നിലമ്പൂര്‍: വാശിയേറിയ നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ വോട്ടെണ്ണലിന്റെ ആദ്യ ഘട്ടം മുതല്‍ തന്നെ ഷൗക്കത്ത് തരംഗം കണ്ടു തുടങ്ങിയിരുന്നുവെങ്കിലും കരുളായി പഞ്ചായത്ത് സ്വരാജിനൊപ്പം നിന്നു. വോട്ടെണ്ണി 16-ാം റൗണ്ടിലെത്തിയപ്പോള്‍ 236 വോട്ടിന്റെ ലീഡാണ് അവിടെ നിന്നും ലഭിച്ചത്. ഇത് സ്വരാജിന് ചെറിയ ആശ്വാസം നല്‍കിയിരുന്നുവെങ്കിലും പിന്നീട് വീണ്ടും ഷൗക്കത്ത് തന്നെ മുന്നിലേക്കെത്തുകയായിരുന്നു. 

To advertise here,

ആകെ ഏഴ് പഞ്ചായത്തും നിലമ്പൂര്‍ നഗരസഭയും അടങ്ങുന്ന മണ്ഡലത്തില്‍ മറ്റൊരിടത്തും സ്വരാജിന് മുന്നേറാനായില്ല. നേരത്തെ ഷൗക്കത്തിന് വലിയ തിരിച്ചടി നല്‍കിയ ഭാഗമാണ് നിലമ്പൂര്‍ നഗരസഭ. എന്നാല്‍ ഇത്തവണ ഏറ്റവും കൂടുതല്‍ ലീഡ് സമ്മാനിച്ചതും നിലമ്പൂരാണ്‌. ഇവിടെ ഇത്തവണയും മുന്നേറ്റം നടത്താനാവുമെന്ന് എല്‍ഡിഎഫ് കണക്ക് കൂട്ടിയിരുന്നു. 

മണ്ഡലത്തില്‍ നിര്‍ണായകമാകുമെന്ന് എല്‍.ഡി.എഫ് കണക്ക് കൂട്ടിയ ഇടങ്ങളാണ് പോത്തുകല്ല്, കരുളായി, അമരമ്പലം, നിലമ്പൂര്‍ നഗരസഭ എന്നീ ഭാഗങ്ങള്‍. പക്ഷെ സ്വരാജിന്റെ വീട് നിലനില്‍ക്കുന്ന പോത്ത്കല്ലില്‍ പോലും പക്ഷെ ഫലം യു.ഡി.എഫിനൊപ്പം നില്‍ക്കുകയായിരുന്നു.

ഒരു സുപ്രഭാതത്തില്‍ പാര്‍ട്ടി ചിഹ്നത്തില്‍ ആളെ നിര്‍ത്തിയാല്‍ വിജയിച്ചു കയറാമെന്ന സി.പി.എം കണക്കു കൂട്ടലുകളേയും ഫലം മാറ്റി മറിച്ചു. 

15,000 വോട്ടിന്റെ ഭൂരിപക്ഷമാണ് യു.ഡി.എഫ് പ്രതീക്ഷിച്ചതെങ്കിലും അന്‍വര്‍ ഒരു ഘടകമായി മാറിയതോടെ ഭൂരിപക്ഷം 11,707 ല്‍ ഒതുങ്ങി. മാത്രമല്ല യു.ഡി.എഫ് പ്രതീക്ഷിച്ച ചുങ്കത്തറ, എടക്കര, മുത്തേടം പഞ്ചായത്തുകളെല്ലാം മുന്നേറ്റം നടത്താനുമായി. 2021-ല്‍ പി.വി അന്‍വര്‍ വിജയിച്ചപ്പോഴും ഈ പഞ്ചായത്തുകള്‍ യു.ഡി.എഫിനൊപ്പം നിന്നിരുന്നു.