
ഇതാണ്, ചാണ്ടി ഉമ്മന് കിട്ടിയ ഈ ഭൂരിപക്ഷമാണ് പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിക്കു നല്‍കിയ യഥാര്‍ത്ഥ വിടവാങ്ങല്‍. മത്സരിച്ചത് മകന്‍ ചാണ്ടിയാണെങ്കിലും പുതുപ്പള്ളിക്കാര്‍ വോട്ട് ചെയ്തത് ഉമ്മന്‍ചാണ്ടിക്കു തന്നെയാണ്. കണ്ണിലുണ്ണിപോലെ കാത്ത ജനങ്ങളെ, മണ്ഡലത്തിലെ നല്ലൊരു പങ്കിനേയും പേരെടുത്തു വിളിച്ചിരുന്ന നേതാവിന് ഇതില്‍ പരം ആ മണ്ഡലം എന്ത് പകരം നല്‍കും...! 53 വര്‍ഷം ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയില്‍ എന്ത് ചെയ്ത ചോദ്യത്തിനുള്ള മറുപടിയാണ് യു.ഡി.എഫിന്റെ അക്കൗണ്ടില്‍ വീണ ഈ റെക്കോര്‍ഡ് വോട്ട്. മരണക്കിടയ്ക്കയിലും അപ്പനെ നരകിപ്പിച്ച മകനെന്ന ആരോപണത്തിന് ചാണ്ടിയെ നെഞ്ചോട് ചേര്‍ത്ത് പുതുപ്പള്ളി പകരം വീട്ടി. സോളാര്‍ അടക്കം ഉന്നയിച്ച് വേട്ടയാടിയതിനുള്ള മറുപടി. യു.ഡി.എഫിനും ഇതൊരു കടം വീട്ടലായിരുന്നു.
വ്യക്തിപരവും രാഷ്ട്രീയ പരവുമായ ആരോപണങ്ങളെ ചാണ്ടിയുടെ ഇടതും വലതും നിന്ന് ഷാഫി പറമ്പിലും രാഹുല്‍ മാങ്കൂട്ടത്തിലും പി.സി. വിഷ്ണുനാഥും അടക്കമുള്ള യുവനിര പ്രതിരോധിച്ചു. ഉരുളയ്ക്ക് ഉപ്പേരി പോലെ ഇടതുപക്ഷത്തിന്റെ ഓരോ ആരോപണങ്ങളെയും തെരുവിലും ചാനല്‍ ചര്‍ച്ചകളിലും സൈബറിടത്തിലും നേരിട്ടു. വി.ഡി. സതീശനും കെ. സുധാകരനും മണ്ഡലത്തില്‍ തമ്പടിച്ച് പ്രചാരണം ഏകോപിപ്പിച്ചു. എ.കെ. ആന്റണി പോലും ഒരു ഘട്ടത്തില്‍ ചാണ്ടി ഉമ്മനുവേണ്ടി മറുപടി പറയാനെത്തി. അതെ, എല്ലാവര്‍ക്കും ഈ തിരഞ്ഞെടുപ്പ് ഒരു കടംവീട്ടലായിരുന്നു, പ്രായച്ഛിത്തമായിരുന്നു. മരണത്തിന് പോലും ഉമ്മന്‍ചാണ്ടിയെ പുതുപ്പള്ളിയില്‍നിന്ന് അടര്‍ത്തിമാറ്റാനാകില്ലെന്ന് ഈ വിജയം അടിവരയിടുന്നു. ഒരോ വീട്ടിലും കയറി ഇറങ്ങി ചാണ്ടി ചോദിച്ചത് വോട്ടായിരുന്നില്ല. അപ്പയ്ക്ക് നല്‍കിയ സ്നേഹം തനിക്കും തരണേ എന്നായിരുന്നു. ഇടതുപക്ഷം ഭരിക്കുന്ന പഞ്ചായത്തുകള്‍ പോലും ചിഹ്നം നോക്കാതെ ചാണ്ടിയെ സ്നേഹിച്ചു തുടങ്ങി.
പിതാവിന്റെ ശവമഞ്ചവുമായി രണ്ട് പകലും ഒരു രാത്രിയും നീണ്ട വിലാപയാത്ര, ഇരുട്ടും മഴയും വെയിലും വകവയ്ക്കാതെ ഉമ്മന്‍ ചാണ്ടിക്ക് വിട നല്‍കാന്‍ വഴിയരികില്‍ കാത്തുനിന്ന ലക്ഷക്കണക്കിന് പേരെ നോക്കി തൊഴുകയ്യോടെ നിന്ന മകന്‍... ആ മകന്‍ ഇന്ന് 53 വര്‍ഷം ഉമ്മന്‍ ചാണ്ടിയെ കൈവിടാതെ 13 തവണ ജയിപ്പിച്ച പുതുപ്പള്ളിയുടെ പുതിയ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
ഉമ്മന്‍ ചാണ്ടിയുടെ മരണത്തിനും എത്രയോ മുന്നേ ചാണ്ടി ഉമ്മനെ സോഷ്യല്‍ ലോകം, പ്രത്യേകിച്ച് കോണ്‍ഗ്രസ് സൈബറിടങ്ങള്‍ ആഘോഷിച്ച മറ്റൊരു ചിത്രമുണ്ട്. അത് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോയാത്രയില്‍ നഗ്‌നപാദനായി നടന്നു നീങ്ങുന്ന ചാണ്ടി ഉമ്മനായിരുന്നു. ചിത്രം ആഘോഷിപ്പിക്കപ്പെടാന്‍ ഉണ്ടായ സാഹചര്യമാകട്ടെ കോണ്‍ഗ്രസിന്റെ സമുന്നതനായ നേതാവിന്റെ മകന്‍ ബി.ജെ.പി. പാളയത്തിലെത്തിയതും. ഇതാ ഇവിടെ ഇങ്ങനെയൊരു മകനുണ്ട് എന്നും അതിലുപരി ലാളിത്യവും അച്ചടക്കവും പ്രസ്ഥാനത്തോട് കൂറുമുള്ള ഒരാളാണ് ചാണ്ടി ഉമ്മനെന്നും ആ ചിത്രം കാട്ടി കോണ്‍ഗ്രസുകാര്‍ ആശ്വസിച്ചു..മുകളില്‍ പരാമര്‍ശിച്ച ചാണ്ടി ഉമ്മന്റെ രണ്ട് ചിത്രങ്ങള്‍ പുതുപ്പള്ളി തിരഞ്ഞെടുപ്പില്‍ കുറഞ്ഞപക്ഷം കോണ്‍ഗ്രസിനെയെങ്കിലും വൈകാരികമായി സ്വാധീനിച്ച ഘടകങ്ങളാണ്. ഒരു ചിത്രം പുതുപ്പള്ളിക്കാരുടെ പ്രിയപ്പട്ട കുഞ്ഞൂഞ്ഞിന്റെ മകനെന്ന വികാരം ഉണര്‍ത്തിയപ്പോള്‍ മറ്റൊന്ന് അടിയുറച്ച കോണ്‍ഗ്രസുകാരന്‍ എന്ന വികാരം പ്രവര്‍ത്തകരില്‍ ഉണര്‍ത്തി. ചാണ്ടി ഉമ്മനായി പുതുപ്പള്ളി ഒന്നാകെ നിലകൊണ്ടു

ചാണ്ടി ഉമ്മന്‍
ഉമ്മന്‍ ചാണ്ടിയുടെ മകന്‍
ഉമ്മന്‍ ചാണ്ടിയുടെ മകന്‍ എന്നത് മാത്രം മതിയായിരുന്നു ഇത്തവണ കോണ്‍ഗ്രസിനും യു.ഡി.എഫിനും പുതുപ്പള്ളി പിടിക്കാന്‍. പുതുപ്പള്ളി പള്ളിയിലെ ഉമ്മന്‍ ചാണ്ടിയുടെ കബറിടത്തില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു തുടങ്ങിയ ചാണ്ടി ഉമ്മന്റെ യാത്ര ഇത്രയും ഗംഭീരവിജയത്തിൽ എത്തിയിട്ടുണ്ടെങ്കില്‍ ഉമ്മന്‍ ചാണ്ടിയെന്ന പേരും വികാരവും വോട്ടായി മാറിയിട്ടുണ്ട്. ഉമ്മന്‍ ചാണ്ടിയുടെ സംസാരശൈലിയില്‍ പോലും ചാണ്ടിക്ക് സാമ്യതയുമുണ്ട്. സിനിമാതാരം വിനായകന്റെതുള്‍പ്പെടെയുള്ള വിവാദങ്ങളോട് സ്വീകരിച്ച നിലപാടും പക്വതയുമെല്ലാം അത് വെളിവാക്കി. പക്ഷേ ഉമ്മന്‍ ചാണ്ടിക്കു മുന്നില്‍ ഇതൊന്നും പോരാതെ വരും.
ഉമ്മന്‍ ചാണ്ടിയുടെ മകനെന്ന പാരമ്പര്യം പുതുപ്പള്ളിക്കാര്‍ക്ക് നല്‍കുന്ന പ്രതീക്ഷ നാളെ ചാണ്ടിക്കു ബാധ്യതയായി മാറാനിടയുണ്ട്. കാരണം ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയ നേതാവ് പലതിലും പുലര്‍ത്തുന്ന അപൂര്‍വ്വതയെ, അദ്ദേഹത്തിന്റെ ജനകീയതയെയും പ്രവര്‍ത്തന രീതിയെയും ചാണ്ടിയ്‌ക്കെന്നല്ല ആര്‍ക്കും അതേ അളവില്‍ പിന്തുടരാനാകില്ല. അപ്പയാകാന്‍ ആകില്ലെന്ന് ചാണ്ടി മുന്‍കൂര്‍ ജാമ്യം എടുത്തിട്ടുണ്ടെങ്കിലും ഇനി ഒരാള്‍ക്കും ഉമ്മന്‍ ചാണ്ടിയാകാന്‍ സാധ്യമല്ലെന്ന് പുതുപ്പള്ളിക്കാര്‍ക്കും അറിയാമെങ്കിലും എം.എല്‍.എ. പദവിയ്ക്കൊപ്പം പ്രതീക്ഷകളുടെ ഭാരവും ചാണ്ടി ഉമ്മന്റെ ചുമലിലുണ്ടാകും.
ഉമ്മന്‍ ചാണ്ടിയെന്ന അതികായന്റെ ജനകീയതയുടെ അളവുകോലില്‍ സംശയം ഉന്നയിച്ചവര്‍ക്ക് പുതുപ്പള്ളിയുടെ മറുപടിയാണ് മകന് ലഭിച്ച ഈ ഭൂരിപക്ഷം. പുതുപ്പള്ളിയില്‍ ഇനി ചാണ്ടി ഉമ്മന്റെ നാളുകള്‍.
1986 മാര്‍ച്ച് ഒന്നിന് ഉമ്മന്‍ ചാണ്ടിയുടെയും മറിയാമ്മ ഉമ്മന്റെയും മൂന്നാമത്തെ മകനായി രണ്ട് സഹോദരിമാരുടെ കുഞ്ഞനുജനായി ജനനം. ക്രൈസ്തവ പാരമ്പര്യം അനുസരിച്ച് പിതാവിന്റെ പേരുകൂടി ചേര്‍ന്ന് ചാണ്ടി ഉമ്മന്‍ എന്ന് ഉമ്മന്‍ ചാണ്ടി മകന് പേരിട്ടു. പുതുപ്പള്ളിയില്‍ തന്നെ പ്രഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ചാണ്ടി ബി.എ. ഹിസ്റ്ററി പഠനത്തിനായി ഡല്‍ഹി സര്‍വ്വകലാശാലയ്ക്ക് കീഴിലുള്ള സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ ചേര്‍ന്നു. പിന്നീട് ഡല്‍ഹി സര്‍വ്വകലാശാലയില്‍ നിന്നുതന്നെ എല്‍.എല്‍.ബിയും വീണ്ടും സെന്റ് സ്റ്റീഫന്‍സ് കോളേജില്‍ നിന്ന് എം.എ. ഹിസ്റ്ററിയും പൂര്‍ത്തിയാക്കി. ഡല്‍ഹി നാഷ്ണല്‍ ലോ സ്‌കൂളില്‍നിന്ന് ക്രിമിനോളജില്‍ എല്‍.എല്‍.എം. പൂര്‍ത്തിയാക്കി. പിന്നീട് ബംഗളൂരുവിലെ ക്രൈസ്റ്റ് കോളജിൽനിന്ന് കോണ്‍സ്റ്റിറ്റിയൂഷണല്‍ ലോയില്‍ മറ്റൊരു എല്‍.എല്‍.എം. കൂടി ചാണ്ടി ഉമ്മന്‍ കരസ്ഥമാക്കി. ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ നിന്ന് ചാണ്ടി ഉമ്മന്‍ സമ്മര്‍ കോഴ്സും പൂര്‍ത്തിയാക്കി.
2006-2007 ല്‍ സെന്റ് സ്റ്റീഫന്‍സ് കോളേജിലെ പഠനകാലത്ത് സ്റ്റുഡന്റ്സ് യൂണിയന്‍ പ്രസിഡന്റായി ചാണ്ടി ഉമ്മന്‍ തിരഞ്ഞെടുക്കപ്പട്ടു. എന്‍.എസ്.യു.ഐ. ഇലക്ഷന്‍ കമ്മിറ്റിയില്‍ 2009 -2010 കാലത്ത് മെംബറായി തിരഞ്ഞെടുക്കപ്പെട്ടു. 2010 കോമണ്‍വെല്‍ത്ത് ഗെയിംസ് ഓര്‍ഗനൈസിങ് കമ്മിറ്റി മെംബര്‍ ആയി . 2013-ല്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്നു. 2022-ല്‍ കെ.പി.സി.സി. അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 2016 മുതല്‍ ചാണ്ടി സുപ്രീം കോടതി അഭിഭാഷകനാണ്. 2022 മുതല്‍ യൂത്ത് കോണ്‍ഗ്രസ് ഔട്റീച് സെല്‍ ദേശീയ ചെയര്‍മാന്‍ ആയി പ്രവര്‍ത്തിക്കുന്നു.
സസ്പെന്‍സില്ലാതെ ചാണ്ടി
മൂന്ന് മക്കളില്‍ ആരെയും പിന്‍ഗാമി സ്ഥാനത്ത് അവരോധിക്കാതെയും അവരെ അധികാര സ്ഥാനത്തേക്ക് കൈപിടിച്ചുയര്‍ത്താതെയുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ വിയോഗം. അദ്ദേഹത്തിന്റെ സംസ്‌കാര ശുശ്രൂഷകള്‍ക്ക് പിന്നാലെ തന്നെ പിന്‍ഗാമിയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു.
അതിന് കെ.പി.സി.സി. അധ്യക്ഷന്‍ സുധാകരന്‍ തന്നെ തിരികൊളുത്തുകയും ചെയ്തു. മൂത്തമകള്‍ മറിയ രാഷ്ട്രീയത്തിലേക്ക് തിരിഞ്ഞുനോക്കുക പോലും ചെയ്യാത്ത ആളായതിനാല്‍ സ്വഭാവികമായും അച്ചുവിനെയും ചാണ്ടിയെയും ചുറ്റിപ്പറ്റിയായിരുന്നു ചര്‍ച്ചകള്‍. പിന്നീട് തിരുത്തിയെങ്കിലും കുടുംബം തീരുമാനിക്കട്ടെ എന്നായിരുന്നു കോണ്‍ഗ്രസിന്റെ ഔദ്യോഗിക നിലപാട്. കുടുംബമായി വിദേശത്തു താമസിക്കുന്നതിനാല്‍ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് അച്ചു തറപ്പിച്ചു പറഞ്ഞതോടെ ചാണ്ടിയെന്നതിലേക്ക് ചര്‍ച്ചകള്‍ ഒതുങ്ങി. ഒട്ടും അപ്രതീക്ഷിതവും ആയിരുന്നില്ല ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം. ചാണ്ടിയുടെ മാത്രമല്ല, ഇടതുപക്ഷ സ്ഥാനാര്‍ഥി ജെയ്ക്കിന്റേതും

53 വര്‍ഷത്തിന് ശേഷം പുതുപ്പള്ളി കണ്ട പ്രചാരണം
ഉമ്മന്‍ ചാണ്ടി മത്സരിക്കുമ്പോള്‍ കാര്യമായ പ്രചാരണങ്ങളൊന്നും പുതുപ്പള്ളിയില്‍ ഉണ്ടാകാറില്ല. ഉമ്മന്‍ ചാണ്ടി വോട്ട് തേടി വീടുകള്‍ കയറി ഇറങ്ങുന്ന പതിവും ഇല്ലായിരുന്നു. ഉമ്മന്‍ ചാണ്ടിക്ക് അദ്ദേഹത്തിന്റെതായ പ്രചാരണ ശൈലിപോലും ഉണ്ടായിരുന്നു. ഒരു റോഡ് ഷോയില്‍ ഒതുങ്ങുന്നതായിരുന്നു അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണം. ബാക്കിയെല്ലാം പ്രവര്‍ത്തകരും പുതുപ്പള്ളിക്കാരും നോക്കിക്കോള്ളും. ആ പതിവ് ചാണ്ടി തെറ്റിച്ചു. അപ്പന്റെ സ്മരണകള്‍ ഉറങ്ങുന്ന, കണ്ണീരുണങ്ങാത്ത പുതുപ്പള്ളിക്കാരുടെ അടുത്തേക്ക് ചാണ്ടി നേരിട്ടെത്തി. അതും ഉമ്മന്‍ ചാണ്ടി അവസാനകാലത്തുപോലും ഉപയോഗിച്ച വാഹനത്തില്‍ തന്നെ. ജെയ്ക്കും ഇടതുപക്ഷവും മറുപക്ഷത്ത് പ്രചാരണം ശക്തമാക്കിയതോടെ കേരളത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായി പുതുപ്പള്ളി മാറി. കൊട്ടിക്കലാശത്തിലെ ആവേശം പോലും പുതുപ്പള്ളിക്ക് ആദ്യത്തെ അനുഭവമായിരുന്നു.

ഒന്നിന് പുറമെ ഒന്നൊന്നായി വിവാദങ്ങള്‍
ആദ്യം പള്ളിയില്‍ ഉമ്മന്‍ ചാണ്ടി ഇരിക്കുന്ന അതേ സ്ഥലത്ത് ഇരുന്നതും മുടി ചീകാത്തതും ചെരിപ്പിടാത്തതുമൊക്കെയായിരുന്നു വിവാദം. ഉമ്മന്‍ ചാണ്ടിയെ അനുകരിക്കുന്നു എന്നായിരുന്നു ചാണ്ടിക്കു നേരെയുള്ള വിമര്‍ശനം. തൊട്ടുപിന്നാലെ 53 വര്‍ഷമായി പുതുപ്പള്ളിയില്‍ വികസനമില്ല എന്നതിലേക്ക് വഴിമാറി ചര്‍ച്ചകള്‍. തടിപ്പാലവും മറ്റും വികസന വിവാദത്തില്‍ താരമായെങ്കിലും വികസനമില്ലാഞ്ഞിട്ടാണോ ഒരാള്‍ 53 വര്‍ഷം ജന പ്രതിനിധിയായത് എന്ന ഒറ്റ ചോദ്യത്തില്‍ പ്രതിരോധം തീര്‍ത്തപ്പോള്‍ വിവാദങ്ങള്‍ ഒടുങ്ങി. അടുത്ത വിവാദം അച്ചുവിന് എതിരെയായിരുന്നു. അച്ചു ഉമ്മന്റെ ഇന്റസ്റ്റഗ്രാം അക്കൗണ്ടിലെ ഫോട്ടോകള്‍ ആയുധമാക്കി ആഡംബര ജീവിതം നയിക്കുകയാണ് സ്ഥാനാര്‍ഥിയുടെ പെങ്ങളെന്നായിരുന്നു വിമര്‍ശനം. അപ്പന്‍ സമ്പാദിച്ചതൊന്നും തന്റെ ആഢംബരത്തില്‍ ഇല്ലെന്ന് പറഞ്ഞ അച്ചു. ഉമ്മന്‍ ചാണ്ടി തന്നെ കൈപിടിച്ചേല്‍പ്പിച്ച കുടുംബം സാമ്പത്തികമായി ഉയര്‍ന്ന നിലയിലാണെന്നും പലപ്പോഴും ഭര്‍ത്താവിന്റെ കുടുംബം തന്റെ കുടുംബത്തെ സാമ്പത്തികമായി പിന്തുണയ്ക്കുകയാണ് ചെയ്തതെന്നും വിശദ്ദീകരണവുമായെത്തി. തനിക്ക് നേരെ വ്യക്തിപരമായ വിമര്‍ശനം ഉന്നയിച്ച സോഷ്യല്‍ മീഡിയ അക്കൗണ്ടിന് എതിരെ അച്ചുപരാതിയും നല്‍കി. പാര്‍ട്ടിയും കുടുംബവും അച്ചുവിനൊപ്പം അടിയുറച്ചു നിന്നു.
ഇലക്ഷന്‍ പ്രചാരണത്തിന് ഇറങ്ങിയ പൂര്‍ണ ഗര്‍ഭിണിയായ ജെയ്ക്കിന്റെ ഭാര്യയെയും വെറുതെ വിട്ടില്ല. ഭര്‍ത്താവിന് വേണ്ടി വോട്ടു ചോദിച്ചിറങ്ങിയ അവരുടെ ശാരീരിക അവസ്ഥയെ പോലും ആക്ഷേപിച്ചു കൊണ്ടായിരുന്നു സൈബര്‍ ബുള്ളിയിങ്. ജെയ്ക്കിന്റെ ഭാര്യ പരാതി നല്‍കി. ജെയ്ക്കിനോടും കുടുംബത്തോടും ക്ഷമ ചോദിച്ച് ചാണ്ടി ഉമ്മനും രംഗത്തെത്തിയതോടെ ആ വിവാദവും കെട്ടടങ്ങി. ഉമ്മന്‍ ചാണ്ടിയുടെ അടിയന്തര ദിനത്തില്‍ ചാണ്ടി ഉമ്മന്‍ കരഞ്ഞത് സഹതാപം നേടാനാണ് എന്നായിരുന്നു അടുത്ത വിമര്‍ശനം. ഇതിന് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മറുപടി അപ്പന്‍ മരിച്ചാല്‍ മക്കള്‍ കരയുന്നത് സ്വഭാവികം ആണെന്നായിരുന്നു.
പുതുപ്പള്ളി പോളിങ്ങ് ബൂത്തിലേക്കടുത്തതോടെ അടുത്ത വിവാദവും എത്തി. ഉമ്മന്‍ ചാണ്ടിയുടെ ചികിത്സ നിഷേധിച്ചെന്നും കോണ്‍ഗ്രസ് നേതാക്കളെപ്പോലും അദ്ദേഹത്തെ കാണാന്‍ ചാണ്ടി ഉമ്മനും അദ്ദേഹത്തിന്റെ മാതാവും അനുവദിച്ചില്ലെന്നും ആയിരുന്നു സൈബറിടങ്ങളില്‍ വൈറലായ ഓഡിയോ ക്ലിപ്പിന്റെ ഉള്ളടക്കം. പിതാവ് രോഗത്തെക്കുറിച്ച് ഡയറിക്കുറിപ്പ് എഴുതിവെച്ചിരുന്നുവെന്ന് ചാണ്ടി ഉമ്മനും ഓഡിയോ ക്ലിപ്പിലെ പരാമര്‍ങ്ങള്‍ നിഷേധിച്ചുകൊണ്ട് നേതാക്കളും നേരിട്ട് എത്തിയതോടെ ആ വിവാദവും അസ്തമിച്ചു.
തിരഞ്ഞെടുപ്പ് അഗ്‌നിപരീക്ഷ കൂടിയാണ്. ജനവിധിയില്‍ വിജയിച്ചയാള്‍ അഗ്‌നിപരീക്ഷ ജയിച്ച് എല്ലാ ആരോപണങ്ങളില്‍ നിന്നും സംശുദ്ധി നേടിയെന്ന് സാരം. ഉമ്മന്‍ ചാണ്ടിയെന്ന പുതുപ്പള്ളിക്കാരുടെ വികാരത്തിന് പോലും മുറിവേല്‍പ്പിക്കുന്ന തരത്തിലായിരുന്നു ചാണ്ടി ഉമ്മന് നേരെയുണ്ടായ ആരോപണങ്ങള്‍ ഈ ഭൂരിപക്ഷം ആ ആരോപണങ്ങള്‍ക്ക് നേരെയുണ്ടായ മറുപടി കൂടിയാണെന്ന് വിലയിരുത്തപ്പെടും.
ഇടതും വലതും സഹോദരിമാര്‍
ഉമ്മന്‍ ചാണ്ടി മത്സരിക്കുമ്പോള്‍ പോലും മക്കള്‍ ആരും ഇത്ര സജീവമായി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിട്ടില്ല. പ്രത്യേകിച്ച് മൂത്ത മകള്‍ മറിയം. രാഷ്ട്രീയം തനിക്ക് ഒട്ടും വഴങ്ങില്ലെന്ന് പറഞ്ഞ മറിയം പോലും അനുജനുവേണ്ടി പ്രചാരണത്തില്‍ സജീവമായി. ഉമ്മന്‍ ചാണ്ടിയുടെ മരണാനന്തര ചടങ്ങുകള്‍ പൂര്‍ത്തിയാക്കാനുള്ളതിനാല്‍ അദ്ദേഹത്തിന്റെ ഭാര്യമാത്രം പ്രചാരണത്തിന് ഇറങ്ങിയില്ല. ക്യാമ്പസ് രാഷ്ട്രീയത്തില്‍ സജീവമായിരുന്ന സഹോദരി അച്ചു ഉമ്മന്‍ വീടുകള്‍ കയറി ഇറങ്ങി സഹോദരന് വേണ്ടി വോട്ടു ചോദിച്ചു. ഇതാണ് പിന്നീട് അച്ചുവിനെ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചതും. ചാണ്ടിക്കു സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ലെന്ന് സ്വത്ത് വിവരങ്ങളില്‍നിന്ന് വ്യക്തമായപ്പോള്‍ ചാണ്ടിക്കു സ്വത്തില്ലെങ്കില്‍ എന്താ പെങ്ങള്‍ ആഡംബര ജീവിതം നയിക്കുന്നുണ്ടല്ലോ എന്നായി വിമര്‍ശകരുടെ വിലയിരുത്തല്‍. പക്ഷേ, ഇതൊന്നും അച്ചുവിനെ പിന്നോട്ടടിച്ചില്ല. അനുജന് ഒപ്പം സഹോദരിമാര്‍ കട്ടയ്ക്ക് നിന്നു.
ഒറ്റക്കെട്ടായി പാര്‍ട്ടി. ഗുരു ദക്ഷിണയുമായി യുവ നേതാക്കള്‍
ഇലക്ഷന്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് വിജയം ഉറപ്പിച്ച മണ്ഡലവും സ്ഥാനാര്‍ഥിയും പിന്നെന്തിനാണ് യു.ഡി.എഫിലെ നേതാക്കന്‍മാര്‍, പ്രത്യേകിച്ച് യുവനിര. മണ്ഡലത്തില്‍ തമ്പടിച്ച് പ്രചാരണത്തിന് ചുക്കാന്‍ പിടിച്ചത് എന്നത് ചോദ്യമാണ്. ഷാഫി പറമ്പിലിനും പി.സി. വിഷ്ണുനാഥിനും രാഹുല്‍ മാങ്കൂട്ടത്തിനുമെല്ലാം ചാണ്ടിക്കു വേണ്ടിയുള്ള പ്രവര്‍ത്തനം തങ്ങളുടെ തലതൊട്ടപ്പനായ ഉമ്മന്‍ ചാണ്ടിക്കുള്ള ഗുരു ദക്ഷിണയായിരുന്നു. പ്രിയപ്പെട്ട നേതാവിന്റെ മകന്‍ തിരഞ്ഞെടുപ്പ് ഗോദയിറങ്ങുമ്പോള്‍ പ്രചാരണത്തിന് ഇറങ്ങാതിരിക്കുന്നതെങ്ങനെ? വിവാദങ്ങളും പടലപ്പിണക്കങ്ങളും മൂപ്പിളമത്തര്‍ക്കവും ഒഴിവാക്കി യു.ഡി.എഫ്. ഒന്നായി ഒരേ മനസോടെ ഈ തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഉമ്മന്‍ ചാണ്ടി എന്ന ഒറ്റ വികാരത്തിന്റെ പുറത്തായിരുന്നു.
പുതുപ്പള്ളിയ്ക്ക് പുറത്തേക്കും ഉമ്മന്‍ ചാണ്ടിയുണ്ടായിരുന്നു. അതുകൊണ്ടു തന്നെ ചാണ്ടി ഉമ്മനും പുതുപ്പള്ളിയ്ക്ക് പുറത്തേക്കു വളരേണ്ടി വരും. ജനങ്ങള്‍ക്ക് വേണ്ടി ഉറങ്ങാതിരുന്ന, ഉണ്ണാതെയിരുന്നു അവരെ കേട്ട ഒരു അച്ഛന്റെ മകന്‍ പ്രതീക്ഷകളുടെ അമിതഭാരം പേറികൊണ്ട് തന്നെയാണ് കേരള നിയമസഭയിലേക്ക് കയറുന്നത്. പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിയോടുള്ള കടം വീട്ടി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം കുറച്ച് അല്‍പ്പമെങ്കിലും അവിശ്വസിച്ചതിന്. അഗ്നി ശുദ്ധി വരുത്തി ഉമ്മന്‍ ചാണ്ടി തിരിച്ചെത്തിയെങ്കിലും വീണ്ടുമൊരു തിരഞ്ഞെടുപ്പിന് ഉമ്മന്‍ ചാണ്ടി കാത്തുനിന്നില്ലല്ലോ.
Content Highlights: Chandy Oommen puthuppally by election result
Published: 08 Sept 2023, 01:40 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented