ഇന്ത്യാമുന്നണിയും എന്‍.ഡി.എയും നേര്‍ക്കുനേര്‍ പോരാടുന്ന ഝാര്‍ഖണ്ഡില്‍ കണക്കുകൂട്ടലുകളെ തെറ്റിക്കാന്‍ ഒരു പുതിയ കക്ഷി രംഗത്തുണ്ട്. നിലവിലെ കക്ഷിനിലയും സ്ഥാനാര്‍ഥികളുടെ പെരുമയും മാത്രം നോക്കി രാഷ്ട്രീയം വിലയിരുത്താന്‍ ശ്രമിക്കുന്നവരെല്ലാം അവഗണിക്കുന്ന ഈ ശക്തിയാകും ചിലപ്പോള്‍ 81 സീറ്റ് മാത്രമുള്ള ഝാര്‍ഖണ്ഡ് സംസ്ഥാനം ആര് ഭരിക്കണമെന്ന് തീരുമാനിക്കുക. ഈ കക്ഷിയെ നയിക്കുന്നതാകട്ടെ 30 വയസ്സ് മാത്രം പ്രായമുള്ള ഒരു ചെറുപ്പക്കാരനും.
2024-ല്‍ മാത്രം രൂപവത്കരിച്ച ഝാര്‍ഖണ്ഡ് ലോക്താന്ത്രിക് ക്രാന്തികാരി മോര്‍ച്ച (ജെ.എല്‍.കെ.എം.) ആണ് കത്രിക ചിഹ്നത്തില്‍ പ്രബല കക്ഷികളുടെ ചിറകരിയാന്‍ ഒരുങ്ങുന്നത്. ടൈഗര്‍ മഹാതോ എന്ന് വിളിപ്പേരുള്ള ജെയ്റാം കുമാര്‍ മഹാതോ നയിക്കുന്ന ഈ പാര്‍ട്ടിയുടെ പൊതുയോഗങ്ങളില്‍ ആയിരക്കണക്കിന് യുവാക്കളാണ് പങ്കെടുക്കുന്നത്. കുറുമി സമുദായത്തിന്റെ പിന്തുണയുള്ള ജെ.എല്‍.കെ.എം. 76 സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്.
ജെ.എല്‍.കെ.എമ്മിന് വോട്ടര്‍മാര്‍ക്കിടയിലുള്ള പിന്തുണ അറിയണമെങ്കില്‍ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടിങ് നില പരിശോധിച്ചാല്‍ മതി. എട്ട് ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നായി ഒമ്പത് ലക്ഷത്തോളം വോട്ടുകളാണ് ജെ.എല്‍.കെ.എം. സമാഹരിച്ചത്.
ആറ് സീറ്റുകളില്‍ മൂന്നാമതെത്താന്‍ ഈ പുതിയ പാര്‍ട്ടിക്ക് സാധിച്ചു. ഗിരിധിഹ് മണ്ഡലത്തില്‍ മത്സരിച്ച ജെയ്റാം കുമാര്‍ മഹാതോവിനും മൂന്നാം സ്ഥാനം നേടാനേ കഴിഞ്ഞുള്ളുവെങ്കിലും 3,47,322 വോട്ടാണ് നേടിയത്. അവിടെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയുടെ ജയം ഉറപ്പാക്കിയത് ഈ വോട്ടുകളാണ്. രണ്ട് നിയമസഭാ മണ്ഡലങ്ങളില്‍ അദ്ദേഹം ലീഡ് നേടിയതാണ് ഇരുമുന്നണികളെയും അസ്വസ്ഥമാക്കുന്നത്. അതിലൊന്നായ ദുംരി മണ്ഡലത്തില്‍ ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയുടെ മന്ത്രി ബേബി ദേവിക്കെതിരെ ഈ തിരഞ്ഞെടുപ്പില്‍ ജയ്റാം മഹാതോ മത്സരിക്കുന്നുണ്ട്. ഗ്രാമപ്രദേശങ്ങളിലെ വോട്ടുകള്‍, പ്രത്യേകിച്ചും യുവാക്കളുടേത്, അദ്ദേഹം നേടുമെന്നുറപ്പാണ്.
2022-ല്‍ ഭോജ്പുരിയും മഗായിയും സംസ്ഥാനത്തെ പ്രാദേശിക ഭാഷകളായി പ്രഖ്യാപിച്ച തീരുമാനത്തിനെതിരെ നയിച്ച പ്രക്ഷോഭങ്ങളിലൂടെയാണ് ജെയ്റാം മഹാതോ ശ്രദ്ധേയനാകുന്നത്. ഝാര്‍ഖണ്ഡ് ഭാഷയ്ക്ക് വേണ്ടിയായിരുന്നു ജെയ്റാം മഹാതോയുടെ സമരം. ചെറുതും വലുതുമായി പത്തിലേറെ കേസുകളും മഹാതോയുടെ പേരിലുണ്ട്. ദന്‍ബാധ് ജില്ലയുടെ പുറത്തേക്കും പതിയെ ജയ്റാം മഹാതോയുടെ പിന്തുണ വ്യാപിച്ചു.
ഭാഷാപോരാട്ടത്തിന് വേണ്ടി രൂപവത്കരിച്ച ഝാര്‍ഖണ്ഡി ഭാഷാ ഖടിയാന്‍ സംഘര്‍ഷ് സമിതിയാണ് 2024-ല്‍ ജെ.എല്‍.കെ.എം. എന്ന പാര്‍ട്ടിയായി രജിസ്റ്റര്‍ ചെയ്തത്. പ്രാദേശികവാദം ആളിക്കത്തിച്ചും സാമൂഹികമാധ്യമങ്ങളിലൂടെ ശക്തമായ പ്രചാരണം നടത്തിയുമാണ് ജെയ്റാം മഹാതോ പിന്തുണയുണ്ടാക്കുന്നത്. തൊഴിലില്ലായ്മക്കെതിരെയുള്ള സമരങ്ങള്‍ യുവാക്കളെ നന്നായി ആകര്‍ഷിക്കുന്നുവെന്ന് ടൈഗര്‍ മഹാതോയുടെ പ്രസംഗങ്ങള്‍ക്ക് ലഭിക്കുന്ന കൈയടി വെളിവാക്കുന്നു.
Content Highlights: Jharkhand witnesses rise of new political outfit in State
Published: 13 Nov 2024, 09:20 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented