
വാഷിങ്ടണ്‍: നവംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന യു.എസ്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയെയും പിന്തുണയ്ക്കില്ലെന്ന് യു.എസ്. ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റ്.
പോസ്റ്റിന്റെ പ്രസാധകനായ വില്‍ ലൂയിസ് വെള്ളിയാഴ്ചയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെയോ ഡെമോക്രാറ്റ് സ്ഥാനാര്‍ഥി കമലാ ഹാരിസിനെയോ എഡിറ്റോറിയല്‍ ബോര്‍ഡ് പിന്തുണയ്ക്കുന്നില്ലെന്ന് പ്രഖ്യാപിച്ചത്. 36 വര്‍ഷത്തിനിടെ ആദ്യമായാണ് ഇങ്ങനൊരു പ്രഖ്യാപനം. അതുവന്ന് 24 മണിക്കൂറിനിടെ 2000 വരിക്കാര്‍ 'വാഷിങ്ടണ്‍ പോസ്റ്റ്' വാങ്ങുന്നത് നിര്‍ത്തി.
സ്ഥാനാര്‍ഥികളെ പിന്തുണയ്ക്കാതിരിക്കാനുള്ള തീരുമാനം പത്ര ഉടമയും കോടിപതിയുമായ ജെഫ് ബെസോസിന്റെ നിര്‍ദേശപ്രകാരമാണെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഡൊണാള്‍ഡ് ട്രംപിന്റെ ജയം മുന്നില്‍ക്കണ്ട് അദ്ദേഹത്തെ പ്രീതിപ്പെടുത്താനുള്ള ബെസോസിന്റെ ശ്രമമാണ് തീരുമാനമെന്നു പറഞ്ഞ് ഒപ്പീനിയന്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ് റോബര്‍ട്ട് കാഗന്‍ രാജിവെച്ചു.
പ്രതിഷേധസൂചകമായി പത്രം റദ്ദാക്കിയവരുടെ കൂട്ടത്തില്‍ എഴുത്തുകാരന്‍ സ്റ്റീഫന്‍ കിങ്ങും സ്റ്റാര്‍ ട്രക്ക് നടന്‍ ജോര്‍ജ് ടാക്കേയും ഉള്‍പ്പെടുന്നു. ''അധികാരത്തിനുമുന്നില്‍ ബെസോസ് മുട്ടുമടക്കുകയാണെങ്കില്‍ തിരഞ്ഞെടുപ്പുവരെ ആമസോണില്‍നിന്ന് മാറിനിന്ന് ഉപഭോക്താക്കള്‍ തങ്ങളുടെ അധികാരം കാണിക്കണം'' എന്ന് ടാക്കേ ആഹ്വാനംചെയ്തു. ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണിന്റെ സ്ഥാപകനാണ് ജെഫ് ബെസോസ്. വിവാദത്തില്‍ ബെസോസ് പ്രതികരിച്ചിട്ടില്ല. 'ന്യൂയോര്‍ക്ക് ടൈംസ്' കമലാ ഹാരിസിനെ പിന്തുണച്ചിരുന്നു.
Content Highlights: The Washington Post declined to endorse a candidate in the upcoming US presidential election
Published: 27 Oct 2024, 12:19 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented