ശിവമോഗ: കര്‍ണാടകയിലെ ജെ.ഡി (എസ്) നേതാവ് പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരായ ലൈംഗികാരോപണത്തില്‍ ബി.ജെ.പിയ്ക്കും നരേന്ദ്ര മോദിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സ്ത്രീകളെ കൂട്ടബലാംത്സംഗം ചെയ്തയാള്‍ക്കുവേണ്ടിയാണ് ബി.ജെ.പിയും നരേന്ദ്ര മോദിയും വോട്ട് ചോദിക്കുന്നതെന്ന് രാഹുല്‍ ആരോപിച്ചു. പ്രജ്വല്‍ രേവണ്ണയെ പിന്തുണച്ചതിന് മോദി ജനങ്ങളോട് മാപ്പ് പറയണമെന്നും രാഹുല്‍ പറഞ്ഞു. കര്‍ണാടകയിലെ ശിവമോഗയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍. 

To advertise here,

'സ്ത്രീകളെ കൂട്ടബലാത്സംഗം ചെയ്ത ആള്‍ക്കുവേണ്ടിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചോദിക്കുന്നത്. പ്രജ്വല്‍ രേവണ്ണ 400-ഓളം സ്ത്രീകളെ ബലാത്സംഗം ചെയ്യുകയും അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഇയാള്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്താല്‍ അത് എനിക്ക് സഹായമാകും' എന്നാണ് തിങ്ങിനിറഞ്ഞ ഒരു വേദിയില്‍ മോദി പറഞ്ഞത്.' -രാഹുല്‍ ഗാന്ധി പറഞ്ഞു. 

'പ്രജ്വല്‍ രേവണ്ണ ജര്‍മ്മനിയിലേക്ക് രക്ഷപ്പെട്ട്  പോകുന്നത് മോദി തടഞ്ഞില്ല. മോദിയുടെ പക്കല്‍ എല്ലാ സംവിധാനങ്ങളുമുണ്ട്. എന്നിട്ടും അയാളെ ജര്‍മ്മനിയിലേക്ക് പോകാന്‍ അനുവദിച്ചു. ഇതാണ് 'മോദിയുടെ ഗ്യാരണ്ടി'. ബലാത്സംഗം ചെയ്തയാളാകട്ടെ അഴിമതിക്കാരനാകട്ടെ, അവരെ ബി.ജെ.പി. സംരക്ഷിക്കും.' -രാഹുല്‍ പറഞ്ഞു. 

'ഇന്ത്യയിലെ എല്ലാ സ്ത്രീകളേയും പ്രധാനമന്ത്രി അപമാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി അമിത് ഷായും മറ്റ് ബി.ജെ.പി. നേതാക്കളും രാജ്യത്തെ എല്ലാ സ്ത്രീകളോടും മാപ്പ് പറയണം.' -രാഹുല്‍ ആവശ്യപ്പെട്ടു. 

ഹസന്‍ മണ്ഡലത്തിലെ സിറ്റിങ് എം.പിയും മുന്‍ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ചെറുമകനുമായ പ്രജ്വല്‍ രേവണ്ണ സ്ത്രീകളെ ഉപദ്രവിക്കുന്ന നിരവധി വീഡിയോകളാണ് പുറത്തുവന്നതും പ്രചരിക്കുന്നതും. ഹസനിലെ ബി.ജെ.പി-ജെ.ഡി (എസ്) സഖ്യത്തിന്റെ സ്ഥാനാര്‍ഥിയാണ് പ്രജ്വല്‍.

വീട്ടിലും ഓഫീസിലും വെച്ച് ഇയാള്‍ തന്നെ പകര്‍ത്തിയ സ്ത്രീകളുടെ ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്.ഐ.ടി) കര്‍ണാടക സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. വീഡിയോകള്‍ വ്യാജമായി നിര്‍മ്മിച്ചവയാണെന്നാണ് പ്രജ്വല്‍ രേവണ്ണ പറയുന്നത്. കര്‍ണാടക സര്‍ക്കാര്‍ എസ്.ഐ.ടി. രൂപവത്കരിച്ച അന്നാണ് പ്രജ്വല്‍ ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലേക്ക് പറന്നത്. ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് ഇയാള്‍ ജര്‍മ്മനിയിലേക്ക് പോയതെന്നാണ് വിവരം. ജെ.ഡി (എസ്)-ല്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട പ്രജ്വലിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.