അച്യുതൻ മാഷെന്ന കർമയോ​ഗിയായ ​ഗുരുനാഥൻ


ടി.പി. കുഞ്ഞിക്കണ്ണൻ1962-ൽ അധ്യാപകനായി കോഴിക്കോട്ടെത്തിയ അതേ ഏപ്രിലിൽത്തന്നെയാണ് അവിടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടന രൂപംകൊള്ളുന്നത്.

ഡോ.എ അച്യുതൻ

ക്ലാസിലിരുത്തി പഠിപ്പിക്കാതെത്തന്നെ ചിലരൊക്കെ നമ്മുടെ ജീവിതത്തിൽ വഴികാട്ടിയും ഗുരുനാഥരുമൊക്കെയായി മാറാറുണ്ട്. എന്റെ തലമുറയിൽ പരിഷത്ത് പ്രവർത്തകർക്ക് അത്തരത്തിലുള്ള ഗുരുനാഥരിൽ പ്രധാനപ്പെട്ട ആളായിരുന്നു എ. അച്യുതൻമാഷ്. പഠനം, അധ്യാപനം, അനീതിക്കെതിരായ പോരാട്ടം, ശാസ്ത്രബോധത്തിന്റെയും യുക്തിചിന്തയുടെയും പ്രചാരണം, പരിസ്ഥിതിസംരക്ഷണം, നാടിനുചേർന്ന സാർവജനികവിദ്യാവികസനം, വനസംരക്ഷണം, വിവിധ മാഫിയക്കെതിരായ ചെറുത്തുനിൽപ്പുകൾ എന്നിങ്ങനെ പ്രകൃതിയും മനുഷ്യനും വേദനനേരിടുന്ന രംഗങ്ങളിലൊക്കെ നിലയുറപ്പിച്ച സത്യത്തിന്റെ പ്രതീകമായിരുന്നു അദ്ദേഹം.

1962-ൽ അധ്യാപകനായി കോഴിക്കോട്ടെത്തിയ അതേ ഏപ്രിലിൽത്തന്നെയാണ് അവിടെ കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന സംഘടന രൂപംകൊള്ളുന്നത്. ആദ്യ യോഗങ്ങളിലൊന്നും മാഷ് പങ്കെടുത്തിരുന്നില്ല. എന്നാൽ, 1960-കളിലെ കലാ-സാഹിത്യ- സാംസ്കാരിക സമ്പന്നമായ കോഴിക്കോടിന്റെ ഭാഗമായി അദ്ദേഹം മാറി. ഒരു കവിയരങ്ങിൽവെച്ച് മറ്റൊരു ഇരിങ്ങാലക്കുടക്കാരനായ എൻ.വി. കൃഷ്ണവാരിയരെ പരിചയപ്പെട്ടു. 1965-ൽ പരിഷത്തിൽ അംഗമായി. ­എം.എൻ. സുബ്രഹ്മണ്യൻ ആയിരുന്നു അംഗത്വം നൽകിയത്. 1966-ൽ മാഷ് പരിഷത്തിന്റെ ജനറൽ സെക്രട്ടറിയായി. 1969-ൽ സംസ്ഥാന പ്രസിഡന്റും. ഇക്കാലത്തുതന്നെ ‘ശാസ്ത്രഗതി’ പത്രാധിപരായി. മാഷിന്റെ കാലത്താണ് പരിഷത്ത് ഒരു സൊസൈറ്റിയായി രജിസ്റ്റർചെയ്യുന്നത്. രജിസ്റ്റർചെയ്തത് അച്യുതൻമാഷിന്റെ വീടിന്റെ വിലാസത്തിലാണ് (അഞ്ജലി, പി.ഒ. ആർ.ഇ.സി. എന്നിങ്ങനെ). അതായത്, മാഷിന്റെ വീട് പരിഷത്ത് ഓഫീസായും പരിഷത്ത് ഓഫീസ് മാഷിന്റെ വീടായും മാറുകയായിരുന്നു. അഥവാ പരിഷത്തിന് ഒരു വിലാസമുണ്ടാക്കിയത് മാഷാണ്.

പഠിച്ചകാര്യങ്ങളെ ജീവിതത്തിൽ പ്രയോഗിക്കുകയായിരുന്നു മാഷിന്റെ പ്രധാനദൗത്യം. ചാത്തമംഗലം ഗ്രാമപ്പഞ്ചായത്തിൽ തുടങ്ങിയ ഈ സമീപനം അവസാനംവരെ തുടർന്നു. മാലിന്യസംസ്കരണത്തിനുള്ള പുതിയ മാർഗത്തിൽ, കൊതുകു നിവാരണം, പുകകുറഞ്ഞ അടുപ്പിന്റെ (ഇന്നത്തെ പരിഷത്ത് അടുപ്പ്) രൂപകല്പന, വൈദ്യുതി ലാഭിക്കാനുള്ള മാർഗങ്ങൾ, കുടിവെള്ളസംരക്ഷണ നടപടികൾ, ചെലവുകുറഞ്ഞതും പ്രാദേശിക വിഭവങ്ങളെ ഉപയോഗിച്ചുള്ളതുമായ കെട്ടിടനിർമാണം എന്നീ രംഗങ്ങളിലായിരുന്നു അദ്ദേഹം ഊന്നിപ്രവർത്തിച്ചത്. ഇവയൊക്കെ പ്രചരിപ്പിക്കാനായി ധാരാളം ഗ്രന്ഥങ്ങളും ലഘുലേഖകളും അദ്ദേഹം തയ്യാറാക്കി. ‘നിങ്ങൾക്കൊരു വീട്’ എന്നതാണ് ഇക്കൂട്ടത്തിൽ പ്രധാനം. ആർ.ഇ.സി.യിൽ സഹപ്രവർത്തകനായിരുന്ന വിൻസെന്റ് പോളുമായി ചേർന്നാണ് ഈ പുസ്തകം തയ്യാറാക്കിയത്. ‘പരിസ്ഥിതി പഠനത്തിനൊരു ആമുഖം’ എന്നത് സമഗ്രമായൊരു പരിസ്ഥിതിസമീപന രേഖയാണ്. അതിന്‌ സാഹിത്യ അക്കാദമി അവാർഡ്‌ ലഭിച്ചു. അവസാനം തയ്യാറാക്കിയ ‘ഉയിർ നീർ' വെള്ളത്തെക്കുറിച്ചുള്ള സമഗ്രഗ്രന്ഥമാണ്. ഈയിടെയായി അദ്ദേഹത്തെ അലട്ടിയ പ്രധാനപ്രശ്നം കാലാവസ്ഥാമാറ്റവും അതിന്റെ ആഘാതങ്ങളുമായിരുന്നു.

പരിഷത്തിനകത്തും പുറത്തും നിന്നുകൊണ്ട് മാഷ് നേതൃത്വംനൽകിയ സമരത്തിൽ പ്രധാനമായി പരിസ്ഥിതിസംരക്ഷണത്തിനായുള്ളവ തന്നെയായിരുന്നു. സൈലന്റ് വാലി സംരക്ഷണസമരം തന്നെയായിരുന്നു തുടക്കം. ഒരു എൻജിനിയർ ആയ മാഷ് ആദ്യമൊക്കെ വൈദ്യുതിയുടെ ഭാഗത്തായിരുന്നു. എന്നാൽ, എം.കെ. പ്രസാദിന്റെ സാന്നിധ്യമാണ് ഇതിൽ മാറ്റംവരുത്തിയത്. പിന്നീട് സൈലന്റ് വാലിയുടെ വിശദാംശങ്ങൾ പഠിക്കാനും മനസ്സിലാക്കാനും തയ്യാറായതോടെ ആ വനങ്ങൾ സംരക്ഷിക്കാനായി നിരന്തരം അദ്ദേഹം പോരാടി. ഈ വീറോടെയാണ് ചാലിയാർ ജലമലിനീകരണ പ്രശ്നത്തിനെതിരേയുള്ള പോരാട്ടവും നടത്തുന്നത്. മാവൂർ ഗ്വാളിയോർ റയോൺസിന് മലിനീകരണം ഒഴിവാക്കി കമ്പനി നടത്താമായിരുന്നു. എന്നാൽ, ലാഭം കുറയും. അത് മുതലാളിക്ക് ഇഷ്ടമില്ല. അവിടെയാണ് മുതലാളിത്തവും ജനജീവിതവും തമ്മിലുള്ള തുലനത്തെ അഭിസംബോധനചെയ്യുന്നത്. ഈ ചിന്ത പരിസ്ഥിതിസംരക്ഷണ പ്രവർത്തനങ്ങൾക്ക് പുതിയൊരു മാനവും, രാഷ്ട്രീയഭാവവും നൽകി. ദരിദ്രർക്ക് പരിസ്ഥിതി ഒരു ഉപജീവനമാർഗമാണ്. അതിനാൽ പരിസ്ഥിതിസംരക്ഷണമെന്നാൽ ദരിദ്രപക്ഷ സംരക്ഷണംകൂടിയാണെന്നതാണ് ആ തിരിച്ചറിവ്. ആ നിലപാട് രൂപപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും മാഷിന്‌ വലിയൊരു പങ്കുണ്ട്. തുടർന്ന് കേരളത്തിൽ അരങ്ങേറിയ ഖനന-മണൽ മാഫിയയെയും ഇതേ നിലപാടിൽ നിന്നുകൊണ്ടുതന്നെയാണ് മാഷ് എതിർത്തത്.

ജീരകപ്പാറ വനസംരക്ഷണ സമരത്തിൽ നേതൃപരമായ പങ്കുവഹിച്ചു. ചെങ്ങോട്ടുമല സംരക്ഷണത്തിൽ പരിഷത്ത് നിയോഗിച്ച വിദഗ്ധസമിതിയിൽ മാഷ് അംഗമായിരുന്നു. മുക്കംഭാഗത്തെ ഉരുൾപൊട്ടൽ പഠിക്കാനുള്ള കമ്മിറ്റിയിൽ നേതൃസ്ഥാനത്ത് പ്രവർത്തിച്ചു. പ്ലാച്ചിമട കുടിവെള്ളപ്രശ്നത്തിലും കാസർകോട്ടെ എൻഡോസൾഫാൻ പ്രശ്നത്തിലും പഠനപ്രവർത്തനങ്ങൾക്ക് നേതൃത്വംനൽകി. ശാസ്ത്രത്തിന്റെ പിൻബലത്തിൽ നിലപാടുകളെടുത്തു. കോഴിക്കോട് ജില്ലയിലെ കിനാലൂരിൽ ജനഹിതം മാനിക്കാതെയുണ്ടാക്കിയ ഇടപാടിനെപ്പറ്റി പഠിക്കാൻ നിയോഗിച്ച സംഘത്തിന്റെ ചുമതല മാഷിനായിരുന്നു.

ലളിതമായിരുന്നു ആ സമ്പന്നജീവിതം. തന്റേതടക്കമുള്ള എൻജിനിയറിങ് വൈദഗ്‌ധ്യത്തിൽ വാർന്നുവീണ പലതും പുനഃപരിശോധിക്കേണ്ട പരിഹാരങ്ങളാണെന്ന് തിരിച്ചറിഞ്ഞ അളായിരുന്നു അച്യുതൻമാഷ്. അതുകൊണ്ടാണ് പ്രശ്നപരിഹാരം സാങ്കേതികമല്ല, മനുഷ്യത്വപരമാണെന്ന് അദ്ദേഹത്തിന് പറയാൻകഴിഞ്ഞത്. അങ്ങനെയാണ് സിവിൽ എൻജിനിയറായ ഡോ. എ. അച്യുതൻ പരിസ്ഥിതിപ്രവർത്തകനും മനുഷ്യസ്നേഹിയും ജനകീയ ശാസ്ത്രപ്രചാരകർക്ക് ഗുരുനാഥനുമായ അച്യുതൻമാഷായത്. അച്യുതൻമാഷിന്റെ ആദ്യത്തെയും അവസാനത്തെയും പ്രവർത്തനമേഖല ശാസ്ത്രസാഹിത്യപരിഷത്ത് തന്നെയാണ്. പരിഷത്തിനെ ഒരു ജനകീയ ശാസ്ത്രപ്രസ്ഥാനമാക്കി മാറ്റുന്നതിൽ അച്യുതൻമാഷിന്റെ പങ്ക് വളരെ പ്രധാനപ്പെട്ടതാണെന്ന് ഞങ്ങളോർക്കുകയാണ്

Content Highlights: about environmentalist dr.a achuthan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented