ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി നിര്‍ണയത്തെ ചൊല്ലി കര്‍ണാടക കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. കോലാറില്‍ മന്ത്രി കെ.എച്ച്. മുനിയപ്പയുടെ മരുമകന് സീറ്റ് നല്‍കുന്നതില്‍ പ്രതിഷേധിച്ച് ഒരു മന്ത്രിയടക്കം അഞ്ച് എം.എല്‍.എമാരും രണ്ട് എം.എല്‍.സിമാരും രാജി ഭീഷണി മുഴക്കി. മന്ത്രി എം.സി. സുധാകറിന്റെ നേതൃത്വത്തിലുള്ള ജനപ്രതിനിധികളാണ് രാജി ഭീഷണി മുഴക്കിയത്.

To advertise here,

കെ.എച്ച്. മുനിയപ്പയുടെ മരുമകന്‍ ചിക്ക പെഡ്ഡണ്ണയെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുന്നത്. ഒരുകുടുംബത്തിന്റെ അടിമയാവാന്‍ താത്പര്യമില്ലെന്നാണ് രാജി ഭീഷണി മുഴക്കിയ ജനപ്രതിനിധികളുടെ അഭിപ്രായം. പിതാവും മകളും എം.എല്‍.എമാരാണെന്നും കുടുംബത്തിലെ മറ്റൊരാള്‍ക്കുകൂടി സ്ഥാനാര്‍ഥിത്വം നല്‍കാന്‍ കഴിയില്ലെന്നും ഇവര്‍ പറയുന്നു.

മറ്റുള്ളവര്‍ക്കും അവസരം ലഭിക്കണം. മുഖ്യമന്ത്രിയോട് സംസാരിക്കും. മുനിയപ്പയുടെ കുടുംബത്തില്‍നിന്നല്ലാതെ മറ്റൊരാള്‍ സ്ഥാനാര്‍ഥിയാവണമെന്നും മന്ത്രി എം.സി. സുധാകര്‍ പറഞ്ഞു. തങ്ങളുടെ ആവശ്യം പരിഗണിച്ചില്ലെങ്കില്‍ സ്പീക്കറെ കണ്ട് രാജി നല്‍കുമെന്നാണ് എം.എല്‍.എമാരുടെ ഭീഷണി. ഹൈക്കമാന്‍ഡ് തങ്ങളെ കേട്ടെങ്കിലും ആവശ്യമായ നടപടി സ്വീകരിക്കാന്‍ തയ്യാറായിട്ടില്ലെന്ന് വിമത എം.എല്‍.എമാര്‍ പറയുന്നു. അതേസമയം, പാര്‍ട്ടിയുടെ തീരുമാനം എന്തായാലും അനുസരിക്കുമെന്ന് മുനിയപ്പ പ്രതികരിച്ചു.