കേവലമൊരു ഉപതിരഞ്ഞെടുപ്പ് എന്നതിലുപരി സംസ്ഥാനത്തെ എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികള്‍ക്ക് അഗ്‌നിപരീക്ഷയായിരുന്നു നിലമ്പൂര്‍. തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകള്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ മുന്നണികള്‍ക്ക് രാഷ്ട്രീയമേല്‍ക്കൈ നേടാനുള്ള അവസരം. സര്‍ക്കാരിനെയും മുഖ്യമന്ത്രിയേയും കടന്നാക്രമണിച്ച് എല്‍ഡിഎഫില്‍നിന്ന് ഒരു എംഎല്‍എ രാജിവെച്ച് ഇറങ്ങിയ രാഷ്ട്രീയ സാഹചര്യം മുതലാക്കാന്‍ ഇതിലും വലിയൊരു അവസരം ഒമ്പത് വര്‍ഷമായി അധികാരത്തില്‍ നിന്ന് പുറത്ത് നില്‍ക്കുന്ന യുഡിഎഫിന് ലഭിക്കാനിടയില്ല. ജയം അനിവാര്യമായ മത്സരത്തില്‍ ഏത് വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടികള്‍ തയ്യാറാകുന്ന സാഹചര്യം തിരിച്ചറിഞ്ഞ് പി.വി.അന്‍വര്‍ വിലപേശല്‍ തന്ത്രങ്ങളുമായി ഇറങ്ങി. ആദ്യം താന്‍ പറയുന്ന സ്ഥാനാര്‍ഥിയെ യുഡിഎഫ് നിര്‍ത്തണമെന്നായി. അതു കഴിഞ്ഞ് മുന്നണിയിലെടുത്താല്‍ പിന്തുണയെന്ന നിലയിലേക്കെത്തി. രണ്ടു തവണ എംഎല്‍എ ആയിട്ടുള്ള മണ്ഡലത്തില്‍ വ്യക്തമായ സ്വാധീനം ഇതിനോടകം തെളിയിച്ച അന്‍വറിനെ ഒപ്പംനിര്‍ത്താന്‍ യുഡിഎഫിലെ ഭൂരിപക്ഷ നേതാക്കളും ശ്രമിച്ചു. എന്നാല്‍ വി.ഡി.സതീശനെന്ന ഒറ്റയാന് മുന്നില്‍ അന്‍വറിന്റെ തന്ത്രങ്ങള്‍ പാളി.

To advertise here,

'യുഡിഎഫിനെ പിന്തുണയ്ക്കണോ വേണ്ടയോ എന്നത് അന്‍വറിന് തീരുമാനിക്കാം. അത് കഴിഞ്ഞ് യുഡിഎഫ് പറയാം' വിട്ടുവീഴ്ചയില്ലാത്ത നിലപാട് സതീശന്‍ പലതവണ വ്യക്തമാക്കി. നിലമ്പൂരിലെ വിജയത്തിനായി വിട്ടുവീഴ്ചയ്ക്ക് മുസ്ലിംലീഗ് നേതാക്കള്‍ ഒന്നടങ്കം സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും വഴങ്ങിയില്ല. അന്‍വറിനെ മുന്നണിയിലെടുത്താല്‍ ഭാവിയിലുണ്ടാകുന്ന പൊല്ലാപ്പ് സതീശന്‍ നേതൃത്വത്തിന് മുന്നില്‍ വച്ചു. അന്‍വറില്ലാതെ തന്നെ കോണ്‍ഗ്രസിനും യുഡിഎഫിനും നിലമ്പൂരില്‍ ജയിക്കാമെന്ന ആത്മവിശ്വാസവുമാണ് സതീശന്റെ ഉറച്ച നിലപാടിന് പിന്നില്‍. വലിയ റിസ്‌ക്.

ഫലം വന്നപ്പോള്‍ പി.വി.അന്‍വര്‍ കരുത്ത് കാട്ടിയിട്ടും പതിനായിരത്തിലേറെ വോട്ടിന് യുഡിഎഫ് സ്ഥാനാര്‍ഥിക്ക് ജയിക്കാനായി. നിലമ്പൂരിലെ ഫലം എതിരായിരുന്നെങ്കില്‍ ഏറ്റവുംകൂടുതല്‍ പഴി കേള്‍ക്കേണ്ടതും ഒരു പക്ഷേ പ്രതിപക്ഷ നേതൃസ്ഥാനം പോലും നഷ്ടപ്പെടാനുള്ള സാഹചര്യവും സതീശന് മുന്നിലുണ്ടായിരുന്നു. എല്‍ഡിഎഫിലെ സിറ്റിങ് സീറ്റ് പിടിച്ചെടുത്ത വിജയം സതീശനെ പാര്‍ട്ടിയിലും മുന്നണിയിലും ചോദ്യം ചെയ്യപ്പെടാത്ത നേതാവായി മാറും. സ്വരാജ്-ഷൗക്കത്ത് മത്സരത്തിനപ്പുറം പിണറായി-സതീശന്‍ നേരിട്ടുള്ള രാഷ്ട്രീയപ്പോരായിരുന്നു നിലമ്പൂരിലേത്. ആ അങ്കത്തിലാണ് സതീശന്‍ വിജയക്കൊടി പാറിച്ചിരിക്കുന്നത്. 2026-ലും തുടര്‍ഭരണമെന്ന സ്വപ്നത്തിന് ആ ആത്മവിശ്വാസത്തിന് കൂടിയാണ് സതീശനും ടീമും ചെക്ക് വച്ചത്.

നിലമ്പൂരില്‍ മാത്രമല്ല തൃക്കാക്കരയിലും പുതുപ്പള്ളിയിലും പാലക്കാടും യുഡിഎഫ് വെന്നിക്കൊടി നാട്ടിയപ്പോള്‍ അതിനു പിന്നിലും വി.ഡി.സതീശന്റെ ക്യാപ്റ്റന്‍സിയുണ്ടായിരുന്നു. പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ  സ്ഥാനാര്‍ത്ഥിത്വം, സന്ദീപ് വാര്യരെ പാര്‍ട്ടിയിലേക്ക് കൊണ്ടുവരല്‍ തുടങ്ങിയ തീരുമാനങ്ങളെടുത്ത ശേഷം ഈ ഉപതിരഞ്ഞെടുപ്പിലെ അനന്തരഫലങ്ങള്‍ പൂര്‍ണ്ണമായും തന്റെ ഉത്തരവാദിത്തമായിരിക്കുമെന്ന് സതീശന്‍ പറയാന്‍ ധൈര്യപ്പെട്ടു. ബെന്നി ബെഹനാന്‍ അടക്കമുള്ളവരുടെ ചരടുവലികളാണ് സന്ദീപ് വാര്യരെ കോണ്‍ഗ്രസിലെത്തിച്ചത്. തന്ത്രങ്ങളില്‍ എന്തെങ്കിലും തിരിച്ചടി നേരിട്ടാല്‍ ഭാവി അപകടത്തിലാകുമായിരുന്നു രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നതില്‍ സതീശന്‍ നിലമ്പൂരിലും നടത്തി. കൂട്ടായ നേതൃത്വമാണ് വിജയശില്‍പി എന്ന് ഇതര നേതാക്കള്‍ ആവര്‍ത്തിക്കുമ്പോഴും സതീശന്റെ നേതൃത്വത്തില്‍ യുവനിര ചുക്കാന്‍ പിടിക്കുന്ന കാഴ്ചയാണ് സമീപകാല തിരഞ്ഞെടുപ്പുകളിലെല്ലാം കാണുന്നത്. കാലത്തിന് അനുസരിച്ച് പ്രചാരണ തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിലും പി.ആറും സമൂഹമാധ്യമങ്ങളും ഉപയോഗിക്കുന്ന സ്ട്രാറ്റജിയും ഈ വിജയത്തില്‍ ചെറുതല്ലാത്ത പങ്കുവഹിച്ചിട്ടുണ്ട്. സതീശന് മാത്രമായി ക്രെഡിറ്റ് നല്‍കുന്നതിനെ കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ എതിര്‍ക്കുന്നു. കൂട്ടായ്മയുടെ വിജയമെന്നാണ് അവര്‍ ഒറ്റക്കെട്ടായി അവകാശപ്പെടുന്നത്. സതീശന്റെ ടീം യുവനിരയിലെ രാഹുല്‍ മാങ്കൂട്ടത്തില്‍ രാത്രിയുടെ മറവില്‍ അന്‍വറിനെ കാണാന്‍ പോയതും അത് തിരിച്ചടിച്ചതും ട്രോളായി മാറിയതും തിരഞ്ഞെടുപ്പ് മാനേജ്മെന്റിലെ വീഴ്ചയായി തന്നെ നില്‍ക്കുന്നു എന്നത് വസ്തുതയാണ്. 

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. പാലക്കാടിന് സമാനമായി യുവനേതാക്കള്‍ക്ക് ചുമതലകള്‍ നല്‍കി യുഡിഎഫിനെ ഒറ്റക്കെട്ടായി ചേര്‍ത്തുനിര്‍ത്തി പട നയിക്കാന്‍ സതീശനായി. തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളിലെ സിപിഎമ്മിനെ റോള്‍ മോഡലാക്കണമെന്നായിരുന്നു മുമ്പ് കോണ്‍ഗ്രസ് നേതാക്കള്‍ പോലും പറഞ്ഞിരുന്നത്. അടുക്കും ചിട്ടയും തന്ത്രങ്ങളും ജനങ്ങള്‍ക്ക് ആവശേവും വിതറുന്ന തരത്തില്‍ പ്രചാരണം നടത്തി സതീശന്‍ തന്റെ തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് വൈഭവം പ്രകടമാക്കിയിരിക്കുകയാണ്. വടകരയിലും പാലക്കാടും ഇപ്പോള്‍ നിലമ്പൂരിലും കണ്ട ഈ ശൈലി തന്നെയാകും യുഡിഎഫിനെ ഇനി മുന്നോട്ട് നയിക്കുക.

2021-ല്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ വന്‍ തിരിച്ചടിക്ക് ശേഷം സതീശന്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, അദ്ദേഹത്തിന്റെ സ്ഥാനാരോഹണം പാര്‍ട്ടിയില്‍ എല്ലാവരും അംഗീകരിക്കാന്‍ തയ്യാറായിരുന്നില്ല. പാര്‍ട്ടിയില്‍ സ്വന്തമായി ഒരു സംഘത്തെ സൃഷ്ടിക്കുക എന്നത് സതീശനെ സംബന്ധിച്ചിടത്തോളം ദീര്‍ഘവും കയ്‌പേറിയതുമായ ഒരു പോരാട്ടമായിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയുടെ നിര്യാണവും ഒരുകാലത്ത് ശക്തരായിരുന്ന 'ഐ' ഗ്രൂപ്പിന്റെ ശിഥിലീകരണവും സതീശന് പുതിയ വഴിതുറന്നു. എല്ലാ ജില്ലകളിലേയും നേതൃത്വത്തില്‍ സ്വാധീനമുണ്ടാക്കാനായി. കെ. സുധാകരന്‍, രമേശ് ചെന്നിത്തല, കെ. മുരളീധരന്‍ എന്നിവരുമായി തുടക്കത്തില്‍ ഏറ്റുമുട്ടലിലേക്ക് നയിച്ചെങ്കിലും പിന്നീട് സതീശന്റെ വഴിക്കുതന്നെ കാര്യങ്ങളെ ഏറെക്കുറേ നീങ്ങി. മുന്നണിയില്‍നിന്ന് പിന്തുണയും ലഭിച്ചു. ഇതില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ പിന്തുണ സതീശന് കാര്യങ്ങള്‍ എളുപ്പമാക്കി. 

കെ.സുധാകരന്‍ കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറിയതോടെ സതീശന് പാര്‍ട്ടിയിലെ പ്രധാന വെല്ലുവിളിയും ഇല്ലാതായിട്ടുണ്ട്. സംഘടനാതലത്തില്‍ സതീശന്റെ ഇടപെടല്‍ സുധാകരന്‍ ചോദ്യം ചെയ്യുകയും ഇത് അവര്‍ തമ്മിലുള്ള കടുത്ത ഭിന്നതയിലേക്കും ചിലപ്പോഴൊക്കെ പരസ്യമായി ജനം കാണുന്ന രീതിയില്‍ അത് പ്രതിഫലിക്കുകയും ചെയ്തു.. അത്ര കാര്‍ക്കശ്യക്കാരനല്ലാത്ത പുതിയ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് സഹകരിച്ച് മുന്നോട്ട് പോകണമെന്ന നിലപാടുകാരനാണ്. 

പ്രചാരണത്തിനിറങ്ങി ആവേശം വിതറുന്ന ശൈലിയല്ല സതീശന്റേത്. അണിയറയില്‍ തന്ത്രങ്ങളൊരുക്കി ശത്രുവിനെ നേരിടുന്ന രീതിയാണ്. വോട്ടര്‍പട്ടികയിലെ പരിശോധനകള്‍ മുതല്‍ ബൂത്ത് തലത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. വീഴ്ചകളില്‍ ഇടപെടും, തിരുത്തലുകള്‍ വരുത്തും. നേതാക്കളെ ഏകോപിപ്പിക്കും. കോണ്‍ഗ്രസിന് പരിചിതമല്ലാത്ത കാര്‍ക്കശ്യ നിലപാടുകളും ചേരുവയായി വരുമ്പോള്‍ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിയെ മുമ്പ് വലച്ചിരുന്ന ഗ്രൂപ്പ് ചരടുവലികള്‍ക്ക് സ്ഥാനമില്ലാതായി. മുന്നണിയെ നിയന്ത്രിക്കുന്നത് മുസ്ലിം ലീഗാണെന്ന വാദങ്ങളും അന്‍വര്‍ വിഷയത്തിലൂടെ സതീശന് മറികടക്കാനായി. പ്രസ്താവനകള്‍ നടത്തി വിവാദങ്ങള്‍ സൃഷ്ടിക്കുന്നരീതി കോണ്‍ഗ്രസില്‍ പതിവാണെങ്കിലും അതില്‍നിന്ന് വ്യത്യസ്തനാണ് സതീശന്‍. അവഗണിക്കേണ്ടത് അവഗണിച്ചും വിവാദത്തിനിടയാക്കുന്ന വിഷയങ്ങളില്‍ ഉമ്മന്‍ചാണ്ടി ശൈലിയുമാണ് സതീശന്‍ സ്വീകരിക്കുന്നത്.

നിലമ്പൂരിലെ വിജയത്തിലൂടെ ഒരുവെടിയിലൂടെ ഒരുപാട് പക്ഷികളെയാണ് സതീശന്‍ സ്വന്തമാക്കിയിരിക്കുന്നത്. പാര്‍ട്ടിയിലും മുന്നണിയിലുമുള്ള അംഗീകാരം. എല്‍ഡിഎഎഫിന്റെ സിറ്റിങ് സീറ്റ് പിടിച്ചെടുക്കലിലൂടെ 2026-ലേക്കുള്ള ആദ്യ ചുവട്. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള നേരിട്ടുള്ള രാഷ്ട്രീയ പോരാട്ടത്തിലെ വിജയം. തനിക്കെതിരെ നിയമസഭയിലടക്കം പണംതട്ടിപ്പ് ആരോപണം ഉന്നയിച്ച അന്‍വറിനുള്ള മറുപടി. പത്ത് വര്‍ഷത്തിന് ശേഷം പാര്‍ട്ടിയുടെ പ്രത്യേകിച്ച് ആര്യാടന്‍ മുഹമ്മദിന്റെ സീറ്റ് തിരിച്ചുപിടിക്കല്‍, തുടങ്ങിയ ഒരു മധുരഘോഷയാത്രയോടെയാണ് സതീശന്‍ നിലമ്പൂരില്‍നിന്ന് മടങ്ങുന്നത്...