മലപ്പുറം: തുല്യശക്തികളുടെ പോരാട്ടമായി മാറിയ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയഗോള്‍ ആരുടെ ബൂട്ടില്‍നിന്ന് പിറക്കുമെന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയകേരളമാകെ. സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ ആദ്യഗോളടിച്ച യുഡിഎഫിനെ കരുത്തനായ എതിരാളിയെ നിര്‍ത്തിയാണ് എല്‍ഡിഎഫ് സമനിലയില്‍ കുരുക്കിയത്. തൊട്ടുപിന്നാലെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലൂടെ പി.വി. അന്‍വറും തൊടുത്തൂ, ഗോളൊന്ന്.

To advertise here,

പതുക്കെ യുഡിഎഫും എല്‍ഡിഎഫുമായുള്ള രാഷ്ട്രീയ പോരാട്ടമായി മാറിയ ഉപതിരഞ്ഞെടുപ്പില്‍, കനത്ത പോളിങ് രേഖപ്പെടുത്തുക കൂടി ചെയ്തതോടെ അന്തിമ വിജയി ആരെന്ന് പ്രവചിക്കുക അസാധ്യമായിരിക്കുകയാണ്. നിശ്ചിതമയത്തും അധികസമയത്തും തുല്യത പാലിച്ച മത്സരം ഷൂട്ടൗട്ടിലേക്ക് നീങ്ങിയതുപോലൊരു അവസ്ഥ. ഷൂട്ടൗട്ടിലെ അവസാനകിക്കും തൊടുക്കാതെ ഫലം നിര്‍ണയിക്കാനാവാത്ത നില.

പെട്ടിയില്‍വീണ 75.27 ശതമാനം വോട്ടില്‍ ആരുടെ മനം ആര്‍ക്കൊപ്പം എന്ന് നിശ്ചയിക്കാനാകാതെ അങ്കലാപ്പിലാണ് മുന്നണികള്‍. ഉയര്‍ന്ന പോളിങ് ശതമാനം തന്നെയാണ് മുന്നണികളുടെ രക്തസമ്മര്‍ദ്ദം ഉയര്‍ത്തുന്നത്. 2021-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ 75.23 ആയിരുന്നു പോളിങ് ശതമാനം. വ്യാഴാഴ്ച രാത്രിവരെ 74.35 ശതമാനമായിരുന്നു. കഴിഞ്ഞ തവണത്തേതുപോലെ പോളിങ് ഉയര്‍ന്നപ്പോള്‍ അത് ആര്‍ക്ക് ഗുണംചെയ്യുമെന്നതാണ് ഇനിയറിയാനുള്ളത്.

അന്‍വര്‍ ഫാക്ടര്‍

രണ്ടു മുന്നണികള്‍ക്കും ആത്മവിശ്വാസമുണ്ട്. പക്ഷേ അടിയൊഴുക്കുകളെ ഇരുകൂട്ടരും ഭയക്കുന്നുമുണ്ട്. അത് ഏതുരൂപത്തില്‍ ബാധിക്കുമെന്നുമാത്രമേ അറിയാനുള്ളൂ. പി.വി. അന്‍വര്‍ പിടിക്കുന്ന വോട്ടുകള്‍ എത്രത്തോളം ഇരുകൂട്ടരേയും ബാധിക്കുമെന്ന് പറയാറായിട്ടില്ല. അന്‍വര്‍ തുടക്കത്തില്‍ 75,000 വോട്ടുപിടിക്കുമെന്ന് അവകാശവാദമുന്നയിച്ചിരുന്നെങ്കിലും പിന്നീട് അത് 25,000 ലേക്ക് താഴ്ന്നിട്ടുണ്ട്. 1,0000 വോട്ടുപിടിച്ചാലും അത് അദ്ദേഹത്തിന് നേട്ടംതന്നെയാണ്. ഇതില്‍ ആരുടെയൊക്കെ വോട്ട് അടര്‍ന്നുവീണിട്ടുണ്ടാകുമെന്നതിനനുസരിച്ചായിരിക്കും അന്തിമഫലം. അന്‍വര്‍ ഉന്നയിച്ച വിഷയങ്ങള്‍ പലതും മലയോരമേഖലയെ ഗൗരവമായി ബാധിക്കുന്നതാണ്. അതിന്റെ നേട്ടം അദ്ദേഹം പ്രതീക്ഷിക്കുന്നുമുണ്ട്.

പ്രതീക്ഷയോടെ യുഡിഎഫ്

യുഡിഎഫ് പ്രതീക്ഷിക്കുന്നത് 15,000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷമാണ്. അതിന് കാരണമായി പറയുന്നത് ഭരണവിരുദ്ധവികാരവും ന്യൂനപക്ഷങ്ങളുടെ സഹകരണവുമാണ്. എന്നാല്‍ അതിനേക്കാള്‍ പ്രധാനം ചുങ്കത്തറ, എടക്കര, മൂത്തേടം പഞ്ചായത്തുകളില്‍നിന്ന് അവര്‍ പ്രതീക്ഷിക്കുന്ന ഉയര്‍ന്ന വോട്ടാണ്. 2021-ല്‍ പി.വി. അന്‍വര്‍ വിജയിച്ചപ്പോഴും ഈ പഞ്ചായത്തുകളില്‍ യുഡിഎഫിനായിരുന്നു ഭൂരിപക്ഷം. അത് ഇത്തവണ വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് അവര്‍ കരുതുന്നു. പിന്തുണ പ്രഖ്യാപിച്ചെങ്കിലും ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് എത്രത്തോളം അവര്‍ക്ക് ലഭിച്ചിട്ടുണ്ടാകുമെന്ന് കണ്ടറിയണം. ഇതുകാരണം മറുഭാഗത്തുനിന്ന് കുറച്ചു വോട്ടുകളെങ്കിലും നഷ്ടപ്പെടാനും സാധ്യതയുണ്ട്. പാര്‍ട്ടിക്കുള്ളിലെ പടലപ്പിണക്കം കാര്യമായി ബാധിക്കില്ലെന്നാണ് യുഡിഎഫിന്റെ ആത്മവിശ്വാസം. എങ്ങനെ വന്നാലും പതിനായിരമെങ്കിലും ഭൂരിപക്ഷമുണ്ടാകുമെന്നാണ് യുഡിഎഫിന്റെ കണക്ക്.

സ്വരാജിന്റെ വ്യക്തിപ്രഭാവം

എല്‍ഡിഎഫാണെങ്കില്‍ പതിനായിരത്തില്‍ കുറയാത്ത ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. എം. സ്വരാജ് വന്നതോടെ ഉണ്ടായ ഉണര്‍വാണ് അവര്‍ക്ക് ആത്മവിശ്വാസം നല്‍കുന്നത്. അന്‍വറിന്റെ പോക്ക് തങ്ങളെ ബാധിച്ചിട്ടില്ലെന്ന് തെളിയിക്കേണ്ട ബാധ്യതകൂടി ഇത്തവണ അവര്‍ക്കുണ്ട്. അന്‍വര്‍ കുറേ യുഡിഎഫ് വോട്ടുകള്‍ പിടിക്കുമെന്ന് അവര്‍ കണക്കുകൂട്ടുന്നു. അതേസമയം ഇടതുവിരുദ്ധരുടെ കുറച്ചുവോട്ടെങ്കിലും അന്‍വര്‍ പിടിക്കുമെന്ന ആശങ്കയും അവര്‍ക്കുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും എംഎല്‍എമാരുമടങ്ങിയ 'ഫുള്‍ സെറ്റ്' താഴേത്തട്ടുമുതല്‍ നടത്തിയ പ്രയത്‌നത്തിന് ഫലമുണ്ടാകുമെന്നാണ് ഇടതുപക്ഷം കരുതുന്നത്. അവസാനഘട്ടത്തില്‍ പാര്‍ട്ടിസെക്രട്ടറി എം.വി. ഗോവിന്ദനുണ്ടാക്കിയ വിവാദം ഒരു തലവേദനയായിത്തന്നെ നിലനില്‍ക്കുന്നുണ്ട്. സ്വരാജ് സ്ഥാനാര്‍ത്ഥിയായി വന്നതുകൊണ്ടുതന്നെ ബിജെപിക്ക് വോട്ടുചെയ്തിരുന്ന ഒരു ചെറിയവിഭാഗമെങ്കിലും സ്വരാജിനെതിരേ യുഡിഎഫിന് വോട്ടുചെയ്യാനുള്ള സാധ്യതയും തള്ളാനാവില്ല. സംഘപരിവാറിനെതിരേ ശക്തമായ നിലപാടെടുക്കുന്നയാളെന്ന നിലയില്‍ സ്വരാജിന്റെ ജയം തടയാനുള്ള ശ്രമമുണ്ടായേക്കാമെന്ന ഭയമുണ്ട്.അങ്ങനെ വന്നാല്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. മോഹന്‍ ജോര്‍ജ്ജിന്റെ വോട്ടില്‍ കഴിഞ്ഞതവണത്തേക്കാള്‍ കുറവുണ്ടാകും. എന്നാല്‍ ക്രിസ്ത്യന്‍മേഖലയില്‍ അദ്ദേഹത്തിനുള്ള സ്വാധീനമുപയോഗിച്ച് ആ കുറവ് മറികടക്കാനും കഴിഞ്ഞേക്കും. ക്രിസ്ത്യന്‍മേഖലയില്‍ സാമാന്യം നല്ലരീതിയിലുള്ള പ്രവര്‍ത്തനം അദ്ദേഹം നടത്തിയിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ കഴിഞ്ഞ തവണത്തെ 8,500 വോട്ട് നിലനിര്‍ത്താന്‍ കഴിയും. അതേസമയം പതിനായിരത്തില്‍ കൂടുതല്‍ വോട്ട് ലഭിക്കുമെന്നാണ് എന്‍ഡിഎ പ്രവര്‍ത്തകരുടെ പ്രതീക്ഷ.