
ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിച്ച ഝാർഖണ്ഡിൽ ജെഎംഎം കോൺഗ്രസ് സഖ്യം കരുത്ത് തെളിയിച്ച് വീണ്ടും അധികാരത്തിലേക്ക്. ഇതോടെ സംസ്ഥാന ചരിത്രത്തിലാദ്യമായി ഒരു മുന്നണി സംസ്ഥാനത്ത് തുടർ ഭരണത്തിലെത്തുകയാണ്. അഴിമതിക്കേസിൽ ജയിലിലടച്ച കേന്ദ്ര അന്വേഷണ ഏജൻസികളോടും ബിജെപിയോടുമുള്ള ഹേമന്ത് സോറന്റെ മധുര പ്രതികാരം കൂടിയായി തിരഞ്ഞെടുപ്പ്ഫലം. സഖ്യകക്ഷികളെ ചേർത്തുപിടിച്ചും ആഴത്തിലുള്ള ഗോത്രവർഗ വേരുകളുള്ള സംസ്ഥാനത്ത് ആദിവാസികളുടെ അവകാശങ്ങൾ, ഭൂപരിഷ്‌കരണങ്ങൾ, സാമൂഹിക-സാമ്പത്തിക വികസനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ചും പ്രചാരണം നടത്തിയതാണ് ജെഎംഎമ്മിനും ഇന്ത്യാമുന്നണിക്കും ആധികാരിക വിജയത്തിലെത്താൻ വഴി തുറന്നത്. കൽപന സോറന്റെ ജനപ്രീതിയും ഹേമന്ത് സോറൻ സർക്കാർ സ്ത്രീകൾക്കായി നടത്തിയ ക്ഷേമപദ്ധതികളും വോട്ടായി എന്നാണ് വിലയിരുത്തൽ.
മുഖ്യമന്ത്രി ഹേമന്ത് സോറൻ, ഭാര്യ കൽപ്പന സോറൻ, ഹേമന്ദിന്റെ സഹോദരൻ ബസന്ത് സോറൻ, ഝാർഖണ്ഡിലെ പ്രഥമമുഖ്യമന്ത്രി ബാബുലാൽ മറാണ്ടി, ബി.ജെ.പി. പാളയത്തിലെത്തിയ സീതാ സോറൻ, മുൻ മുഖ്യമന്ത്രി ചംപായ് സോറൻ തുടങ്ങിയ പ്രമുഖ സ്ഥാനാർഥികളിൽ സീതാ സോറനും ചംപായ് സോറന്റെ മകൻ ബാബുലാൽ സോറനും തിളങ്ങാനായില്ല.
മുഖം മങ്ങി തെളിഞ്ഞ് കൽപന സോറൻ
ഹേമന്ത് സർക്കാരിന്റെ ജനപ്രിയത ഉയർത്തിയതിൽ പ്രധാന ഘടകം ഹേമന്ദിന്റെ പത്‌നി കൽപന സോറനായിരുന്നു. ജെഎംഎം എംഎൽഎ സർഫറാസ് അഹമ്മദിൻ്റെ രാജിയെത്തുടർന്ന് ഒഴിവുവന്ന ഗന്ധേയ് മണ്ഡലത്തിൽ ഈ വർഷം ജൂൺ നാലിന് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ചാണ് കൽപന സംസ്ഥാന ഭരണസിരാകേന്ദ്രത്തിലെത്തുന്നത്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിലെ കൽപനയുടെ പ്രസംഗശൈലിയും ആളുകളോട് അവർ സംവദിക്കുന്നതും ചുരുങ്ങിയ കാലത്തിനുള്ളിൽ അവരെ ജനപ്രിയതാരമാക്കിയിരിക്കുന്നു. അതിനാൽ തന്നെ മികച്ച വിജയത്തിൽ എത്തിച്ചേരുമെന്ന പ്രതീക്ഷയായിരുന്നു ജെഎംഎമ്മിന്. ഗന്ധേയ് മണ്ഡലത്തിൽ ആദ്യഘട്ടത്തിൽ പിന്നോട്ടു പോയത് പാർട്ടിക്ക് വലിയ ക്ഷീണമുണ്ടാക്കി. എന്നാൽ, അവസാനഘട്ടത്തിലേക്കെത്തുമ്പോൾ ലീഡ് നില ഉയർത്തി കൽപന വിജയിക്കുന്ന കാഴ്ചയാണ് കണ്ടത്.
മൂന്ന് സർക്കാരുകളായിട്ടാണെങ്കിലും 2019 മുതൽ 2024 വരെ അഞ്ച് വർഷം ഭരണം തികച്ച ജെ.എം.എമ്മിന് അതിനുശേഷവും തുടർഭരണം സാധ്യമാകുന്നെങ്കിൽ അതിന് കാരണം കല്പനയുടെയും ഹേമന്ത് സർക്കാരിന്റെയും യോജന പദ്ധതിയുമായിരുന്നു. തുടർഭരണം ലക്ഷ്യമിട്ട് ജെ.എം.എം-കോൺഗ്രസ്- ആർ.ജെ.ഡി- ഇടതു സഖ്യം പ്രചാരണായുധമാക്കിയത് പെൻഷൻ പദ്ധതിയായിരുന്നു. അഞ്ച് വിഭാഗങ്ങളിലായി വിവിധ പെൻഷൻകാർക്ക് ഹേമന്ത് സോറൻ സർക്കാർ നൽകിവരുന്നത് മാസം 1000 രൂപ വീതമാണ്. നാലുകോടി വരുന്ന ഝാർഖണ്ഡ് ജനതയിൽ നാല്പത് ലക്ഷത്തിലേറെ പേർക്ക് ആനുകൂല്യം ലഭിക്കുന്നു. ദേശീയ സാമൂഹിക പെൻഷൻ പദ്ധതിയിൽ സംസ്ഥാനത്തിന്റെ അധികവിഹിതം ചേർത്താണ് പദ്ധതി നടപ്പാക്കിയത്. 1200 കോടിയോളം രൂപയാണ് പ്രതിവർഷം പദ്ധതിക്കായി ഝാർഖണ്ഡ് സർക്കാർ നീക്കിവെക്കുന്നത്. ഇതെല്ലാം തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചു.
രണ്ടിടത്ത് സി.പി.ഐ.എം.എൽ
ഇന്ത്യമുന്നണിയുടെ ഭാഗമായി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ സി.പി.ഐ.എം.എൽ നാല് മണ്ഡലങ്ങളിലാണ് മത്സരിച്ചത്. നിർസ മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ അരുപ് ചാറ്റർജിയുടെയും സിന്ദ്രി മണ്ഡലത്തിൽ നിന്ന് ജനവിധി തേടിയ ചന്ദ്രദേവോ മഹതോയുടെയും വിജയം പാർട്ടിക്കും കരുത്ത് പകരുന്നുണ്ട്. 1500 ൽപരം വോട്ടുകൾക്കാണ് അരുപ് ചാറ്റർജിയുടെ വിജയം. 3400 ൽ പരം വോട്ടുകൾക്ക് ചന്ദ്രദേവോ മഹതോ നിയസഭയിലേക്കെത്തുന്നത്.
ആർജെഡി സ്ഥാനാർകളുടെ മുന്നേറ്റം
ഝാർഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ ജനതാദൾ അമ്പരപ്പിക്കുന്ന മത്സരമാണ് മുന്നോട്ടുവെച്ചത്. പാർട്ടി മത്സരിച്ച ആറ് സീറ്റുകളിൽ അഞ്ചിലും സ്ഥാനാർഥികൾ വിജയിത്തിലെത്തിയിരിക്കുകയാണ്. ദിയോഘറിൽ ആർജെഡിയുടെ സുരേഷ് പാസ്വാനും ഗോഡ്ഡയിൽ സഞ്ജയ് പ്രസാദ് യാദവും ബിഷ്രാംപുരിൽ നരേഷ് പ്രസാദ് സിങും ഹുസൈനാബാദിൽ സഞ്ജയ് കുമാർ സിങ് യാദവും വിജയം ഉറപ്പിച്ചപ്പോൾ ഛത്രയിൽ രശ്മി പ്രകാശും കൊഡെർമയിൽ സുഭാഷ് പ്രസാദ് യാദവും പരാജയത്തിലേക്ക് നീങ്ങുകയാണ്.
സെരായ്‌കെലയിൽ സ്റ്റാർ ചംപായ് മാത്രം
അഴിമതി ആരോപണം ആയുധമാക്കി തിരഞ്ഞെടുപ്പ് ഗോദയിലേക്കിറങ്ങിയ ബി.ജെ.പിക്ക് കരുത്ത് പകർന്നത് ചംപായ് സോറന്റെ വരവായിരുന്നു. സെരായ്‌കെല ഉൾപ്പെട്ട കോലാൻ മേഖലയിലെ ചംപായ് സോറന്റെ സ്വാധീനം ബി.ജെ.പി.ക്ക് അനുകൂലമാകുമെന്ന പ്രതീക്ഷ തെറ്റിയില്ല. ആദ്യ ഘട്ടത്തിൽ വോട്ടുനിലയിൽ മുന്നിൽ നിന്ന ചംപായ് ഇടയ്ക്ക് ഒന്ന് പിന്നിലേക്ക് പോയെങ്കിലും കരുത്ത് തെളിയിച്ച് മുന്നിലേക്ക് വരുകയായിരുന്നു.

സ്ഥാനാർഥി പ്രഖ്യാപനത്തിൽ അസംതൃപ്തി പ്രകടിപ്പിച്ച് പാർട്ടിയിൽ നിന്ന് എംഎൽഎമാർ ഉൾപ്പെടെ രാജി സമർപ്പിച്ചത് ബിജെപിക്ക് സ്ഥാനാർഥി പ്രഖ്യാപനം മുതലേ വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. മുൻ മുഖ്യമന്ത്രി അർജുൻ മുണ്ടയുടെ ഭാര്യ മീരാ മുണ്ട, ചംപായ് സോറന്റെ മകൻ ബാബുലാൽ സോറൻ, മുൻ മുഖ്യമന്ത്രി രഘുബർ ദാസിന്റെ മരുമകൾ പൂർണിമ ദാസ്, ബിജെപി എംപി ഡുള്ളു മഹാതോയുടെ സഹോദരൻ ശത്രുഘ്‌നൻ മഹാതോ, ബിജെപി നേതാവ് ചന്ദ്രപ്രകാശ് ചൗധരിയുടെ സഹോദരൻ റോഷൻ ലാൽ ചൗധരി, മുൻ എംഎൽഎ സഞ്ജീവ് സിങ്ങിന്റെ ഭാര്യ രാഗിണി സിങ് എന്നിവർ സ്ഥാനാർഥി പട്ടികയിലുൾപ്പെട്ടതായിരുന്നു പാർട്ടിയിൽ ഉൾപോരിനും പിന്നീട് പരസ്യപോരിനും വഴി തുറന്നത്. എന്നാൽ ഇവരെല്ലാം വിജയത്തിലേക്ക് എത്തിയതോടെ പാർട്ടിയെ സംബന്ധിച്ചിടത്തോളം പരാജയത്തിലും പിടിച്ചുനിൽക്കാനുള്ള സാഹചര്യമൊരുക്കി.
എ.ജെ.എസ്.യു. പാർട്ടി അധ്യക്ഷനും തോൽവി
സില്ലി മണ്ഡലത്തിൽ എൻഡിഎ മുന്നണിയുടെ പ്രതീക്ഷയായിരുന്ന എ.ജെ.എസ്.യു. പാർട്ടി അധ്യക്ഷൻ കൂടിയായ സുദേഷ് കുമാർ മഹാതോ പരാജയത്തിലേക്ക് നീങ്ങിയത് മുന്നണിക്ക് വലിയ തിരിച്ചടിയാണ് സമ്മാനിച്ചത്. ജെഎംഎം സ്ഥാനാർഥി അമിത് കുമാറാണ് സുദേഷ് കുമാർ മഹാതോയെ പരാജയപ്പെടുത്തി വിജയത്തിലേക്ക് നീങ്ങുന്നത്.
തിളങ്ങാതെ സീതാ സോറനും ബാബുലാൽ സോറനും
ഹേമന്ത് സോറന്റെ മൂത്തസഹോദരൻ അന്തരിച്ച ദുർഗ സോറന്റെ ഭാര്യ സീതാ സോറൻ ബിജെപിയിലെത്തിയത് പാർട്ടിക്ക് ഗുണം ചെയ്യുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും തിരഞ്ഞെടുപ്പിൽ തിളങ്ങാൻ സാധിച്ചില്ല. ജംതാരയിൽ നിന്ന് ജനവിധി തേടിയ സീതാ സോറനെ ജനം കൈവിടുന്ന കാഴ്ചയാണ് വോട്ടെണ്ണലിന്റെ ആദ്യഘട്ടം മുതലുണ്ടായത്. കോൺഗ്രസിലെ ഇർഫാൻ അൻസാരി മണ്ഡലത്തിൽ വിജയമുറപ്പിച്ചുകഴിഞ്ഞു.
ചംപായ് സോറന്റെ മകൻ ബാബുലാൽ സോറനെ തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കാൻ തീരുമാനിച്ചത് ബിജെപിക്കുള്ളിൽ വലിയ അമർഷത്തിന് കാരണമായിരുന്നു. എന്നാൽ ചംപായിയുടെ വ്യക്തിപ്രഭയിൽ മണ്ഡലം സ്വന്തമാക്കാമെന്ന വിലയിരുത്തലിലായിരുന്നു ബിജെപി. എന്നാൽ ഘട്സിലയിൽ ബാബുലാൽ സോറൻ പരാജയമുറപ്പിച്ചിരിക്കുകയാണ്. ജെഎംഎമ്മിലെ രാംദാസ് സോറൻ വിജയമുറപ്പിച്ചുകഴിഞ്ഞു.
ദുംരിയിൽ ജെയ്റാം കുമാർ മഹാതോ
കത്രിക ചിഹ്നത്തിൽ പ്രബല കക്ഷികളുടെ ചിറകരിയാൻ ഒരുങ്ങിയിറങ്ങിയ ലോക്താന്ത്രിക് ക്രാന്തികാരി മോർച്ച (ജെ.എൽ.കെ.എം.) സംസ്ഥാന രാഷ്ട്രീയത്തിൽ ഇടമുറപ്പിച്ചിരിക്കുകയാണ്. ദുംരിയിൽ ജെഎംഎമ്മിനെയും എജെഎസ്യുവിനെയും പിന്നിലാക്കി ടൈഗർ മഹാതോ എന്നറിയപ്പെടുന്ന ജെയ്റാം കുമാർ മഹാതോ വിജയിച്ചു. 2024-ൽ മാത്രം രൂപവത്കരിച്ച ജെ.എൽ.കെ.എമ്മിന് വോട്ടർമാർക്കിടയിലുള്ള പിന്തുണ ലോക്സഭാ തിരഞ്ഞെടുപ്പിൽ തന്നെ വ്യക്തമായിരുന്നു. എട്ട് ലോക്സഭാ മണ്ഡലങ്ങളിൽ നിന്നായി ഒമ്പത് ലക്ഷത്തോളം വോട്ടുകളാണ് ജെ.എൽ.കെ.എം. സമാഹരിച്ചത്.

ഗിരിധിഹ് മണ്ഡലത്തിൽ മത്സരിച്ച ജെയ്റാം കുമാർ മഹാതോ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും രണ്ട് നിയമസഭാ മണ്ഡലങ്ങളിൽ അദ്ദേഹം ലീഡ് നേടിയതാണ് ഇരുമുന്നണികളെയും അസ്വസ്ഥപ്പെടുത്തിയിരുന്നു. അതിലൊന്നായ ദുംരി മണ്ഡലത്തിൽ മത്സരിക്കാനുള്ള ടൈഗർ മഹാതോയുടെ തീരുമാനം ഫലംകണ്ടു. ഈ 30 കാരൻ ഗ്രാമപ്രദേശങ്ങളിലെ വോട്ടുകൾ, പ്രത്യേകിച്ചും യുവാക്കളുടേ വോട്ടുകൾ കൂടുതൽനേടുമെന്ന് രാഷ്ട്രീയ വിലയിരുത്തലുകളെ ശരിവെക്കുന്ന വിജയമാണ് ഉണ്ടായിരിക്കുന്നത്. 10945 വോട്ടുകൾക്കാണ് ടൈഗറിന്റെ വിജയം.
ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയും കോണ്‍ഗ്രസും ആര്‍.ജെ.ഡി.യും സി.പി.ഐ.എം.എല്ലു മുള്‍പ്പെടുന്ന ഇന്ത്യസഖ്യവും ബി.ജെ.പി.യും ഓള്‍ ഝാര്‍ഖണ്ഡ് സ്റ്റുഡന്റ്സ് യൂണിയനും ജെ.ഡി.യു.വും ലോക് ജനശക്തിയുമുള്‍പ്പെടുന്ന എന്‍.ഡി.എ.യും തമ്മിലായിരുന്നു പ്രധാനമത്സരം. ഗോത്രവര്‍ഗവോട്ടുകള്‍ എങ്ങോട്ട് കൂടുതലായി ചായുന്നുവെന്നതിനെ ആശ്രയിച്ചാണ് സംസ്ഥാനത്ത് ആര് വാഴും ആര് വീഴും എന്നത് നിർണയിക്കുക. സംസ്ഥാനത്തെ 81 നിയമസഭാ മണ്ഡലങ്ങളില്‍ 28-ഉം പട്ടികവര്‍ഗ സംവരണമണ്ഡലങ്ങളാണ്. മറ്റുമണ്ഡലങ്ങളിലും ഏറിയും കുറഞ്ഞുമുള്ള ആദിവാസിവോട്ടര്‍മാര്‍ നിര്‍ണായകമാണ്. ഇത്തവണയും ഗോത്രവര്‍ഗവോട്ടുകള്‍ ജെഎംഎം കോൺഗ്രസ് സഖ്യത്തെ പിന്തുണച്ചത് മുന്നണിയെ സംസ്ഥാന ചരിത്രത്തിലാദ്യമായി തുടർഭരണത്തിലേക്ക് നയിക്കുകയാണ്.
2019-ൽ ജെ.എം.എം. സഖ്യം 47 സീറ്റുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചപ്പോൾ 25-ഉം ആദിവാസി സംവരണ മണ്ഡലങ്ങളായിരുന്നു. 90 ശതമാനത്തിന് മുകളിൽ വോട്ടുകൾ നേടിയായിരുന്നു വിജയം. എന്നാൽ ബി.ജെ.പി.യുടെ സ്ഥിതി അന്ന് പരമദയനീയമായി. 7.14 ശതമാനം വോട്ടുകളിലൊതുങ്ങേണ്ടിവന്നു. 28 എസ്.ടി. സംവരണ മണ്ഡലങ്ങളിൽ ബി.ജെ.പി.ക്ക് കിട്ടിയത് രണ്ടെണ്ണം മാത്രം.
2014-ൽ അധികാരത്തിലേറിയ ബി.ജെ.പി.-എ.ജെ.എസ്.യു. സഖ്യം സംസ്ഥാനചരിത്രത്തിലാദ്യമായി ആദിവാസിയിതര മുഖ്യമന്ത്രിയെ (ഇപ്പോഴത്തെ ഒഡിഷ ഗവർണർ രഘുബർദാസ്) പരീക്ഷിച്ചതും ആദിവാസികളുടെ ഭൂവുടമസ്ഥാവകാശം ഉറപ്പുനൽകുന്ന നിയമങ്ങൾ ഭേദഗതിചെയ്തതും എൻ.ഡി.എ.യ്ക്ക് 2019-ലെ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായി. പിന്നീട് ഈ ഭേദഗതികൾ ബി.ജെ.പി. സർക്കാർ പിൻവലിച്ചെങ്കിലും അത് തിരഞ്ഞെടുപ്പിൽ ഗുണം ചെയ്തില്ല. ആദിവാസിവിഭാഗങ്ങൾക്ക് ബി.ജെ.പി.യോടുള്ള എതിർവികാരം ശക്തിപ്പെട്ടു. അവരുടെ ആശങ്കകളെ ആയുധമാക്കി ജെ.എം.എം.-കോൺഗ്രസ് സഖ്യം നടത്തിയ പ്രചാരണം ഫലവത്താവുകയും ചെയ്തു.
2019-ലെ നിയമസഭാ തിരഞ്ഞെടുപ്പ് സീറ്റുനില
ജെ.എം.എം. - 30
ബി.ജെ.പി. - 25
കോണ്‍ഗ്രസ് - 16
സി.പി.ഐ.എം.എല്‍. - 1
ആര്‍.ജെ.ഡി. - 1
ജെ.വി.എം. - 3
എന്‍.സി.പി. - 1
എ.ജെ.എസ്.യു. - 2
ആദിവാസിവിശ്വാസം തിരിച്ചുപിടിക്കാൻ ശ്രമം ബി.ജെ.പി. നടത്തുന്നുണ്ടെങ്കിലും ഇക്കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുവരെയും അത് ഫലംകണ്ടിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആകെയുള്ള 14 മണ്ഡലങ്ങളിൽ അഞ്ച് ആദിവാസി മണ്ഡലങ്ങളും ജെ.എം.എം. സഖ്യത്തെയാണ് തുണച്ചത്, മറ്റ് ഒൻപത് മണ്ഡലങ്ങൾ ബി.ജെ.പി. പിടിച്ചെങ്കിലും ആദിവാസിവിശ്വാസം തിരിച്ചുപിടിക്കാൻ കഴിഞ്ഞില്ല. അത് ഈ നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്ന കാഴ്ചയ്ക്കാണ് ഝാർഖണ്ഡ് സാക്ഷിയായത്.
Content Highlights: Jharkhand Assembly election results: JMM-Congress alliance wins
Published: 23 Nov 2024, 04:35 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented