ഒരിക്കല്‍, ബെല്‍ജിയത്തിലെ ഒരു ആശുപത്രി വളപ്പില്‍ കണ്ട മാഗ്പി പക്ഷിയുടെ വമ്പന്‍ കൂട് ആളുകളില്‍ കൗതുകമുണര്‍ത്തി. പക്ഷിക്കൂടിന് ചുറ്റും കുന്തമുന പോലുള്ള 'സ്‌പൈക്കേഴ്‌സ്' തറച്ച് വെച്ചിരിക്കുന്നു. ശില്‍പ്പങ്ങളിലും ഫ്‌ളാറ്റുകളുടെ ബാല്‍ക്കണികളിലും പക്ഷികള്‍ വരാതിരിക്കാന്‍ സ്ഥാപിക്കുന്ന അതേ ആന്റി-ബേഡ് സ്‌പൈക്‌സ്! ഈ പക്ഷിക്കൂട്ടില്‍നിന്ന് തുടങ്ങി 'നാച്വറാലിസ് ബയോ ഡൈവേഴ്‌സിറ്റി സെന്ററിലെ' ബയോളജിസ്റ്റ് ആയ ഓക്ക് ഫ്‌ളോറിയന്‍ ഹിമെസ്ട്രയുടെ ഗവേഷണം. ''മനുഷ്യര്‍ പക്ഷികള്‍ക്കെതിരെ വെച്ച ആന്റി-ബേഡ് സ്‌പൈക്‌സ് തട്ടിയെടുത്ത് മാഗ്പി പക്ഷി സ്വന്തം കൂട് സുരക്ഷിതമാക്കി. കൂടിന് ചുറ്റും ഉണ്ടായിരുന്നതോ ഏകദേശം 1500 സ്‌പൈക്‌സും

To advertise here,

ശത്രുക്കളില്‍നിന്ന് രക്ഷ എന്ന നിലയ്ക്ക് മുള്ളുകളുള്ള ചെടിത്തണ്ടുകള്‍ കൂടിന് ചുറ്റും വെയ്ക്കുന്ന പതിവ് പക്ഷികള്‍ക്ക് മുന്‍പും ഉണ്ട്. മനുഷ്യനിര്‍മ്മിതമായ ലോഹമുള്ളുകളാണ് ഇന്ന് അവ തെരഞ്ഞെടുക്കുന്നത് എന്ന് മാത്രം. പക്ഷികളുടെ മധുരപ്രതികാരമായാണ് ഇതിനെ ഓക്ക് ഫ്‌ളോറിയന്‍ ഹിമെസ്ട്ര കാണുന്നത്. പക്ഷികളെ ഒഴിവാക്കാനുള്ള മനുഷ്യന്റെ വിദ്യയെ, കൂടുതല്‍ പക്ഷികളെയുണ്ടാക്കാനുള്ള കൂട് നിര്‍മ്മിക്കാന്‍ അവ പുനരുപയോഗിച്ചു.

placeholder
Carrion crows (Corvus corone) on their nest, partly made of anti-bird spikes, in a poplar (Populus sp.) tree; Rotterdam, The Netherlands; 7 April 2009. [Garry Bakker]
ആന്റി-ബേഡ് സ്‌പൈക്‌സ് ഉപയോഗിച്ച് നിര്‍മ്മിച്ച കാക്കക്കൂട് | Photo: Garry Bakker 

കാലാവസ്ഥാമാറ്റങ്ങളുമായി പക്ഷികളടങ്ങുന്ന മറ്റു ജീവികള്‍ അതിവേഗം ഇണങ്ങിക്കൊണ്ടിരിക്കുകയാണ്. ഇത്രയും കാലം മരച്ചില്ലകള്‍, ഇലകള്‍, പൂപ്പലുകള്‍, പഞ്ഞി പോലുള്ള പ്രകൃതിദത്തമായ വസ്തുക്കള്‍ കൊണ്ടാണ് പക്ഷികള്‍ കൂടൊരുക്കിയിരുന്നത്. കാലം മാറി. കാലാവസ്ഥ മാറി. ജീവിക്കുന്ന സാഹചര്യങ്ങള്‍ മാറി. പക്ഷികള്‍ കൂടുണ്ടാക്കാന്‍ ലഭ്യമായ വസ്തുക്കളെല്ലാം ഉപയോഗിച്ചു തുടങ്ങി. മനുഷ്യര്‍ വലിച്ചെറിയുന്ന പാഴ്‌വസ്തുക്കളാണ് പരിസരങ്ങളില്‍ സുലഭം. സിഗരറ്റ് കുറ്റിയും പ്ലാസ്റ്റിക് കാരിബാഗും വലക്കഷ്ണങ്ങളും മാസ്‌കുകളും പക്ഷിക്കൂടുകള്‍ക്കുള്ള നിര്‍മ്മാണവസ്തുക്കളായി മാറി. ഏതാണ്ട് 200-നടുത്ത് പക്ഷിവിഭാഗങ്ങള്‍ കൂടുനിര്‍മ്മാണത്തിന് മനുഷ്യസൃഷ്ടിയായ 'പാഴ്‌വസ്തുക്കളെ' ആശ്രയിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

placeholder
a)റോട്ടര്‍ഡാം നാച്വറല്‍ ഹിസ്റ്ററി മ്യൂസിയം ശേഖരത്തില്‍ സൂക്ഷിച്ചിരിക്കുന്ന ആന്റി-ബേര്‍ഡ് സ്‌പൈക്ക് കാക്ക കൂട് b) കൂട്ടില്‍ നിന്ന് വേര്‍പെടുത്തിയ ആന്റി-ബേര്‍ഡ് സ്‌പൈക്കുകളുള്ള ഒരൊറ്റ സ്ട്രിപ്പ്. c)കൂട്ടില്‍ നിന്ന് കിട്ടിയ വലയുടെ കഷണം, സ്‌കെയില്‍ ബാറുകള്‍| Photo: Kees Moeliker

ഓടിട്ട മേല്‍ക്കൂരയും മണ്‍ചുമരുമുള്ള പഴയ വീടുകളെ വിട്ട് മനുഷ്യര്‍ കോണ്‍ക്രീറ്റ് നിര്‍മ്മിതികളിലേക്ക് താമസം മാറ്റി. പക്ഷിക്കൂടുകളുടെ നിര്‍മ്മിതിയില്‍ നിരീക്ഷിക്കപ്പെട്ടിരിക്കുന്ന മാറ്റങ്ങള്‍, മനുഷ്യവസതികള്‍ക്കുണ്ടായ മാറ്റത്തെയാണ് ഓര്‍മ്മിപ്പിക്കുന്നത്. 

ഓസ്‌ട്രേലിയയിലെ സാറ്റിന്‍ ബോവര്‍ ആണ്‍പക്ഷി കൂട് അലങ്കരിക്കുന്നതില്‍ കേമനാണ്. പെണ്‍പക്ഷിയെ ആകര്‍ഷിക്കാനാണ് അലങ്കാരം. മരക്കൊള്ളികള്‍ ഒരു പ്രത്യേക പാറ്റേണില്‍ കുത്തിനിര്‍ത്തി 'ബോവറുകള്‍' എന്ന വിളിക്കുന്ന കൂടുണ്ടാക്കും. ബോവറുകളുടെ ഉമ്മറത്ത് നീല നിറമുള്ള എല്ലാ തരം പൂക്കളും പഴങ്ങളും ചിപ്പികളും തൂവലുകളും ഇലകളും വിതറി ഭംഗിയാക്കും. കൂടുകള്‍ അലങ്കരിക്കാന്‍ സാറ്റിന്‍ ബോവര്‍ ഇന്ന് ശേഖരിക്കുന്നത് പ്ലാസ്റ്റിക്ക് ആണ്! നീല നിറമുള്ള സ്പൂണ്‍, നെറ്റ്, ക്ലിപ്പ്, ബട്ടണ്‍, മിഠായി കവറുകള്‍...

placeholder
പ്ലാസ്റ്റിക് കൊണ്ട് അലങ്കരിച്ച സാറ്റിന്‍ ബോവര്‍ കൂടുകള്‍ | Photo: https://alibrown2.wordpress.com/2015/11/22/bowerbirds/

പ്ലാസ്റ്റിക് കൂട്ടിലെ കുഞ്ഞുങ്ങള്‍

പ്ലാസ്റ്റിക് അടക്കമുള്ള വേസ്റ്റ് വസ്തുക്കളുടെ കൂട്ടില്‍ വളരുന്നത് പക്ഷിക്കുഞ്ഞുങ്ങളുടെ ആരോഗ്യത്തെ ബാധിക്കുമെന്നാണ് ഇക്കാര്യത്തില്‍ ശാസ്ത്രജ്ഞന്മാര്‍ക്കുള്ള പ്രധാന ആശങ്ക. ഗവേഷണത്തിന്റെ ഭാഗമായി 35,000 പക്ഷിക്കൂടുകള്‍ പരിശോധിക്കപ്പെട്ടു. അന്റാർട്ടിക്കയിലൊഴികെ മറ്റെല്ലാ രാജ്യങ്ങളിലും പക്ഷികൾ കൂടുണ്ടാക്കാൻ മനുഷ്യർ പുറത്തിടുന്ന പാഴ്‌വസ്തുക്കൾ ഉപയാഗിക്കുന്നുണ്ടെന്ന്  കണ്ടെത്തി. 1830-കളിലൊക്കെ പക്ഷികളില്‍ ഈ പ്രവണത നിരീക്ഷിക്കപ്പെട്ടിട്ടുണ്ടെങ്കിലും സമീപകാലത്ത് അത് പരക്കെ കണ്ടുതുടങ്ങി. മനുഷ്യരാല്‍ അത്രയധികം മാറ്റപ്പെട്ട പ്രകൃതിയിലാണ് മനുഷ്യനും പക്ഷികളുമടങ്ങുന്ന ജീവിജാലങ്ങള്‍ വസിക്കുന്നത്.

വേസ്റ്റ് ഉപയോഗിച്ചുണ്ടാക്കുന്ന കൂടുകള്‍ എങ്ങിനെയാണ് പക്ഷികള്‍ക്ക് ഹാനികരമാവുന്നത്? അവര്‍ 'സ്വന്തം കൂട്ടില്‍' അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കപ്പെട്ടിട്ടുണ്ട്. ചരടുകളില്‍ പക്ഷികള്‍ കുരുങ്ങിപ്പോവാറുണ്ട്. പക്ഷിക്കുഞ്ഞുങ്ങള്‍ക്ക് വിഷബാധ ഉണ്ടാവുന്നു. കൂട്ടിലെ നിറപ്പകിട്ടുള്ള വസ്തുക്കള്‍ മുട്ടമോഷ്ടാക്കളായ മറ്റു പക്ഷികളെ എളുപ്പം ആകര്‍ഷിക്കാറുണ്ട്. ഇരയെന്ന് കരുതി പ്ലാസ്റ്റിക് വിഴുങ്ങി കുഞ്ഞുങ്ങള്‍ ചത്തുപോവാറുണ്ട്. അതേസമയം, ചില നല്ല ഗുണങ്ങളും ഇത്തരം കൂടുകള്‍ക്കുണ്ട്. കമ്പിക്കഷ്ണങ്ങള്‍ കൂടിന് ശക്തി പകര്‍ന്നു. പ്‌ളാസ്റ്റിക്ക് കൂട്ടിനുള്ളില്‍ ചൂട് നിലനിര്‍ത്തി. സിഗരറ്റ് കുറ്റിയിലെ നിക്കോട്ടിന്‍ പേടിച്ച് ചോരകുടിയന്മാരായ പരാദങ്ങള്‍ പക്ഷിക്കുഞ്ഞുങ്ങളെ വെറുതെവിട്ടു.

മനുഷ്യനിര്‍മ്മിതമായ വസ്തുക്കളുടെ ഉപയോഗം പക്ഷികുലത്തിന് നല്ലതാണോ അല്ലയോ എന്ന് പറയാന്‍ ഏറെ കാലമെടുക്കുമെന്നാണ് ബെര്‍മിങ്ങ്ഹാം സര്‍വകലാശാലയിലെ ഓര്‍ണിത്തോളജി വിഭാഗം പ്രൊഫസറും ഗവേഷണപ്രബന്ധത്തിന്റെ സഹരചയിതാവുമായ ഡോ. ജിം റെയ്‌നോള്‍ഡ്‌സ് പറയുന്നത്. ഇദ്ദേഹത്തിന്റെ അഭിപ്രായത്തില്‍, 'പ്രകൃതിയിലെ മാറ്റങ്ങളെ പഠിക്കാന്‍ സഹായിക്കുന്ന മികച്ച ടൂളുകള്‍' ആണ് പക്ഷികള്‍.

പാര്‍ക്കിങ്ങ് സ്‌പേസിലെ പക്ഷിക്കൂട് 
യു.എസില്‍ ബര്‍ക്‌ലി ഇലക്ട്രിക് കോപ്പറേറ്റീവ് കമ്പനിയുടെ പാര്‍ക്കിങ്ങ് സ്‌പേസില്‍ ഒരു ചെറുപക്ഷി കൂടുകൂട്ടി മുട്ടയിട്ടു. പാര്‍ക്കിങ്ങ് ഏരിയയുടെ നിലത്ത്, ഏതാണ്ട് മധ്യഭാഗത്ത് തന്നെ. സാധാരണഗതിയില്‍, പുഴയോരത്തോ മറ്റോ മണല്‍ ചെറുതായൊന്ന് കുഴിച്ച് അതില്‍ മുട്ടയിടുന്ന കില്‍ഡീര്‍ എന്ന ദേശാടനപ്പക്ഷിയായിരുന്നു അത്. പക്ഷിക്കൂട് നീക്കം ചെയ്യാന്‍ അമേരിക്കയില്‍ നിലവിലുള്ള മൈഗ്രേറ്ററി ബേഡ് ട്രീറ്റി ആക്ട് അനുവദിക്കുന്നില്ല. കമ്പനി ജീവനക്കാര്‍ കൂട് സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങി. അവര്‍ കില്‍ഡീര്‍ അടയിരിക്കുന്ന കൂടിന് ചുറ്റും ട്രാഫിക് കോണുകള്‍ നിരത്തി. ഏതാനും ആഴ്ചകളെ ചെറിയ ബുദ്ധിമുട്ടുകളുള്ളു. കില്‍ഡീര്‍കുഞ്ഞുങ്ങള്‍ മുട്ടവിരിഞ്ഞ് പറന്നുപോയി. ബര്‍ക്‌ലി ഇലക്ട്രിക് കോപ്പറേറ്റീവ് കമ്പനി ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിരുന്ന ഈ വീഡിയോ വൈറല്‍ ആയിരുന്നു. 

placeholder
.
കില്‍ഡീര്‍ അടയിരിക്കുന്ന കൂടിന് ചുറ്റും ട്രാഫിക് കോണുകള്‍ നിരത്തിയിരിക്കുന്നു

ഒരു റെഡിമെയ്ഡ് ആകാശക്കൂട്
പരുന്ത് വര്‍ഗ്ഗത്തില്‍പ്പെട്ട വലിയ മീന്‍തീനി പക്ഷിയാണ് ഓസ്‌പ്രേ. ചിറക് നിവര്‍ത്തിയാല്‍, കുറുകെ നീളം, 180 സെന്റീമീറ്റര്‍. അടുത്തിടെ, കൂട് തകര്‍ന്നുപോയ ഓസ്‌പ്രേ ഇണപ്പക്ഷികള്‍ക്ക് പുത്തന്‍ അലൂമിനിയം കൂട് നിര്‍മ്മിച്ച് ഓസ്‌ട്രേലിയയിലെ 'സണ്‍ഷൈന്‍ കോസ്റ്റ് കൗണ്‍സില്‍' വാര്‍ത്താപ്രാധാന്യം നേടുകയുണ്ടായി. ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിലാണ് അര്‍ദ്ധനഗരമായ സണ്‍ഷൈന്‍ കോസ്റ്റ്. കടല്‍ത്തീരങ്ങളും നദികളും ഇഷ്ടം പോലെ ഉള്ളതിനാല്‍ ഓസ്‌പ്രേ പക്ഷികളുടെ പ്രിയസങ്കേതം. ഇവിടത്തെ ഉള്‍പ്രദേശമായ ബിര്‍ട്ടിന്യയിലെ ആങ്കറേജ് ഡ്രൈവില്‍ ഒരു പടുകൂറ്റന്‍ മരമുകളില്‍ വലിയൊരു ഓസ്‌പ്രേ കൂടുണ്ടായിരുന്നു. രണ്ട് വര്‍ഷം മുന്‍പ്, ബിര്‍ട്ടിന്യയില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ പെട്ട് പക്ഷിക്കൂട് തകര്‍ന്നു. നാട്ടുകാര്‍ക്ക് അത് വലിയ വേദനയായി. കാരണം, ആ കൂട്ടില്‍ വര്‍ഷാവര്‍ഷം ചേക്കവെയ്ക്കാനെത്തിയിരുന്ന ഓസ്‌പ്രേ ഇണകള്‍ അവരുടെ പതിവുകാഴ്ചകളിലൊന്നായിരുന്നു...

placeholder
ഓസ്‌പ്രേ | Photo: Getty Images

പക്ഷികള്‍ സമയമാവുമ്പോള്‍ വരുമെന്നും സ്വാഭാവികമായി കൂടൊരുക്കുമെന്നും വിദഗ്ധര്‍ പറഞ്ഞു. 2022-ലെ സീസണ്‍ വന്നു. കൂട് പുതുക്കാന്‍ പക്ഷികള്‍ എത്തിയില്ല. ഈ വര്‍ഷം പ്രജനനകാലത്തിന് മുന്നേ പുതിയ കൂട് നിര്‍മ്മിക്കാന്‍ നാട്ടുകാര്‍ തീരുമാനിച്ചു. സണ്‍ഷൈന്‍ കോസ്റ്റ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ പക്ഷിനിരീക്ഷകരും വന്യജീവി വിദഗ്ദ്ധരും ചേര്‍ന്ന് കൂട് നിര്‍മ്മാണം തുടങ്ങി. പഴയ കൂട് നിന്നിരുന്നത് 30 അടി ഉയരത്തിലാണ്. തൊഴിലാളികള്‍ക്ക് അളവെടുക്കാനും മറ്റുമായി പല പ്രാവശ്യം അത്രയും ഉയരം കയറിയിറങ്ങേണ്ടി വന്നു. മരച്ചട്ടയില്‍ ഉറപ്പിച്ച 15 അടി ആഴമുള്ള അലൂമിനിയം കൂട് സാഹസികമായാണ് മരമുകളില്‍ സ്ഥാപിച്ചത്. സ്വാഭാവികത തോന്നിക്കാനായി കുറച്ച് മരച്ചില്ലകളും ചേര്‍ത്തുവെച്ചു. പിന്നെ പക്ഷികള്‍ക്കായുള്ള കാത്തിരിപ്പ്. ദിവസങ്ങള്‍ക്കുള്ളില്‍ ഓസ്‌പ്രേ പക്ഷികള്‍ കൂട്ടിനരികെയെത്തി. '' ഒരു വൈകുന്നേരമാണ് ഓസ്‌പ്രേകള്‍ എത്തിയത്. പുതിയ ആകാശവീട് അവര്‍ക്ക് ഇഷ്ടപ്പെട്ടിരിക്കും. കൊക്കില്‍ അന്നത്തെ ഡിന്നറിനുള്ള ഒരു വമ്പന്‍ മീനും ഉണ്ടായിരുന്നു.''- സണ്‍ഷൈന്‍ കോസ്റ്റിലെ നാട്ടുകാരും മാധ്യമങ്ങളും സംഭവം ആഘോഷിച്ചു.

ആയുഷ്‌ക്കാലത്ത് ഓരോ പ്രജനന സീസണിലും ഒരേ കൂട് ഉപയോഗിക്കുന്നതാണ് ഓസ്‌പ്രേ പക്ഷികളുടെ രീതി. നദീമുഖങ്ങളിലെ വന്മരങ്ങളുടെ, ഇലകളുടെ മറവില്ലാത്ത, ആകാശം മുട്ടുന്ന വന്‍ശാഖകളിലാണ് കൂട് നിര്‍മ്മിക്കുക. ഓരോ സീസണിലും പഴയ കൂട്ടിന്മേല്‍ പുതിയ മരച്ചില്ലകള്‍ ചേര്‍ക്കും. 10-15 വര്‍ഷം പഴക്കമുള്ള ഓസ്‌പ്രേ കൂടുകള്‍ക്ക് 10-13 അടി ആഴവും ആറടിയോളം വ്യാസവും കാണും. ഒരു മനുഷ്യന് വേണമെങ്കില്‍ ഓസ്‌പ്രേ കൂട്ടില്‍ കിടന്നുറങ്ങാം. 

placeholder
ഓസ്‌പ്രേ പക്ഷിയുടെ കൂട് | Photo: Getty Images

മനുഷ്യരുടെ സംരക്ഷണശ്രമങ്ങളാല്‍ വംശനാശത്തില്‍നിന്നു രക്ഷപ്പെട്ട ഒരു പക്ഷിയാണ് ഓസ്‌പ്രേ. 1950-70 കാലത്ത് ഓസ്‌പ്രേകള്‍ വംശനാശം നേരിട്ടു. കീടനാശിനി ഉള്ളില്‍ച്ചെന്നുള്ള മരണവും മുട്ടത്തോടുകളുടെ കട്ടിക്കുറവ് മൂലമുണ്ടായ കുറഞ്ഞ പ്രജനനത്തോതുമായിരുന്നു പ്രധാന കാരണങ്ങള്‍. 1966 തൊട്ട് 2019 വരെ കാലയളവില്‍ ഓസ്‌പ്രേ പക്ഷികളുടെ എണ്ണം വര്‍ഷം 1.9% നിരക്കില്‍ വര്‍ദ്ധിച്ചതായി നോര്‍ത്ത് അമേരിക്കന്‍ ബേഡ് സര്‍വേ റിപ്പോര്‍ട്ട് പറയുന്നു. അന്റാര്‍ട്ടിക്കയൊഴിച്ച് മറ്റെല്ലാ രാജ്യങ്ങളിലും ഓസ്‌പ്രേകളെ കാണാം. ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വേല്‍സ് സ്‌റ്റേറ്റില്‍ ഈസ്‌റ്റേണ്‍ ഓസ്‌പ്രേ സംരക്ഷിത പക്ഷിവര്‍ഗ്ഗമാണ്. അതേസമയം, ക്വീന്‍സ് ലാന്‍ഡ് പോലുള്ള പ്രദേശങ്ങളില്‍ ഇവ സാധാരണമാണ്. റഷ്യയില്‍ കടുത്ത ശൈത്യമെത്തുമ്പോള്‍ ഇന്ത്യയിലേക്ക് ദേശാടനത്തിനെത്തുന്ന ഓസ്‌പ്രേകളെ കണ്ടതായി ഇന്ത്യന്‍ പക്ഷിനിരീക്ഷകര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.