമായി നശിക്കുകയോ വലിയ രീതിയിലുള്ള പുനര്‍നിര്‍മാണത്തിന് വിധേയമാകുകയോ ചെയ്തതായി അധികൃതര്‍ അനുമാനിക്കുന്നു.
Content Highlights: Thampi Antony writes about the California Palisades fire.
Published: 15 Jan 2025, 10:45 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented