അധികാരപർവം

To advertise here,

രാജകീയ ജീവിതമാണെങ്കിലും രാജസ്ഥാനിൽ സാധാരണക്കാരുടെ പൾസ് അറിഞ്ഞ നേതാവാണ് വസുന്ധര രാജെ. രാഷ്ട്രീയ സാമർഥ്യവും സംഘാടനാ പാടവുമാണ് വസുന്ധരയ്ക്ക് കൈമുതലായുള്ളത്.  ബി.ജെ.പി. കേന്ദ്ര നേതൃത്വത്തിന്റെ ചൊൽപ്പടിയിൽ നിൽക്കാത്ത ചുരുക്കം നേതാക്കളിൽ ഒരാളാണ് വസുന്ധര. വാജ്‌പേയി-അദ്വാനി കാലഘട്ടത്തിൽ പയറ്റിത്തെളിഞ്ഞതിന്റെ കൂസലില്ലായ്മ വസുന്ധരയിൽ പ്രകടം.

ബി.ജെ.പി.യുടെ ദേശീയ നിർവാഹക സമിതിയിൽ അംഗമായി 1984-ൽ തന്റെ രാഷ്ട്രീയജീവിതം ആരംഭിച്ച വസുന്ധര രാജെ തുടർന്ന് പാർട്ടിയുടെ നിരയിൽ ക്രമേണ ഉയർന്നു. 1985-ൽ ധോർപുരിൽനിന്ന് എം.എൽ.എ.യായി. 1985-ൽ രാജസ്ഥാനിലെ ബി.ജെ.പി.യുടെ യുവജനവിഭാഗത്തിന്റെ ഉപാധ്യക്ഷ. രണ്ടുവർഷത്തിന് ശേഷം ബി.ജെ.പി. സംസ്ഥാന ഘടകത്തിന്റെ ഉപാധ്യക്ഷ. 1997-98ൽ ജർവാറിൽനിന്ന് ലോക്‌സഭയിലേക്ക് ജയിച്ചു.

തുടർന്ന് നാലുതവണ വസുന്ധര ലോകസഭയിലെത്തി. വാജ്‌പേയി മന്ത്രിസഭയിൽ വിദേശകാര്യം (1998-99), ആണവോർജ വകുപ്പ് (1999-2003) എന്നിവ കൈകാര്യം ചെയ്തു. 2003-ൽ രാജെ വാജ്‌പേയിയുടെ നിർദേശപ്രകാരം രാജസ്ഥാൻ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തി. നിയമസഭ തിരഞ്ഞെടുപ്പിൽ 200ൽ 120 സീറ്റുകൾ നേടി കോൺഗ്രസിനെ തറപറ്റിച്ച് മുഖ്യമന്ത്രി പദത്തിലേക്ക്. സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയായി.

സംസ്ഥാനത്തിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലും റോഡുകൾ, കനാലുകൾ, പവർ സ്റ്റേഷനുകൾ എന്നിവ നിർമിക്കുന്നതിലും ശ്രദ്ധയൂന്നിയുള്ള ഭരണം. സ്ത്രീ ശാക്തീകരണത്തിനായുള്ള സ്വയം സഹായ ചെറുകിട വായ്പാ പദ്ധതിക്ക് ഐക്യരാഷ്ട്രസഭ 2007-ൽ അവർക്ക് വുമൺ ടുഗെദർ അവാർഡ് നൽകി ആദരിച്ചു. എന്നാൽ വസുന്ധരുടെ ഉറച്ച ശൈലി സമുദായ സംഘടനകളുടെ എതിർപ്പിന് വഴിവെച്ചു. ഒപ്പം ജാതി അക്രമ സംഭവങ്ങളും ഭരണകാലത്തിന് കളങ്കമായി. 2008-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യുടെ സീറ്റെണ്ണം 78 സീറ്റിലേക്ക് താഴ്ന്നു. പ്രതിരോധങ്ങൾക്കിടയിലും  എം.എൽ.എ. സ്ഥാനം നിലനിർത്തിയ വസുന്ധര പ്രതിപക്ഷനേതാവായി. 5 വർഷം കൂടുമ്പോൾ ഭരണമാറ്റം പതിവാക്കിയ രാജസ്ഥാനിൽ 2013 ൽ വീണ്ടും വസുന്ധര അധികാരമേറ്റു. 163 സീറ്റുകളായിരുന്നു അന്ന് ബലം.

ഗ്വാളിയർ രാജകുടുംബത്തിൽനിന്ന് ദൗലപുർ കുടുംബത്തിലേക്ക്

മധ്യപ്രദേശിലെ ഗ്വാളിയറിന്റെ ഭരണാധികാരികളായിരുന്ന സമ്പന്ന സിന്ധ്യ  രാജകുടുംബത്തിലാണ് വസുന്ധരയുടെ ജനനം. ചെറുപ്പത്തിലേ പിതാവ് ജിവാജിറാവു മരണപ്പെട്ടു. സ്വാതന്ത്ര്യലബ്ധിയുടെ ശൈശവത്തിലൂടെ രാജ്യം കടന്നുപോകുന്ന ആ കാലത്ത് ബി.ജെ.പി.യുടെ ആദ്യകാലരൂപമായ ഭാരതീയ ജനസംഘത്തിലെ മധ്യപ്രദേശിലെ മുതിർന്ന നേതാവായിരുന്ന അമ്മ വിജയരാജെ. 

സാമ്പത്തിക ശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും ബിരുദം നേടിയശേഷം 1972-ൽ രാജസ്ഥാന്റെ മരുമകളായാണ് ഹേമന്ത് സിങ്ങിനൊപ്പം ദൗലപുർ രാജകുടുംബത്തിലേക്ക് വസുന്ധരയെത്തുന്നത്.പിന്നീട് രാജസ്ഥാനായി ജീവിതലോകം. ഒരുവർഷംമാത്രമാണ് ദാമ്പത്യം നീണ്ടുനിന്നത്. മകൻ ദുഷ്യന്ത് വളർന്നതോടെ അമ്മയുടെ പാത പിന്തുടർന്ന് സജീവ രാഷ്ട്രീയത്തിലേക്കിറങ്ങി. എഴുപത്തൊന്നാം വയസ്സിലും സജീവ രാഷ്ട്രീയം തുടരുന്ന വസുന്ധരയുടെ പ്രവർത്തന കാലം ബി.ജെ.പി.യുടെ രാജസ്ഥാനിലെ ചരിത്രംകൂടിയാണ്. ഇരുട്ടും വെളിച്ചവും മാറി മാറി വീണ വസുന്ധരയുടെ ജീവിതശൈലിയും രാഷ്ട്രീയ ശൈലിയും കല്ലേറും പൂമാലയും ഒരുപോലെ ക്ഷണിച്ചുവരുത്തുന്നു. കലഹപ്രിയയായ വസുന്ധരയോട് കേന്ദ്ര-സംസ്ഥാനഘടകങ്ങളിലും ഇണക്കവും പിണക്കവുമേറെ.

നഷ്ടമായ മുഖ്യമന്ത്രി സ്ഥാനം

നാലു പതിറ്റാണ്ടുനീണ്ട രാഷ്ട്രീയജീവിതവും രണ്ടുതവണ മുഖ്യമന്ത്രിയുമായ വസുന്ധരയ്ക്ക് 2023-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണം കിട്ടിയിട്ടും പരിഗണന കിട്ടിയില്ല. വസുന്ധരയെ ഒതുക്കാൻ തക്കംപാർത്ത കേന്ദ്ര നേതൃത്വം പുതുമുഖം മുഖ്യമന്ത്രിയാകട്ടെ എന്ന സമവാക്യം സൃഷ്ടിച്ച് വസുന്ധരയെ തടഞ്ഞു. ഇതോടെ അസ്വസ്ഥയായ വസുന്ധര അനുയായികളായ എം.എൽ.എ.മാർക്കൊപ്പം പ്രതിഷേധത്തിന് കോപ്പ് കൂട്ടിയെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടലിൽ അടങ്ങി. കേന്ദ്രം വസുന്ധരയ്ക്ക് നൽകിയ വാഗ്ദാനമെന്തെന്ന് ഇനിയും വ്യക്തമല്ല.

അതുകൊണ്ടുതന്നെ 2024-ലെ  ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പുറമേ ഐക്യം അവകാശപ്പെടുന്നുണ്ടെങ്കിലും വസുന്ധര ഒരുവശത്തും ബി.ജെ.പി.യുടെ ദേശീയ- സംസ്ഥാന നേതൃത്വങ്ങൾ മറുവശത്തുമെന്ന നിലയിലാണ് കാര്യങ്ങൾ. വസുന്ധരയെ അടുത്ത മുഖ്യമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടാതെയാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിടുന്നത്. ആരാണ് നയിക്കുന്നതെന്ന ചോദ്യത്തിന് ‘മോദിയാണ്  മുഖം എന്നു സംസ്ഥാന നേതൃത്വം ഉത്തരം നൽകുന്നു. വസുന്ധരയെ പൂർണമായി ഒഴിവാക്കി തിരഞ്ഞെടുപ്പിനെ നേരിടുക അസാധ്യമാണെന്നും ബി.ജെ.പി. നേതാക്കൾ രഹസ്യമായി സമ്മതിക്കുന്നു.