ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത് മുതിര്‍ന്ന ദേശീയ നേതാക്കള്‍. വീട്ടില്‍ വോട്ടുചെയ്യാനുള്ള സൗകര്യം ഉപയോഗിച്ചാണ് നേതാക്കള്‍ തങ്ങളുടെ സമ്മതിദാനാവകാശം വിനിയോഗിച്ചത്. മുന്‍ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരി, മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്, ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി, മുന്‍ കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷി എന്നിവരാണ് വീട്ടില്‍ വോട്ട് ചെയ്തത്.

To advertise here,

മുതിര്‍ന്ന നേതാക്കള്‍ വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഉപയോഗിച്ച് വോട്ടുചെയ്തതായി ഡല്‍ഹിയിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ (സി.ഇ.ഒ) ഓഫീസാണ് അറിയിച്ചത്. ഡോ. മന്‍മോഹന്‍ സിങ്ങും മുരളീ മനോഹര്‍ ജോഷിയും ന്യൂഡല്‍ഹി മണ്ഡലത്തില്‍ മേയ് 17-നാണ് വീട്ടില്‍ വോട്ട് ചെയ്തത്. ഹമീദ് അന്‍സാരി വ്യാഴാഴ്ചയാണ് വോട്ട് ചെയ്തതെന്നും ഡല്‍ഹി സി.ഇ.ഒ. ഓഫീസ് അറിയിച്ചു. ശനിയാഴ്ചയാണ് എല്‍.കെ. അദ്വാനി വീട്ടില്‍ വോട്ട് ചെയ്തതെന്നാണ് ഉന്നതവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം. 

മുതിര്‍ന്ന പൗരന്മാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമായി ഏര്‍പ്പെടുത്തിയ വീട്ടില്‍ വോട്ടുചെയ്യാനുള്ള സൗകര്യം ഡല്‍ഹിയില്‍ വ്യാഴാഴ്ചയാണ് ആരംഭിച്ചത്. രണ്ടാം ദിവസമായ വെള്ളിയാഴ്ച മാത്രം ഡല്‍ഹിയിലെ ഏഴ് ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നുമായി 1409 പേരാണ് വീട്ടില്‍ വോട്ട് ചെയ്തത്. ഇതുവരെ ആകെ 2956 പേരാണ് ഡല്‍ഹിയില്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തിയത്. 348 പേര്‍ വോട്ട് ചെയ്ത വെസ്റ്റ് ഡല്‍ഹി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പേര്‍ വീട്ടില്‍ വോട്ട് ചെയ്തത്. ഡല്‍ഹിയില്‍ മേയ് 24 വരെയാണ് വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഉണ്ടാകുക.