വാരാണസി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിയിലെ വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 3.02 കോടിയുടെ ആസ്തിയുണ്ടെന്നാണ് മോദി നാമനിര്‍ദേശ പത്രികക്കൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 

To advertise here,

52,920 രൂപയാണ് കൈയില്‍ പണമായുള്ളത്. സ്വന്തമായി വീടോ കാറോ ഇല്ല. 80,304 രൂപ എസ്.ബി.ഐയുടെ ​ഗാന്ധിന​ഗർ, വാരാണസി ശാഖകളിലെ അക്കൗണ്ടുകളിലുണ്ട്‌. എസ്.ബി.ഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപയുണ്ട്. കൂടാതെ, എന്‍.എസ്.സി (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) യില്‍ 9.12 ലക്ഷം രൂപയുമുണ്ട്. 2.67 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങള്‍ അദ്ദേഹത്തിനുണ്ട്. 

2018-19 സാമ്പത്തിക വർഷത്തിലെ 11.14 ലക്ഷത്തിൽ നിന്നും 2022-23 വർഷത്തിൽ പ്രധാനമന്ത്രിയുടെ വരുമാനം 23.5 ലക്ഷമായി വർധിച്ചു. ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് പ്രധാന വരുമാന മാര്‍ഗം.

1978-ല്‍ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബി.എ ബിരുദവും 1983-ല്‍ ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ടെന്ന് ചൊവ്വാഴ്ച സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു. കൂടാതെ, ഒരു ക്രിമിനല്‍ കേസും അദ്ദേഹത്തിന്റെ പേരിലില്ലെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

യു.പി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥിനൊപ്പമായിരുന്നു മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി തിങ്കളാഴ്ച ആറ് കിലോമീറ്റര്‍ റോഡ് ഷോയും നടത്തിയിരുന്നു. 2019 ല്‍ 4,79,505 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മണ്ഡലത്തില്‍ മോദിക്ക് ലഭിച്ചത്. 2014 ല്‍ 3,71,784 വോട്ടിന്റെ ഭൂരിപക്ഷവും ലഭിച്ചു. ജൂണ്‍ ഒന്നിന് ആണ് വാരണാസിയിലെ വോട്ടെടുപ്പ്.