
കേരളതീരത്ത് ജൂണ്‍ 9 അര്‍ദ്ധരാത്രിമുതല്‍ ജൂലൈ 31 അര്‍ദ്ധരാത്രി വരെ 52 ദിവസത്തേക്ക് ട്രോള്‍ വലകളുപയോഗിച്ച് കൊണ്ടുള്ള മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്. 3800 ഓളം വരുന്ന ട്രോള്‍ ബോട്ടുകള്‍ക്കും അഞ്ഞൂറോളം വരുന്ന ഗില്‍ നെറ്റ് ബോട്ടുകള്‍ക്കും നൂറ്റിപതിനാല് പേഴ്‌സീന്‍ ബോട്ടുകള്‍ക്കും ഇക്കാലയളവില്‍ നിരോധനം ബാധകമാണ്. കഴിഞ്ഞ മെയ് 18-ന് ഫിഷറീസ് വകുപ്പുമ്രന്തി വിളിച്ചുചേര്‍ത്ത ഉദ്യോഗസ്ഥരുടേയും ട്രേഡ് യൂണിയന്‍ പ്രതിനിധികളുടേയും യോഗത്തിലാണ് ഈ തീരുമാനമെടുത്തത്.
കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മത്സ്യ ഉത്പാദനം നടന്ന 2022 നുശേഷം നടക്കുന്ന ആദ്യത്തെ നിരോധനമാണിത്. കഴിഞ്ഞ പത്ത് വര്‍ഷമായി അപ്രത്യക്ഷമായ മത്തിയടക്കമുള്ള മത്സ്യങ്ങള്‍ ഈ വര്‍ഷം തിരികെയെത്തി. 2022-ല്‍ 6.89 ലക്ഷത്തോളം ടണ്‍ മത്സ്യം നാം പിടിച്ചു. ഉപരിതലമത്സ്യങ്ങളായ മത്തിയും അയലയും ധാരാളം ലഭിച്ചു.
2012-ല്‍ 3.98 ലക്ഷം ടണ്‍ മത്തിപിടിച്ചെടുത്ത സ്ഥാനത്ത് 2021-ല്‍ കേവലം മൂന്ന് ടണ്ണിലേക്ക് ഉല്പാദനം കൂപ്പുകുത്തിയിരുന്നു. ഒരു മത്സ്യവരള്‍ച്ചാപാക്കേജ് അനുവദിക്കണമെന്ന ഞങ്ങളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. ഏതായാലും കാലാവസ്ഥ അനുകൂലമായതിനാലും, കോവിഡ് കാലത്തെ നിരോധനം മൂലവും കഴിഞ്ഞ വര്‍ഷം ഉപരിതല മത്സ്യങ്ങള്‍ ഗണ്യമായ രീതിയില്‍ ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇതില്‍ തന്നെ ഗണ്യമായ ഒരു വിഭാഗം ചെറുമത്സ്യങ്ങളാണ്.
ബോട്ടുകളും നിരോധിത ചെറുമത്സ്യങ്ങളെ ധാരാളമായി പിടിച്ചു. ഇവ തടയുന്നതില്‍ സര്‍ക്കാര്‍ സംവിധാനം പരാജയവുമായി.
ലോകത്ത് ഇന്നുപയോഗിക്കുന്നതില്‍ ഏറ്റവും വിനാശകരമായ ഒരു മത്സ്യബന്ധന സംവിധാനമാണ് ട്രോളിംഗ്. മത്സ്യക്കുഞ്ഞുങ്ങളേയും മത്സ്യത്തിന് ജീവിക്കാനാവശൃമായ പരിസ്ഥിതിയെയും പൂര്‍ണ്ണമായും തകര്‍ത്തുകൊണ്ടാണീ മത്സ്യബന്ധനസംവിധാനം പ്രവര്‍ത്തിക്കുന്നത്. പല രാജ്യങ്ങളിലും പൂര്‍ണ്ണമോ ഭാഗികമോ ആയ മത്സ്യബന്ധന നിരോധനം നടപ്പില്‍ വന്നിട്ടുണ്ട്. ഇന്തോനേഷ്യ 1979 മുതല്‍ ട്രോളിംഗ് പൂര്‍ണ്ണമായി നിരോധിച്ചിരിക്കുകയാണ് അയല്‍രാജ്യമായ ശ്രീലങ്കയിലും 2018 മുതല്‍ വര്‍ഷം മുഴുവന്‍ ട്രോളിംഗ് നിരോധനമുണ്ട്. ഇന്ത്യാ സമുദ്രത്തിന്റെ തീരരാഷ്ട്രങ്ങളിൽ ഏറ്റവും കുറവ് നിരോധനകാലയളവുള്ളത് ഇന്ത്യയിലാണ്. 61 ദിവസം. കെനിയയിലും, സൗത്ത് ആഫ്രിക്കയിലും, ബഹറിനിലും നാലുമാസവും സൌദി അറേബ്യയില്‍ അഞ്ചുമാസവും മഡഗാസ്കറിലും മൊസാംബിക്കില്‍ മൂന്ന് മാസവും നിരോധിച്ചിരിക്കുകയാണ്.
കേരളത്തില്‍ സര്‍ക്കാര്‍ നിയമിച്ച ഡോ.ബാലകൃഷ്ണന്‍ നായര്‍ കമ്മിറ്റിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് 1988 മുതല്‍ ട്രോളിംഗ് നിരോധനമുണ്ട്. 1994 മുതല്‍ 2018 വരെ 47 ദിവസമാണ് ട്രോളിംഗ് നിരോധനം. ഇന്ത്യാസര്‍ക്കാര്‍ പുറംകടലില്‍ 61 ദിവസം നിരോധിച്ചതിനെത്തുടര്‍ന്ന് മറ്റ് പല സംസ്ഥാനങ്ങളും നിരോധനം 61 ദിവസമായി നിജപ്പെടുത്തി. കേരളം ഇപ്പോഴും 52 ദിവസമാക്കി പരിമിതപ്പെടുത്തിയിരിക്കുകയാണ്. 60 ദിവസമാക്കി നിരോധനം വര്‍ദ്ധിപ്പിക്കുമെന്ന് കഴിഞ്ഞ രണ്ടുവര്‍ഷവും നിലപാടെടുത്ത സര്‍ക്കാര്‍ തീരുമാനം ഈ വര്‍ഷവും മന്ത്രി ആവര്‍ത്തിച്ചിട്ടുണ്ട്.
മത്സ്യമേഖലാപരിപാലനത്തിലെ ഒരു ഭാഗം മാത്രമാണ് ട്രോളിംഗ് നിരോധനം. ഇതോടൊപ്പം പരമ്പരാഗതമേഖലയിലും ആവശ്യമായ ക്രമീകരണങ്ങളും നിയന്ത്രണങ്ങളും കൊണ്ടുവരേണ്ടതുണ്ട്. ചെറുമത്സ്യങ്ങളുടെ പിടിത്തം കര്‍ശനമായി തടയേണ്ടതുണ്ട്. വല, യാനം, കണ്ണിവലുപ്പം തുടങ്ങിയവയിലും കര്‍ശന നിയ്രന്തണങ്ങള്‍ കൊണ്ടുവരേണ്ടതുണ്ട്. 2012 -ലെ കമ്മിറ്റിയുടെ ശുപാര്‍ശയെത്തുടര്‍ന്ന് പുതിയ യാനങ്ങള്‍ക്ക് രജിസ്ട്രേഷന്‍ നല്കില്ല എന്ന തീരുമാനവും കര്‍ശനമായി പാലിക്കേണ്ടതുണ്ട്. നിരോധന കാലയളവില്‍ അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഫൈബര്‍ വള്ളങ്ങളുടെ പ്രവര്‍ത്തനവും നിരോധിക്കേണ്ടതുണ്ട്. മത്സ്യത്തൊഴിലാളികളുമായി ചര്‍ച്ചചെയ്ത് സംസ്ഥാന സമുദ്രമത്സൃബന്ധന നിയമം കാലാനുസൃതമായി പരിഷ്കരിക്കേണ്ടതുമുണ്ട്. ഇക്കാര്യങ്ങളില്‍ തൊഴിലാളികളെ വിശ്വാസത്തിലെടുത്തുകൊണ്ടുള്ള ഒരു സമീപനമാണ് സര്‍ക്കാര്‍ തീരുമാനിക്കേണ്ടതും.
അതേ സമയം മത്സ്യത്തൊഴിലാളികളുടെ ചില ആവശ്യങ്ങളും പരിഗണിക്കുകയും ഗൗരവത്തിലെടുക്കുകയും വേണം. നിരോധനം ബാധകമാകുന്ന മേഖലകളില്‍ സൗജന്യറേഷനടക്കം വിതരണം ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും തമിഴ്നാടും, കര്‍ണ്ണാടകയും ചെയ്യുന്നതുപോലെ സാമ്പത്തിക സഹായം ചെയ്യണമെന്ന ഞങ്ങളുടെ ആവശം അംഗീകരിക്കപ്പെട്ടില്ല. പകരം പഞ്ഞമാസാനുകുല്യത്തിന്റെ ഒരു ഗഡു വിതരണം ചെയ്യും. മേഖലയിലെ സുരക്ഷ കാര്യക്ഷമമാക്കാനും, തൊഴിലാളികളുടെ ഐഡന്റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാനും യോഗത്തില്‍ തീരുമാനമെടുത്തു.
(കേരള മത്സ്യതൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)
Content Highlights: about trawling ban and it's effects in kerala
Published: 16 Jun 2023, 11:27 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented