കോയമ്പത്തൂർ: ബംഗാളിലെയും ത്രിപുരയിലെയും ചുവപ്പുകോട്ടകൾ തകർന്നപ്പോൾ ഇടതുപക്ഷത്തിന് രക്ഷാകേന്ദ്രമാവുകയാണ് തമിഴകം. 2019-ലെ േലാക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ നിലംപരിശായ സി.പി.എമ്മിനും സി.പി.ഐ.ക്കും ഡി.എം.കെ. മുന്നണിയുടെ തണലിൽ ലഭിച്ചത് വെറും ആശ്വാസജയം മാത്രമായിരുന്നില്ല. മത്സരിച്ച നാലു സീറ്റിലും ജയിച്ചതോടെ ഇടതുപാർട്ടികൾക്ക് മാനംകാക്കാൻ കഴിഞ്ഞെന്നതാണ് യാഥാർഥ്യം.

To advertise here,

ഇത്തവണയും അതേ മുന്നണിയുടെ കരുത്തിൽ സി.പി.എമ്മും സി.പി.ഐയും രണ്ടുസീറ്റിൽവീതം മത്സരിക്കുന്നു. സി.പി.എം. മധുരയിലും ദിണ്ടിക്കലിലും സി.പി.ഐ. തിരുപ്പൂരിലും നാഗപട്ടണത്തും.

മധുര

സി.പി.എമ്മിന് ഏറ്റവും വേരോട്ടമുള്ള മണ്ഡലമായ മധുരയിൽ സംസ്ഥാന കമ്മിറ്റി അംഗവും എഴുത്തുകാരനുമായ എസ്. വെങ്കടേശൻ അണ്ണാ ഡി.എം.കെ.യിലെ വി.വി.ആർ. രാജ് സത്യനെ 1,39,395 വോട്ടിനാണ് പരാജയപ്പെടുത്തിയത്. കോയമ്പത്തൂരിൽ പി.ആർ. നടരാജൻ ബി.ജെ.പി.യിലെ സി.പി. രാധാകൃഷ്ണനെ 1,79,143 വോട്ടിനു തോൽപ്പിച്ചു.

ഇത്തവണ എസ്. വെങ്കടേശൻ തന്നെയാണ് മത്സരിക്കുന്നത്. മധുര മണ്ഡലത്തിന്റെ ചരിത്രത്തിൽ കോൺഗ്രസ് എട്ടുതവണയും കമ്യൂണിസ്റ്റ് പാർട്ടികൾ അഞ്ചുതവണയും വിജയിച്ചപ്പോൾ അണ്ണാ ഡി.എം.കെ., ഡി.എം.കെ., ടി.എം.സി., ജനതാപാർട്ടി എന്നിവ ഓരോതവണ ജയിച്ചു. അണ്ണാ ഡി.എം.കെ.യുടെ പി. ശരവണൻ, ബി.ജെ.പി.യുടെ പ്രൊഫ. രാമശ്രീനിവാസൻ എന്നിവരാണ് ഇത്തവണ മറ്റു സ്ഥാനാർഥികൾ. ശക്തമായ ത്രികോണമത്സരമാണ് നടക്കുന്നത്.

ദിണ്ടിക്കൽ

2019-ൽ ഡി.എം.കെയിലെ പി. വേലുസ്വാമി സംസ്ഥാനത്തെ ഏറ്റവുമുയർന്ന ഭൂരിപക്ഷത്തിന് (5,38,972) വിജയിച്ച മണ്ഡലമാണ് ദിണ്ടിക്കൽ. കോയമ്പത്തൂർ സീറ്റ് ഏറ്റെടുത്തതിനു പകരമായി ഡി.എം.കെ. ഇത്തവണ ദിണ്ടിക്കൽ മണ്ഡലം സി.പി.എമ്മിന് നൽകുകയായിരുന്നു. സി.പി.എം. ദിണ്ടിക്കൽ ജില്ലാസെക്രട്ടറി ആർ. സച്ചിദാനന്ദമാണ് സ്ഥാനാർഥി. അണ്ണാ ഡി.എം.കെയുടെ സഖ്യകക്ഷിയായ എസ്.ഡി.പി.ഐ.ക്കുവേണ്ടി സംസ്ഥാന പ്രസിഡന്റ് മുഹമ്മദ് മുബാറക്, എൻ.ഡി.എ. മുന്നണിക്കായി പാട്ടാളി മക്കൾ കക്ഷിയുടെ തിലകഭാമ എന്നിവരും മത്സരിക്കുന്നു.

നാഗപട്ടണം

സി.പി.ഐ.യുടെ ഉരുക്കുകോട്ടയാണ് നാഗപട്ടണമെന്ന തീരദേശ ജില്ല. കാവേരി ഡെൽറ്റയുടെ വാലറ്റത്തുള്ള നാഗപട്ടണം ലോക്‌സഭാ മണ്ഡലത്തിൽനിന്ന് ഏറ്റവുമധികം തവണ വിജയിച്ച രാഷ്ട്രീയപ്പാർട്ടി സി.പി.ഐ.യാണ്- ഏഴുതവണ. കോൺഗ്രസും ഡി.എം.കെ.യും നാലുതവണയും അണ്ണാ ഡി.എം.കെ. രണ്ടുതവണയും ജയിച്ചു.

സി.പി.ഐ. നേതാവും സിറ്റിങ് എം.പി.യുമായ എം. ശെൽവരാജ് ഏഴുതവണയാണ് ഈ മണ്ഡലത്തിൽ മത്സരിച്ചത്. നാലുതവണ ജയിച്ചപ്പോൾ മൂന്നുതവണ പരാജയപ്പെട്ടു. 2019-ൽ ശെൽവരാജ് അണ്ണാ ഡി.എം.കെ.യിലെ എം. ശരവണനെ 2,11,353 വോട്ടിനാണ് പരാജയപ്പെടുത്തിയത്. ഇത്തവണ തിരുവാരൂർ ജില്ലാ സെക്രട്ടറി വി. ശെൽവരാജാണ് സ്ഥാനാർഥി. അണ്ണാ ഡി.എം.കെ.യിലെ ജി. സുർജിത്ത് ശങ്കറും ബി.ജെ.പി.യിലെ എസ്.ജി.എം. രമേഷും മത്സരിക്കുന്നു.

തിരുപ്പൂർ

ഇടത് തൊഴിലാളി സംഘടനകൾ സജീവമായ തിരുപ്പൂരിൽ സിറ്റിങ് എം.പി. കെ. സുബ്ബരായൻതന്നെയാണ് സി.പി.ഐ. സ്ഥാനാർഥി. രണ്ടുതവണ തിരുപ്പൂർ എം.എൽ.എ.യും 2009-ൽ കോയമ്പത്തൂരിൽനിന്നും 2019-ൽ തിരുപ്പൂരിൽനിന്നും ജയിക്കുകയും ചെയ്ത സുബ്ബരായൻ വർഷങ്ങളായി പാർലമെന്ററി രംഗത്തുള്ള നേതാവാണ്. 2019-ൽ അണ്ണാ ഡി.എം.കെ.യിലെ എം.എസ്.എം. ആനന്ദനെ 93,368 വോട്ടിന് പരാജയപ്പെടുത്തി. ഇത്തവണ കെ. സുബ്ബരായനുപുറമേ അണ്ണാ ഡി.എം.കെ.യിലെ പി. അരുണാചലം, ബി.ജെ.പി.ക്കായി സംസ്ഥാന ജനറൽ സെക്രട്ടറി എ.പി. മുരുകാനന്ദം എന്നിവരാണ് പ്രമുഖ സ്ഥാനാർഥികൾ.

 

സി.പി.ഐ.

തമിഴകം കനിഞ്ഞില്ലായിരുെന്നങ്കിൽ 2019-ൽ സി.പി.ഐ.യുടെ സ്ഥിതി ദയനീയമാവുമായിരുന്നു. ലോക്‌സഭയിൽ ഒറ്റ എം.പി.പോലും ഇല്ലാത്ത പാർട്ടിയായി മാറിയേനെ. മത്സരിച്ച തിരുപ്പൂർ, നാഗപട്ടണം സീറ്റുകൾ വൻഭൂരിപക്ഷത്തോടെ ജയിച്ചു. ഇത്തവണവും അതേ സീറ്റുകളിൽ മത്സരിക്കുമ്പോൾ രണ്ടിടത്തും വിജയം ആവർത്തിക്കുമെന്ന വിശ്വാസത്തിലാണ് പാർട്ടി നേതൃത്വം.

സി.പി.എം.

2019-ൽ 71 സീറ്റിൽ മത്സരിച്ച സി.പി.എമ്മിന് ആകെ കിട്ടിയത് മൂന്നുസീറ്റ്. കേരളത്തിൽനിന്ന് ആലപ്പുഴയും തമിഴകത്തിലെ കോയമ്പത്തൂരും മധുരയും. കേരളത്തിൽ മത്സരിച്ച 16 സീറ്റിൽ ഒരിടത്തുമാത്രം വിജയിച്ചപ്പോൾ തമിഴകത്തിലെ രണ്ടുസീറ്റിലും മിന്നുംവിജയമാണ് നേടിയത്.