വാഷിങ്ടണ്‍: അമേരിക്കയുടെ 47-ാം പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് എത്തുന്നത് നിരവധി സവിശേഷതകളോടെ. 20 വര്‍ഷത്തിനിടെ ജനപ്രിയ വോട്ടുനേടി പ്രസിഡന്റാവുന്ന ആദ്യ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയാണ് ട്രംപ്. 2004-ല്‍ ജോര്‍ജ് ബുഷിന് ശേഷം ആദ്യമായാണ് ഒരു റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഇലക്ടറല്‍ കോളേജിന് പുറമേ പോപ്പുലര്‍ വോട്ടും നേടി പ്രസിഡന്റാവുന്നത്.

To advertise here,

2016-ല്‍ ഇലക്ടറല്‍ കോളേജ് വോട്ടിന്റെ ബലത്തിലാണ് ട്രംപ് പ്രസിഡന്റായത്. പോപ്പുലര്‍ വോട്ടുകളില്‍ അന്ന് വിജയം എതിര്‍ സ്ഥാനാര്‍ഥി ഹിലരി ക്ലിന്റണായിരുന്നു. ഇത്തവണ ഇലക്ടറല്‍ കോളേജ്- പോപ്പുലര്‍ വോട്ടുകള്‍ക്ക് പുറമേ സെനറ്റും കീഴടക്കിയാണ് ട്രംപ് പ്രസിഡന്റാവുന്നത്.

2016-ല്‍ 232-നെതിരെ 306 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ്  ട്രംപ് നേടിയത്. പിന്നീട് ഇത് 304-227 എന്ന നിലയിലായി. 62,984,828 പോപ്പുലര്‍ വോട്ടുകളാണ് ട്രംപ് അത്തവണ നേടിയത്. ആകെ പോള്‍ ചെയ്യപ്പെട്ട വോട്ടുകളുടെ 46.1% ആയിരുന്നു ഇത്. ഇലക്ടറല്‍ കോളേജ് വിധിയെഴുത്തില്‍ പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെട്ട ഹിലരി ക്ലിന്റണ് അന്ന് 65,853,514 പോപ്പുലര്‍ വോട്ടുകള്‍ ലഭിച്ചു. 48.2% വോട്ടുകളാണ് ഹിലരി സ്വന്തമാക്കിയത്.

68,760,238 (51.2%) പോപ്പുലര്‍ വോട്ടുകളാണ് ഇതുവരെ വന്ന ഫലങ്ങള്‍ പ്രകാരം ട്രംപ് നേടിയത്. 267 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് ട്രംപ് നേടിയിരിക്കുന്നത്. എതിര്‍സ്ഥാനാര്‍ഥി കമല ഹാരിസിന് 63,707,810 (47.4%) പോപ്പുലര്‍ വോട്ടുകളും ലഭിച്ചു. 224 ഇലക്ടറല്‍ കോളേജ് വോട്ടുകളാണ് കമലയ്ക്ക് ഇതുവരെയുള്ളത്. സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി 51 സീറ്റ് നേടിയപ്പോള്‍ ഡെമോക്രാറ്റുകള്‍ 42 സീറ്റിലാണ് ജയിച്ചത്.