ബെംഗളൂരു:  ലൈംഗിക പീഡനക്കേസില്‍പ്പെട്ട ഹാസനിലെ  സിറ്റിങ് എം.പിയും നിലവിലെ എന്‍.ഡി.എ സ്ഥാനാര്‍ഥിയുമായ പ്രജ്ജ്വല്‍ രേവണ്ണയുടെ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കാന്‍ വിദേശകാര്യ മന്ത്രാലയത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചു. രാജ്യം വിട്ട പ്രജ്ജ്വല്‍  രേവണ്ണ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് ഉപയോഗിച്ച്  മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപ്പെടാനുള്ള സാധ്യതയുണ്ടെന്നും ഇത് അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ ഡിപ്ലോമാറ്റിക് പാസ്‌പോര്‍ട്ട് റദ്ദാക്കണമെന്നാണ് സിദ്ധരാമയ്യ ആവശ്യപ്പെട്ടിരിക്കുന്നത്. 

To advertise here,

കര്‍ണാടക സര്‍ക്കാര്‍ രേവണ്ണയുമായി ബന്ധപ്പെട്ട് അന്വേഷണത്തിനായി പ്രത്യേക അന്വേഷണത്തെ നിയോഗിച്ചിട്ടുണ്ട്. സി.ഐ.ഡി അന്വേഷണവുമുണ്ട്. ഇതിനിടെയണ് അറസ്റ്റ് ഭയന്ന് പ്രജ്ജ്വല്‍ രേവണ്ണ രാജ്യം വിട്ടത്. അതുകൊണ്ടു തന്നെ ഉടന്‍ നടപടിയെടുക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇതിനിടെ ഹുബ്ബള്ളിയില്‍ ചേര്‍ന്ന ജെ.ഡി.എസ് കോര്‍കമ്മിറ്റി യോഗം പ്രജ്ജ്വല്‍ രേവണ്ണയെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിരുന്നു. പ്രജ്ജ്വലിനെതിരേ സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണം അവസാനിക്കും വരെയാണ് സസ്‌പെന്‍ഷന്‍. കേസില്‍ ശിക്ഷ ലഭിച്ചാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കാനും തീരുമാനിച്ചിട്ടുണ്ട്.

പ്രജ്ജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട അശ്ലീല വീഡിയോകളുടെ ദൃശ്യം ഹാസനില്‍ തിരഞ്ഞെടുപ്പ് സമയത്ത് വ്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോയില്‍ ഉള്‍പ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതിയും നല്‍കിയിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് പ്രത്യേക  സംഘത്തെ ചുമതലപ്പെടുത്തിയത്. ജെ.ഡി.എസ് അധ്യക്ഷനും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി ദേവഗൗഡയുടെ കൊച്ചമകനും മുന്‍ മന്ത്രി എച്ച്.ഡി രേവണ്ണയുടെ മകനുമാണ് പ്രജ്ജ്വല്‍ രേവണ്ണ. കേസില്‍ അന്വേഷണം ആരംഭിച്ചതോടെ പ്രജ്ജ്വല്‍ ജര്‍മനയിലേക്ക് രക്ഷപ്പെട്ടെന്നാണ് പോലീസ് നല്‍കുന്ന വിവരം.