ലഖ്നൗ: ഉത്തർപ്രദേശിലെ റായ്ബറേലി മണ്ഡലത്തിൽ നിന്ന് അതിഗംഭീര വിജയത്തിലേക്ക് കടക്കുന്ന രാഹുല്‍ ഗാന്ധിയുടെ ഭൂരിപക്ഷം യുപിയിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷമെന്ന് കണക്കുകള്‍. മൂന്ന് ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ് (ഇതുവരെയുള്ള കണക്കിൽ 389341) ബിജെപിയിലെ ദിനേഷ് പ്രതാപ് സിങ്ങിനെ രാഹുല്‍ തറപറ്റിച്ചത്. ഉത്തർപ്രദേശിലെ തന്നെ വാരണാസിയിൽ നിന്ന് മത്സരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 1.5 ലക്ഷം വോട്ടിന്റെ (152513) ഭൂരിപക്ഷത്തിന്റെ ഇരട്ടിയിലധികം ഭൂരിപക്ഷമാണ് രാഹുല്‍ ഗാന്ധിക്ക് ലഭിച്ചിരിക്കുന്നത്. ഇതോടെ ഉത്തർപ്രദേശിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം രാഹുലിന്റേതായി.

To advertise here,

2004 മുതല്‍ സോണിയ ഗാന്ധിയുടെ മണ്ഡലമാണ് റായ്ബറേലി. 2019ലെ തിരഞ്ഞെടുപ്പില്‍ 1.67 ലക്ഷം വോട്ടിനാണ് ബിജെപിയുടെ ദിനേശ് പ്രതാപ് സിങ്ങിനെ സോണിയ തോല്‍പിക്കുന്നത്. എന്നാല്‍ സോണിയയുടെ ഭൂരിപക്ഷത്തേക്കാല്‍ ബഹുദൂരം മുന്നിലാണ് രാഹുലിന്റെ ഇത്തവണത്തെ ഭൂരിപക്ഷം. 

2019ലെ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ സ്മൃതി ഇറാനിയോട് തോറ്റ രാഹുല്‍ ഗാന്ധിക്ക് രക്ഷ നല്‍കിയത് വയനാട്ടിലെ വിജയമായിരുന്നു. ഇത്തവണയും വയനാട്ടില്‍ നിന്നും രാഹുല്‍ മത്സരിച്ചിരുന്നു. വയനാട്ടിലും 3.64 ലക്ഷത്തിന്റെ ഭൂരിപക്ഷമാണ് രാഹുല്‍ നേടിയത്. ഇന്ത്യാ സഖ്യത്തിന്റെ നായകനെന്ന നിലയില്‍ മോദിയേക്കാള്‍ പ്രഭാവമുള്ള വിജയമാണ് രാഹുല്‍ ഗാന്ധി നേടിയിരിക്കുന്നത്. മോദിയുടെ പ്രഭാവം മങ്ങുകയും രാഹുല്‍ ഗാന്ധിയുടെ പ്രഭ വര്‍ധിക്കുകയും ചെയ്ത തിരഞ്ഞെടുപ്പായി ഇത് മാറുകയാണ്. 2019ലെ തിരഞ്ഞെടുപ്പിൽ നാല് ലക്ഷത്തിലധികം ഭൂരിപക്ഷം ലഭിച്ച സ്ഥാനത്താണ് ഈ തിരഞ്ഞെടുപ്പിൽ പകുതിയിലും താഴെയായി മോദിയുടെ ഭൂരിപക്ഷം കുറഞ്ഞിരിക്കുന്നത്. 

തിരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ തന്നെ മോദിയെ കടന്നാക്രമിച്ചു കൊണ്ടുള്ള പ്രചാരണമാണ് രാഹുല്‍ നടത്തിയിരുന്നത്. അഗ്‌നിവീര്‍ പദ്ധതിക്കെതിരേയും തൊഴിലില്ലായ്മക്കെതിരേയും അദാനി അംബാനിമാരുടെ വളര്‍ച്ചയെ ചൊല്ലിയും രാഹുല്‍ മോദിക്കെതിരേ നടത്തിയ ഓരോ പ്രസംഗവും യുവാക്കളുള്‍പ്പെടുന്ന ജനത നെഞ്ചിലേറ്റിയതിനുള്ള തെളിവു കൂടിയാണ് ഇത്തവണത്തെ രാഹുലിന്റെ മത്സര ഫലം. മോദിയുടെ വിദ്വേഷ പ്രസംഗത്തിനെയും കടുത്ത ഭാഷയിലാണ് രാഹുല്‍ വിമര്‍ശിച്ചിരുന്നത്.