
ന്യൂഡല്‍ഹി: മുന്നൂറു സീറ്റിനപ്പുറത്തേക്കു കടന്ന് മേധാവിത്വമുറപ്പിക്കാന്‍ 2019-ല്‍ ബി.ജെ.പി.യെ സഹായിച്ചത് ഉത്തരേന്ത്യയിലെ ഹിന്ദി ഹൃദയഭൂമിയാണെങ്കില്‍ ഇത്തവണ വില്ലനായതും അതേ പ്രദേശം. ഇതില്‍ പ്രധാനം ഏറ്റവുമധികം എം.പി.മാരെ തിരഞ്ഞെടുത്തയക്കുന്ന ഉത്തര്‍പ്രദേശ്. പ്രചാരണത്തിന്റെ തുടക്കം മുതല്‍ സമാജ് വാദി പാര്‍ട്ടി പ്രകടിപ്പിച്ച ആത്മവിശ്വാസം ശരിയായിരുന്നെന്ന് ബോധ്യപ്പെടുത്തിയ തിരഞ്ഞെടുപ്പുകൂടിയാണ് ഇക്കുറി നടന്നത്.
കഴിഞ്ഞതവണ വെറും അഞ്ചു സീറ്റിലൊതുങ്ങേണ്ടി വന്ന സമാജ്വാദി പാര്‍ട്ടി ഇത്തവണ 38 സീറ്റുപിടിച്ചു. യു.പി.യിലെ രാഷ്ട്രീയചിത്രം വെച്ചുനോക്കിയാല്‍ ദുര്‍ബലമായ കോണ്‍ഗ്രസിനും ഉയിര്‍ത്തെഴുന്നേല്‍ക്കാന്‍ വഴിതുറന്നത് എസ്.പി.യുടെ പോരാട്ടമാണെന്നു പറയാം. അധികാരത്തിലിരിക്കുന്ന ബി.ജെ.പി.യുടെ സംഘടനക്കരുത്തിനെ മറികടന്ന് ഏറക്കുറെ ഒറ്റയ്ക്ക് പോരാടി നേടിയ വിജയമാണിത്.
കഴിഞ്ഞതവണ 62 സീറ്റ് നേടാനായ ബി.ജെ.പി.ക്ക് ഇത്തവണ 33-ലേക്ക് ഒതുങ്ങേണ്ടിവന്നു. ബി.ജെ.പി. അവരുടെ ഹിന്ദുത്വ പരീക്ഷണശാലയായി ഏറ്റവുമധികം ഉപയോഗിക്കുന്ന മണ്ണിലുണ്ടായ തിരിച്ചടി തീവ്ര വര്‍ഗീയധ്രുവീകരണ അജന്‍ഡകള്‍ വിലപ്പോവില്ലെന്നു തെളിയിക്കുന്നു.
ബിഹാറിലും കഴിഞ്ഞതവണത്തെ നേട്ടം ബി.ജെ.പി.ക്ക് ആവര്‍ത്തിക്കാനായിട്ടില്ല. ശക്തമായ രാഷ്ട്രീയം ചര്‍ച്ചചെയ്യപ്പെടുന്ന ബിഹാറിന്റെ മണ്ണില്‍ ദാരിദ്ര്യത്തിന്റെ രാഷ്ട്രീയംകൂടി ചര്‍ച്ചചെയ്യപ്പെട്ടു. ഭരണകക്ഷിയെന്ന നിലയിലെ ഭരണവിരുദ്ധവികാരത്തെ മറികടന്നും ബിഹാറില്‍ ജെ.ഡി.യു.വും ബി.ജെ.പി.യും എല്‍.ജെ.പി.യും ഹിന്ദുസ്ഥാന്‍ അവാമി മോര്‍ച്ചയും ചേര്‍ന്ന സഖ്യം 30 സീറ്റുനേടി. കേന്ദ്രത്തിലെ ബി.ജെ.പി.സര്‍ക്കാര്‍ നടപ്പാക്കിയ സൗജന്യറേഷന്‍ പദ്ധതിയുടെ ഗുണഫലം ബിഹാറില്‍ എന്‍.ഡി.എ.യ്ക്ക് വലിയ അളവില്‍ തുണയായിട്ടുണ്ട്.
രാജസ്ഥാനില്‍ കഴിഞ്ഞതവണ 25-ല്‍ 25-ഉം നേടിയ ബി.ജെ.പി.ക്ക് ഇത്തവണ ഇന്ത്യസഖ്യത്തില്‍ നിന്ന് പ്രഹരമേറ്റു. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷമുണ്ടായ തിരിച്ചടി ഹിന്ദുത്വരാഷ്ട്രീയത്തിനേറ്റ തിരിച്ചടികൂടിയായി. കോണ്‍ഗ്രസ് എട്ടും സി.പി.എം. ഒന്നും ഭാരത് ആദിവാസ് പാര്‍ട്ടി, രാഷ്ട്രീയ ലോക് ക്രാന്തിക് പാര്‍ട്ടി എന്നിവ ഓരോന്നുംവീതം സീറ്റുനേടി. ഹരിയാണയാണ് ബി.ജെ.പി.ക്ക് പ്രഹരമേറ്റ മറ്റൊരു സംസ്ഥാനം. കഴിഞ്ഞതവണ പത്തില്‍ പത്തും നേടിയ അവര്‍ക്ക് ഇക്കുറി അഞ്ചിടത്തേ വിജയിക്കാനായുള്ളൂ. പഞ്ചാബിലാകട്ടെ കഴിഞ്ഞതവണ നേടിയ രണ്ടുസീറ്റ് കൈവിട്ടു.
ബി.ജെ.പി.യുടെ ഹിന്ദുത്വ പരീക്ഷണശാലകളായ ഗുജറാത്തിലും മധ്യപ്രദേശിലും അവര്‍ക്ക് കാര്യമായ പോറലില്ല. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കഴിഞ്ഞതവണ നേടിയ ഒരു സീറ്റുകൂടി കൈവിട്ട് സംപൂജ്യരായി. എന്നാല്‍, ഗുജറാത്തില്‍ കഴിഞ്ഞതവണത്തേതില്‍നിന്ന് ഭിന്നമായി കോണ്‍ഗ്രസിന് ഒരു സീറ്റുനേടി അക്കൗണ്ട് തുറക്കാനായത് നേരിയ ആശ്വാസമായി.
ഹിമാചല്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളില്‍ ബി.ജെ.പി. കഴിഞ്ഞതവണത്തെപ്പോലെ മുഴുവന്‍ സീറ്റും നേടി. ഛത്തീസ്ഗഢില്‍ 11-ല്‍ 10-ഉം നേടി ബി.ജെ.പി. മേല്‍ക്കൈ നിലനിര്‍ത്തി.
ചര്‍ച്ചയായി തൊഴിലില്ലായ്മയും വിലക്കയറ്റവും
അടിത്തട്ടിലെയടക്കം സംഘടനാമികവും സോഷ്യല്‍ എന്‍ജിനിയറിങ് കൗശലവും വികസനവായ്ത്താരികളും ഹിന്ദുത്വപ്രചാരണവുമൊന്നും ഉത്തര്‍പ്രദേശില്‍ ബി.ജെ.പി.ക്ക് തുണയായില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും അഗ്‌നിപഥ് പദ്ധതി നടത്തിപ്പിനെതിരായ വികാരവും വന്‍ അടിയൊഴുക്കായപ്പോള്‍ ബി.ജെ.പി.ക്ക് നേരിടേണ്ടിവന്നത് കനത്ത ആഘാതം.
സമാജ്വാദി പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്ന ഇന്ത്യസഖ്യം വന്‍മുന്നേറ്റമാണ് സംസ്ഥാനത്തുണ്ടാക്കിയിരിക്കുന്നത്. മോദി-യോഗി പ്രഭാവങ്ങള്‍ സംസ്ഥാനത്ത് കഴിഞ്ഞ തിരഞ്ഞെടുപ്പുകള്‍പോലെ ഇക്കുറിയും വോട്ടായി മാറുമെന്നും മറുവശത്ത് പ്രതിപക്ഷ ഇന്ത്യസഖ്യത്തിന് സംഘടനാശേഷിയിലെ ദൗര്‍ബല്യം വിനയാകുമെന്നും പ്രതീക്ഷിച്ച ബി.ജെ.പി. തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. എന്നാല്‍, നഗരമേഖലകളിലൊഴികെ വിലക്കയറ്റവും തൊഴിലില്ലായ്മയും പ്രധാന ചര്‍ച്ചയായപ്പോള്‍ വോട്ടര്‍മാരില്‍ എതിര്‍വികാരമുണര്‍ത്തി.
തുടക്കത്തില്‍ ഇത് അടിയൊഴുക്കായി മാറി തിരിച്ചടിക്കുമെന്ന പ്രതീക്ഷ ബി.ജെ.പി. ക്യാമ്പുകളിലില്ലായിരുന്നു. എന്നാല്‍, ഒരു ഘട്ടമെത്തിയപ്പോള്‍ പ്രശ്‌നത്തിന്റെ ഗൗരവം തിരിച്ചറിഞ്ഞതിനാലാവണം യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംസ്ഥാനത്തുതന്നെ തിരഞ്ഞെടുപ്പു പ്രചാരണത്തിന്റെ ഏറിയ പങ്കും ചെലവിട്ടത്. പ്രധാനമന്ത്രി നരേന്ദ്രമോദി മത്സരിച്ച വാരാണസിയില്‍ പോലും കഴിഞ്ഞ രണ്ടുതവണയുണ്ടായ ഓളം ഇത്തവണയുണ്ടായില്ല. അദ്ദേഹത്തിന്റെ നാമനിര്‍ദദേശപത്രികാ സമര്‍പ്പണവേളയില്‍പോലും കഴിഞ്ഞതവണത്തെപ്പോലൊരു ആള്‍ക്കൂട്ടമില്ലാതിരുന്നത് സൂചനയായിരുന്നു. ഒന്നാംഘട്ടംമുതല്‍ പോളിങ് കുറഞ്ഞതും അപകടസൂചനയായി ബി.ജെ.പി. തിരിച്ചറിഞ്ഞു.
പിന്നീട് ഹിന്ദുത്വധ്രുവീകരണം സാധ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് തീവ്രവര്‍ഗീയ പ്രചാരണത്തിലേക്ക് പ്രധാനമന്ത്രിതൊട്ടുള്ള ബി.ജെ.പി. നേതാക്കളൊന്നടങ്കം കടന്നത്. യു.പി.യിലെ ദളിത്, പിന്നാക്ക മേഖലകളില്‍ ഈ പ്രചാരണം അവര്‍ തീവ്രമാക്കി. പക്ഷേ, ഇതുകൊണ്ടൊന്നും ജീവിതദുരിതം അനുഭവിക്കുന്ന ദളിത്, പിന്നാക്ക വോട്ടര്‍മാരെ സ്വാധീനിക്കാനായിട്ടില്ലെന്ന് വോട്ടെടുപ്പുഫലം തെളിയിച്ചു. മായാവതിയുടെ ബി.എസ്.പി. ഇക്കുറി ബി.ജെ.പി. സമ്മര്‍ദത്തിനുവഴങ്ങി തനിച്ച് മത്സരിച്ചതോടെ, എസ്.പി. വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കുമെന്ന ബി.ജെ.പി. കണക്കുകൂട്ടലും പാളി. ഇക്കുറി തിരഞ്ഞെടുപ്പുഫലം യോഗി ആദിത്യനാഥ് ഭരണത്തോടുള്ള ചോദ്യചിഹ്നവുമായി.
പാളിപ്പോയ തന്ത്രം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രഭാവവും അയോധ്യയിലെ രാമക്ഷേത്രസ്വാധീനത്താല്‍ പടരുമെന്നുകരുതിയ ഹിന്ദുത്വവികാരവും വിലക്കയറ്റം, തൊഴിലില്ലായ്മ, കാര്‍ഷികപ്രശ്‌നം ?തുടങ്ങിയ ജനകീയവിഷയങ്ങള്‍ക്കുമുന്നില്‍ അടിതെറ്റിവീണതിന്റെ സൂചനയാണ് യു.പി.യില്‍ ബി.ജെ.പി.ക്കേറ്റ അപ്രതീക്ഷിത ആഘാതം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വൈകാരികമായി വോട്ടുചെയ്ത ജനത ഇത്തവണ ബുദ്ധി ഉപയോഗിച്ച് ജീവതപ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനായി വോട്ടുചെയ്യുകയായിരുന്നു.
ഇന്ത്യയുടെ ഹൃദയത്തിന്റെ താക്കോല്‍ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്ന ബി.ജെ.പി.യുടെ അവകാശവാദത്തിന് പോറലേറ്റു. ഗുജറാത്തിനെപ്പോലെ ഹിന്ദുത്വപരീക്ഷണശാലയുടെ വിളനിലമായി ബി.ജെ.പി കരുതിപ്പോന്ന സംസ്ഥാനമായിരുന്നു ഉത്തര്‍പ്രദേശും.
യു.പി. പിടിച്ചാല്‍ ഇന്ത്യ ഭരിക്കാം എന്ന പാടിപ്പതിഞ്ഞ ചൊല്ലിന്റെ പൊരുള്‍ തിരിച്ചറിഞ്ഞാണ് 1990-കള്‍ മുതലിങ്ങോട്ട് ബി.ജെ.പി., യു.പി.യില്‍ കരുക്കള്‍ നീക്കിവരുന്നത്. അയോധ്യ രഥയാത്രയും പിന്നീട് ബാബറി മസ്ജിദ് തകര്‍ത്തതുമെല്ലാം അവരുടെ ഹിന്ദുത്വപരീക്ഷണത്തിന്റെ ഏറ്റവുംമുന്തിയ പ്രയോഗങ്ങളായിരുന്നു. ഇതിന്റെ പ്രതിഫലനം 1990-കള്‍ക്കുശേഷമിങ്ങോട്ട് കാണാനുമായി. 1991-നു ശേഷമിങ്ങോട്ടുള്ള ലോക്സഭാതിരഞ്ഞെടുപ്പുകളില്‍ രണ്ടോ മൂന്നോ സന്ദര്‍ഭങ്ങളിലൊഴിച്ച് ബി.ജെ.പി.ക്ക് വോട്ടുവിഹിതം 30 ശതമാനത്തിനപ്പുറത്തേക്ക് കടത്താനായിട്ടുണ്ട്.
അയോധ്യയിലും തിരിച്ചടി
അയോധ്യ രാമക്ഷേത്രത്തിന്റെ കൊട്ടിഘോഷിച്ച ഉദ്ഘാടനത്തിനും അയോധ്യ ക്ഷേത്രനഗരിയായി വികസിപ്പിച്ച ആഘോഷങ്ങള്‍ക്കും ശേഷമുണ്ടായ തിരഞ്ഞെടുപ്പില്‍ അയോധ്യയുള്‍പ്പെട്ട ഫൈസബാദിലും ബി.ജെ.പി.ക്ക് തിരിച്ചടിയേറ്റുവെന്നത് നേതൃത്വത്തെ ഞെട്ടിച്ചു. രാമക്ഷേത്രം യാഥാര്‍ഥ്യമായതോടെ സംഘപരിവാറിന് അതാഘോഷിക്കാന്‍ വകയില്ലാതായി. തിരഞ്ഞെടുപ്പുപ്രചാരണത്തില്‍ രാമക്ഷേത്രം കാര്യമായി ചര്‍ച്ചയായതുമില്ല. എസ്.പി.യുടെ അവധേഷ് പ്രസാദ് സിറ്റിങ് എം.എല്‍.എ.യെന്ന നിലയിലുണ്ടാക്കിയ മേഖലയിലെ സ്വാധീനമാണ് തുണച്ചത്. സ്ഥാനാര്‍ഥിനിര്‍ണയത്തിലടക്കം എസ്.പി. നേതൃത്വം കാട്ടിയ സൂക്ഷ്മതയും ശ്രദ്ധയും മികച്ചതായെന്ന് ഫലം തെളിയിക്കുന്നു.
എസ്.പി.-ബി.എസ്.പി. സഖ്യത്തോളം ബലമുള്ളതല്ല യു.പി.യില്‍ എസ്.പി.-കോണ്‍ഗ്രസ് സഖ്യം. എന്നിട്ടും എസ്.പി.യുമായി സഖ്യം ചേര്‍ന്നപ്പോള്‍ പ്രതീക്ഷിച്ചതിനപ്പുറമുള്ള മുന്നേറ്റം സാധ്യമാക്കാനായത് സാധാരണജനങ്ങളെ നേരിട്ടുബാധിക്കുന്ന വിഷയങ്ങള്‍ സജീവ ചര്‍ച്ചയാക്കിയതിനാല്‍മാത്രം.
മോദി-യോഗി പ്രഭാവത്താല്‍ ജയിച്ചുകയറാമെന്ന ബി.ജെ.പി.യുടെ പല സിറ്റിങ് എം.പി.മാരുടെയും മനോഭാവവും പെരുമാറ്റത്തിലെ ധാര്‍ഷ്ട്യവും ഇക്കുറി പാര്‍ട്ടിക്ക് തിരിച്ചടിക്ക് ഒരു ഘടകമായിട്ടുണ്ട്.
ഉത്തര്‍പ്രദേശ്
ആകെ സീറ്റ് 80
എന്‍.ഡി.എ 36
ഇന്ത്യ 43
മറ്റുള്ളവര്‍ 01
കക്ഷി നില ബ്രാക്കറ്റില്‍ 2019 ലെ കണക്ക്
ബിജെപി 33 (64)
കോണ്‍ഗ്രസ് 06 (01)
എസ്.പി 37 (00)
ആര്‍.എല്‍.ഡി 02(00)
എ.എസ്.പി.കെ.ആര്‍ 01(00)
മറ്റുള്ളവര്‍ 01(15)
Content Highlights: loksabha election 2024 how hindi region poll their vote
Published: 05 Jun 2024, 11:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented