ലഖ്‌നൗ: 'വരുണ്‍ ഗാന്ധിയെ അവര്‍ (ബി.ജെ.പി) വെട്ടിയത് അവര്‍ക്ക് തിരിച്ചടിയാവും. ഇവിടെ മനേക ഗാന്ധിയും വരുണ്‍ ഗാന്ധിയും മാറിമാറി ജയിച്ചുവന്ന മണ്ഡലമാണ്. കഴിഞ്ഞ ദിവസം നിങ്ങള്‍ കണ്ടില്ലേ, പ്രധാനമന്ത്രിയുടെ റാലിയില്‍ പോലും ഇരുവരെയും കണ്ടില്ല. മാത്രമല്ല, ഇവിടത്തെ പ്രബലസമുദായമായ കുര്‍മിയില്‍ പെട്ട ഗാങ്വാറുകളെ പൂര്‍ണമായും തഴഞ്ഞു. അവരെല്ലാം ഇത്തവണ എസ്.പിക്കായി നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് '- പിലിഭിത്ത് പട്ടണത്തിലെ നക്തദാന സ്‌ക്വയറിലുള്ള സമാജ് വാദി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലിരുന്ന് സ്ഥാനാര്‍ഥി ഭഗവദ് ശരണ്‍ ഗാങ്വാറിന്റെ സെക്രട്ടറി യോഗേഷ് യാദവ് ആവേശം കൊണ്ടു.

To advertise here,

നല്ലയളവില്‍ മുസ്ലിങ്ങളും തൊട്ടുപിന്നില്‍ കുര്‍മികളുമുള്ള പിലിഭിത്തില്‍ ഇവരെല്ലാം ഇന്ത്യാ മുന്നണിക്കായി ഒരുമിച്ച് നില്‍ക്കുമെന്നാണ് എസ്.പിയുടെ കണക്കുകൂട്ടല്‍. യാദവരടക്കമുള്ള ഒ.ബി.സി പിന്തുണയുമുറപ്പാക്കുമ്പോള്‍ വിജയമുറപ്പെന്ന് പല കണക്കുകൂട്ടലുകളിലൂടെ എസ്.പി പ്രവര്‍ത്തകര്‍ ഉറപ്പിക്കുന്നു.

രാവിലെ ഏഴ് മണിക്കുതന്നെ പാര്‍ട്ടി ഓഫീസിലേക്ക് പ്രവര്‍ത്തകരെത്തിത്തുടങ്ങി. ഒമ്പത് മണിയായപ്പോഴേക്കും ഓഫീസും പരിസരത്തും നിറഞ്ഞുകവിഞ്ഞ ആള്‍ക്കൂട്ടം. പുറത്ത് സൈക്കിള്‍ ചിഹ്നത്തിന്റെ ഫ്‌ളക്‌സുകള്‍ പതിപ്പിച്ച വാഹനത്തില്‍ നിന്ന് അനൗണ്‍സ്മെന്റ് പറപറക്കുന്നു. 'ഹമാരാ പ്രത്യാശി ഭഗവദ് ശരണ്‍ ഗാങ്വാര്‍...'

ഗാങ്വാറെത്തിയപ്പോള്‍ ഒമ്പത് മണി പിന്നിട്ടു. പ്രവര്‍ത്തകര്‍ താണുവണങ്ങുന്നു. കാല്‍ തൊട്ടു വന്ദിക്കുന്നു. സാധാരണക്കാര്‍ തൊട്ട് പ്രമാണിമാര്‍ വരെയുണ്ട് കൂട്ടത്തില്‍. ചിലരെല്ലാം പരിഭവങ്ങള്‍ പങ്കുവച്ച് ഒപ്പം ചേര്‍ന്ന് നടക്കുന്നു. പട്ടണത്തില്‍ നിന്ന് 40 കി.മീ. അകലെയുള്ള ഫുരന്‍പൂരിലേക്ക് സ്ഥാനാര്‍ഥി പുറപ്പെടുമ്പോള്‍ ഏറെക്കുറെ പന്ത്രണ്ട് മണിയായി. വെള്ളിയാഴ്ച എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവ് ഇവിടെ പ്രചരണത്തിനെത്തുന്നുണ്ട്. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളില്‍ പിലിഭിത്തിന് പാര്‍ട്ടി അതീവപ്രാധാന്യം ഇക്കുറി കല്പിക്കുന്നതിന്റെ തെളിവ് കൂടിയാണ് ഈ വരവെന്ന് പ്രവര്‍ത്തകര്‍.

'ബി.ജെ.പി സ്ഥാനാര്‍ഥിയായ ജിതിന്‍ പ്രസാദ് വരത്തനാണ്. ഷാജഹാന്‍പൂരില്‍ നിന്നുവന്നയാള്‍. ഗാങ്വാര്‍ തൊട്ടടുത്തുള്ള ബറേലിയിലുള്ളയാള്‍. പക്ഷേ അദ്ദേഹത്തിന് ചുമതല പിലിഭിത്തിലാണ് കുറേക്കാലമായി '- യോഗേഷ് യാദവ് പറഞ്ഞു. മുന്‍ മന്ത്രി കൂടിയാണ് ഗാങ്വാര്‍.

യോഗി ആദിത്യനാഥ് മന്ത്രിസഭയില്‍ പൊതുമരാമത്ത് മന്ത്രിയാണ് അന്തരിച്ച മുന്‍ കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്രപ്രസാദിന്റെ മകന്‍ കൂടിയായ മുന്‍ കോണ്‍ഗ്രസ് നേതാവ് ജിതിന്‍ പ്രസാദ്. പിലിഭിത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി. അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണം സജീവമായ അന്ന് തൊട്ട് പിലിഭിത്തിലെ അസം സ്‌ക്വയറിലുള്ള ജെ.പി ഹോട്ടലില്‍ ക്യാമ്പ് ചെയ്താണ് പ്രവര്‍ത്തനം.

രാവിലെ മുതല്‍ക്കുതന്നെ ഹോട്ടല്‍ ലോബിയിലും പുറത്തും ആള്‍ക്കൂട്ടം സ്ഥാനാര്‍ഥിയെ മുഖം കാണിക്കാനായി നിറഞ്ഞൊഴുകി. സ്ഥാനാര്‍ഥി എല്ലാവരുടെയും അടുത്തെത്തി സെല്‍ഫിക്ക് പോസ് ചെയ്തു, ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി. കുശലഭാഷണം നടത്തി. അവര്‍ക്കൊപ്പം നിന്ന് ജയ്ശ്രീറാം മുഴക്കി. ഓരോരുത്തരുടെയും അടുക്കലേക്ക് പ്രത്യേകം നടന്നുനീങ്ങിയാണ് അദ്ദേഹത്തിന്റെ പ്രചരണം. വീല്‍ചെയറില്‍ മന്ത്രിയെ കാണാന്‍ മാത്രമായി വന്നയാളിന്റെയടുത്തെത്തി സെല്‍ഫിയെടുപ്പും ജയ്ശ്രീറാം വിളിയും നടത്തിയപ്പോള്‍ പ്രവര്‍ത്തകര്‍ക്ക് ആവേശത്തള്ളിച്ച.

രാവിലെ ഒരു മണിക്കൂറിലേറെ നേരം ചെലവഴിച്ച ശേഷമാണ് ജിതിന്‍ പ്രസാദ് പ്രവര്‍ത്തകരുടെ വന്‍ അകമ്പടിയോടെ ഫുരന്‍പൂരിലേക്ക് വ്യാഴാഴ്ചത്തെ പര്യടനപരിപാടിക്കിറങ്ങിയത്. പിലിഭിത്ത് പട്ടണത്തിന് 40 കി.മീ. അകലെയുള്ള ഫുരന്‍പൂര്‍ ബംഗാളികള്‍ തിങ്ങിപ്പാര്‍ക്കുന്നയിടം. അവിടെയാണ് വ്യാഴാഴ്ച ബി.ജെ.പിയുടെയും എസ്.പിയുടെയും വോട്ടുപിടുത്തം.

എസ്.പി പ്രതീക്ഷകള്‍ കെടുത്തുമോ ബി.എസ്.പി

മത്സരം കടുത്തെങ്കിലും ത്രികോണമത്സരത്തിന്റെ പ്രതീതി സൃഷ്ടിച്ച് ബി.എസ്.പിയും ഇവിടെ ശക്തമായി രംഗത്തുണ്ട്. മുന്‍മന്ത്രി കൂടിയായ അനീസ് അഹമ്മദ് ഖാന്‍ അഥവാ ഫൂല്‍ബാബു ആണ് ഇവിടെ മായാവതിയുടെ സ്ഥാനാര്‍ഥി. വടക്കേയിന്ത്യയില്‍ ഈദ് ആഘോഷമായതിനാല്‍ അദ്ദേഹം പ്രചരണത്തിന്  വ്യാഴാഴ്ച അവധി നല്‍കിയിരിക്കുകയാണ്. നാലര ലക്ഷം മുസ്ലിം വോട്ടര്‍മാരും മൂന്ന് ലക്ഷം ലോധി കര്‍ഷകരും രണ്ട് ലക്ഷം കുര്‍മികളുമുള്ള മണ്ഡലത്തില്‍ ഈ വോട്ടുകള്‍ എസ്.പിക്കും ബി.എസ്.പിക്കുമായി ചിതറിപ്പോകുമെന്നാണ് ബി.ജെ.പി കണക്കുകൂട്ടല്‍. ഇക്കാര്യം മറയില്ലാതെ ബി.ജെ.പി ജില്ലാ പ്രസിഡന്റ് സഞ്ജീവ് പ്രതാപ് സിങ് മാതൃഭൂമിയോട് പങ്കുവച്ചു.

'ഇത്തവണ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷമുയരുമെന്നാണ് പ്രതീക്ഷ. ഗാങ്വാറുകളെ തഴഞ്ഞെന്ന് പറയുന്നതില്‍ അര്‍ഥമില്ല. യോഗി മന്ത്രിസഭയില്‍ ഒരു മന്ത്രി ഗാങ്വാറാണ്. പിലിഭിത്ത് പാര്‍ലമെന്റ് മണ്ഡലത്തില്‍ പെട്ട ഒരു എം.എല്‍.എ ഗാങ്വാറാണ്. പാര്‍ട്ടിയുടെ മറ്റ് പല പദവികളിലും ഗാങ്വാറുകളുണ്ട്. പ്രവര്‍ത്തകരെല്ലാം വലിയ ഉത്സാഹത്തിലാണ്. വരുണ്‍ ഗാന്ധിയെ മാറ്റിയത് പാര്‍ട്ടി തീരുമാനമാണ്. പ്രവര്‍ത്തകര്‍ അതനുസരിക്കും. വരുണ്‍ ഇവിടെ പ്രചരണത്തിനെത്തുമോയെന്നറിയില്ല. പക്ഷേ അദ്ദേഹത്തിന്റെ അഭാവമൊന്നും തിരഞ്ഞെടുപ്പ് ഫലത്തെ ബാധിക്കാന്‍ പോകുന്നില്ല. ബി.എസ്.പിയും എസ്.പിയും വെവ്വേറെ മത്സരിക്കുന്നതിനാല്‍ മുസ്ലിം വോട്ടുകള്‍ വിഭജിച്ച് പോകും. അത് നമുക്കനുകൂലമാകും'- സിങ് പറഞ്ഞു.

 2019ല്‍ 2.55 ലക്ഷത്തിനാണ് വരുണ്‍ ഇവിടെ വിജയിച്ചത്. 2014ല്‍ അമ്മ മേനക ഗാന്ധി മൂന്ന് ലക്ഷത്തിന് മുകളില്‍ ഭൂരിപക്ഷത്തിന് വിജയിച്ചു. 1989ല്‍ ജനതാദളായും 96ലും 98ലും 99ലും സ്വതന്ത്രയായും 2004ല്‍ ബി.ജെ.പിയായും മേനക വിജയിച്ച മണ്ഡലം 2009ലാണ് ആദ്യമായി മകന്‍ വരുണിന് കൈമാറുന്നത്. 2014ല്‍ അവര്‍ വീണ്ടും മത്സരിച്ചു. 2019ല്‍ മകനും. 89 മുതല്‍ അങ്ങനെ ഗാന്ധി കുടുംബത്തിലെ ഈ അമ്മയോടും മകനോടും വൈകാരികബന്ധമുണ്ട് മണ്ഡലത്തിനെന്ന് ആരും സമ്മതിക്കും.

നേപ്പാളിനോട് അതിര്‍ത്തി പങ്കിടുന്ന പിലിഭിത്തിന് തനി ഗ്രാമീണ മുഖഛായയാണ്. പട്ടണത്തില്‍ പോലും പട്ടണഛായ പറയാനില്ല. നാട്ടുകാരെല്ലാം അവരവരുടെ ദൈനംദിന ജീവിതത്തിനായി പരക്കം പായുന്നു. മോദി മാജിക്കിലൂന്നി മാത്രമാണ് ബി.ജെ.പി പ്രചരണം. മറ്റ് വിഷയങ്ങളെല്ലാമുയര്‍ത്തി എസ്.പി നീങ്ങുമ്പോള്‍ മത്സരം കടുത്തിട്ടുണ്ടെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനായ സന്ദീപ് സിങ് നിരീക്ഷിക്കുന്നു. ഏപ്രില്‍ 19ന് ആദ്യഘട്ടത്തില്‍ പിലിഭിത്തുകാര്‍ വിധിയെഴുതും.

പ്രചരണത്തിരക്കിനിടയില്‍ ഭഗവദ്ശരണ്‍ ഗാങ്വാര്‍ മാതൃഭൂമിയോട് സംസാരിച്ചു.
ഇത്തവണ വിജയപ്രതീക്ഷ എത്രത്തോളം?
ഞങ്ങള്‍ വിജയിക്കും. ജനങ്ങള്‍ കടുത്ത നിരാശയിലാണ്. മോദിസര്‍ക്കാര്‍ വാഗ്ദാനങ്ങളൊന്നും പാലിച്ചിട്ടില്ല. പിന്നാക്ക, ന്യൂനപക്ഷ, ദളിത് വിഭാഗങ്ങളെല്ലാം ഞങ്ങള്‍ക്കൊപ്പം നില്‍ക്കും. ബി.ജെ.പി അധികാരത്തില്‍ നിന്ന് മാറണമെന്ന് അവരാഗ്രഹിക്കുന്നു.

കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെല്ലാം ബി.ജെ.പി ഭൂരിപക്ഷം കൂടിയിട്ടുണ്ട്?
അത് പ്രത്യേക സാഹചര്യത്തില്‍ സംഭവിച്ചതാണ്. ഗാന്ധി കുടുംബത്തില്‍ നിന്ന് മേനകയും വരുണും മത്സരിച്ചുവന്ന മണ്ഡലമാണ്. ഇത്തവണ അവരില്ല. മാത്രമല്ല, ജനങ്ങള്‍ കാര്യങ്ങള്‍ തിരിച്ചറിയുന്നു.

മുസ്ലിംവോട്ടുകള്‍ നിര്‍ണായകമായ മണ്ഡലത്തില്‍ ബി.എസ്.പി മുസ്ലിം സ്ഥാനാര്‍ഥിയെ അവതരിപ്പിച്ചത് എസ്.പി വോട്ടുകളെ പിളര്‍ത്തില്ലേ?
രണ്ടോ മൂന്നോ ശതമാനം പേര്‍ അവര്‍ക്ക് വോട്ട് ചെയ്തേക്കും. ബാക്കി മുസ്ലിവിഭാഗങ്ങള്‍ ഒന്നടങ്കം സമാജ് വാദിയും കോണ്‍ഗ്രസും ചേര്‍ന്ന ഇന്ത്യാസഖ്യത്തിനൊപ്പമാണ്. അതുകൊണ്ട് ഒന്നും സംഭവിക്കില്ല.
വരുണ്‍ഗാന്ധി സ്വതന്ത്രനായി വന്നാല്‍ പിന്മാറുമെന്ന് താങ്കള്‍ പറഞ്ഞിരുന്നു?
അത് പത്രക്കാര്‍ ചോദിച്ചപ്പോള്‍ പറഞ്ഞതാണ്. അദ്ദേഹം സ്വതന്ത്രനായി വന്നാല്‍ വഴി മുടക്കേണ്ടെന്നത് ഞങ്ങളുടെ പാര്‍ട്ടി തീരുമാനമായിരുന്നു. ഗാന്ധി കുടുംബം ഇവിടത്തുകാര്‍ക്ക് വലിയ സേവനങ്ങള്‍ ചെയ്തവരാണ്. ഇന്ദിരാഗാന്ധിയും രാജീവ്ഗാന്ധിയുമെല്ലാം രാജ്യത്തിന് ഒരുപാട് സേവനങ്ങള്‍ നല്‍കിയില്ലേ.
വരുണ്‍ഗാന്ധിയുടെ അഭാവം എസ്.പിയെ തുണയ്ക്കുമെന്നാണോ?
അവര്‍ക്കിവിടെ അവരുടേതായ ആളുകളുണ്ടല്ലോ. അവരെല്ലാം നിരാശരാണ്. അവരെല്ലാം ഞങ്ങളെ പിന്തുണയ്ക്കും.