ജയ്പുര്‍: കോണ്‍ഗ്രസിനും സോണിയ ഗാന്ധിക്കുമെതിരെ പരിഹാസവുമായി നരേന്ദ്ര മോദി. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കാന്‍ കഴിയാത്തവരെ കോണ്‍ഗ്രസ് രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലേക്ക് അയക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജസ്ഥാനിലെ ജലൗറില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ സംസാരിക്കുകയായിരുന്നു മോദി. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് സോണിയ ഗാന്ധിയെ കോണ്‍ഗ്രസ് രാജസ്ഥാനില്‍നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുത്തത്. 

To advertise here,

കോണ്‍ഗ്രസ് രാജ്യസഭയിലേക്ക് അയച്ച എം.പിമാര്‍ രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ സഭയില്‍ ഉന്നയിച്ചോ എന്നും മോദി ചോദിച്ചു. 'തെക്കേ ഇന്ത്യയില്‍ നിന്നുള്ളൊരു നേതാവിനെ കോണ്‍ഗ്രസ് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് അയച്ചു. അദ്ദേഹം അവിടെ പോയി രാജസ്ഥാന് വേണ്ടി സംസാരിച്ചോ? ഇല്ല. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനേയും നിങ്ങള്‍ രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലേക്ക് അയച്ചു. അദ്ദേഹം അസുഖബാധിതനായിരുന്നെങ്കിലും നിങ്ങള്‍ അദ്ദേഹത്തെ രാജസ്ഥാനില്‍ കണ്ടോ? ഇപ്പോള്‍ നിങ്ങള്‍ മറ്റൊരു നേതാവിനെ രക്ഷിച്ചു. തിരഞ്ഞെടുപ്പില്‍ പോരാടാനും വിജയിക്കാനും കഴിയാത്തവര്‍ മണ്ഡലം ഉപേക്ഷിച്ച് രാജസ്ഥാനില്‍ നിന്ന് രാജ്യസഭയിലെത്തി', സോണിയ ഗാന്ധിയെ ഉദ്ദേശിച്ച് മോദി പറഞ്ഞു. 

നിലവില്‍ കോണ്‍ഗ്രസിന് രാജസ്ഥാനില്‍നിന്ന് ആറ് എം.പിമാരാണ് ഉള്ളത്. ഇവരില്‍ സംഘടനാ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനെയാണ് 'തെക്കേ ഇന്ത്യയില്‍ നിന്നുള്ള നേതാവ്' എന്ന് മോദി ഉദ്ദേശിച്ചത്. സോണിയ ഗാന്ധി, നീരജ് ദംഗി, രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രമോദ് തിവാരി, മുകുള്‍ വാസ്‌നിക് എന്നിവരാണ് രാജസ്ഥാനില്‍ നിന്നുള്ള മറ്റ് എം.പിമാര്‍. നീരജ് ദംഗി മാത്രമാണ് ഇവരില്‍ രാജസ്ഥാന്‍ സ്വദേശി. 

25 ലോക്‌സഭാ സീറ്റുകളുള്ള രാജസ്ഥാനിലെ 12 മണ്ഡലങ്ങളില്‍ ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്ന വെള്ളിയാഴ്ച വോട്ടെടുപ്പ് പൂര്‍ത്തിയായി. ബാക്കി മണ്ഡലങ്ങള്‍ കേരളത്തില്‍ ഉള്‍പ്പെടെ വോട്ടെടുപ്പ് നടക്കുന്ന അടുത്ത വെള്ളിയാഴ്ച പോളിങ് ബൂത്തിലെത്തും.