ഇന്ത്യയുടെ ടൈഗര്‍മാന്‍ വാല്‍മീക് ഥാപ്പര്‍ യാത്ര പറയുമ്പോള്‍ അതൊരു യുഗാന്ത്യം തന്നെയാണ് കുറിക്കുന്നത്. 'പ്രൊജക്ട് ടൈഗര്‍' എന്ന പേരിലെ കടുവാസംരക്ഷണ പദ്ധതിയുടെ വിജയത്തിനായി അക്ഷീണം പ്രവര്‍ത്തിച്ച പ്രകൃതിസ്‌നേഹിയും കടുവാപ്രേമിയുമായിരുന്നു വാല്‍മീക് ഥാപ്പര്‍. മെട്രോമാന്‍ (ഇ. ശ്രീധരന്‍), മില്‍ക്ക്മാന്‍ (കുരിയന്‍) തുടങ്ങിയവരെപോലെ അന്താരാഷ്ട്ര പ്രസിദ്ധി നേടിയ വ്യക്തിയായിരുന്നു ടൈഗര്‍മാന്‍ എന്നറിയപ്പെട്ടിരുന്ന വാല്‍മീക് ഥാപ്പര്‍. അദ്ദേഹം ഫത്തേസിംഗ് റാത്തോഡുമായി ചേര്‍ന്ന് നടത്തിയ മൃഗപരിപാലനവും വീക്ഷണ നിരീക്ഷണങ്ങളുമാണ് രാജസ്ഥാനിലെ രന്തംബോര്‍ എന്ന കടുവാസങ്കേതത്തെ ലോകപ്രശസ്തമാക്കിയത്.

To advertise here,

പുതുവത്സരാഘോഷത്തിനായി പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധി രന്തംബോറിലെത്തിയതാണ് വൈല്‍ഡ് ലൈഫ് സാങ്ച്വറിക്ക് വലിയ പ്രാധാന്യം കൈവരുവാനും പ്രസിദ്ധി നേടുവാനും ഇടയാക്കിയ സംഭവം. കടുവയെ കാണുവാന്‍ ഏറ്റവും സാധ്യതയുള്ള വൈല്‍ഡ് ലൈഫ് സാങ്ച്വറി എന്ന നിലയില്‍ രന്തംബോറിന്റെ ഖ്യാതി പരന്നു. അവിടെവെച്ചാണ് ആദ്യമായി വാല്‍മീക് ഥാപ്പറെ കാണുന്നത്. തീരെ അപ്രതീക്ഷിതമായ ഒരു കൂടിക്കാഴ്ചയും മുഖാമുഖവും തന്നെയായിരുന്നു അത്. വന്യമൃഗ സംരക്ഷണകേന്ദ്രത്തിലേക്ക് സന്ദര്‍ശകരെ കൊണ്ടുപോകാറുള്ള കാന്‍ഡര്‍ സാധാരണ ഓടിക്കാറുള്ള ഡ്രൈവര്‍ അവധിയിലായിരുന്നതിനാല്‍ അന്ന് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ പകരക്കരനായാണെത്തിയത്. ഉര്‍വ്വശീശാപം നമുക്കുപകാരം എന്നുപറഞ്ഞതുപോലെ കാടിന്റെ ഭംഗി ആസ്വദിക്കുവാനും മാക്‌സിമം മൃഗങ്ങളെ കാണുവാനും യാത്ര ഉപകാരപ്രദമായത് അതുകൊണ്ടുതന്നെയായിരുന്നു.

രന്തംബോര്‍ വൈല്‍ഡ് ലൈഫ് സാങ്ച്വറിയുടെ പടിവാതിലില്‍ തന്നെയാണ്. 'ജൂമര്‍ ബാവറി' എന്ന രാജസ്ഥാന്‍ ടൂറിസം ഡവലപ്‌മെന്റ് കോര്‍പ്പറേഷന്റെ ഗസ്റ്റ് ഹൗസ്. അവിടെയായിരുന്നു ഞങ്ങളുടെ താമസം. പണ്ട് രാജാക്കന്മാര്‍ നായാട്ടിന് പോകുമ്പോള്‍ താമസിച്ചിരുന്ന കോട്ടയായ ജൂമര്‍ ബാവറി പിന്നീട് ഗസ്റ്റ് ഹൗസാക്കി മാറ്റുകയാണ് ചെയ്തത്. കല്ലിന്റെ കിടക്കയും ഇരിപ്പിടങ്ങളുമാണ് ഇവിടത്തെ പ്രത്യേകത. മുകളിലെ ടെറസ്സിലേക്ക് കയറുവാന്‍ ഇടതുവശത്ത് ഒരു കല്‍ക്കോണിയും തിരിച്ചിറങ്ങുവാന്‍ വലതുഭാഗത്ത് അതുപോലെ മറ്റൊന്നും. പോയകാല പ്രൗഢിയുള്ള മുറികളും ഇടനാഴികകളും. നേരത്തെ ഓര്‍ഡര്‍ ചെയ്യുന്നതിനനുസരിച്ച് ഭക്ഷ്യവിഭവങ്ങള്‍ അവര്‍ തയ്യാറാക്കുന്നു.സീസണ്‍ അല്ലാത്തതിനാല്‍ കാട്ടിലേക്കുള്ള യാത്രയില്‍ ഞങ്ങള്‍ ഡല്‍ഹിയില്‍ നിന്നെത്തിയ നാല് പത്രപ്രവര്‍ത്തകര്‍ മാത്രമാണുണ്ടായിരുന്നത്. 

ഡ്രൈവറുമായി പെട്ടെന്നുതന്നെ സൗഹൃദം സ്ഥാപിച്ചെടുത്തതിനാല്‍ ഞങ്ങളെ വിശ്വാസത്തിലെടുത്തുകൊണ്ട് സാരഥി കിഷന്‍സിംഗ് കാടിന്റെ ഉള്‍ഭാഗത്തേക്ക് വാഹനം എടുത്തു.  പാതകള്‍ പിന്നിട്ട് മരങ്ങള്‍ക്കിടയിലൂടെ പുല്‍വഴിയിലൂടെ മാത്രമുള്ള സഞ്ചാരം ആവേശത്തോടൊപ്പം അല്‍പം ഭയവും നല്‍കാതിരുന്നില്ല. ഓടിമറയുന്ന കാട്ടുമൃഗങ്ങളില്‍ അധികവും മാനും ചെറുമൃഗങ്ങളും തന്നെ. രന്തംബോര്‍ കാടിന് പല തലങ്ങളാണ്. വൃക്ഷലതാദികള്‍ തിങ്ങി നില്‍ക്കുന്ന ഇടവും പുല്‍മേടുകള്‍ മാത്രമുള്ള സ്ഥലവും പാറക്കെട്ടുകള്‍ അടങ്ങിയവയും എല്ലാം ഉള്‍പ്പെടുന്നു. പരിചയംകൊണ്ടു മാത്രമാണ് ഡ്രൈവര്‍ പാതകളില്ലാതെതന്നെ വാഹനം മുന്നോട്ടുനീക്കിയത്. പിന്നീടത് അധികം സഞ്ചരിക്കാത്ത ഒരു ഊടുവഴിയിലെത്തി.

ഉള്‍വനത്തിലെ കാഴ്ചകള്‍ കണ്ട് വിവിധതരം വൃക്ഷങ്ങളുടെ പടര്‍ന്നുപന്തലിച്ച ശാഖികളുടെ ഭംഗി ആസ്വദിച്ച്, പക്ഷികളുടെ കളകൂജനം കേട്ട് മടങ്ങുവാന്‍ ഒരുങ്ങുമ്പോഴാണ് അവിടേക്ക് ഒരു ജീപ്പ് പതിയെ വന്നെത്തിയത്. അത് ഡ്രൈവ് ചെയ്തിരുന്നത് ചീഫ് ഫത്തേസിംഗ് റാത്തോഡും കൂടെ വാല്‍മീക്  ഥാപ്പറുമായിരുന്നു. കോര്‍ ഏരിയയില്‍/ ബഫര്‍സോണില്‍ ഞങ്ങളെ കണ്ടത് വിശ്വസിക്കാനാവാതെ നോക്കിയ അവര്‍ ഡ്രൈവറോട് കാര്യങ്ങള്‍ തിരക്കി. അപ്പോള്‍ ഞങ്ങളിലൊരാള്‍ ഫത്തേസിംഗ് റാത്തോഡിനോട് ഡല്‍ഹിയില്‍ നിന്നെത്തിയ ജേണലിസ്റ്റുകളാണെന്ന് പറഞ്ഞപ്പോള്‍ അദ്ദേഹം പതിയെ പ്രതിവചിച്ചു. ''ഇത് സന്ദര്‍ശകര്‍ക്ക് പ്രവേശിക്കുവാന്‍ അനുവാദമില്ലാത്ത ഏരിയയാണ്.'' ഡ്രൈവര്‍ ഭയപ്പെട്ട് എന്തുപറയണമെന്നറിയാതെ നിന്നപ്പോള്‍ കല്‍ക്കത്തയില്‍ നിന്നുള്ള സുഹൃത്ത് ദിവ്യേന്ദു പറഞ്ഞു: ' ഞങ്ങള്‍ രന്തംബോറിനെക്കുറിച്ചും ഇവിടുത്തെ മികച്ച പരിപാലനത്തെപ്പറ്റിയും നിങ്ങള്‍ ഇരുവരെക്കുറിച്ചും എഴുതുവാന്‍ വന്നതാണ്.'' അപ്പോള്‍ ഫത്തേസിംഗിന്റെ ചോദ്യം വന്നു. '' ഹൗ ഡു യു നോ അസ്'' '' വി ഹാവ് റെഡ് എബൗട്ട് യു എന്റ് സീന്‍ യുവര്‍ ഫോട്ടോസ്'' ''എന്റെ ഓഫീസില്‍ വന്നാല്‍ നമുക്ക് സംസാരിക്കാം.'' ''എത്രയും വേഗം ഇവിടെനിന്നും തിരിച്ചു പോകണം.''

അതുവരെ നിശ്ശബ്ദനായിരുന്ന വാല്‍മീക് ഥാപ്പര്‍ ചോദിച്ചു: '' ടൈഗര്‍  സ്‌പോട്ട് ചെയ്തുവോ?'' ''നോ നോ നോട്ട് യെറ്റ്'' ''ഇറ്റ് ഈസ് എ ക്വസ്റ്റിയന്‍ ഓഫ് ചാന്‍സ് ആന്റ് ലക്ക്. ഇന്നലെ രണ്ടുമൂന്നുതവണ കാണാന്‍ സാധിച്ചിരുന്നു. '' ഞങ്ങളും ഏറെ പ്രതീക്ഷയിലാണ്.''  ഫത്തേസിംഗ് റാത്തോഡ് അപ്പോള്‍ പറഞ്ഞു. ''ചിലപ്പോള്‍ ദിവസങ്ങളും ആഴ്ചകളും സ്‌പോട്ടിംഗ് ഉണ്ടാകാറില്ല.''  '' ഹമാരാ നസീബ് കെ ഊപര്‍ ഹെ.'' അവരുടെ ജീപ്പ് വനത്തിന്റെ ഉള്‍ഭാഗത്തേക്ക് നീങ്ങിയപ്പോള്‍ ഡ്രൈവര്‍ ഒരു ദീര്‍ഘനിശ്വാസം ചെയ്തു. അഞ്ചുമണി വരെയാണ് സന്ദര്‍ശന സമയം. അപ്പോള്‍ നാല് കഴിഞ്ഞിരുന്നു. ഡ്രൈവര്‍ പറഞ്ഞു: '' മടക്കത്തില്‍ ഒരു ഇറക്കമുണ്ട്. അതിനടുത്ത് ഒരു തടാകവും. അവിടെ മൃഗങ്ങള്‍ വെള്ളം കുടിക്കാന്‍ എത്താറുണ്ട്.'' '' നമ്മുടെ ലാസ്റ്റ് ചാന്‍സായിരിക്കും''.

കുറച്ചുദീരം നിബിഡവനം കഴിഞ്ഞ് പുല്‍മേടുകളും പിന്നിട്ട് മണ്‍പാതയിലെത്തിയപ്പോള്‍ ആശ്വാസമായി. ടൈഗറെ കണ്ടാലും ഇല്ലെങ്കിലും വഴിതെറ്റിയില്ലല്ലോ. ഒരു തിരിവു കഴിഞ്ഞാണ് ഇറക്കം. ദൂരെ ഇടിഞ്ഞുപൊളിഞ്ഞുകിടക്കുന്ന കോട്ടയുടെ അവശിഷ്ടങ്ങള്‍ കാണാം. കാന്‍ടറിന്റെ എഞ്ചിന്‍ ഇറക്കത്തിലെത്തിയപ്പോള്‍ ഓഫ് ചെയ്തു. ദൂരെ തടാകം ദൃശ്യമായി. പെട്ടെന്ന് വെള്ളം കുടിച്ചുകൊണ്ടിരുന്ന ഒരു ടൈഗര്‍ മരങ്ങള്‍ക്കിടയിലേക്ക് അപ്രത്യക്ഷമായി. നിഴല്‍പോലെയുള്ള ഒരു കാഴ്ച. ഫുള്‍ഗ്രോണ്‍ ടൈഗര്‍തന്നെ. അനുപമം തന്നെയായിരുന്നു ആ കാഴ്ച. അപ്പോള്‍ ഡ്രൈവര്‍പറഞ്ഞു. ഈ ഏരിയയില്‍ കാണുന്ന മെയില്‍ ടൈഗറാണ്. അന്ന് രാത്രി ജൂമര്‍ ബാവരിയില്‍ തങ്ങിക്കൊണ്ട് പിറ്റേന്ന് ഞങ്ങള്‍ രന്തംബോറിനോട് വിടപറഞ്ഞു.

പിന്നിടൊരിക്കല്‍ ഡല്‍ഹിയില്‍ സെമിനാറില്‍ പങ്കെടുക്കാന്‍ വന്ന അവസരത്തില്‍ വാല്‍മീക് ഥാപ്പറെ യാദൃശ്ചികമായി കണ്ടുമുട്ടിയതോര്‍ക്കുന്നു. മുമ്പ് രന്തംബോറില്‍ വെച്ച് കണ്ടകാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം അത് ഓര്‍ത്തെടുത്തു. ''ഇടയ്ക്കവിടെ പോകണം. ഓരോ വിസിറ്റും ഓരോ അനുഭവമായിരിക്കും'' ''സൗത്തിന്ത്യയിലും മികച്ച വന്യമൃഗ കേന്ദ്രങ്ങളുണ്ട്. കേരളത്തിലെ പെരിയാറും കര്‍ണ്ണാടകയിലെ ബന്ദിപൂരും അടക്കം.'' ''ആഗ്രഹമുണ്ടെങ്കിലും സമയം അനുവദിക്കാറില്ല.'' '' താങ്കള്‍ക്ക് പല നിര്‍ദ്ദേശങ്ങളും നല്‍കാനാകും.'' 'അടുത്ത് കന്‍ഹയില്‍ പോയപ്പോള്‍ മൂന്ന് കുട്ടികളടങ്ങുന്ന ഒരു ടൈഗര്‍ ഫാമിലിയെ ക്യാമറയില്‍ പകര്‍ത്താനായി.'' '' ഡോക്യുമെന്ററിക്ക് വേണ്ടിയാണോ?'' ''അതും മറ്റു വിഷ്വലുകളും ചേര്‍ത്ത് ഒന്ന് ആലോചിക്കുന്നുണ്ട്.''  താടിയും മുടിയും നീട്ടിവളര്‍ത്തി കറുത്ത പാന്റ്‌സും ഷര്‍ട്ടും ധരിച്ച് നടന്നുനീങ്ങുന്ന ടൈഗര്‍മാനെ നോക്കിനിന്നപ്പോള്‍ മൃഗസംരക്ഷണത്തിനും വനപരിപാലനത്തിനുമായി ഒരു ജീവിതം തന്നെ ഉഴിഞ്ഞുവെച്ച അപൂര്‍വ്വ വ്യക്തിത്വത്തിന്റെ കാലികപ്രസക്തി മനസ്സില്‍ നിറയുന്ന അനുഭവം.

വാല്‍മീക് ഥാപ്പറുടെ ജനനവും മരണവും തലസ്ഥാന നഗരിയായ ഡല്‍ഹിലായിരുന്നു. ( ജനനം 1952, മരണം 31. മെയ് 2025) പ്രമുഖ  പത്രപ്രവര്‍ത്തകന്‍ റോമേഷ് ഥാപറിന്റേയും രാജ് ഥാപറിന്റേയും മകനും ചരിത്രകാരി റോമില ഥാപറുടെ മരുമകനുമായിരുന്നു വാല്‍മീക് ഥാപ്പര്‍. വന്യമൃഗങ്ങളെപ്പറ്റിയും കാടിനെപ്പറ്റിയുമുള്ള പുസ്തകങ്ങളുടെ രചനക്കു പുറമെ ബിബിസിയിലടക്കം പ്രക്ഷേപണം ചെയ്ത ഡോക്യുമെന്ററികളും വാല്‍മീക് ഥാപ്പറിന്റേതായുണ്ട്. 

രാജ്യാന്തര അംഗീകാരവും പുരസ്‌കാരവും ഇളംപ്രായത്തില്‍തന്നെ അദ്ദേഹത്തെ തേടിയെത്തി. പുരാതനകാലത്ത് ഇന്ത്യന്‍ വനങ്ങള്‍ നിറയെ  കടുവകള്‍ വിഹരിച്ചിരുന്നു. ആദ്യം രാജാക്കന്മാരും പിന്നീട് ബ്രീട്ടുഷുകാരും യാതൊരു ദയാദാക്ഷിണ്യവുമില്ലാതെ അവയെ കൊന്നൊടുക്കിയതാണ് വംശനാശ ഭീഷണി നേരിടുവാനിടവരുത്തിയത്. വേട്ടക്കാരനായിരുന്ന ജിം കോര്‍ബെറ്റ് പിന്നീട് മൃഗസംരക്ഷകനായി മാറി. യു.പി.യിലെ പ്രസിദ്ധമായ വൈല്‍ഡ് ലൈഫ് സാങ്ച്വറി ജിം കോര്‍ബെറ്റിന്റെ പേരിലാണ് അറിയപ്പെടുന്നത്. രാജസ്ഥാനിലെ രന്തംബോറിന് വാല്‍മീകി ഥാപറിന്റെ പേര് നല്‍കുന്നതും ഉചിതമായിരിക്കും. '' കാടുണ്ടെങ്കിലേ കടുവയുള്ളൂ. കടുവയുണ്ടെങ്കിലേ കാടുള്ളൂ.'' വാല്‍മീക് ഥാപ്പറിന്റെ വാക്കുകള്‍ മനസ്സില്‍ പ്രതിധ്വനിക്കുന്നു.