ജയിച്ചുകയറി രണ്ടുവര്‍ഷത്തിനുള്ളില്‍ മണ്ഡലത്തില്‍ വിമാനത്താവളം... ഒന്നാംതരം മേല്‍പ്പാലങ്ങള്‍... ശിവമോഗയിലെത്തി നാട്ടുകാരോട് സംസാരിക്കുമ്പോള്‍ മണ്ഡലത്തിലെ വികസനം തന്നെയാണ് ചര്‍ച്ച.

To advertise here,

നിലവിലെ എം.പി. രാഘവേന്ദ്ര മണ്ഡലത്തിനായി ഒരുപാടുകാര്യങ്ങള്‍ ചെയ്തു. വിമാനത്താവളം സ്വപ്നത്തില്‍പ്പോലുമുണ്ടായിരുന്നില്ല ഇവിടത്തെ ജനങ്ങളില്‍. പക്ഷേ, അത് യാഥാര്‍ഥ്യമാക്കി രാഘവേന്ദ്ര. അത് വോട്ടായിമാറി വീണ്ടും രാഘവേന്ദ്ര എം.പി. ആകുമോ. ഇല്ല എന്നാണ് കോണ്‍ഗ്രസ് പാളയത്തില്‍നിന്നുള്ള അറിയിപ്പ്.

പാളയത്തിലെ പട രാഘവേന്ദ്രയെ തകര്‍ക്കും. മകന് സീറ്റ് നല്‍കിയില്ല എന്ന കാരണത്താല്‍ സ്വതന്ത്രനായി കരിമ്പേന്തുന്ന കര്‍ഷകന്‍ ചിഹ്നത്തില്‍ മത്സരിക്കുന്ന ബി.ജെ.പി.യുടെ മുതിര്‍ന്നനേതാവ് ഈശ്വരപ്പ (ഇദ്ദേഹത്തെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി)യ്ക്കുള്ള വോട്ട് ചിന്നിച്ചിതറി കോണ്‍ഗ്രസിന് അനുകൂലമാകുമെന്നും പറയപ്പെടുന്നു. 

ആര്‍.എസ്.എസ്. വോട്ടുകള്‍ ഈശ്വരപ്പയ്ക്ക് വീഴുമെന്നാണ് വിലയിരുത്തല്‍. അങ്ങനെയെങ്കില്‍ കഴിഞ്ഞതവണയുള്ള രണ്ടുലക്ഷത്തിന്റെ ഭൂരിപക്ഷം രാഘവേന്ദ്രയ്ക്ക് കിട്ടില്ലെന്നാണ് രാഷ്ട്രീയനിരീക്ഷകരുടെ വിലയിരുത്തല്‍. 

ഗീതാ ശിവരാജ് കുമാറാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. മുന്‍മുഖ്യമന്ത്രി ബംഗാരപ്പയുടെ മകള്‍, സിനിമാനടന്‍ ശിവരാജ് കുമാറിന്റെ ഭാര്യ ഈ പരിവേഷമൊക്കെ വോട്ടായി മാറുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. 

''കടുത്തമത്സരമാവും ഇത്തവണ'' പറയുന്നത് വയനാട് ബത്തേരിയില്‍നിന്ന് വന്ന് പതിറ്റാണ്ടായി ഇഞ്ചി, ചുക്ക് ഉള്‍പ്പെടെയുള്ള സുഗന്ധവ്യഞ്ജന വ്യാപാരിയായ റസാഖാണ്. ''വികസനമൊക്കെ നടത്തിയിട്ടുണ്ട് രാഘവേന്ദ്ര... പക്ഷേ, ഇത്തവണ കുറച്ചുകടുപ്പമാവും മത്സരം. ശിവമോഗ സിറ്റിയില്‍മാത്രം 46,000 വോട്ടുണ്ട് മുസ്ലിംസമുദായക്കാര്‍ക്ക്. അത് കോണ്‍ഗ്രസിന് പോകും. ഈശ്വരപ്പയുടെ വോട്ടുകൂടി മറിഞ്ഞാല്‍ രാഘവേന്ദ്രയുടെ നില പരുങ്ങലിലാവും'' -റസാഖ് പറയുന്നു. കൊല്ലൂര്‍ മൂകാംബികക്ഷേത്രമുള്‍പ്പെടെ വ്യാപിക്കുന്ന ശിവമോഗ മണ്ഡലം ചൊവ്വാഴ്ചയാണ് ബൂത്തിലേക്ക് പോകുന്നത്.