തിരുവനന്തപുരം: നിലമ്പൂര്‍ തിരഞ്ഞെടുപ്പിലെ യുഡിഎഫ് മുന്നേറ്റത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍. ഒറ്റ പാര്‍ട്ടിയെ പോലെ പ്രവര്‍ത്തിക്കുന്ന മുന്നണിയാണ് ഐക്യജനാധിപത്യ മുന്നണിയെന്നും 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊടുങ്കാറ്റ് പോലെ യുഡിഎഫ് തിരിച്ചുവരുമെന്നും സതീശന്‍ പറഞ്ഞു. ചങ്ക് കൊടുത്തും മുന്നണിയെ സ്‌നേഹിക്കുന്ന പ്രവര്‍ത്തകരും നേതാക്കളും ഉള്ളപ്പോള്‍ യുഡിഎഫ് ജനഹൃദയം കവരുമെന്നും സതീശന്‍ സാമൂഹികമാധ്യമ പോസ്റ്റില്‍ കുറിച്ചു. 'എല്ലാ സ്വപ്‌നവും ശരിയായ സമയത്ത് യാഥാര്‍ഥ്യമാകും' എന്ന കുറിപ്പുള്‍പ്പെടുന്ന 2011 ല്‍ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയവും 2022 ലെ അര്‍ജന്റീനയുടെ ലോകഫുട്‌ബോള്‍ കിരീടനേട്ടവും 2026 ല്‍ യുഡിഎഫ് നേടും എന്നീ ചിത്രങ്ങളുള്‍പ്പെടെയാണ് സതീശന്റെ പോസ്റ്റ്. 

To advertise here,

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് മിന്നും വിജയമാണ് നേടിയത്. ഇടതു സ്ഥാനാര്‍ഥിയായി വിജയിച്ച പി.വി. അന്‍വര്‍ രാജിവെച്ചതിനെ തുടര്‍ന്നു നടന്ന ഉപതിരഞ്ഞെടുപ്പില്‍ പതിനൊന്നായിരത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഷൗക്കത്ത് പിതാവ് ആര്യാടന്‍ മുഹമ്മദ് ദീര്‍ഘകാലം കുത്തകയാക്കിവെച്ചിരുന്ന മണ്ഡലം യുഡിഎഫിനുവേണ്ടി തിരിച്ചുപിടിച്ചത്.സിപിഎമ്മിന്റെ എം.സ്വരാജിനെ 11,005 വോട്ടിനാണ് ഷൗക്കത്ത് പരാജയപ്പെടുത്തിയത്. മൂന്ന് മുന്നണികള്‍ക്കുമെതിരേ സ്വതന്ത്രനായി മത്സരിച്ച അന്‍വര്‍ പതിനയ്യായിരത്തോളം വോട്ട് പിടിച്ചു.