രാമനാഥപുരം: ഇന്ത്യയില്‍ കച്ചത്തീവിനോട് ഏറ്റവുമടുത്ത പ്രദേശം തമിഴ്നാട്ടിലെ രാമനാഥപുരം ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട രാമേശ്വരത്തെ ഒലക്കുട ഗ്രാമമാണ്. ഇവിടെയുള്ള ലൈറ്റ് ഹൗസിനു മുകളില്‍നിന്നു നോക്കിയാല്‍ ചിലസമയങ്ങളില്‍ കച്ചത്തീവ് കാണാം.

To advertise here,

അന്തരീക്ഷം അനുകൂലമല്ലാത്തതിനാല്‍ ഇപ്പോഴിത് സാധിക്കില്ല. ഇതുതന്നെയാണ് ഡല്‍ഹിയിലും ചെന്നൈയിലും കോളിളക്കം സൃഷ്ടിച്ചുകൊണ്ടിരിക്കുന്ന കച്ചത്തീവിനെക്കുറിച്ചുള്ള ചര്‍ച്ചകളുടെ കാര്യവും.

ഇവിടെ രാഷ്ട്രീയാന്തരീക്ഷം വേറെയാണ്. കച്ചത്തീവ് തിരിച്ചുപിടിക്കുന്നതിനെക്കുറിച്ചല്ല, ശ്രീലങ്കന്‍ കസ്റ്റഡിയിലുള്ള ബോട്ടുകള്‍ വിട്ടുകിട്ടുന്നതിനെക്കുറിച്ചാണ് മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.

ശ്രീലങ്കന്‍ ജയിലുകളില്‍ കഴിയുന്ന മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിലും അവരുടെ ബോട്ടുകള്‍ തിരിച്ചുപിടിക്കുന്നതിലും കേന്ദ്രസര്‍ക്കാര്‍ കാട്ടുന്ന അനാസ്ഥയാണ് ബി.ജെ.പി.യെ അവിശ്വസിക്കാനുള്ള പ്രധാനകാരണം. നിലവില്‍ 150-ലധികം ബോട്ടുകള്‍ ശ്രീലങ്കന്‍ കസ്റ്റഡിയിലാണ്.

ഒരു ബോട്ട് നഷ്ടമായാല്‍ 50 കുടുംബത്തിന്റെ ജീവിതമാര്‍ഗം നിലയ്ക്കുമെന്ന് മത്സ്യത്തൊഴിലാളി നേതാവ് യേശുദാസ് പറയുന്നു. കച്ചത്തീവ് ഉടമ്പടി 1974-ലായിരുന്നിട്ടും 1983 വരെ മീന്‍പിടിത്തത്തിന് ഒരു തടസ്സവും നേരിട്ടിരുന്നില്ല. വീണ്ടും ഈ സ്ഥിതിയുണ്ടാകണം. ഇതിനാണ് കേന്ദ്രം ഇടപെടേണ്ടതെന്നും യേശുദാസ് അഭിപ്രായപ്പെട്ടു.

കച്ചത്തീവ് വിഷയം വിവാദമാകുന്നതിനുമുമ്പ് പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിക്കുമെന്ന അഭ്യൂഹത്തിലൂടെ ശ്രദ്ധേയമായ മണ്ഡലമാണ് രാമനാഥപുരം.

എന്നാല്‍, അപ്രതീക്ഷിതമായി മുന്‍മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വം (ഒ.പി.എസ്.) സ്ഥാനാര്‍ഥിത്വം സ്വയം പ്രഖ്യാപിക്കുകയായിരുന്നു. കച്ചത്തീവ് ഇവിടെ വോട്ടായിമാറുമോയെന്നകാര്യത്തില്‍ സംശയമുണ്ടെങ്കിലും സ്വതന്ത്രനായി മത്സരിക്കുന്ന ഒ.പി.എസ്. ഈ വിഷയം ഉയര്‍ത്തിക്കാട്ടാന്‍ പരമാവധി ശ്രമിക്കുന്നുണ്ട്. വിജയിച്ചാല്‍ കച്ചത്തീവ് തിരിച്ചെടുക്കുമെന്നാണ് ഒ.പി.എസിന്റെ വാഗ്ദാനം.

തിരഞ്ഞെടുപ്പിനുമുമ്പ് ഏറ്റവുമധികം ശ്രദ്ധിച്ചിരുന്ന മണ്ഡലത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്ക് ഇപ്പോള്‍ അത്ര ആവേശമില്ല. 70 കിലോമീറ്ററോളം കടല്‍ത്തീരമുള്ള ലോക്സഭാ മണ്ഡലമായ രാമനാഥപുരത്ത് മത്സ്യത്തൊഴിലാളികളെക്കൂടാതെ ഒ.പി.എസും ടി.ടി.വി. ദിനകരനും ഉള്‍പ്പെടുന്ന തേവര്‍ സമുദായത്തിനും നിര്‍ണായകസ്വാധീനമുണ്ട്.

തേവര്‍ സമുദായാചാര്യന്‍ പശുമ്പന്‍ മുത്തുരാമലിംഗ തേവരുടെ സ്മൃതിമണ്ഡപത്തില്‍ ധ്യാനം നടത്തിയാണ് ഒ.പി.എസ്. പ്രചാരണത്തിനിറങ്ങിയത്. കഴിഞ്ഞതവണ ടി.ടി.വി. ദിനകരന്റെ പാര്‍ട്ടി സ്ഥാനാര്‍ഥിയായിരുന്ന വി.ഡി.എന്‍. ആനന്ദ് ഒന്നരലക്ഷത്തോളം വോട്ടുനേടിയിരുന്നു. ഒ.പി.എസിന് ദിനകരന്റെ പിന്തുണയുണ്ടെങ്കിലും ആനന്ദ് ഇപ്പോള്‍ ഡി.എം.കെ.യിലാണ്.

ലീഗിന്റെ സിറ്റിങ് സീറ്റ്

സിറ്റിങ് എം.പി. മുസ്ലിം ലീഗിന്റെ നവാസ് കനിയാണ് ഇന്ത്യസഖ്യത്തിന്റെ സ്ഥാനാര്‍ഥി. ഡി.എം.കെ. വിട്ടെത്തിയ ജയപെരുമാളാണ് അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ഥി.

രാമനാഥപുരം ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭാ സീറ്റുകളും ഇന്ത്യസഖ്യത്തിന്റെ കൈവശമാണ്. ലോക്സഭാ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ കണക്കുകള്‍ അനുകൂലമാണെന്നതും നവാസ് കനിക്ക് ആത്മവിശ്വാസം നല്‍കുന്നു.

കഴിഞ്ഞതവണ ബി.ജെ.പി.യുടെ നൈനാര്‍ നാഗേന്ദ്രനെ 1.27 ലക്ഷം വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയ നവാസ് കനി ഇത്തവണ ഭൂരിപക്ഷം വര്‍ധിപ്പിക്കുമെന്നാണ് ലീഗ് -ഡി.എം.കെ. ക്യാമ്പിന്റെ അവകാശവാദം.

പ്രചാരണത്തിലും ആവേശം ദൃശ്യമാണ്. മുസ്ലിം ലീഗിന് സ്വാധീനമില്ലാത്ത മേഖലകളില്‍ ഡി.എം.കെ. സംഘടനാബലമാണ് തുണ. നവാസ് കനിയെക്കാള്‍, പനീര്‍ശെല്‍വത്തെ ലക്ഷ്യമാക്കിയാണ് അണ്ണാ ഡി.എം.കെ.യുടെ പ്രവര്‍ത്തനം.

വിരുദുനഗര്‍ ജില്ലയില്‍നിന്നുള്ള ജയപെരുമാള്‍ മണ്ഡലത്തില്‍ അത്ര പരിചിതനല്ലെങ്കിലും അദ്ഭുതം കാട്ടുമെന്ന് അണ്ണാ ഡി.എം.കെ.യുടെ മുതിര്‍ന്നനേതാവും മുന്‍ രാമനാഥപുരം എം.പി.യുമായ അന്‍വര്‍ രാജ അവകാശപ്പെട്ടു. പളനിസ്വാമിതന്നെ ജയപെരുമാളിന്റെ പ്രചാരണത്തിനായി കളത്തിലിറങ്ങിയിരിക്കുകയാണ്.

ചക്കവീഴ്ത്താന്‍ അപരന്മാര്‍ 

അഞ്ച് അപരന്മാരെ നേരിടേണ്ടി വരുന്നവെന്നതാണ് ഒ.പി.എസ്. നേരിടുന്ന മറ്റൊരു പ്രധാനവെല്ലുവിളി. നാല് ഒ. പനീര്‍ശല്‍വന്മാരും ഒരു എം. പനീര്‍ശെല്‍വവുമാണ് സാക്ഷാല്‍ ഒ.പി.എസിന് ഭീഷണിയായിരിക്കുന്നത്. അപരന്മാരെ നേരിടാന്‍ തന്റെ ചിഹ്നമായ ചക്ക പരമാവധി ആളുകളുടെ മനസ്സില്‍ ഉറപ്പിക്കാന്‍ ഒ.പി.എസ്. ശ്രമിക്കുന്നു. നാലുവശത്തും ചക്കയുടെ ചിത്രമുള്ള പ്രചാരണവാഹനങ്ങള്‍ മണ്ഡലത്തിലുടനീളം കാണാം. ഒ.പി.എസിന്റെ ചിത്രത്തിനൊപ്പം പോസ്റ്ററുകളില്‍ മോദിയും ജയലളിതയുമുണ്ട്.