
ശിവകാശി (തമിഴ്‌നാട്) : ശശി തരൂര്‍, രാജീവ് ചന്ദ്ര ശേഖര്‍, പന്ന്യന്‍ രവീന്ദ്രന്‍.... തിരുവനന്തപുരത്ത് പൊരിഞ്ഞ ത്രികോണപ്പോരിലാണല്ലോ മൂവരും. പക്ഷേ, ശിവകാശിയിലെ ഈ അച്ചടി ശാലയില്‍ ഇവര്‍ നല്ല ഐക്യത്തിലാണ്. ഇവിടെ ഒരേ അച്ചിലാണ് മൂന്നുപേരേയും അച്ചടിച്ചിറക്കുന്നത്. പല വലുപ്പത്തിലുള്ള പോസ്റ്ററുകളിലും നോട്ടീസുകളിലും ബുക്കുകളിലുമിരുന്ന് ചിരിക്കുന്നു നമ്മുടെ സ്ഥാനാര്‍ഥികള്‍. എല്ലാ മുഖങ്ങളിലും മഷി പുരട്ടുന്നത് ഒരേ പ്രിന്റര്‍ - ശിവകാശി സിത്തു രാജപുരം സ്വദേശി ഗോകുല്‍. ഇവിടെ നിന്ന് ഒരേ വണ്ടിയില്‍ തൊട്ടുരുമ്മിയിരുത്തിയാണ് പരസ്പരം മത്സരിക്കുന്നവരെയെല്ലാം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകളില്‍ എത്തിക്കുന്നത്.
കെ.സി.വേണുഗോപാല്‍, ഫ്രാന്‍സിസ് ജോര്‍ജ്, തോമസ് ചാഴികാടന്‍, സി.എസ്.അരുണ്‍കുമാര്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങി വിവിധ മുന്നണി സ്ഥാനാര്‍ഥികളുടെയും പോസ്റ്ററും നോട്ടീസുമെല്ലാം അച്ചടിക്കുന്നത് ശിവകാശിയിലെ ഒരേ പ്രസിലാണ്. ചുറ്റുവട്ടത്തെ ചെറുതും വലുതുമായ മറ്റ് പ്രസ്സുകളിലും കേരളത്തിലെ സ്ഥാനാര്‍ഥിമാരുടെ ചിരിച്ച മുഖങ്ങള്‍ അച്ചടിച്ചിറക്കുന്നുണ്ട്.

മൂന്നാഴ്ചയായി രാവും പകലും ഒരേ പോലെ പ്രവര്‍ത്തിക്കുകയാണ് , തെക്കേ ഇന്ത്യയിലെ അച്ചടി നഗരത്തിലെ പ്രസ്സുകള്‍. ശരിക്കും ഉറക്കമിളച്ച്, തിരഞ്ഞെടുപ്പ് ഉത്സവമാക്കുന്നു, ശിവകാശി. മുമ്പ് കേരളത്തിലെ അച്ചടിയുടെ മുക്കാല്‍ പങ്കും ഇവിടെയായിരുന്നു. ഇപ്പോള്‍ അവിടെയും വലിയ പ്രസ്സുകള്‍ വന്നല്ലോ. പറയുന്ന സമയത്ത് അച്ചടിച്ച് എത്തിക്കുന്നതിനാലും കുറഞ്ഞ നിരക്ക് ഈടാക്കുന്നതിനാലും ഇപ്പോഴും മലയാളികള്‍ ശിവകാശിയിലേക്ക് വരുന്നു.' - എണ്ണൂറിലേറെ തൊഴിലാളികള്‍ മൂന്നു ഷിഫ്റ്റുകളിലായി ജോലി ചെയ്യുന്ന സഫയര്‍ പ്രസ്സിന്റെ ഉടമ ധനശേഖരന്‍ പറഞ്ഞു.
ഗുണമായത് കൊടും ചൂടും വെയിലും
ശിവകാശിയിലേക്ക് ആദ്യം വന്നത് തീപ്പെട്ടി, പടക്ക വ്യവസായങ്ങളാണ്. 1920-കളില്‍ തീപ്പെട്ടിക്കമ്പനിയും പിന്നാലെ പടക്ക ഫാക്ടറികളും വന്നു. വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന വരണ്ട കാലാവസ്ഥ രണ്ട് വ്യവസായങ്ങള്‍ക്കും ഗുണമായി. തീപ്പെട്ടി, പടക്കം എന്നിവയുടെ ലേബല്‍, കവറുകള്‍ എന്നിവ പ്രിന്റ് ചെയ്യാനായി 1930-കളില്‍ പ്രസുകള്‍ തുടങ്ങി. അക്കാലത്ത് അച്ചടിമഷി ഉണങ്ങാനും ശിവകാശിയിലെ കാലാവസ്ഥ അനുഗ്രഹമായിരുന്നു. രാജ്യത്തെ പടക്കനിര്‍മാണത്തിന്റെ 70 ശതമാനവും അച്ചടി ശാലകളുടെ മൂന്നിലൊന്നും ശിവകാശിലാണെന്ന് സഫയര്‍ ഇന്‍ഡസ്ട്രീസ് ഉടമ രാജശേഖരന്‍ പറയുന്നു. പേപ്പറില്‍ മാത്രമല്ല തുണിയിലും ഫ്‌ലക്‌സിലുമെല്ലാം അച്ചടി തകര്‍ക്കുകയാണിവിടെ.
ഈ നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അച്ചടിയില്‍ ശിവകാശിപ്പെരുമയുടെ നിറം മങ്ങിയിരുന്നു. വലിയൊരു വിഭാഗം അച്ചടി ശാലകള്‍ പുത്തന്‍ സാങ്കേതിക വിദ്യ സ്വീകരിക്കാന്‍ കാണിച്ച മടിയായിരുന്നു കാരണം. പ്രസ് ഉടമകളുടെ സംഘടന മാസം തോറും നടത്തിവന്ന സാങ്കേതിക വിദ്യാ സെമിനാറുകള്‍ വഴി ആ പ്രശ്‌നം പരിഹരിച്ചതോടെയാണ് നല്ലകാലം തിരികെ വന്നത്.
സംഘടനയില്‍ അംഗത്വമുള്ള 241 അച്ചടി ശാലകളുണ്ട്. അംഗത്വമില്ലാത്തവ ആയിരത്തോളം വരും. അംഗത്വമില്ലാത്തവര്‍ക്കും സാങ്കേതിക വിദ്യ പരിചയപ്പെടുത്ത സെമിനാറില്‍ പങ്കെടുക്കാന്‍ അവസരം നല്‍കും. അച്ചടിശാലകള്‍ നടത്തുന്നവരും തൊഴിലാളികളും തലമുറകളായി ഈ തൊഴില്‍ മേഖലയില്‍ തന്നെ നില്‍ക്കുന്നു. കാല്‍ ലക്ഷത്തിലേറെപ്പേര്‍ നേരിട്ട് അച്ചടി മേഖലയില്‍ തൊഴിലെടുക്കുന്നതായാണ് കണക്ക്.
ശിവകാശിയില്‍ നിന്ന് അച്ചടിയുടെ രസതന്ത്രം പഠിച്ച് നൂറുകണക്കിന് ചെറുപ്പക്കാര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും വിദേശങ്ങളിലും 'ആശാന്മാരാ'യി വാഴുന്നുണ്ട്. മോദി, രാഹുല്‍, പിണറായി.... റെഡിമെയ്ഡ് ഓര്‍ഡര്‍ കൊടുത്ത് അച്ചടിപ്പിക്കാന്‍ മെനക്കെടേണ്ട. റെഡിമെയ്ഡ് സാമഗ്രികള്‍ ശിവകാശിയില്‍ തയ്യാറാണ്. മീനാക്ഷി കോളനിയിലെ എന്‍.കെ.ഡി.എസ്. പ്രന്റേഴ്‌സ് ആന്റ് പബ്ലിഷേഴ്‌സിന് മുന്നില്‍ വലിയ ബോര്‍ഡുണ്ട്- എല്ലാത്തരം കൊടികളും വില്‍പ്പനയ്ക്ക്. മോദി, രാഹുല്‍, പിണറായി, സ്റ്റാലിന്‍.... നേതാക്കളുടെ ചിത്രം പതിച്ച തൂക്കുബോര്‍ഡുകളും കിട്ടും.
പ്രസ് ഉടമ എന്‍.കാശിരാജിന്റെ സൈലന്റ് മോഡിലാക്കിയ മൊബൈല്‍ മേശമേലിരുന്ന് വിറച്ചു കൊണ്ടേയിരുന്നു. ഫോണ്‍ എടുത്ത ശേഷം കാശിരാജ് സഹായിക്ക് നിര്‍ദേശം കൊടുത്തു.- ടായ്.... രാഹുല്‍ ഗാന്ധിയുടെ പതിനായിരം കൊടി എടുക്കൂ. കേരളത്തിലേക്ക് അയയ്ക്കാനാണ്.

ഇവിടെയാര്‍ക്കും പോസ്റ്റര്‍ വേണ്ടാ
തമിഴ്‌നാട്ടില്‍ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളില്‍, ശിവകാശിയില്‍ അച്ചടിച്ച പോസ്റ്റര്‍ കൂട്ടമായി എത്തുന്നുണ്ട്. വലിയ അച്ചടി ശാലക്കാര്‍ സ്വന്തം വാഹനങ്ങളിലും ഇവ കേരളത്തിലേക്ക് കൊണ്ടു പോകുന്നു. പക്ഷേ, തമിഴ്‌നാട്ടിലെ റോഡുകളിലൂടെ പോയാല്‍ സ്ഥാനാര്‍ഥികളുടെയോ ചിഹ്നത്തിന്റെയോ പോസ്റ്റര്‍ കാണാന്‍ കിട്ടില്ല. അപൂര്‍വമായി ഒന്നോരണ്ടോ കണ്ടാലായി. ശിവകാശിയിലെ പ്രധാന പ്രസ്സില്‍ പരിചയപ്പെട്ട പ്രിന്റിംഗ് ഏജന്റ് സെന്തില്‍ പറഞ്ഞതിങ്ങനെയാണ്.
'വലിയ പോസ്റ്ററിന് 16-20 രൂപയാകും. കേരളത്തിലെ പോലെയല്ല, ഇവിടെ വോട്ടര്‍മാര്‍ക്ക് നേരിട്ട് പണം കൊടുക്കുന്ന രീതിയുണ്ട്. ഓരോ പാര്‍ട്ടിയുടെയും ബൂത്ത് തല നേതാക്കള്‍ക്ക് എത്തിച്ചുകൊടുക്കുന്ന പണം അവര്‍ വീടുകളില്‍ എത്തിക്കും. പോസ്റ്ററിന് മുടക്കുന്ന പണം നേരിട്ടങ്ങ് കൊടുത്താല്‍ മതിയല്ലോ.'
സിനിമാ പോസ്റ്ററിന്റെ തലസ്ഥാനം
മലയാളം, തമിഴ്, കന്നഡ സിനിമകളുടെയെല്ലാം പോസ്റ്ററുകള് അച്ചടിക്കുന്നത് ശിവകാശിയിലാണ്. വര്‍ഷം മുഴുവന്‍ ജോലിത്തിരക്കായതിനാല്‍ തിരഞ്ഞെടുപ്പ് ജോലികള്‍ ഏറ്റെടുക്കാത്ത പ്രസ്സുകളും ഇവിടെയുണ്ട്. സഫയര്‍ ഗ്രൂപ്പിന്റെ തന്നെ സഫയര്‍ ഇന്‍ഡസ്ട്രീസ് ഇത്തരം ജോലികള്‍ ഏറ്റെടുക്കാറില്ല. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളില്‍ പുസ്തകങ്ങളുടെ അച്ചടിയാണ് ഇവിടെ നടക്കുക. ജൂണ്‍, ജൂലായ്, ഓഗസ്റ്റ് മാസങ്ങളില്‍ പടക്കത്തിന്റെ കവറുകളും ലേബലും അച്ചടിക്കും.
സെപ്റ്റംബര്‍, ഒക്ടോബര്‍, നവംബര്‍ മാസങ്ങളില്‍ പൂര്‍ണമായി കലണ്ടര്‍, ഡയറി എന്നിവയുടെ പ്രിന്റിങ്ങാണ് ഉള്ളത്. ജനുവരി, ഫെബ്രുവരി മാസങ്ങളാണ് ഓഫ് സീസണായി കണക്കാക്കുന്നത്.
ശിവകാശിയിലും ഭായിമാര്‍
ബാലവേല കൂടുതല്‍ നടക്കുന്നുവെന്ന് പലതവണ പരാതി ഉയര്‍ന്ന സ്ഥലമാണ് ശിവകാശി. പടക്കം, തീപ്പെട്ടി കമ്പനികളിലും അച്ചടി ശാലകളിലും കുട്ടികളെ പണിയെടുപ്പിക്കുന്നു എന്നായിരുന്നു പരാതി. പ്രമുഖ സ്ഥാപനങ്ങളുടെയെല്ലാം മുന്നില്‍ ഇപ്പോള്‍, 'ഇവിടെ കുട്ടികളെക്കൊണ്ട് ജോലി ചെയ്യിപ്പിക്കുന്നില്ല' എന്ന ബോര്‍ഡ് വെച്ചിട്ടുണ്ട്.
ഇപ്പോള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് ഒട്ടേറെപ്പേര്‍ ഇവിടുത്തെ അച്ചടി ശാലകളിലും ഫാക്ടറികളിലും ജോലിചെയ്യുന്നുണ്ട്. അച്ചടിശാലകള്‍ കൂടുതലും സഹായികളായി നിര്‍ത്തിയിരിക്കുന്നത് നേപ്പാളില്‍ നിന്നുള്ള തൊഴിലാളികളെയാണ്. ഇവര്‍ കുടുംബത്തോടൊപ്പം വരുകയും വര്‍ഷത്തില്‍ മുഴുവന്‍ സമയവും ശിവകാശിയില്‍ തന്നെ താമസിക്കുകയും ചെയ്യുന്നു എന്നുള്ളതാണ് കാരണം. വീഡിയോ കാണാം
Content Highlights: elction posters printing in tamil nadu sivakasi
Published: 11 Apr 2024, 12:17 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented