രാജസ്ഥാനിലെ ദൗസ റൂറലിലെ സച്ചിൻ പൈലറ്റിന്റെ വസതി ദിനവും ഉണരുന്നത് ‘ഓപ്പൺ ഹൗസോടെ’യാണ്. കൃഷിനാശം, ജലദൗർലഭ്യം, ഭൂമിതർക്കംമുതൽ കുടുംബപ്രശ്നങ്ങൾവരെ മണ്ഡലത്തിൽ എം.എൽ.എ. ഇടപെട്ട് പരിഹരിക്കേണ്ട വിഷയങ്ങൾ പരാതിക്കാർക്ക് നേരിട്ട് അറിയിക്കാൻ മുപ്പത്തിയഞ്ചുവർഷം മുൻപ്‌ മുൻകേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ രാജേഷ് പൈലറ്റ് തുടങ്ങിവെച്ച സംവിധാനം. മകനും കോൺഗ്രസ്  എം.എൽ.എ.യുമായ സച്ചിൻ പൈലറ്റ് അതിന് ഇതുവരെ മുടക്കം വരുത്തിയിട്ടില്ല. എം.പി.യായപ്പോഴും കേന്ദ്രമന്ത്രിയായപ്പോഴും ഉപമുഖ്യമന്ത്രിയായപ്പോഴും സച്ചിൻ പൈലറ്റ് ഈ പതിവിൽ മാറ്റം വരുത്തിയില്ല. അദ്ദേഹം രാജസ്ഥാന് പുറത്താണെങ്കിൽ പരാതികേൾക്കാൻ തൊട്ടടുത്ത അനുയായികളെ സജ്ജമാക്കുകയും ചെയ്യും.

To advertise here,

സംസാരത്തിലും ചിരിയിലും പുലർത്തുന്ന മിതത്വമുൾപ്പെടെ സ്ഥിരം രാഷ്ട്രീയക്കാരുടെ ശരീര-സംസാര ശൈലികൾക്ക് അപവാദമാണ് സച്ചിന്റെ രീതികൾ. സാധാരണക്കാരിലൊരാളാണെന്നു വരുത്താൻ സംസാരശൈലിയിൽ പ്രദേശികച്ചുവ കലർത്തുന്ന രീതി അദ്ദേഹത്തിനില്ല. വെച്ചുകെട്ടലില്ലാത്ത സച്ചിന്റെ ഈ സമീപനംതന്നെയാണ്  രണ്ടുപതിറ്റാണ്ടായി അണികൾ അദ്ദേഹത്തിനൊപ്പം നിൽക്കാനുള്ള കാരണവും.

2000 ജൂണിലാണ് ഒരു വൈകുന്നേരം ജയ്‌പുരിൽനിന്നു 90 കിലോമീറ്റർ അകലെ ദൗസയിൽ വാഹനാപകടം പിതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജേഷ് പൈലറ്റിന്റെ ജീവൻ കവർന്നത്.  സച്ചിൻ പൈലറ്റിന് 21 വയസ്സാണ് അന്ന്‌. പിതാവിന്റെ വിയോഗമാണ് ബി.ബി.സി.യിൽ മാധ്യമപ്രവർത്തകനായ തന്നെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചതെന്ന് സച്ചിൻ സമ്മതിക്കുന്നു. 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ദൗസ മണ്ഡലത്തിൽനിന്ന് പൈലറ്റ് വിജയിച്ചു. 26-ാം വയസ്സിൽ അദ്ദേഹം ഇന്ത്യയിലെ ഏറ്റവും പ്രായംകുറഞ്ഞ എം.പി.യായി. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അജ്മേർ സീറ്റിൽനിന്ന് അദ്ദേഹം വിജയിച്ചു. ബി.ജെ.പി.യിലെ കിരൺ മഹേശ്വരിയെ 76,596 വോട്ടിനാണ് പരാജയപ്പെടുത്തിയത്.

വ്യോമയാന മന്ത്രാലയത്തിലെ കൺസൾട്ടേറ്റീവ് കമ്മിറ്റിയിലും ലോക്‌സഭയിലെ ആഭ്യന്തരകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയിലും പൈലറ്റ് അംഗമായി. 2012-ൽ രണ്ടാം മൻമോഹൻ സിങ് സർക്കാരിൽ കോർപ്പറേറ്റ്കാര്യ മന്ത്രിയായി നിയമിതനായി. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം വീണ്ടും അജ്മേർ സീറ്റിലേക്ക് മത്സരിച്ചു. എന്നാൽ, ബി.ജെ.പി. സിറ്റിങ് എം.എൽ.എ.യായ സൻവർലാൽ ജാട്ട് 1,71,983 വോട്ടിന്‌ അദ്ദേഹത്തെ പരാജയപ്പെടുത്തി. ഐ.സി.യു.വിൽനിന്ന് വെന്റിലേറ്ററിലേക്കു മാറ്റിയ അവസ്ഥയിലുള്ള രാജസ്ഥാൻ കോൺഗ്രസിനെ  തിരികെ അധികാരത്തിലെത്തിക്കാതെ താനിനി പഗഡി (തലപ്പാവ്) ധരിക്കില്ലെന്ന്‌  2014-ൽ പി.സി.സി. പ്രസിഡന്റായിരുന്ന സച്ചിൻ പൈലറ്റ്  പ്രതിജ്ഞയെടുത്തിരുന്നു.  2018 വരെ സച്ചിൻ പൈലറ്റ് പഗഡി ധരിച്ചിരുന്നില്ല. ആരെങ്കിലും ഉപഹാരമായി സമ്മാനിച്ചാൽ ആദരസൂചകമായി തലയിലൊന്നു മുട്ടിച്ച് മാറ്റിവെക്കും. 2018-ൽ കോൺഗ്രസ് ഭരണം തിരിച്ചുപിടിച്ചതിനുപിന്നിലെ പ്രധാന കാരണങ്ങളിലൊന്നു സച്ചിന്റെ പോരാട്ടവീര്യമായിരുന്നെങ്കിലും മുഖ്യമന്ത്രിക്കസേര പിടിച്ചത് അശോക് ഗഹ്‌ലോതാണ്. ഗഹ്‌ലോതിന്റെ കീഴിൽ അദ്ദേഹം രാജസ്ഥാൻ ഉപമുഖ്യമന്ത്രിപദം ഏറ്റെടുത്തു.

സച്ചിൻ-ഗഹ്‌ലോത്‌ യുദ്ധം

സച്ചിൻ പൈലറ്റും അശോക് ഗഹ്‌ലോതും തമ്മിലുള്ള പടലപ്പിണക്കങ്ങൾ രാജസ്ഥാൻ കോൺഗ്രസിന് എന്നും തലവേദനയാണ്. 2020-ൽ ഗഹ്‌ലോത്‌ സർക്കാരിനെതിരേ കലാപം നയിച്ചതിനെത്തുടർന്ന് പൈലറ്റിനെ പാർട്ടിയുടെ സംസ്ഥാന യൂണിറ്റ് പ്രസിഡന്റ്, ഉപമുഖ്യമന്ത്രി സ്ഥാനങ്ങളിൽനിന്ന് പുറത്താക്കി. ഗഹ്‌ലോതിന്റെ വിശ്വസ്തർ നിയമസഭാ കക്ഷി യോഗംചേരുന്നത് തടഞ്ഞ ഹൈക്കമാൻഡിന് 2022 രാജസ്ഥാനിൽ നേതൃമാറ്റം കൊണ്ടുവരാനുള്ള ശ്രമം നടപ്പാക്കാനും കഴിഞ്ഞില്ല. 2018-നുമുമ്പുള്ള വസുന്തര രാജെ സർക്കാരിന്റെ അഴിമതിയാരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് അശോക് ഗഹ്‌ലോത്‌ സർക്കാരിനെതിരേ നിരാഹാരവും നടത്തിയിരുന്നു. എന്നാൽ, 2023-ൽ മികച്ച ഭൂരിപക്ഷത്തിൽ ബി.ജെ.പി. അധികാരത്തിലെത്തിയതോടെ എല്ലാ പിണക്കങ്ങളും മറന്ന് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി നീങ്ങുകയാണ് സച്ചിനും അശോകും.

ലെഫ്റ്റനന്റ് സച്ചിൻ

സായുധസേനയിൽ പ്രവർത്തിക്കണമെന്ന പിതാവ് രാജേഷ് പൈലറ്റിന്റെ ആഗ്രഹം പൂർത്തിയാക്കാൻ 2012-ൽ ടെറിറ്റോറിയൽ ആർമിയിൽ ചേർന്ന സച്ചിൻ പൈലറ്റ് ലെഫ്റ്റനന്റാണ്. 1995-ൽ  തന്റെ സ്വകാര്യ പൈലറ്റ് ലൈസൻസ് ഉപയോഗിച്ച് അമേരിക്കയിൽനിന്ന് വിമാനപ്പറപ്പിക്കലിൽ ബിരുദം നേടിയ സച്ചിന് ഷൂട്ടിങ്ങിലും കമ്പമുണ്ട്.
ഡൽഹിയെ പ്രതിനിധാനംചെയ്ത്‌ ഒട്ടേറെ ദേശീയ റൈഫിൾ, പിസ്റ്റൾ ഷൂട്ടിങ് ചാമ്പ്യൻഷിപ്പുകളിലും അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. കൃഷി, ഗ്രാമവികസനം, അന്താരാഷ്ട്ര വ്യാപാരം, സാമ്പത്തികം തുടങ്ങിയവ സച്ചിന്റെ ഇഷ്ടവിഷയങ്ങളാണ്. 2001-ൽ അദ്ദേഹം തന്റെ പിതാവിനെക്കുറിച്ച് ‘രാജേഷ് പൈലറ്റ്: ഇൻ സ്പിരിറ്റ് ഫോർ ഓൾ ടൈം’ എന്ന പേരിൽ ഒരു പുസ്തകം പ്രസിദ്ധീകരിച്ചു. എം.പി.യായ അതേവർഷംതന്നെയാണ് ജമ്മു-കശ്മീർ മുൻമുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളയുടെ മകളും ഒമർ അബ്ദുള്ളയുടെ സഹോദരിയുമായ സാറായെ ജീവിതസഖിയാക്കിയതും. ഏറെ വിവാദങ്ങൾക്ക് വഴിവെച്ച വിവാഹം രണ്ടുവർഷംമുമ്പ് വിവാഹമോചനത്തിൽ അവസാനിച്ചിരുന്നു.