ഭിന്ദ്രന്‍വാലയുടെ പിന്‍ഗാമിയെന്ന് സ്വയം വിശേഷിപ്പിച്ച് ജനശ്രദ്ധയിലെത്തിയതാണ് അമൃത്പാല്‍ സിങ്. ഖലിസ്താന്‍ അനുകൂല വിഘടനവാദ പ്രവര്‍ത്തനത്തിന്റെ പേരില്‍ ദേശസുരക്ഷാ നിയമം ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന സിഖ് മത പ്രബോധകന്‍ അമൃത്പാല്‍ സിങ്ങിന്റെ സ്ഥാനാര്‍ഥിത്വം കൊണ്ട് ഇപ്പോള്‍ പഞ്ചാബിലെ ഖഡൂര്‍ സാഹിബ് മണ്ഡലവും രാജ്യ ശ്രദ്ധയിലെത്തി. സിഖ് രാഷ്ട്രീയം വിധി നിര്‍ണയിക്കുന്ന മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായാണ് 'വാരിസ് പഞ്ചാബ് ഡേ' സംഘം തലവനായ അമൃത്പാലിന്റെ മത്സരം.

To advertise here,

പഞ്ചാബിലെ മറ്റേത് മണ്ഡലത്തെക്കാളും സിഖ് വോട്ടര്‍മാര്‍ കൂടുതലുള്ള സീറ്റാണിത്; 75 ശതമാനം. മണ്ഡല പുനര്‍നിര്‍ണയത്തിനുശേഷം 2008-ല്‍ രൂപവത്കൃതമായ ഖഡൂര്‍ സാഹിബ് മണ്ഡലം 'മിനി പഞ്ചാബ്' എന്നും വിശേഷിപ്പിക്കപ്പെടുന്നു. സിഖ് മതവിശ്വാസികള്‍ കൂടുതലുള്ളതിനാല്‍തന്നെ മതത്തോടു ചേര്‍ന്നുനില്‍ക്കുന്നത് എന്ന അര്‍ഥത്തില്‍ 'പാന്തിക്ക്' മണ്ഡലമായും ഇതറിയപ്പെടുന്നു. സിഖ് അവകാശങ്ങള്‍ക്കായി നിലകൊള്ളുന്ന പാര്‍ട്ടിയായ ശിരോമണി അകാലിദളാണ് മണ്ഡല പുനര്‍നിര്‍ണയത്തിനു മുമ്പുതൊട്ടേ മേഖലയില്‍ കൂടുതല്‍ തവണ ജയിച്ചിട്ടുള്ളത്.

നിലവില്‍ കോണ്‍ഗ്രസിന്റെ കൈവശമുള്ള സീറ്റില്‍ അമൃത്പാല്‍ സിങ്ങിന്റെ സാന്നിധ്യത്തോടെ പഞ്ചകോണ മത്സരമാണ് നടക്കുന്നത്. കോണ്‍ഗ്രസിന് വേണ്ടി മുന്‍ എം.എല്‍.എ. കുല്‍ബീര്‍ സിങ് ജീര, ബി.ജെ.പിക്ക് വേണ്ടി മന്‍ജീത് സിങ് മന്ന, ആം ആദ്മി പാര്‍ട്ടിക്കായി സംസ്ഥാന ഗതാഗത മന്ത്രി ലാല്‍ജിത് സിങ് ഭുള്ളര്‍, ശിരോമണി അകാലിദളിന്റെ വീര്‍സ സിങ് വലത്തോഹ എന്നിവരാണ് മത്സരിക്കുന്നത്. ചില സിഖ് രാഷ്ട്രീയ സംഘടനകള്‍ ഇതിനകം അമൃത്പാല്‍ സിങ്ങിന് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു.

ഗ്രാമങ്ങളുടെ ഒരേയൊരു സ്ഥാനാര്‍ഥി

അമൃത്പാല്‍ സിങ്ങിന്റെ ജന്മനാടായ ജല്ലുപുര്‍ ഖേഡ ഗ്രാമം ഒന്നാകെ തങ്ങളുടെ നേതാവിന് പിന്നില്‍ അണിനിരന്നിരിക്കുകയാണ്. തിരഞ്ഞെടുപ്പില്‍ അമൃത്പാലിനെ പിന്തുണയ്ക്കുന്നു എന്നു രേഖപ്പെടുത്തിയ പോസ്റ്ററുകള്‍ മേഖലയിലെ പല ഗ്രാമങ്ങളിലും സ്ഥാപിച്ചിട്ടുണ്ട്. മറ്റു പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പോസ്റ്ററുകള്‍ ഇവിടെ കാര്യമായി കാണാനില്ല. ഖഡൂര്‍ സാഹിബിലെ ഒട്ടുമിക്ക ഗ്രാമങ്ങളിലും ഇതുതന്നെ സ്ഥിതി.

അമൃത്സറില്‍നിന്ന് 40 കിലോമീറ്ററോളം ദൂരത്തുള്ള ജല്ലുപുര്‍ ഖേഡ ഗ്രാമത്തില്‍ തിരഞ്ഞെടുപ്പിനായുള്ള തയ്യാറെടുപ്പുകള്‍ ധൃതഗതിയിലാണ്. അമൃത്പാലിന്റെയും ബന്ധുക്കളുടെയും വീടുകളാണ് പ്രചാരണ സമിതി ഓഫീസായി പ്രവര്‍ത്തിക്കുന്നത്. പോസ്റ്ററുകളും ബാനറുകളും സൂക്ഷിച്ചിരിക്കുന്നതും തിരഞ്ഞെടുപ്പ് യോഗങ്ങള്‍ ചേരുന്നതും വീട്ടില്‍തന്നെ. പ്രാര്‍ത്ഥനകളും മുഴങ്ങുന്നുണ്ട്. പ്രചാരണത്തിനായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അമൃത്പാലിന്റെ അനുയായികള്‍ എത്തിയിട്ടുണ്ട്. വിശ്വാസത്തെ ഓരോ നിമിഷവും കൂടെ നിര്‍ത്തുന്ന ഇവര്‍ പ്രചാരണത്തെ സേവനമായാണ് കാണുന്നതെന്ന് പറയുന്നു. ഖലിസ്താന്‍ അഥവാ സിഖ് ദേശത്തിനായുള്ള ചുവടുവെപ്പായി ഇതിനെയെല്ലാം കാണുന്ന നിലപാടാണാവര്‍ക്ക്.

പ്രചാരണത്തിന് കുടുംബവും അനുയായികളും

അസമിലെ ജയിലില്‍ കഴിയുന്ന അമൃത്പാല്‍ സിങ്ങിന്റെ പ്രചരണം മുന്നോട്ടു കൊണ്ടുപോകുന്നത് കുടുംബമാണ്. പിതാവ് തര്‍സീം സിങ്ങും അമ്മ ബല്‍വിന്ദര്‍ കൗറും അമൃത്പാലിന്റെ സേവകരുടെ കൂടെ വീടുവീടാന്തരം കയറിയിറങ്ങി പ്രചരണം നടത്തുന്നു. പഞ്ചാബിന്റെ അവകാശങ്ങള്‍ പറയുന്നതിനൊപ്പം, മയക്കുമരുന്ന് വിരുദ്ധ പ്രചരണവുമുണ്ട്. മുമ്പ് ഒട്ടേറെ യുവാക്കളെ അമൃത്പാല്‍ ലഹരിയുടെ പാതയില്‍നിന്നു വിശ്വാസ ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. ലഹരിക്ക് അടിമപ്പെട്ട് ജന്‍മം നശിപ്പിക്കുന്നതിനേക്കാള്‍ വിശ്വാസത്തിന്റെ പാതയില്‍ അച്ചടക്കത്തോടെ ജീവിക്കുന്നതില്‍ എന്താണ് തെറ്റെന്ന് ഗ്രാമത്തില്‍വെച്ചു പരിചയപ്പെട്ട ജര്‍ണാല്‍ സിങ് ചോദിച്ചു. ഇപ്പോഴത്തെ രാഷ്ട്രീയ സ്ഥിതി അഴിമതി നിറഞ്ഞതാണെന്നും അതിനെല്ലാം മാറ്റം വരാന്‍ അമൃത്പാലിനെപ്പോലെയുള്ളവര്‍ ജയിക്കണമെന്ന അഭിപ്രായവും അദ്ദേഹത്തിനുണ്ട്.

രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ ലഹരി മാഫിയകളെ പ്രധാന പാര്‍ട്ടികളൊക്കെ തടയാതിരിക്കുകയാണെന്ന് ഖഡൂര്‍ സാഹിബിലെ തിരഞ്ഞെടുപ്പ് പ്രചാരണ ഓഫീസിലിരുന്ന്, പ്രചാരണത്തിന്റെ മേഖല കോ ഓര്‍ഡിനേറ്റര്‍ ലഖ്വിന്ദര്‍ സിങ് പറഞ്ഞു. അമൃത്പാല്‍ ജയിച്ചാല്‍ സിഖ് ഭരണഘടന പ്രകാരമേ പ്രവര്‍ത്തിക്കൂ എന്നും സമൂഹത്തിന് ദോഷം ചെയ്യില്ലെന്നും അദ്ദേഹം പറയുന്നു. തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ പാകിസ്താനുമായി അതിര്‍ത്തി കടന്നുള്ള വ്യാപാരം, വിദേശത്തേക്കുള്ള പലായനം കുറയ്ക്കാന്‍ നടപടി, സിഖ് തടവുകാരുടെ മോചനം, നദ ജല തര്‍ക്ക പരിഹാരം തുടങ്ങിയവയാണ് അമൃത്പാല്‍ സിങ്ങിന്റെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങള്‍.

അതേസമയം, അമൃത്പാല്‍ സംഘപരിവാര്‍ നോമിനിയാണെന്ന് ശിരോമണി അകാലിദള്‍ ആരോപിക്കുന്നു. അമൃത്പാല്‍ മത്സരിക്കുന്ന വിവരം പ്രഖ്യാപിച്ചത് ആര്‍.എസ്.എസ്. നേതാവായ അഭിഭാഷകനാണെന്നതും എതിര്‍പ്പൊന്നും ഇല്ലാതെ അമൃത്പാലിന്റെ പത്രിക അംഗീകരിച്ചതും സംശയകരമാണെന്ന് അകാലിദള്‍ വിമര്‍ശിക്കുന്നു. പരമ്പരാഗത പാര്‍ട്ടികളുടെ വോട്ടുബാങ്ക് തകര്‍ക്കാന്‍ കേന്ദ്രത്തിലെ ബി.ജെ.പി. ഗൂഢ ശ്രമങ്ങള്‍ നടത്തുന്നതാണെന്നാണ് ശക്തമായ മറ്റൊരു ആരോപണം. അമൃത്പാല്‍ പിടിക്കുന്ന വോട്ടുകള്‍ ആര്‍ക്കൊക്കെ ക്ഷീണമാകുമെന്ന് കണ്ടറിയണം.

ആരാണ് അമൃത്പാല്‍ സിങ്?

സുവര്‍ണ്ണ ക്ഷേത്രത്തില്‍ നടന്ന ഓപ്പറേഷന്‍ ബ്ലൂസ്റ്റാറില്‍ കൊല്ലപ്പെട്ട ഖലിസ്താന്‍ നേതാവ് ജര്‍ണയില്‍ സിങ് ഭിന്ദ്രന്‍വാലയുടെ പിന്‍ഗാമിയായാണ് അമൃത്പാല്‍ സിങ് സ്വയം അവതരിപ്പിക്കുന്നത്. 31-കാരനായ അമൃത്പാല്‍ ദീര്‍ഘകാലം ദുബായിലായിരുന്നു. അവിടെവെച്ച് പാകിസ്താന്‍ ചാര സംഘടനയായ ഐ.എസ്.ഐയുമായി ബന്ധമുണ്ടായെന്നാണ് പറയപ്പെടുന്നത്. ഇന്ത്യയില്‍ ഖലിസ്താന്‍ പ്രചാരണം നടത്താന്‍ ഐ.എസ്.ഐ.യുടെ സഹായം കിട്ടിയെന്ന് ആരോപണമുണ്ട്. 2022-ല്‍ ഇന്ത്യയില്‍ തിരിച്ചെത്തിയ അമൃത്പാല്‍ പഞ്ചാബിന്റെ അവകാശങ്ങള്‍ക്ക് വേണ്ടി പോരാടുന്ന വാരിസ് പഞ്ചാബ് ഡേ എന്ന സംഘടനയുടെ തലവനായി, വിദേശ സഹായത്തോടെ സായുധ സംഘങ്ങള്‍ രൂപവല്‍ക്കരിച്ചു. ഇതു ക്രമസമാധാന പ്രശ്നങ്ങളിലേക്ക് നയിച്ചതോടെയാണ് അമൃത്പാലിനെയും സംഘടനാ നേതാക്കളെയും കഴിഞ്ഞവര്‍ഷം പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്തത്.