ന്യൂഡല്‍ഹി: പഞ്ചാബില്‍ ശിരോമണി അകാലിദളുമായി വീണ്ടും സഖ്യമുണ്ടാക്കാന്‍ ബിജെപിയുടെ ശക്തമായ നീക്കങ്ങള്‍ തുടരുന്നു. വിവാദമായ കാര്‍ഷിക നിയമങ്ങളെ ചൊല്ലി പിരിഞ്ഞ സഖ്യം പുനഃസ്ഥാപിക്കാന്‍ ഇരുപാര്‍ട്ടികളുടെയും നേതാക്കള്‍ വീണ്ടും ചര്‍ച്ചകള്‍ തുടങ്ങി.

To advertise here,

വെള്ളിയാഴ്ച നടക്കുന്ന ശിരോമണി അകാലിദള്‍ കോര്‍ കമ്മിറ്റി യോഗത്തിന് ശേഷം സഖ്യം സംബന്ധിച്ച തീരുമാനം അന്തിമമായി പ്രഖ്യാപിക്കും. നേതാക്കള്‍ ചര്‍ച്ചകള്‍ നടത്തി വരുന്നുണ്ടെന്ന് ബിജെപി നേതാവും പാര്‍ട്ടി വക്താവുമായ എസ്.എസ്.ചന്നി പറഞ്ഞു. അന്തിമ തീരുമാനം പാര്‍ട്ടി ദേശീയ നേതൃത്വം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

താങ്ങുവിലയടക്കമുള്ള വിഷയത്തില്‍ കര്‍ഷകര്‍ ഇപ്പോഴും സമരത്തിലേര്‍പ്പെട്ട സാഹചര്യത്തില്‍ ബിജെപിയുമായി സഖ്യത്തിലേര്‍പ്പെടാന്‍ നേരത്തെ അകാലിദള്‍ വിമുഖത കാണിച്ചിരുന്നു.

2019-ല്‍ ഒരുമിച്ച് മത്സരിച്ച ബിജെപിയും അകാലിദളും പഞ്ചാബിലെ 13-ല്‍ നാലു സീറ്റുകളിലാണ് വിജയിച്ചത്. എട്ട് സീറ്റുകളില്‍ കോണ്‍ഗ്രസും ഒരിടത്ത് എഎപിയുമാണ് അന്ന് വിജയിച്ചിരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ഘട്ടമായ ജൂണ്‍ ഒന്നിനാണ് പഞ്ചാബില്‍ തിരഞ്ഞെടുപ്പ് നടക്കുക.