ജയ്പുര്‍: ബന്‍സ്‌വാഡയിലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദപ്രസംഗത്തില്‍ അതൃപ്തി പ്രകടിപ്പിച്ച് സ്വകാര്യവാര്‍ത്താ ചാനലിനോട് പ്രതികരിച്ച ഭാരവാഹിയെ ബി.ജെ.പി. പുറത്താക്കി. ബികാനേര്‍ ബി.ജെ.പി. ന്യൂനപക്ഷമോര്‍ച്ച ജില്ലാ പ്രസിഡന്റ് ഉസ്മാന്‍ ഗനിയെയാണ് ആറുവര്‍ഷത്തേക്ക് പുറത്താക്കിയത്. സ്വകാര്യ വാര്‍ത്താചാനലിനോട് സംസാരിക്കവെ, പ്രധാനമന്ത്രിയുടെ വിവാദപ്രസംഗത്തെ ഉസ്മാന്‍ ഗനി അപലപിച്ചിരുന്നു.

To advertise here,

രാജസ്ഥാനിലെ 25 സീറ്റുകളില്‍ നാലു സീറ്റില്‍വരെ ബി.ജെ.പി. പരാജയപ്പെട്ടേക്കുമെന്നും ഗനി അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍, മാധ്യമങ്ങളില്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്തിയതിനാണ് പുറത്താക്കുന്നതെന്ന് ബി.ജെ.പി. സംസ്ഥാന അച്ചടക്കസമിതി അധ്യക്ഷന്‍ ഓംകാര്‍ സിങ് ലഖാവത്തിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ. റിപ്പോര്‍ട്ട് ചെയ്തു. ഗനിയുടെ നടപടി അച്ചടക്കലംഘനമാണെന്നും പാര്‍ട്ടിയുടെ പ്രഥമിക അംഗത്വത്തില്‍നിന്ന് പുറത്താക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ആളുകളുടെ ഭൂമിയും സ്വത്തുക്കളുമെല്ലാമെടുത്ത് മുസ്ലിങ്ങള്‍ക്കിടയില്‍ വിതരണംചെയ്യുമെന്നാണ് കഴിഞ്ഞദിവസം രാജസ്ഥാനില ജലോറിലും ബന്‍സ്വാഡയിലും മോദി പറഞ്ഞത്. ഇതിനെതിരെ കടുത്ത പ്രതിഷേധമുയര്‍ന്നിരുന്നു. പ്രസംഗത്തിനെതിരെ കോണ്‍ഗ്രസും സി.പി.എമ്മും തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിരുന്നു.

'നേരത്തേ അവര്‍ (കോണ്‍ഗ്രസ്) അധികാരത്തില്‍ വന്നപ്പോള്‍, രാജ്യത്തിന്റെ പൊതുസ്വത്തില്‍ ആദ്യ അവകാശം മുസ്ലിങ്ങള്‍ക്കാണെന്ന് പറഞ്ഞിരുന്നു. അതിനര്‍ഥം അവര്‍ ഈ സ്വത്തുക്കള്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും വിതരണം ചെയ്യുമെന്നാണ്. നിങ്ങള്‍ കഠിനാധ്വാനംചെയ്ത് ഉണ്ടാക്കിയ പണം നുഴഞ്ഞുകയറ്റക്കാര്‍ക്ക് നല്‍കാമോ? 'അമ്മമാരുടെയും മക്കളുടെയും കൈവശമുള്ള സ്വര്‍ണത്തിന്റെ കണക്ക് എടുക്കുമെന്ന് കോണ്‍ഗ്രസ് പ്രകടനപത്രികയില്‍ പറയുന്നുണ്ട്. ഈ സ്വര്‍ണം വിതരണംചെയ്യുമെന്നാണ് അവര്‍ പറയുന്നത്. മന്‍മോഹന്‍ സര്‍ക്കാര്‍ പറഞ്ഞത് മുസ്ലിങ്ങള്‍ക്കാണ് പൊതുസ്വത്തില്‍ ആദ്യാവകാശമെന്നാണ്. സഹോദരീ സഹോദരന്‍മാരേ, ഈ നഗരനക്സലുകള്‍ എന്റെ അമ്മമാരുടെയും സഹോദരിമാരുടെയും താലിമാലപോലും വെറുതേവിടില്ല', എന്നായിരുന്നു മോദിയുടെ പ്രസംഗം.