
വിമര്‍ശനങ്ങള്‍ക്കും വീഴ്ചകള്‍ക്കും വികസനം എന്ന ഒറ്റമൂലി ചികിത്സയിലായിരുന്നു സിപിഎമ്മിന്റെയും എല്‍ഡിഎഫിന്റെയും ഉറപ്പും ആത്മവിശ്വാസവും. ആ വിശ്വാസത്തിലാണ് നിലമ്പൂരുകാര്‍ അവിശ്വാസം രേഖപ്പെടുത്തിയത്. എന്തും ചെയ്താലും സഹിക്കാനും ക്ഷമിക്കാനുമുള്ള ലൈസന്‍സല്ല വികസനം എന്ന് ജനം ഭൂരിപക്ഷത്തിന്റെ കണക്കുവെച്ച് അടിവരയിടുന്നു. Don't Under estimate എന്ന സിനിമാ ഡയലോഗ് മാത്രം മതി ഈ ഫലത്തിന്റെ കാരണം കണ്ടെത്താന്‍. അന്‍വറും ജനവും പറയുന്നത് അത് തന്നെ.
പല കാരണങ്ങള്‍ കൊണ്ട് നിലമ്പൂരിലെ വന്‍ തോല്‍വി എല്‍ഡിഎഫിന് പ്രത്യേകിച്ച് സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും കനത്ത തിരിച്ചടിയാണ്. ഒന്ന് രണ്ടാം പിണറായി സര്‍ക്കാരില്‍ ആദ്യമായി മുന്നണി ഒരു സിറ്റിങ് സീറ്റില്‍ തോല്‍ക്കുന്നു. അതും തദ്ദേശ തിരഞ്ഞെടുപ്പിന്റെയും നിയമസഭാ തിരഞ്ഞെടുപ്പിന്റെയും പടിവാതില്‍ക്കല്‍ വച്ച്. തുടര്‍ഭരണ ഇന്നിങ്‌സിന് ഓപ്പണിങ്ങായി നിലമ്പൂരിനെ എല്‍ഡിഎഫ് കണ്ടപ്പോള്‍ അതിലെ ആദ്യ വിക്കറ്റാണ് യുഡിഎഫിന് വീഴ്ത്തിയത്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് പാല പോലും എല്‍ഡിഎഫ് ചരിത്രത്തിലാദ്യമായി പിടിച്ചെടുത്ത വിജയഭേരിയുണ്ടായിരുന്നു. ആ ടേമില്‍ ആകെ കൈവിട്ടത് അരൂര്‍ മാത്രം. അതേസമയം വട്ടിയൂര്‍ക്കാവും കോന്നിയും യുഡിഎഫില്‍ നിന്ന് പിടിച്ചെടുത്ത് മേല്‍കൈ നേടി. യുഡിഎഫിന്റെ ഉറച്ച സീറ്റായ എറണാകുളത്തെ ഭൂരിപക്ഷം നാലിലൊന്നായി ചുരുക്കാനായതോടെ തുടര്‍ഭരണത്തിന്റെ കലാശക്കൊട്ടായി. കോവിഡ് കരുതലും കൂടിയായപ്പോള്‍ പിണറായി ചരിത്രം സൃഷ്ടിച്ചു. രണ്ടാം ടേമില്‍ പക്ഷേ കാര്യങ്ങള്‍ കൈവിട്ടു. കറുപ്പിനോടുള്ള കലിപ്പും, നല്‍കാത്ത സേവനത്തിന് മുഖ്യമന്ത്രിയുടെ മകള്‍ക്ക് മാസപ്പടി എന്ന ആക്ഷേപം, പൂരം കലക്കല്‍ എഡിജിപി അജിത് കുമാറിന്റെ ദുരൂഹമായ ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച, ക്ഷേമ പെന്‍ഷന്‍ മുടങ്ങല്‍, പി.പി ദിവ്യയുടെ അധികാരഗര്‍വ്, നവകേരള യാത്രയും രക്ഷാപ്രവര്‍ത്തനവും മുഖ്യമന്ത്രിയും അകമ്പടി വാഹനങ്ങളും അങ്ങനെ വിവാദങ്ങള്‍ക്ക് ഒരു പഞ്ഞവുമില്ലായിരുന്നു. തിരുത്തേണ്ടത് തിരുത്തി മുന്നോട്ടുപോകുമെന്ന് പറഞ്ഞ് തുടങ്ങിയ എം.വി ഗോവിന്ദന്‍ നിലമ്പൂര്‍ വോട്ടെടുപ്പിന് തലേന്ന അറിഞ്ഞുകൊണ്ട് നടത്തിയ വെളിപ്പെടുത്തല്‍ തിരുത്തല്‍ പട്ടികയില്‍ പെടുമോ എന്നറിയില്ല. ഇ.പിയെ തിരുത്തുകയും മുന്നണി കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് മാറ്റാനും കഴിഞ്ഞ തിരുത്തല്‍ തുടരുമോ. പാര്‍ട്ടി സെക്രട്ടറിയെ മുഖ്യമന്ത്രിക്ക് തിരുത്തേണ്ടി വന്നതും സിപിഎമ്മില്‍ അത്യപൂര്‍വ്വ കാഴ്ചയായി.
നിലമ്പൂരില്‍ അന്‍വര്‍ സൃഷ്ടിച്ച ഉപതിരഞ്ഞെടുപ്പില്‍ ഒരുപക്ഷേ അന്‍വര്‍ തന്നെ യുഡിഎഫിന് പാരയാകുമെന്ന് കണക്കുകൂട്ടി അതില്‍ ജയിച്ചുകയറാമെന്ന സിപിഎം കണക്കൂകൂട്ടലാണ് അമ്പേ പാളിയത്. ആ ധൈര്യമാണ് സ്വരാജിന്റെ സ്ഥാനാര്‍ഥിത്വത്തിലേക്ക് പോലും പാര്‍ട്ടിയെ നയിച്ചത്. ചെറിയ തോല്‍വിയാണെങ്കിലും പറഞ്ഞുനില്‍ക്കാമായിരുന്നു. സെക്രട്ടേറിയറ്റ് അംഗമാണ് തോറ്റത്. സിപിഎം സൈബറിടങ്ങളില്‍ പിണറായി കഴിഞ്ഞാല്‍ ഏറ്റവും ഫാന്‍സുള്ള യുവനേതാവാണ്. തുടര്‍ച്ചയായ തോല്‍വി സ്വരാജിനും ക്ഷീണമാണ്. വരുംകാല മുഖ്യമന്ത്രി എന്ന് പോലും പ്രചാരണവേളയില്‍ ചില നേതാക്കള്‍ സ്വരാജിനെ വാഴ്ത്തുന്നത് കണ്ടു.
കേരളത്തില്‍ അപൂര്‍വ്വം ചില തിരഞ്ഞെടുപ്പുകളില്‍ ഒഴികെ സിപിഎം അജണ്ടകളാണ് ഇലക്ഷന്‍ നിശ്ചയിച്ചുപോന്നത്. ബൗദ്ധിക സമൂഹത്തിന്റെ പിന്തുണയും ഇ.എം.എസ് മുതല്‍ പിണറായി വരെയുള്ളവരുടെ രാഷ്ട്രീയ തന്ത്രങ്ങളും സോഷ്യല്‍ എന്‍ജിനീയറിങ്ങും അതില്‍ നിര്‍ണായകമായി. കെ.കരുണാകരനും ഉമ്മന്‍ ചാണ്ടിയും അപൂര്‍വം ചില വേളകളിൽ അജണ്ട നിശ്ചയിച്ചതൊഴിച്ചാല്‍ പതിവ് ഇങ്ങനെയായിരുന്നു. എന്നാല്‍ രണ്ടാം പിണറായി സര്‍ക്കാര്‍ വന്ന ശേഷമുള്ള തിരഞ്ഞെടുപ്പുകളില്‍ ഇത് നേരെ തിരിച്ചാണ്. പലപ്പോഴും യുഡിഎഫ് അജണ്ട നിശ്ചയിച്ചു. എല്‍ഡിഎഫിന്റെ പെട്ടി വിവാദവും കാഫിര്‍ സ്‌ക്രീന്‍ ഷോട്ടും പോലുള്ളവ തിരിച്ചടിക്കുകയും ചെയ്തു. കഴിഞ്ഞ അഞ്ച് ഉപതിരഞ്ഞെടുപ്പുകളിലും പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് എന്നും മുന്‍കൈ നേടി. സ്ഥാനാര്‍ഥിയുടെ മികവിലും യുഡിഎഫ് ഒരുപടി മുന്നില്‍ നിന്നു. ജോ ജോസഫ് പരീക്ഷണവും സരിന്‍ എന്ന ഇന്നലത്തെ കോണ്‍ഗ്രസുകാരനും ഗുണം ചെയ്തില്ല.
ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സിഎഎ, പൗരത്വം എന്ന അജണ്ടയിലാണ് പിണറായി പ്രചാരണം നയിച്ചത്. കെ.രാധാകൃഷ്ണന്‍ മാത്രം അതിജീവിച്ച യുഡിഎഫ് തരംഗത്തിന് വഴിയൊരുക്കിയതും പാളിപ്പോയ ഈ പ്രചാരണമായിരുന്നു. ഭൂരിപക്ഷ സമുദായ വോട്ടുകള്‍ക്കൊപ്പം കേഡര്‍ വോട്ടുകളും ബിജെപിയിലേക്ക് ഒലിച്ചുപോയത് സിപിഎമ്മിനെ ഞെട്ടിച്ചു. പ്രതീക്ഷിച്ച ന്യൂനപക്ഷ വോട്ട് വീണതുമില്ല. മലപ്പുറം മുതല്‍ കാസര്‍കോട് വരെ എല്ലാ മണ്ഡലങ്ങളിലും ഒരുലക്ഷത്തിന് മുകളില്‍ യുഡിഎഫിന് ഭൂരിപക്ഷം വന്നത് സിപിഎമ്മിന്റെ അടിവേരിളക്കി. ആപത്ത് തിരിച്ചറിഞ്ഞ് ആ പരിക്ക് മാറ്റാനായി ആദ്യം ജമാഅത്തെ ഇസ്ലാമി ബന്ധം ചൂണ്ടി ആദ്യം ലീഗിനെയും പിന്നീട് പാണക്കാട് തങ്ങളെ വരെ വിമര്‍ശിക്കുന്ന പിണറായിയെ കേരളം കണ്ടു. പിന്നീട് തൃശൂര്‍ പൂരം അലങ്കോലപ്പെട്ടതും എഡിജിപി എം.ആര്‍ അജിത്കുമാറിന്റെ സംശയാസ്പദമായ ആര്‍എസ്എസ് നേതാവുമായുള്ള കൂടിക്കാഴ്ച. തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം എല്ലാം കൂട്ടിച്ചേര്‍ത്ത് ചില സംശയങ്ങള്‍ അന്തരീക്ഷത്തിലുയര്‍ന്നു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശവും ഇതിന് ബലമേകി. മാസപ്പടി കേസും ചെയ്യാത്ത ജോലിക്ക് എന്ത് പ്രതിഫലം എന്ന ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ഇന്നും ബാക്കി. മുന്‍പ് കോണ്‍ഗ്രസ്-ബിജെപി ബാന്ധവം എങ്ങനെ സിപിഎം സ്ഥാപിച്ചോ അതുപോലെ തിരിച്ച് പ്രയോഗിക്കാന്‍ പ്രതിപക്ഷത്തിന് ഈ വിവാദങ്ങള്‍ ധാരാളമായിരുന്നു. ചില കേസുകളിലെ ഇഴച്ചിലും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയം എന്ന ആരോപണത്തിലേക്കും അത് വളര്‍ന്നു. അത് അന്തരീക്ഷത്തില്‍ നില്‍ക്കുമ്പോഴാണ് എം.വി ഗോവിന്ദന്റെ തുറന്നുപറച്ചില്‍ വരുന്നത്. ഒരുവശത്ത് നഷ്ടപ്പെട്ട് പോയ ഹൈന്ദവ-കേഡര്‍ വോട്ടുകള്‍ തിരിച്ചുപിടിക്കണം. മറുവശത്ത് ന്യൂനപക്ഷ വോട്ടുകള്‍ നഷ്ടപ്പെടാതെ നോക്കണം. ഇത് രണ്ടും കൂടി എങ്ങനെ സാധിക്കുന്നു എന്നത് പിണറായിക്കും സിപിഎമ്മിനും ഒരുപോലെ പ്രധാനമാണ്. 2026 ന്റെ ഭാവിയും അത് നിശ്ചയിക്കും. അതിനായി പയറ്റി അജണ്ട ഇതുവരെ ഏശിയില്ല എന്നതും നിലമ്പൂര്‍ കടക്കുമ്പോഴും വ്യക്തം.
അന്‍വര്‍ പിടിച്ച വോട്ടില്‍ ഒരു പങ്ക് കൂടി യുഡിഎഫിലേക്ക് പോയിരുന്നെങ്കില്‍ തോല്‍വിയുടെ കാഠിന്യം ഇനിയും കൂടുമായിരുന്നു. യുഡിഎഫിന്റെ ജമാഅത്തെ ഇസ്ലാമി ബന്ധം എന്ന ഒറ്റ അജണ്ടയിലൂന്നിയായിരുന്നു എല്‍ഡിഎഫ് പ്രചാരണം. അതുണ്ടാക്കാവുന്ന ധ്രുവീകരണം കാര്യങ്ങള്‍ അനുകൂലമാക്കുമെന്ന മനക്കോട്ട. അതിലേക്ക് അറിഞ്ഞുകൊണ്ട് സെക്രട്ടറി എം.വി ഗോവിന്ദന്‍ വോട്ടെടുപ്പിന്റെ തലേന്ന് നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്. പക്ഷേ ജനം അവിശ്വസിച്ചു. അതില്‍ തെളിയുന്നത് എല്ലാറ്റിനും മീതെ സര്‍ക്കാരിനെതിരായ ജനവികാരം അലയടിച്ചത് തന്നെയാണ് ഈ ഭൂരിപക്ഷത്തിലേക്ക് യുഡിഎഫിനെ നയിച്ചത്. ക്ഷേമപെന്‍ഷന്‍ കുടിശ്ശിക നില്‍ക്കുമ്പോള്‍, ആശമാരെ അവഗണിച്ചപ്പോള്‍, പി.എസ് അംഗങ്ങള്‍ക്ക് ലക്ഷങ്ങള്‍ കൂട്ടാന്‍ മടിയുണ്ടായില്ല. ജമാഅത്തെ ഇസ്ലാമി ബന്ധം വര്‍ഗീയമായി കണ്ട സിപിഎമ്മിന് പിഡിപിയുടെ പിന്തുണ സ്വീകരിക്കാന്‍ വൈമുഖ്യമുണ്ടായില്ല. അത് എല്‍ഡിഎഫ് അജണ്ടയുടെ മുനയൊടിക്കാന്‍ പോന്നതായി. തന്ത്രശാലിയായ ആര്യാടന്‍ മുഹമ്മദ് മണ്ഡലം കോട്ടയാക്കിയത് ചാണക്യബുദ്ധിയിലായിരുന്നു. ലീഗ് ഇതര വോട്ട് ബാങ്കിലായിരുന്നു ആര്യാടന്റെ വിജയത്തുടര്‍ച്ച. ഇതരസമുദായ വോട്ടുകള്‍ കൂടി ഒപ്പം ചേര്‍ത്ത് ആര്യാടന്‍ തീര്‍ത്ത വോട്ടുബാങ്ക്. എന്നാല്‍ മകന്‍ കന്നിയങ്കത്തില്‍ തോറ്റത് ആ വോട്ട് ബാങ്ക് പിളര്‍ന്നപ്പോഴാണ്. ലീഗ് പിണങ്ങിയതിനൊപ്പം പഴയ കോണ്‍ഗ്രസുകാരനായ അന്‍വര്‍ കോണ്‍ഗ്രസ് വോട്ടുകളും ഇതരസമുദായവോട്ടുകളും ആര്‍ജിച്ചു. വി.വി പ്രകാശ് ജനവിധി അറിയാന്‍ കാത്തുനില്‍ക്കാതെ വിടപറഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗ് വോട്ടുകള്‍ യുഡിഎഫിലേക്ക് മടങ്ങിയെത്തി. പൊതു ട്രെന്‍ഡിനൊപ്പം കോണ്‍ഗ്രസ് വോട്ടുകളിലെ അടിയൊഴുക്കും അന്ന് അന്‍വറിന് കരപറ്റാന്‍ തുണയായി.
വിമര്‍ശിക്കുന്നവരെല്ലാം വികസനവിരോധികളാണെന്ന് സ്ഥാപിക്കാനുള്ള ശ്രമം വൃഥാവിലാണെന്ന് ഫലം പരിശോധിച്ചാല്‍ വ്യക്തമാകും. ക്ഷേമപെന്‍ഷനുകള്‍ മുടങ്ങിയത് കുടിശ്ശിക തീര്‍ത്ത് കൊടുക്കാനുള്ള തീവ്രപ്രയത്‌നത്തിലാണ് എല്‍ഡിഎഫ്. അത് സൂചിപ്പിക്കുന്നത് ചില തിരുത്തലുകള്‍ തുടങ്ങിയിട്ടുണ്ട് എന്ന് തന്നെയാണ്. അത് തുടരുമ്പോള്‍ തന്നെയാണ് പി.പി ദിവ്യയും ഒക്കെ പാര്‍ട്ടിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നത്. ശബരിമല വിവാദം ജനരോഷം വിളിച്ചുവരുത്തിയപ്പോള്‍ ഭവനസന്ദര്‍ശനത്തിലൂടെയാണ് സിപിഎം അത് മാറ്റിയെടുത്തതും 2021 ലെ വിജയത്തിലേക്ക് മടങ്ങിയെത്തിയതും. തിരുത്തലുകളുടെ തോതിലറിയാം 2026 ന്റെ ഭാവി.
Content Highlights: Kerala's Ruling LDF Suffers First Sitting Seat Loss: Implications of the Nilambur By-election Result
Published: 23 Jun 2025, 01:20 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented