"ഭൂമിയുടെ ഒരുവശത്ത് സംഭവിക്കുന്ന കാര്യങ്ങള്‍ മറുവശത്തെയും സ്വാധീനിക്കുന്ന തരത്തില്‍ അത്രമേല്‍ പരസ്പരം ബന്ധപ്പെട്ടിരിക്കുന്ന ഒരിടമാണ് ലോകം.'' - ആന്തണി ഫൗച്ചി (Anthony Fauci)

To advertise here,

മനുഷ്യരെയും പ്രകൃതിയെയും വലിയതോതില്‍ ബാധിക്കുന്ന ദുരന്തങ്ങളെയാണ് ലോകം ഇന്ന് നിരന്തരം അഭിമുഖീകരിച്ചുകൊണ്ടിരിക്കുന്നത്. വെള്ളപ്പൊക്കം, ചുഴലിക്കാറ്റുകള്‍, കാട്ടുതീ, ശീതതരംഗം, ജീവിവര്‍ഗങ്ങളുടെ വംശനാശം തുടങ്ങി ലോകമെമ്പാടും പ്രത്യക്ഷത്തില്‍ വിഭിന്നങ്ങളായ ദുരന്തങ്ങള്‍ സംഭവിക്കുന്നു. ഇവ ആഗോളതലത്തില്‍ ദശലക്ഷക്കണക്കിന് ജീവന്‍ അപഹരിക്കുകയും ശതകോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്നു. ആരും, ഒരിടവും ഇതില്‍നിന്ന് മുക്തമല്ല. ചൂട്, കാട്ടുതീ, വെള്ളപ്പൊക്കം എന്നീ ദുരന്തങ്ങളുടെ മൂലകാരണം പലപ്പോഴും ഹരിതഗൃഹവാതകങ്ങളാണ്. അതാകട്ടെ, വര്‍ധിച്ച ഉത്പാദനത്തിനുള്ള ആവശ്യകതയുമായി ബന്ധപ്പെട്ടിരിക്കുന്നു. ഹരിതഗൃഹവാതകങ്ങളുടെ അമിതമായ ബഹിര്‍ഗമനമാണ് ആഗോളതാപനത്തിലേക്ക് നയിക്കുന്നത്. ആഗോളതാപനം ലോകത്തിന്റെ ഒരുഭാഗത്ത് വരള്‍ച്ചയും മറ്റൊരുഭാഗത്ത് വെള്ളപ്പൊക്കവും രൂക്ഷമാക്കുന്നു. സമുദ്രങ്ങളുടെ താപം വര്‍ധിക്കുന്നത് ആവാസവ്യവസ്ഥയെ ദോഷകരമായി ബാധിക്കുകയും കൂടുതല്‍ തീവ്രവും ആവര്‍ത്തിച്ചുള്ളതുമായ കൊടുങ്കാറ്റുകള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നു. ഉത്പാദന പ്രക്രിയകള്‍ക്കായി മനുഷ്യര്‍ വന്‍തോതില്‍ പ്രകൃതിവിഭവങ്ങള്‍ ഉപയോഗിക്കുന്നത് ജീവിവര്‍ഗങ്ങളുടെ വംശനാശം, പാരിസ്ഥിതിത്തകര്‍ച്ച തുടങ്ങിയ ദുരന്തങ്ങള്‍ക്ക് ഇടവരുത്തുന്നു. ഒരു ചെറിയ കാലയളവിനുള്ളില്‍, ഒരു നിശ്ചിത സ്ഥലത്തെ ബാധിച്ച ഒറ്റപ്പെട്ടതും എന്നാല്‍ ദാരുണമായതുമായ സംഭവങ്ങളായിട്ടായിരിക്കും ലോകം ഇവയെ നോക്കിക്കാണുന്നത്. എന്നാല്‍, സൂക്ഷ്മമായി പരിശോധിച്ചാല്‍ അവയില്‍ പലതും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മനസ്സിലാകും. അതായത്, വ്യത്യസ്ത ദുരന്തങ്ങളുടെ മൂലകാരണം ഒന്നാവാം. ഇത് അടിവരയിടുന്നതാണ് 'യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി' അടുത്തിടെ പുറത്തിറക്കിയ 'ഇന്റര്‍കണക്ടഡ് ഡിസാസ്റ്റര്‍ റിസ്‌ക്സ് റിപ്പോര്‍ട്ട്'.

എന്താണ് ഇന്റര്‍കണക്ടഡ് ഡിസാസ്റ്റര്‍ റിസ്‌ക്സ്?

'യുണൈറ്റഡ് നേഷന്‍സ് യൂണിവേഴ്സിറ്റി-ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്‍വയണ്‍മെന്റ് ആന്‍ഡ് ഹ്യൂമന്‍ സെക്യൂരിറ്റി' പ്രസിദ്ധീകരിക്കുന്ന വാര്‍ഷിക ശാസ്ത്രാധിഷ്ഠിത റിപ്പോര്‍ട്ടാണ് 'ഇന്റര്‍കണക്ടഡ് ഡിസാസ്റ്റര്‍ റിസ്‌ക്സ് റിപ്പോര്‍ട്ട്'. പൊതുജനങ്ങള്‍ക്ക് ലഭ്യമാകുന്ന തരത്തില്‍ രൂപകല്പനചെയ്തിട്ടുള്ള ഈ റിപ്പോര്‍ട്ട് 2021-ലാണ് ആദ്യമായി പുറത്തിറങ്ങിയത്. ദുരന്തങ്ങളോടുള്ള നമ്മുടെ സമീപനത്തില്‍, പ്രത്യേകിച്ച് അവയോടുള്ള പ്രതികരണങ്ങളിലും തയ്യാറെടുപ്പുകളിലും, പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും ഈ ദുരന്തങ്ങള്‍ മുന്‍കാലങ്ങളെക്കാള്‍ വേഗത്തിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന തിരിച്ചറിവാണ് ഇത്തരമൊരു റിപ്പോര്‍ട്ടെന്ന ആശയത്തിലേക്ക് നയിച്ചത്. ഓരോ വര്‍ഷവും ദുരന്തങ്ങളുടെ നിരവധി വ്യക്തമായ ഉദാഹരണങ്ങള്‍ റിപ്പോര്‍ട്ട് വിശകലനംചെയ്യുകയും അവ പരസ്പരവും ഒപ്പം മനുഷ്യപ്രവര്‍ത്തനങ്ങളുമായും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശദീകരിക്കുകയും ചെയ്യുന്നു. നാം അധികം ശ്രദ്ധിക്കാതെപോകുമായിരുന്ന പരസ്പരബന്ധങ്ങളെപ്പറ്റി (Interconnections) കൂടുതല്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ ഈ റിപ്പോര്‍ട്ട് സഹായിക്കുന്നു. കൂടാതെ പ്രശ്‌നപരിഹാരങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ ഇത്തരം ബന്ധങ്ങള്‍ നമ്മുടെ നേട്ടത്തിനായി എങ്ങനെ ഉപയോഗിക്കാമെന്നും വിവരിക്കുന്നു. 

അപകടമുനമ്പില്‍

ലോകത്താകമാനം വര്‍ധിച്ചുവരുന്നതും ജീവന്റെ നിലനില്‍പ്പിനെത്തന്നെ ആഴത്തില്‍ സ്വാധീനിക്കുന്നതുമായ ചില അപകടസാധ്യതകളെ പ്രതിനിധാനംചെയ്യുന്ന ആറ് പരസ്പരബന്ധിതമായ 'റിസ്‌ക് ടിപ്പിങ് പോയന്റുകള്‍' യു.എന്‍. റിപ്പോര്‍ട്ട് വിശകലനം ചെയ്യുന്നു. റിപ്പോര്‍ട്ടിലെ നിര്‍വചനമനുസരിച്ച് ഒരു 'റിസ്‌ക് ടിപ്പിങ് പോയന്റ്' എന്നാല്‍, നിലവിലെ സാമൂഹിക-പാരിസ്ഥിതിക വ്യവസ്ഥയ്ക്ക് തടയാന്‍ പ്രയാസമുള്ള അപകടസാധ്യതാഘട്ടമാണ്. ഈ ഘട്ടത്തില്‍ വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാകാനുള്ള സാധ്യത ഗണ്യമായി വര്‍ധിക്കുന്നു. ചുരുക്കത്തില്‍, നിലവില്‍ നാം ആശ്രയിക്കുന്ന സംവിധാനങ്ങള്‍ക്ക് അപകടസാധ്യതകള്‍ തടയാനും പ്രതീക്ഷിക്കുന്നതുപോലെ പ്രവര്‍ത്തനം നടത്താനും കഴിയാതെവരുമ്പോള്‍ അവ ഒരു 'റിസ്‌ക് ടിപ്പിങ് പോയിന്റി'ലെത്തുന്നു.റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്ന ആറ് 'റിസ്‌ക് ടിപ്പിങ് പോയിന്റുകള്‍' ഇവയാണ്:

1. ദ്രുതഗതിയിലുള്ള വംശനാശം- പരിണാമപ്രക്രിയയുടെ ഭാഗമാണ് വംശനാശം. ദശലക്ഷക്കണക്കിന് വര്‍ഷങ്ങളിലൂടെ സാവധാനം സംഭവിച്ചുകൊണ്ടിരുന്ന ഒരു സ്വാഭാവികപ്രക്രിയ. എന്നാല്‍, ഭൂവിനിയോഗമാറ്റം, അമിതചൂഷണം, കാലാവസ്ഥാവ്യതിയാനം, മലിനീകരണം, അധിനിവേശ ജീവിവര്‍ഗങ്ങളുടെ വ്യാപനം തുടങ്ങിയവ ജീവിവര്‍ഗങ്ങളുടെ വംശനാശത്തെ ത്വരപ്പെടുത്തി. ഇക്കഴിഞ്ഞ നൂറുവര്‍ഷത്തിനുള്ളില്‍ നട്ടെല്ലുള്ള നാനൂറിലധികം ജീവികള്‍ക്ക് ( Vertebrates) വംശനാശം സംഭവിച്ചു. 2010-നും 2015-നും ഇടയില്‍ 32 ദശലക്ഷം ഹെക്ടര്‍ സ്വാഭാവിക/വീണ്ടെടുക്കപ്പെട്ട വനം നഷ്ടപ്പെട്ടു. ഏകദേശം ഒരുദശലക്ഷം സസ്യ-ജന്തു ഇനങ്ങള്‍ വംശനാശഭീഷണിയിലാണ്. പലതും കഴിഞ്ഞ കുറച്ചു ദശാബ്ദങ്ങള്‍ക്കുള്ളില്‍ സംഭവിച്ചതാണ്.
ഒരു നിശ്ചിത ആവാസവ്യവസ്ഥയിലുള്ള ജീവിവര്‍ഗത്തിന്റെ വംശനാശം ആശ്രിതജീവിവര്‍ഗങ്ങളില്‍ 'കാസ്‌കേഡിങ് പ്രഭാവം' (ഒരു സിസ്റ്റത്തിലെ ഒരു സംഭവം മറ്റ് അനുബന്ധസിസ്റ്റങ്ങളില്‍ പ്രതികൂലസ്വാധീനം ചെലുത്തുമ്പോള്‍ സംഭവിക്കുന്ന അപ്രതീക്ഷിതസംഭവങ്ങളുടെ ശൃംഖലയാണ് 'കാസ്‌കേഡിങ് പ്രഭാവം') ഉണ്ടാക്കുകയും അവയുടെയും വംശനാശത്തിന് കാരണമാകുകയും ചെയ്യുന്നു. ഇത് ആത്യന്തികമായി ആവാസവ്യവസ്ഥയുടെ തകര്‍ച്ചയിലേക്ക് നയിച്ചേക്കാം.

2. ഭൂഗര്‍ഭജലശോഷണം- ലോകത്താകമാനം രണ്ട് ബില്യണ്‍ ആളുകള്‍ ശുദ്ധജലത്തിന്റെ പ്രാഥമികസ്രോതസ്സായി ഭൂഗര്‍ഭജലത്തെ ആശ്രയിക്കുന്നു. ഇതില്‍ 70 ശതമാനം കൃഷിക്കായാണ് ജലം ഉപയോഗിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ 37 ഭൂഗര്‍ഭജലസ്രോതസ്സുകളില്‍ 21 എണ്ണവും വീണ്ടെടുക്കാനാവുന്നതിലും വേഗത്തില്‍ ശോഷിച്ചുകൊണ്ടിരിക്കുന്നു. ഒരു നിശ്ചിത ജലസ്രോതസ്സിലെ ജലവിതാനം നിലവിലുള്ള ആഴത്തിനും കീഴ്‌പ്പോട്ട് സ്ഥിരമായി താഴ്ന്നുകൊണ്ടിരുന്നാല്‍ ഭൂഗര്‍ഭജലലഭ്യത പ്രശ്‌നത്തിലാകും. ഇത് കര്‍ഷകര്‍ക്ക് അവരുടെ വിളകള്‍ക്ക് കൃത്യമായി ജലസേചനം നടത്താന്‍ കഴിയാതെയാക്കുന്നു. ഇത് കര്‍ഷകരുടെ ഉപജീവനമാര്‍ഗം നഷ്ടപ്പെടുത്തുകമാത്രമല്ല, ലോകത്തെ ഭക്ഷ്യ അരക്ഷിതാവസ്ഥയിലേക്ക് നയിക്കുകയും മുഴുവന്‍ ഭക്ഷ്യോത്പാദനസംവിധാനങ്ങളെയും പരാജയത്തിലേക്ക് എത്തിക്കുകയും ചെയ്യും.

3. പര്‍വത-ഹിമാനികള്‍ ഉരുകുന്നു- ഹിമാനികള്‍, മഞ്ഞുതടാകങ്ങള്‍ എന്നിവയില്‍നിന്നുള്ള ഉരുകിയ ജലം ഒരു പ്രദേശത്തെ മുഴുവന്‍ കുടിവെള്ളത്തിനും ജലസേചനത്തിനും ജലവൈദ്യുതിക്കും ആവാസവ്യവസ്ഥയ്ക്കും ആവശ്യമായ ജലം നല്‍കുന്നു. എന്നാല്‍, ആഗോളതാപനംമൂലം കഴിഞ്ഞ രണ്ടുദശകങ്ങളെ അപേക്ഷിച്ച് ഹിമാനികള്‍ ഇരട്ടിവേഗത്തില്‍ ഉരുകുന്നു. ഇത് ലോകത്താകമാനം 1.9 ബില്യണ്‍ ആളുകളെ പ്രതികൂലമായി ബാധിക്കുന്നു. നിലവില്‍ പലയിടത്തും വെള്ളപ്പൊക്കത്തിന് കാരണമാകുന്ന ഈ പ്രതിഭാസം ഭാവിയില്‍ വലിയ ജലക്ഷാമത്തിനിടയാക്കും. സമുദ്രനിരപ്പ് ഉയരുന്നതിനും ഇത് കാരണമാകുന്നുണ്ട്. പല ഭൂവിഭാഗങ്ങളും എന്നെന്നേക്കുമായി അപ്രത്യക്ഷമാകാന്‍ ഇതിടയാക്കും. 2000-നും 2019-നും ഇടയില്‍ ഹിമാനികളില്‍ പ്രതിവര്‍ഷം 267 ഗിഗാടണ്‍ ഐസ് നഷ്ടപ്പെട്ടു. 2100-ഓടെ ലോകത്തിലെ 50 ശതമാനം ഹിമാനികളും ഉരുകിത്തീരുമെന്ന് പ്രവചിക്കപ്പെടുന്നു. 
 

4. ബഹിരാകാശ അവശിഷ്ടങ്ങള്‍- ഭ്രമണപഥത്തില്‍ ഭൂമിയെ ചുറ്റുന്ന 30,000 വസ്തുക്കളില്‍, ഏകദേശം 25 ശതമാനം മാത്രമാണ് പ്രവര്‍ത്തനക്ഷമമായ ഉപഗ്രഹങ്ങള്‍. ബാക്കിയുള്ളവ തകര്‍ന്ന ഉപഗ്രഹങ്ങള്‍ അല്ലെങ്കില്‍ ഉപേക്ഷിച്ച റോക്കറ്റുപോലുള്ള ബഹിരാകാശ അവശിഷ്ടങ്ങളാണ്. ബഹിരാകാശ അവശിഷ്ടങ്ങളില്‍ പെയിന്റിന്റെ ചെറുകണികകള്‍ മുതല്‍ കൂറ്റന്‍ ലോഹക്കഷണങ്ങള്‍ വരെയുണ്ട്. ഇതിന് പുറമേ, ഒരു മില്ലിമീറ്ററിനും ഒരു സെന്റിമീറ്ററിനും ഇടയിലുള്ള, ട്രാക്ക് ചെയ്യാന്‍ കഴിയാത്തത്ര ചെറുതായ, ഏകദേശം 130 ദശലക്ഷം അവശിഷ്ടങ്ങളുണ്ടാകുമത്രേ. ഈ വസ്തുക്കള്‍ മണിക്കൂറില്‍ 25,000 കിലോമീറ്ററിലധികം വേഗത്തില്‍ സഞ്ചരിക്കുമ്പോള്‍, ഏറ്റവും ചെറിയ അവശിഷ്ടങ്ങള്‍പോലും പ്രവര്‍ത്തനക്ഷമമായ ഏതെങ്കിലും ഉപഗ്രഹവുമായി കൂട്ടിയിടിച്ചാല്‍ കാര്യമായ നാശനഷ്ടമുണ്ടാകും. ഭ്രമണപഥത്തില്‍ പ്രവര്‍ത്തനക്ഷമമായ 7,000-ത്തിലേറെ ഉപഗ്രഹങ്ങളുണ്ടെന്നുകൂടി തിരിച്ചറിയുമ്പോഴാണ് ഇത്തരം അപകടങ്ങളുടെ തീവ്രത നമുക്ക് മനസ്സിലാകുന്നത്.

5. അസഹനീയമായ ചൂട്- മനുഷ്യപ്രേരിതമായ കാലാവസ്ഥാവ്യതിയാനം ആഗോളതാപനിലയില്‍ കാര്യമായ വര്‍ധനയുണ്ടാക്കുന്നു. ഇത് കൂടുതല്‍ തീവ്രവും ആവര്‍ത്തിക്കുന്നതുമായ ഉഷ്ണതരംഗങ്ങളിലേക്ക് നയിക്കുന്നു. കഴിഞ്ഞ രണ്ടുദശാബ്ദങ്ങളില്‍ പ്രതിവര്‍ഷം ശരാശരി 5,00,000-ത്തിലധികം മരണങ്ങള്‍ക്ക് കഠിനമായ ചൂട് കാരണമായിരിക്കുന്നു. ഉയര്‍ന്ന ഈര്‍പ്പം 'വിയര്‍പ്പിന്റെ ബാഷ്പീകരണ'ത്തെ (ഇത് ശരീരത്തിന്റെ സ്വയംതണുപ്പിക്കാനുള്ള സംവിധാനമാണ്) തടസ്സപ്പെടുത്തുന്നതിലൂടെ മനുഷ്യശരീരത്തില്‍ ചൂടിന്റെ ആഘാതം വര്‍ധിപ്പിക്കുന്നു. ഇത് ക്രമേണ അവയവങ്ങളുടെ തകരാര്‍, മസ്തിഷ്‌കക്ഷതം എന്നിവയിലേക്ക് നയിക്കുന്നു. ആഗോളജനസംഖ്യയുടെ 30 ശതമാനം പ്രതിവര്‍ഷം 20 ദിവസമെങ്കിലും മാരകമായ കാലാവസ്ഥാസാഹചര്യങ്ങള്‍ക്ക് വിധേയരാകുന്നു.

6. ഇന്‍ഷുറന്‍സ് ഇല്ലാത്ത ഭാവി- ലോകത്താകമാനം കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൂടുതല്‍ തീവ്രവും ആവര്‍ത്തന സ്വഭാവവും കാണിക്കുമ്പോള്‍ അവ വരുത്തുന്ന നാശനഷ്ടങ്ങളുടെ മൂല്യവും വര്‍ദ്ധിക്കുന്നു. 1970-കള്‍ മുതല്‍ കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങളുടെ ഫലമായുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഏഴിരട്ടിയായി വര്‍ദ്ധിച്ചു, 2022-ല്‍ മാത്രം 313 ബില്യണ്‍ ഡോളര്‍ ആഗോള സാമ്പത്തിക നഷ്ടം സംഭവിച്ചു. വര്‍ദ്ധിച്ചുവരുന്ന നാശനഷ്ടങ്ങളുടെ പശ്ചാത്തലത്തില്‍, അപകടസാധ്യതയുള്ള പ്രദേശങ്ങളിലെ ചില ഇന്‍ഷുറന്‍സ് കമ്പനികള്‍, തങ്ങള്‍ക്ക് കവര്‍ ചെയ്യാനോ, പോളിസികള്‍ റദ്ദാക്കാനോ അല്ലെങ്കില്‍ വിപണിയില്‍ നിന്ന് പൂര്‍ണ്ണമായും പിന്മാറാനോ കഴിയുന്ന നാശനഷ്ടങ്ങളുടെ തുകയോ തരമോ പരിമിതപ്പെടുത്താന്‍ തീരുമാനിക്കുന്നുണ്ട്. ഉദാഹരണത്തിന്, വര്‍ദ്ധിച്ചുവരുന്ന വെള്ളപ്പൊക്ക സാധ്യത കാരണം ഓസ്‌ട്രേലിയയില്‍ മാത്രം 2030-ഓടെ 5,20,940 വീടുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കാതെപോകുമെന്ന് കരുതുന്നു.

സില്‍ക്യാര പറയാതെ പറയുന്നത്
ഉത്തരാഖണ്ഡിലെ ബദരീനാഥ്, കേദാര്‍നാഥ്, ഗംഗോത്രി, യമുനോത്രി എന്നീ തീര്‍ഥാടനകേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന 'ചാര്‍ധാം' റോഡ് പദ്ധതിയുടെ ഭാഗം. യാത്രാക്ലേശം പരിഹരിക്കാനും 25 കിലോമീറ്ററോളം ദൂരം കുറയ്ക്കാനും ലക്ഷ്യമിട്ട് സില്‍ക്യാരയെ ബര്‍കോട്ടുമായി ബന്ധിപ്പിക്കുന്ന നാലര കിലോമീറ്റര്‍ തുരങ്കം 2018-ല്‍ നിര്‍മാണം ആരംഭിച്ചു. ഇരുവശങ്ങളില്‍നിന്നുമായി തുരങ്ക നിര്‍മാണം പുരോഗമിക്കുകയായിരുന്നു. അവ തമ്മില്‍ ചേരാന്‍ 500 മീറ്റര്‍ കൂടി ബാക്കിനില്‍ക്കെയാണ് അപകടമുണ്ടായത്. 2023 നവംബര്‍ 12-ന് പുലര്‍ച്ചെ തുരങ്കത്തിന്റെ പ്രവേശന കവാടത്തില്‍ നിന്നും 200-300 മീറ്റര്‍ ഉള്ളിലായി പാറ ഇടിഞ്ഞു വീണു 41 തൊഴിലാളികള്‍ അവിടെ കുടുങ്ങി. ഇന്ത്യയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ശ്രമകരമായ രക്ഷാദൗത്യത്തിനൊടുവില്‍, 17 ദിവസത്തിന് ശേഷം, നവംബര്‍ 28-ന് തൊഴിലാളികള്‍ സുരക്ഷിതരായി പുറത്തെത്തി. തുരങ്കം നിര്‍മ്മിക്കുന്ന സ്ഥലത്തിന് മുകളിലുള്ള ദുര്‍ബലമായ പാറക്കെട്ട് ഇടിഞ്ഞതാകാം ദുരന്ത കാരണമെന്നാണ് വിദഗ്ധരുടെ പ്രാഥമിക നിഗമനം. രൂപകല്‍പ്പനാഘട്ടത്തില്‍ തന്നെ പാറയുടെ ദൗര്‍ബല്യം തിരിച്ചറിയാതെ പോയതോ അറിഞ്ഞിട്ടും ഗൗനിക്കാതെ പോയതോ പാറക്കെട്ട് തന്നെ ശ്രദ്ധയില്‍പ്പെടാതെ പോയതോ ആകാം. ഭൂമിക്കടിയിലെ പാറയിടുക്കുകളില്‍ തങ്ങിനിന്ന വെള്ളം കിനിഞ്ഞിറങ്ങി താഴെയുള്ള ഭൂമി ദുര്‍ബലമായി ടണലിലേക്ക് ഇടിഞ്ഞു വീണതുമാകാം. ഉത്തരാഖണ്ഡ് സര്‍ക്കാര്‍ നിയോഗിച്ച ആറംഗ സമിതി അപകട കാരണം പഠിക്കുന്നുണ്ട്. മറ്റ് പര്‍വ്വത പ്രദേശങ്ങളെ അപേക്ഷിച്ച് തികച്ചും ലോലമാണ് ഹിമാലയം. 4-5 കോടി വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഹിമാലയ പര്‍വ്വത നിരകള്‍ രൂപപ്പെട്ടത്. ടണലിങ്ങിന് ഒട്ടും അനുയോജ്യമല്ലാത്ത ദുര്‍ബലമായ പാറക്കൂട്ടങ്ങളും ഉറപ്പില്ലാത്ത മണ്ണും നിറഞ്ഞ പ്രദേശങ്ങള്‍ ഇവിടെ ധാരാളമുണ്ട്. ഇവ കൃത്യമായി പരിശോധിക്കാതെയുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു. 2010-നുശേഷം ഉത്തരാഖണ്ഡിലും ഹിമാചല്‍ പ്രദേശിലും പ്രകൃതി ദുരന്തങ്ങളുടെ എണ്ണവും വ്യാപ്തിയും വന്‍തോതില്‍ വര്‍ദ്ധിച്ചു. രുദ്രപ്രയാഗില്‍ ഭൂമി വിണ്ടുകീറിയത്, കെട്ടിടങ്ങളില്‍ വിള്ളലുണ്ടായത്, ജോഷിമഠ് തകര്‍ച്ചയുടെ വക്കിലെത്തിയത്, അങ്ങനെ നീളുന്നു പട്ടിക. മനുഷ്യന്റെ പ്രവൃത്തികള്‍ അവര്‍ക്കുതന്നെ തിരിച്ചടിയാകുന്നതിന്റെ ആഖ്യാനങ്ങളാണ് ഇതെല്ലാം. 

ഇന്ത്യന്‍ പ്രതിസന്ധികള്‍ 

ഗംഗാ നദീതടത്തിലെ ചില പ്രദേശങ്ങള്‍ ഇതിനകം ഭൂഗര്‍ഭജല ശോഷണത്തിന്റെ മുനമ്പില്‍ എത്തിയിട്ടുണ്ടെന്നും, വടക്കുപടിഞ്ഞാറന്‍ മേഖല മുഴുവനും 2025 ഓടെ ഗുരുതരമായ താഴ്ന്ന ഭൂഗര്‍ഭജല ലഭ്യത നേരിടേണ്ടിവരുമെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. ഭൂഗര്‍ഭജലത്തിന്റെ ലോകത്തിലെ ഏറ്റവും വലിയ ഉപഭോക്താവ് ഇന്ത്യയാണ്, അമേരിക്കയുടെയും ചൈനയുടെയും സംയുക്ത ഉപയോഗത്തെക്കാള്‍ കൂടുതലാണിത്. ഇന്ത്യയുടെ വടക്കുപടിഞ്ഞാറന്‍ പ്രദേശം, രാജ്യത്തെ 1.4 ബില്യണ്‍ ജനങ്ങളുടെ ഭക്ഷ്യ കലവറയായി വര്‍ത്തിക്കുന്നു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങള്‍ രാജ്യത്തിന്റെ അരി വിതരണത്തിന്റെ 50 ശതമാനവും ഗോതമ്പ് ശേഖരത്തിന്റെ 85 ശതമാനവും ഉത്പാദിപ്പിക്കുന്നു. എന്നാല്‍ പഞ്ചാബിലെ 78% കിണറുകളും അമിതമായി ചൂഷണം ചെയ്യപ്പെട്ടതായും വടക്ക്-പടിഞ്ഞാറന്‍ പ്രദേശം 2025 ഓടെ കുറഞ്ഞ ഭൂഗര്‍ഭജല ലഭ്യത അനുഭവിക്കുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

റിസ്‌ക് മാനേജ്മെന്റ്: വെല്ലുവിളികള്‍

പ്രകൃതിദത്തവും മനുഷ്യനിര്‍മിതവുമായ ദുരന്തങ്ങള്‍ സൃഷ്ടിക്കുന്ന അനിശ്ചിതത്വം പരിചിതവും അപരിചിതവുമായ അപകട സാധ്യതകളില്‍ നിന്നാണുണ്ടാകുന്നത്. നിലവിലുള്ള ദുരന്ത നിവാരണ തന്ത്രങ്ങള്‍ പലപ്പോഴും അറിയപ്പെടുന്ന ദുരന്തസാധ്യതകള്‍ക്കുള്ള പ്രതിരോധശേഷി കെട്ടിപ്പടുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. എന്നാല്‍ ദുരന്തങ്ങളുടെ സവിശേഷത പരസ്പരാശ്രിതവും വ്യവസ്ഥാപിതവുമായ അപകടസാധ്യതകളാണ്. അത് കാസ്‌കേഡിങ് ഇഫക്റ്റുകള്‍ക്ക് കാരണമാകുന്നതായിരിക്കാം, ഒപ്പം പ്രവചനാതീതവും. ഈ പരസ്പരബന്ധിതമായ അപകടസാധ്യതകള്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ പരിണമിക്കുകയും പരസ്പരം തീവ്രത കൂട്ടുകയും ചെയ്തേക്കാം. ഒന്നിലധികം കാരണങ്ങളുടേയും ഫലങ്ങളുടേയും ഒരു ശൃംഖലയില്‍ അപകടസാധ്യതകള്‍ മുന്‍കൂട്ടി കാണാനാകില്ല. ദുരന്ത പ്രതികരണ സമയത്ത് മാത്രമേ ഇത് നിരീക്ഷിക്കാനാകൂ. ഇത് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു. അതുകൊണ്ടുതന്നെ നമുക്ക് പ്രവചിക്കാനോ മുന്‍കൂട്ടി ആശയവിനിമയം നടത്താനോ കഴിയാത്ത കാര്യങ്ങള്‍ക്കായി അടിയന്തിരമായി തയ്യാറാകേണ്ടിവരും. ദുരന്ത പ്രതിരോധം, തയ്യാറെടുപ്പ്, റിസ്‌ക് മാനേജ്മെന്റ് എന്നിവ തമ്മില്‍ വലിയ ബന്ധമുണ്ട്. റിസ്‌ക് മാനേജ്മെന്റിനുള്ള പഴയ സമീപനങ്ങള്‍ക്കപ്പുറം നവീനമായ ദുരന്ത നിവാരണ തന്ത്രങ്ങളുടെ ആവശ്യകത പുതിയ കാലം ഉയര്‍ത്തുന്ന വെല്ലുവിളിയാണ്. പരസ്പരബന്ധിതമായ അപകടസാധ്യതാ ഘടകങ്ങളെ ഉചിതമായി കൈകാര്യം ചെയ്യുന്നതിന് പരസ്പരബന്ധിതമായ സമീപനത്തിന്റെ ആവശ്യകത തിരിച്ചറിഞ്ഞുകൊണ്ട് നിലവിലുള്ള മാതൃകകളെ ഉടച്ചുവാര്‍ക്കേണ്ടതുണ്ട്. ദുരന്ത നിവാരണത്തില്‍ വളരെ വ്യത്യസ്തമായ നിരവധി സംവിധാനങ്ങള്‍ ഉള്‍പ്പെടുന്നു: ഭരണകൂടം, രാഷ്ട്രീയം, ചരിത്രം, സാമൂഹികം, സാമ്പത്തികം, പാരിസ്ഥിതികം മുതലായ ഘടകങ്ങള്‍. ഇക്കാരണത്താല്‍ സകല മേഖലകളെയും സംയോജിപ്പിച്ചുകൊണ്ടുള്ള ഒരു സമഗ്ര സമീപനം റിസ്‌ക് മാനേജ്മെന്റിന്റെ കാര്യത്തില്‍ രൂപകല്‍പന ചെയ്യേണ്ടതുണ്ട്. 

ഭാവി എന്ന പ്രതീക്ഷ

മഞ്ഞുമലയുടെ അഗ്രം മാത്രം കണ്ടതുകൊണ്ട് ഇത്തരം ദുരന്തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന അപകടസാധ്യതകള്‍ ഫലപ്രദമായി തടയുന്നതിനും കൈകാര്യം ചെയ്യുന്നതിനും കഴിയില്ല. അടിത്തട്ടുവരെ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഇതില്‍ ആശ്വാസകരമായ വസ്തുത എന്തെന്നാല്‍ പ്രശ്‌നങ്ങള്‍ ബന്ധപ്പെട്ടിരിക്കുന്നപോലെ അവയ്ക്കുള്ള പരിഹാരങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നതാണ്. ചില പരിഹാരങ്ങള്‍ വളരെ വലുതാണ്, ചിലപ്പോള്‍ സാമൂഹിക കരാറുകളും രാഷ്ട്രീയ ഇച്ഛാശക്തിയും അന്താരാഷ്ട്ര സഹകരണവും ആവശ്യമായി വരുന്നവ. മറ്റുള്ളവ ചെറുതും നമ്മള്‍ ഓരോരുത്തരുടെയും ചെറിയ ഇടപെടലുകളിലൂടെ മാറ്റമുണ്ടാക്കാന്‍ കഴിയുന്നതുമാകാം. നമ്മുടെ ചില പ്രവൃത്തികള്‍ നേരിട്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവയാകാം. എന്നാല്‍ നമ്മുടെ പെരുമാറ്റങ്ങളും പ്രവര്‍ത്തനരീതികളും ക്രമീകരിക്കുന്നതിലൂടെ നമുക്കും പരിഹാരങ്ങളുടെ ഭാഗമാകാനാവും. 

പരസ്പരം ബന്ധപ്പെടുത്തി വികസിപ്പിക്കുമ്പോള്‍ പരിഹാരങ്ങള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് കാണുവാന്‍ സാധിക്കും. മണലിന് പകരം പുനചംക്രമണം നടത്തിയ കെട്ടിട നിര്‍മ്മാണ സാമഗ്രികള്‍ ഉപയോഗിക്കുന്നത് വഴി മണലിന് വേണ്ടിയുള്ള ഡിമാന്‍ഡ് സമ്മര്‍ദ്ദം കുറയുകയും അനുബന്ധ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഒപ്പം മണല്‍ ഖനനവുമായി ബന്ധപ്പെട്ട വരുമാനത്തിന്‍മേലുള്ള ആളുകളുടെ ആശ്രിതത്വം കുറയും.

ഇതിനര്‍ത്ഥം ഒരു പരിഹാര മാര്‍ഗ്ഗത്തിന് ഒന്നിലധികം പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കും എന്നാണ്. നമ്മുടെ ആവാസവ്യവസ്ഥയെ പുനഃസ്ഥാപിക്കുകയും സംരക്ഷിക്കുകയും ചെയ്തുകൊണ്ട് പ്രകൃതിയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക എന്ന ആശയം കാലാവസ്ഥാ വ്യതിയാനത്തിന്റെ ദൂഷ്യഫലങ്ങള്‍ ഒരുപരിധിവരെ ചെറുക്കാന്‍ സഹായിക്കും. പക്ഷേ, എല്ലാ പരിഹാരങ്ങളും എല്ലാവര്‍ക്കും സൗകര്യപ്രദമായിരിക്കണമെന്നില്ല. വിഭവങ്ങളുടെ പുനര്‍വിതരണമെന്നാല്‍ ചില മനുഷ്യര്‍ അവര്‍ക്ക് അധികമായുള്ളത് ഇപ്പോള്‍ ചെയ്യുന്നതിനെക്കാള്‍ കൂടുതലായി മറ്റുള്ളവര്‍ക്ക് പങ്കിടേണ്ടിവരും എന്നു കൂടിയാണ് അര്‍ത്ഥമാക്കുന്നത്. ഒട്ടേറെ പരിഹാരമാര്‍ഗ്ഗങ്ങള്‍ ഇനി രൂപകല്‍പ്പന ചെയ്യേണ്ടതുണ്ട്. അതിന് പുതിയ ചിന്താരീതികള്‍ തന്നെ ആവശ്യമായിവരും. ഗവേഷണഫലങ്ങള്‍ നല്കുന്ന സൂചന വളരെ വ്യക്തമാണ്: പരിഹാരങ്ങളില്‍ നിക്ഷേപിക്കാത്തിടത്തോളം, ഇന്നത്തെ ദുരന്തങ്ങള്‍ ഒരു 'ന്യൂ നോര്‍മലി'ന്റെ തുടക്കം മാത്രമാണ്. മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള ഉത്തരവാദിത്വം നമ്മള്‍ എല്ലാവരിലും നിക്ഷിപ്തമാണ്. ആഗോളവല്‍കൃത ലോകത്ത് മനുഷ്യരെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു; ലോകമെമ്പാടുമുള്ള ദുരന്തങ്ങളിലൂടെ, അവയ്ക്കുള്ള മൂലകാരണങ്ങളിലൂടെ, അവ മുന്നോട്ടുവയ്ക്കുന്ന അപകടസാധ്യതകളിലൂടെ, ഒപ്പം അവയ്ക്കുള്ള പരിഹാര മാര്‍ഗ്ഗങ്ങളിലൂടെയും.   

അവലംബം 

  • Interconnected Disaster Risks Report 2023-United Nations University - Institute for Environment and Human Security
  • Cavallo, A., & Ireland, V. (2014). Preparing for complex interdependent risks: A System of Systems approach to building disaster resilience. International Journal of Disaster Risk Reduction, 9, 181-193. 
  • Climate action and disaster risk reduction (2020, July 31)
  • Disaster risk. (2009, January 23). UNDRR. https://www.undrr.org/terminology/disaster-risk(മാതൃഭൂമി ജി.കെ. ആൻ്റ് കറൻ്റ് അഫയേഴ്സ് ജനുവരി 2024 ലക്കം പ്രസിദ്ധീകരിച്ചത്)

(മാതൃഭൂമി ജി.കെ. ആൻ്റ് കറൻ്റ് അഫയേഴ്സ് ജനുവരി 2024 ലക്കം പ്രസിദ്ധീകരിച്ചത്)