ചെന്നൈ: ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍നിന്ന് പിന്മാറുന്നതായി അറിയിച്ച് നടി ഖുശ്ബു. വാര്‍ത്താക്കുറിപ്പിലൂടെയാണ് അവര്‍ ഈ വിവരം പൊതുജനങ്ങളുമായി പങ്കുവെച്ചത്. ആരോഗ്യപ്രശ്‌നങ്ങൾ മൂലമാണ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് പിന്മാറുന്നതെന്നാണ് വിശദീകരണം. ഇക്കാര്യം ചൂണ്ടിക്കാട്ടി അവര്‍ ബിജെപി അധ്യക്ഷൻ ജെ.പി. നഡ്ഡയ്ക്ക് കത്തയച്ചു. 

To advertise here,

2019-ല്‍ ഡല്‍ഹിയില്‍ വെച്ചുണ്ടായ ഒരു അപകടത്തില്‍ ഖുശ്ബുവിന്റെ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അഞ്ചുവര്‍ഷമായി അതിന്റെ ചികിത്സകള്‍ തുടരുകയായിരുന്നു. എന്നാല്‍, അടുത്തിടെ വേദന കൂടി. ഈ സാഹചര്യത്തിലാണ് ആരോഗ്യവിദഗ്ധരുടെ ഉപദേശമനുസരിച്ച് വിശ്രമിക്കാന്‍ തീരുമാനിച്ചതെന്നാണ് ഖുശ്ബു കത്തിൽ പറയുന്നത്. 

ഗുരുതരമായ ആരോഗ്യപ്രശ്‌നത്തിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഈ വര്‍ഷത്തെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറിനില്‍ക്കാനുള്ള അനുമതി നല്‍കണമെന്നാണ് ഖുശ്ബു നഡ്ഡയ്ക്ക് എഴുതിയ കത്തില്‍ വ്യക്തമാക്കുന്നത്. നരേന്ദ്രമോദി മൂന്നാം തവണയും പ്രധാനമന്ത്രി സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടുമ്പോള്‍ സത്യാപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനായി താന്‍ ഡല്‍ഹിയില്‍ എത്തുമെന്ന ശുഭപ്രതീക്ഷയും ഖുശ്ബു നഡ്ഡയ്ക്കയച്ച കത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

ബി.ജെ.പിയില്‍ ചേര്‍ന്നതിന് പിന്നാലെ 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചെന്നൈ തൗസന്‍ഡ് ലൈറ്റ്‌സില്‍ പാര്‍ട്ടി ഖുശ്ബുവിന് സീറ്റ് നല്‍കിയിരുന്നു. ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പിന്നീട് സീറ്റ് നിഷേധിക്കപ്പെട്ടു. അതുകൊണ്ടുതന്നെ ബി.ജെ.പിയുടെ ചെന്നൈയിലെ ആദ്യഘട്ട പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ ഖുശ്ബു പങ്കെടുത്തിരുന്നില്ല. എന്നാല്‍, പിന്നീട് പ്രധാനപ്പെട്ട ചിലയിടങ്ങളില്‍ പ്രചാരണത്തിന് ഇറങ്ങി. അതിനുപിന്നാലെയാണ് ഇപ്പോള്‍ പൂര്‍ണമായും പ്രചാരണ പ്രവര്‍ത്തനങ്ങളില്‍നിന്ന് മാറുന്നതായി അവര്‍ അറിയിച്ചിരിക്കുന്നത്.