കല്‍പ്പറ്റ/റായ്ബറേലി: മത്സരിച്ച രണ്ട് മണ്ഡലങ്ങളും വന്‍ ലീഡുമായി രാഹുല്‍ ഗാന്ധി. റായ്ബറേലിയില്‍ 3.7 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷവും വയനാട് മണ്ഡലത്തില്‍ 3.6 ലക്ഷത്തിന്റെ ഭൂരിപക്ഷവുമാണ് രാഹുല്‍ ഗാന്ധിക്കുള്ളത്. രണ്ട് മണ്ഡലത്തിലും വിജയിച്ചാല്‍ ഒരു മണ്ഡലം ഉപേക്ഷിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ വയനാട് രാഹുല്‍ രാജിവെച്ചേക്കുമോ എന്നാണ് രാഷ്ട്രീയകേരളം ഉറ്റുനോക്കുന്നത്.
ജയിച്ചാല്‍ രാഹുല്‍ വയനാട്ടില്‍ തുടരുമെന്നാണ് തിരഞ്ഞെടുപ്പിനു മുന്‍പ് യു.ഡി.എഫ്. നേതാക്കള്‍ പറഞ്ഞിരുന്നത്. എന്നാല്‍ രണ്ട് മണ്ഡലത്തിലും വിജയിച്ചാല്‍ വയനാട് എം.പി. സ്ഥാനം രാഹുല്‍ രാജിവെച്ചേക്കുമെന്നും ഉപതിരഞ്ഞെടുപ്പില്‍ രാഹുലിന് പകരം പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്. വയനാട് സ്വന്തം നാടാണെന്നും വയനാട്ടിലെ ജനങ്ങളെ ഒരിക്കലും ഉപേക്ഷിക്കില്ലെന്നുമായിരുന്നു തിരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ആവര്‍ത്തിച്ചിരുന്നത്. ഉപതിരഞ്ഞെടുപ്പ് സാഹചര്യം വന്നാല്‍ പ്രിയങ്ക ഗാന്ധിയെ കന്നിയങ്കത്തിനിറക്കുന്നതിലൂടെ രാഹുല്‍ വയനാടിനെ ഉപേക്ഷിച്ചുവെന്ന പരാതികള്‍ക്കും പരിഹാരമാവും. ഉത്തര്‍പ്രദേശില്‍ പ്രിയങ്ക ഗാന്ധി മത്സരത്തിനിറങ്ങുമെന്ന് നേരത്തെ പ്രചാരണങ്ങളുയര്‍ന്നിരുന്നു. എന്നാല്‍ അതുണ്ടായില്ല. വയനാട്ടിലേയും റായ്ബറേലിയിലേയും രാഹുലിന്റെ വിജയസാധ്യത മുന്നില്‍ക്കണ്ടാണ് പ്രിയങ്കയെ മത്സരരംഗത്തിറക്കാതിരുന്നതെന്ന നിഗമനങ്ങളും ഇപ്പോള്‍ സജീവമാണ്.
സോണിയ ഗാന്ധിയുടെ സിറ്റിങ് മണ്ഡലമാണ് റായ്ബറേലി. 2014-ലും 2019-ലും സോണിയ ഗാന്ധി മത്സരിച്ച് വിജയിച്ച മണ്ഡലമാണ് റായ്ബറേലി. 2019-ലെ തിരഞ്ഞെടുപ്പില്‍ 1.67 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു ബി.ജെ.പിയുടെ ദിനേഷ് പ്രതാപ് സിങ്ങിനെ സോണിയ പരാജയപ്പെടുത്തിയത്. ഇതേ ദിനേഷ് പ്രതാപ് സിങ്ങിനെ തന്നെയാണ് ഇക്കുറി രാഹുലിനെതിരേ ബി.ജെ.പി. രംഗത്തിറക്കിയത്. സോണിയ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ഇരട്ടി ഭൂരിപക്ഷം നേടി രാഹുല്‍ റായ്ബറേലിയില്‍ വിജയിക്കുമെന്നാണ് നിലവിലെ ഫലസൂചനകള്‍ വ്യക്തമാക്കുന്നത്.
വോട്ടെണ്ണല്‍ പകുതിവഴി പിന്നിട്ടപ്പോള്‍ തന്നെ പരാജയം സമ്മതിക്കുന്ന സൂചനയില്‍ റായ്ബറേലിയിലെ ബി.ജെ.പി. സ്ഥാനാര്‍ഥി ദിനേഷ് പ്രതാപ് സിങ് എക്‌സില്‍(ട്വിറ്റര്‍) രംഗത്തെത്തിയിരുന്നു. "വിജയം നമ്മുടെ കൈയിലല്ല. തിരഞ്ഞെടുപ്പില്‍ എനിക്ക് വേണ്ടി പ്രവര്‍ത്തിച്ചവര്‍ക്ക് നന്ദി, ദൈവത്തിന്റെ രൂപത്തില്‍ പൊതുജനങ്ങളെഴുതിയ വിധി എന്താണോ അത് ബഹുമാനത്തോടെ അംഗീകരിക്കുന്നു." എക്‌സില്‍ ദിനേഷ് പ്രതാപ് സിങ് കുറിച്ചു.
അതേസമയം, വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഒന്നരലക്ഷം വോട്ടുകള്‍ക്കാണ് മുന്നിട്ടുനില്‍ക്കുന്നത്. 2019-ലെ തിരഞ്ഞെടുപ്പില്‍ 4.7 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു മോദി നേടിയത്. 2019-ല്‍ 1.52 ലക്ഷം വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്തായ കോണ്‍ഗ്രസിന്റെ അജയ് റായ് ആണ് ഇക്കുറി നരേന്ദ്ര മോദിയുടെ പ്രധാന എതിരാളി. ഇക്കുറി വോട്ടെണ്ണല്‍ അവസാനഘട്ടത്തിലേക്കെത്തിയപ്പോള്‍ 4.5 ലക്ഷം വോട്ടുകള്‍ അജയ് റായ്ക്ക് ലഭിച്ചിട്ടുണ്ട്.
Content Highlights: Rahul Gandhi Election Results 2024 LIVE Updates wayanad raebareli
Published: 04 Jun 2024, 04:50 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented