നവംബർ 20-ന് സമാപിക്കേണ്ടിയിരുന്ന ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥാ ഉച്ചകോടി (കോപ് 31) രണ്ടുദിവസം അധികം നീണ്ടിട്ടും, നവംബർ 22 ഞായറാഴ്ച തുർക്കിയിലെ അന്റാല്യയിൽ അന്തിമധാരണയില്ലാതെ പിരിഞ്ഞു. ഉച്ചകോടിയുടെ പ്രധാന രാഷ്ട്രീയരേഖയായ ‘കവർ ഡിസിഷൻ’ അഥവാ ‘അന്റാല്യ ഉടമ്പടി’ അംഗീകരിക്കപ്പെട്ടില്ല. “ചർച്ചാമുറിയിൽ സമവായമില്ലായിരിക്കാം; പക്ഷേ, ശാസ്ത്രത്തിൽ ഒരു അവ്യക്തതയുമില്ല” എന്നാണ് യു.എൻ. സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് പ്രതികരിച്ചത്.

To advertise here,

ഉച്ചകോടിയെ തകർത്ത മൂന്ന് തർക്കങ്ങൾ

ഒന്ന്: ഫോസിൽ ഇന്ധനം. നവംബർ 16-ന് പുറത്തിറക്കിയ ആദ്യകരടിൽ ‘ഫോസിൽ ഇന്ധനം’ എന്ന പ്രയോഗം ആറുതവണ ഉണ്ടായിരുന്നു. എണ്ണ ഉത്പാദക രാജ്യങ്ങളുടെ എതിർപ്പിനെത്തുടർന്ന് വ്യാഴാഴ്ചത്തെ രണ്ടാം കരടിൽനിന്ന് ആ പരാമർശങ്ങൾ പൂർണമായി നീക്കി. കൽക്കരി, എണ്ണ, വാതകം എന്നിവയിൽനിന്ന് ‘മാറിനടക്കാമെന്ന’ 2023-ലെ ദുബായ് വാഗ്ദാനത്തെക്കുറിച്ചുള്ള പരോക്ഷസൂചനമാത്രമാണ് അവസാന കരടിൽ ബാക്കിയായത്. യൂറോപ്യൻ യൂണിയൻ രേഖയെ ഔപചാരികമായി എതിർത്തു. ഫോസിൽ ഇന്ധനത്തെക്കുറിച്ച് പരാമർശംപോലുമില്ലാത്ത ഉടമ്പടി അംഗീകരിക്കില്ലെന്ന് യൂണിയനുവേണ്ടി സംസാരിച്ച അയർലൻഡ് മന്ത്രി ഡാറാ ഒബ്രിയൻ തുറന്നടിച്ചു.

രണ്ട്: പണം. പൊരുത്തപ്പെടൽ (അഡാപ്റ്റേഷൻ) സഹായധനത്തിനായി ചർച്ചയിലുണ്ടായിരുന്ന 12,000 കോടി ഡോളറിന്റെ കണക്ക് കരടിൽനിന്നു വെട്ടിമാറ്റി. സഹായധനം മൂന്നിരട്ടിയാക്കുമെന്ന വാഗ്ദാനത്തിന് അടിസ്ഥാനവർഷമോ തുകയോ ഇല്ലാതായി. സമ്പന്നരാജ്യങ്ങൾ ‘ഒഴിഞ്ഞ കൈയുമായാണ്’ വന്നതെന്ന് മാർഷൽ ദ്വീപുകൾ കുറ്റപ്പെടുത്തി. അഡാപ്റ്റേഷൻ സഹായധനം മൂന്നിരട്ടിയാക്കുന്നത് പ്രത്യേക അജൻഡയായി ചർച്ചചെയ്യാനുള്ള നിർദേശം ഉദ്ഘാടനദിനമായ നവംബർ ഒൻപതിനുതന്നെ ഒഴിവാക്കപ്പെട്ടിരുന്നു.

മൂന്ന്: നീതി. തുല്യതയും ‘പൊതുവായതും എന്നാൽ, വ്യത്യസ്തവുമായ ഉത്തരവാദിത്വം’ (CBDR-RC) എന്ന തത്ത്വവും രേഖയിൽ വേണ്ടവിധം പ്രതിഫലിക്കുന്നില്ലെന്നും വ്യവസായവത്കൃത രാജ്യങ്ങളുടെ ചരിത്രപരമായ ഉത്തരവാദിത്വം നേർപ്പിക്കപ്പെട്ടെന്നും വികസ്വരരാജ്യങ്ങൾ ആരോപിച്ചു. യൂറോപ്പിന്റെ കാർബൺ അതിർത്തിനികുതി (CBAM) പോലുള്ള ഏകപക്ഷീയ വ്യാപാരനടപടികൾ പ്രത്യേക അജൻഡയായി ചർച്ചചെയ്യാനുള്ള ആവശ്യവും തുടക്കത്തിലേ തള്ളപ്പെട്ടു.

ഇന്ത്യയുടെ നിലപാട്

സമാനചിന്താഗതിയുള്ള വികസ്വരരാജ്യങ്ങളുടെ (LMDC) കൂട്ടായ്മയ്ക്കുവേണ്ടിയാണ് സമാപന പ്ലീനറിയിൽ ഇന്ത്യ സംസാരിച്ചത്. രേഖയിലെ ചില ഭാഗങ്ങളോട് യോജിപ്പില്ലെന്ന് പരിസ്ഥിതിമന്ത്രാലയം അഡീഷണൽ സെക്രട്ടറി അമൻദീപ് ഗർഗ് പറഞ്ഞു. കാലാവസ്ഥാ സഹായധനത്തെക്കുറിച്ച് ഒരു ചർച്ചാമുറിയിലും ചർച്ചയ്ക്ക് വികസിതരാജ്യങ്ങൾ തയ്യാറായില്ലെന്നും ആ വിഷയം “ഡെഡ് ഇൻ ദ വാട്ടർ” ആണെന്ന് ഇന്ത്യയോട് പറഞ്ഞതായും അദ്ദേഹം വെളിപ്പെടുത്തി. എങ്കിലും ബഹുരാഷ്ട്ര സഹകരണത്തിന്റെ പേരിൽ രേഖയുമായി മുന്നോട്ടുപോകാൻ ഇന്ത്യ തയ്യാറായിരുന്നു.

ബേസിക് (BASIC), എൽ.എം.ഡി.സി. കൂട്ടായ്മകൾക്കൊപ്പം അവസാനനിമിഷംവരെ ക്രിയാത്മകമായി ഇടപെട്ടെന്നും കവർ ഡിസിഷനിൽ സമവായമുണ്ടാകാത്തതിൽ ഖേദിക്കുന്നെന്നും കേന്ദ്ര പരിസ്ഥിതിമന്ത്രി ഭൂപേന്ദർ യാദവ് പറഞ്ഞു. ചരിത്രപരമായ ഉത്തരവാദിത്വത്തിന്റെ കാര്യത്തിൽ ഇന്ത്യ പറയുന്നത് ശരിയാണ്. പക്ഷേ, എണ്ണയുടെയും വാതകത്തിന്റെയും കൽക്കരിയുടെയും പേര് പറയാൻ മടിക്കുന്നവർക്ക് മറയായി ‘തുല്യത’യെന്ന വാദം മാറരുത്. പൊരുത്തപ്പെടലിന്റെ ചെലവ് ഒടുവിൽ വഹിക്കേണ്ടത് ഈ നാട്ടിലെ ജനംതന്നെയാണ്.

ഇനിയെന്ത്?

എല്ലാം നഷ്ടമായിട്ടില്ല. ഇന്ത്യയുടെ പ്രധാന ആവശ്യമായിരുന്ന കാലാവസ്ഥാ സഹായധന കർമപരിപാടി യൂറോപ്യൻ യൂണിയന്റെ എതിർപ്പ് മറികടന്ന് ഉച്ചകോടിയുടെ തുടക്കത്തിൽത്തന്നെ പ്രത്യേക അജൻഡയായി ഇടംനേടി. 2023-ലെ ദുബായ് തീരുമാനം റദ്ദായിട്ടില്ല. ഫോസിൽ ഇന്ധനവും സഹായധനവും ഉൾപ്പെടെ തീർപ്പാകാത്ത ചോദ്യങ്ങൾ 2027-ൽ എത്യോപ്യയിലെ അഡിസ് അബബയിൽ നടക്കുന്ന കോപ് 32-ലേക്ക് നീങ്ങും. നിലവിലെ നയങ്ങൾ തുടർന്നാൽ ഈ നൂറ്റാണ്ടിൽ താപനില 2.8 ഡിഗ്രി സെൽഷ്യസ് വരെ ഉയരാമെന്ന് യു.എൻ. പരിസ്ഥിതിപദ്ധതി (UNEP) മുന്നറിയിപ്പുനൽകുന്നു.

വയലിലും വീട്ടുമുറ്റത്തും ദുരന്തം

കാലാവസ്ഥാമാറ്റം കവരുന്നത് കൂലിമാത്രമല്ല. സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റും ‘ഡൗൺ ടു എർത്തും’ നവംബർ നാലിന് പുറത്തിറക്കിയ ‘ക്ലൈമറ്റ് ഇന്ത്യ 2026’ റിപ്പോർട്ട് പ്രകാരം, ജനുവരിമുതൽ സെപ്റ്റംബർവരെയുള്ള 273 ദിവസത്തിൽ 251 ദിവസവും രാജ്യത്ത് എവിടെയെങ്കിലും തീവ്രകാലാവസ്ഥാ ദുരന്തമുണ്ടായി. 3220 പേർ മരിച്ചു; 42.5 ലക്ഷം ഹെക്ടറിലെ കൃഷിയെ ബാധിച്ചു; 1,28,334 വീടുകൾ തകർന്നു. മാർച്ച്-മേയ് മാസങ്ങളിൽമാത്രം ആലിപ്പഴവർഷവും അകാലമഴയും ഇടിയോടുകൂടിയ കാറ്റും 7.3 ലക്ഷം ഹെക്ടറിലെ വിളയെ ബാധിച്ചു.

മഴയും ചതിച്ചു. രാജ്യത്ത് കാലവർഷം 13 ശതമാനം കുറഞ്ഞു; 2001-നുശേഷമുള്ള നാലാമത്തെ കുറഞ്ഞ മഴ. കേരളത്തിൽ കുറവ് 28 ശതമാനം; 1901-നുശേഷമുള്ള ഏഴാമത്തെ ഏറ്റവുംകുറഞ്ഞ കാലവർഷം. വയനാടിന് പ്രതീക്ഷിച്ചതിന്റെ പകുതിപോലും മഴ കിട്ടിയില്ല; ഇടുക്കിയിൽ കുറവ് 47 ശതമാനം. കാപ്പിയും കുരുമുളകും ഏലവും വിളയുന്ന മലയോരത്തെ ചെറുകർഷകനും കൃഷിനാശത്തിൽ പണി നഷ്ടപ്പെടുന്ന കർഷകത്തൊഴിലാളിയും തകർന്ന വീടിനുമുന്നിൽ പകച്ചുനിൽക്കുന്ന സാധാരണക്കാരനുമാണ് ഈ കണക്കുകളുടെ മുഖം.

അഡിസ് അബാബയിലേക്ക് ഇന്ത്യ കൊണ്ടുപോകേണ്ടത്

കാർബൺ ബജറ്റ് തിന്നുതീർത്തതാരെന്ന ചോദ്യം ഇന്ത്യ ഇനിയും ചോദിക്കണം. ഒപ്പം, വരാനിരിക്കുന്ന വേനലുകളുടെ വില ആരു നൽകുമെന്നും ചോദിക്കണം. തൊഴിലിടങ്ങൾക്ക് ദേശീയ താപസമ്മർദ മാനദണ്ഡം, ചൂടുകാരണം പണി നിർത്തുമ്പോൾ കൂലിനഷ്ടപരിഹാരം, ചൂടുമരണങ്ങളുടെ സത്യസന്ധമായ കണക്കെടുപ്പ്, കർഷകർക്ക് സമയബന്ധിതമായ കൃഷിനാശ നഷ്ടപരിഹാരം, പുറംജോലിക്കാരെ കേന്ദ്രത്തിൽ നിർത്തിയുള്ള, ചെലവ് കണക്കാക്കിയ പൊരുത്തപ്പെടൽ ആവശ്യം, ഇവയാകണം ഇന്ത്യയുടെ അജൻഡ.

വിദർഭയിലെ കർഷകത്തൊഴിലാളിയും എറണാകുളത്തെ അതിഥിത്തൊഴിലാളിയായ കൽപ്പണിക്കാരനും അന്റാല്യയിലെ ചർച്ചാമുറിയിൽ ഉണ്ടായിരുന്നില്ല. അഡിസ് അബാബയിൽ ഇന്ത്യ അവർക്കുവേണ്ടി സംസാരിക്കണം. നീതിയും ലക്ഷ്യബോധവും ഒരേ ശ്വാസത്തിൽ ആവശ്യപ്പെടുകയും വേണം.

ബാധിക്കുന്നത് ഇന്ത്യയെ

2016 മുതൽ 2025 വരെ ചൂടുകാരണം ഇന്ത്യക്ക്‌ പ്രതിവർഷം ശരാശരി 19,300 കോടി തൊഴിൽമണിക്കൂറുകൾ നഷ്ടമായെന്ന് ഒക്ടോബറിൽ പുറത്തിറങ്ങിയ ലാൻസെറ്റ് കൗണ്ട്ഡൗൺ റിപ്പോർട്ട് കണക്കാക്കുന്നു. 1990-കളിലെ വാർഷിക ശരാശരിയെക്കാൾ 75 ശതമാനം കൂടുതൽ. 2025-ൽ ചൂടുമൂലം നഷ്ടമായ വരുമാനം ഇന്ത്യയുടെ ജി.ഡി.പി.യുടെ 4.2 ശതമാനത്തിന് തുല്യമാണ്. ആഗോളതലത്തിൽ ഇത് 0.91 ശതമാനം മാത്രം.

മരണങ്ങൾപോലും ശരിയായി എണ്ണപ്പെടുന്നില്ല. ഈ വർഷം മാർച്ചിനും ജൂലായ്ക്കുമിടയിൽ 17 സംസ്ഥാനങ്ങളിലും ഡൽഹിയിലുമായി 359 ചൂടുമരണങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ടുചെയ്തു; അതിൽ 86 എണ്ണംമാത്രമാണ് സ്ഥിരീകരിച്ചത്, 273 എണ്ണം സംശയിക്കപ്പെടുന്നവ. അഞ്ചുദിവസംനീളുന്ന ഒരൊറ്റ ഉഷ്ണതരംഗം ഏകദേശം 30,000 അധികമരണങ്ങൾക്ക് കാരണമാകുമെന്ന് ഗവേഷകർ കണക്കാക്കുമ്പോൾ, ഔദ്യോഗികകണക്കിൽ ഒരുവർഷം ഏകദേശം 800 ചൂടുമരണങ്ങൾമാത്രം.

കേരളവും ഇന്ന് ഈ ചൂടറിയുന്നു. സൂര്യാതപം തടയാൻ ഈ വർഷം ഫെബ്രുവരി 13 മുതൽ മേയ് 20 വരെ വെയിലേറ്റ് പണിയെടുക്കുന്നവർക്ക് ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെ വിശ്രമം നിർബന്ധമാക്കി, 1958-ലെ കേരള മിനിമംവേതന നിയമപ്രകാരം ലേബർ കമ്മിഷണറേറ്റ് ഉത്തരവിറക്കി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാനിർദേശങ്ങളും പുറപ്പെടുവിച്ചു.

ഗൾഫിലെ നിർമാണസ്ഥലങ്ങൾമുതൽ ഇന്ത്യയിലെ ക്വാറികളും ചെമ്മീൻ സംസ്കരണശാലകളുംവരെ, ഏകദേശം രണ്ടുപതിറ്റാണ്ടായി തൊഴിലാളികളുടെ ജീവിതം റിപ്പോർട്ടുചെയ്യുന്ന ആളാണ് ലേഖകൻ. ഇവർക്ക് ശീതീകരിച്ച ഓഫീസുകളില്ല, ശമ്പളത്തോടെയുള്ള ചൂടവധിയില്ല, മിക്കപ്പോഴും എഴുതപ്പെട്ട കരാർപോലുമില്ല. ദിവസക്കൂലിക്കാരന് കൂലിസംരക്ഷണമില്ലാത്ത മൂന്നുമണിക്കൂർ വിശ്രമം എന്നാൽ പലപ്പോഴും മൂന്നുമണിക്കൂറിന്റെ കൂലിനഷ്ടം എന്നുതന്നെയാണ് അർഥം.