ന്യൂഡല്‍ഹി: രാജ്യത്തെ ആറ് ദേശീയപ്പാര്‍ട്ടികള്‍ക്കും കൂടി കഴിഞ്ഞ വര്‍ഷം (202223) ലഭിച്ച ആകെ വരുമാനത്തില്‍ 59 ശതമാനവും അജ്ഞാത ഉറവിടങ്ങളില്‍നിന്ന്.

To advertise here,

ആരാണ് നല്‍കുന്നതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനോട് വെളിപ്പെടുത്തേണ്ടതില്ലാത്ത സംഭാവനകളെയാണ് അജ്ഞാത ഉറവിടത്തില്‍ നിന്നുള്ളതായി കണക്കാക്കുന്നത്. തിരഞ്ഞെടുപ്പ് ബോണ്ടുകളും 20,000 രൂപയില്‍ താഴെയുള്ള വരുമാനങ്ങളും കമ്മിഷനെ അറിയിക്കേണ്ടതില്ല.

ആറ് ദേശീയപ്പാര്‍ട്ടികള്‍ക്കും കൂടി കഴിഞ്ഞ വര്‍ഷം ആകെ വരുമാനം 3076.88 കോടിയാണ്.

അതിന്റെ 59 ശതമാനവും (1832.87 കോടി) അജ്ഞാത ഉറവിടങ്ങളില്‍ നിന്നാണ്. കോണ്‍ഗ്രസിന് 171.02 കോടിയും ആം ആദ്മി പാര്‍ട്ടിക്ക് 45.45 കോടിയും ബോണ്ടിലൂടെ ലഭിച്ചു. സി.പി.എമ്മിനും എന്‍.പി.പി.ക്കും ബോണ്ട് ലഭിച്ചിട്ടില്ല. ബി.എസ്.പി.ക്ക് അജ്ഞാത ഉറവിടത്തില്‍നിന്ന് ഒരു സംഭാവനയും ലഭിച്ചിട്ടില്ലെന്നാണ് അവര്‍ കമ്മിഷനെ അറിയിച്ചത്.

ബി.ജെ.പി.യുടെ അജ്ഞാത ഉറവിട വരുമാനത്തില്‍ 1294.15 കോടിയും ബോണ്ടില്‍ നിന്നാണ്. 2018-ല്‍ കൊണ്ടുവന്ന ബോണ്ട് പദ്ധതി സുപ്രീംകോടതി കഴിഞ്ഞമാസം റദ്ദാക്കിയിരുന്നു.

അജ്ഞാത ഉറവിടത്തില്‍നിന്ന് ലഭിച്ചതില്‍ 76.4 ശതമാനവും (1400.24) ബി.ജെ.പി.ക്കാണ്. ബാക്കി അഞ്ച് ദേശീയപ്പാര്‍ട്ടികള്‍ക്കും കൂടി അജ്ഞാത ഉറവിടങ്ങളില്‍നിന്ന് ലഭിച്ചത് 432.6 കോടിയാണ്.

കോണ്‍ഗ്രസിന് 315.11 കോടിയും സി.പി.എമ്മിന് 70.24 കോടിയും ആം ആദ്മി പാര്‍ട്ടിക്ക് 47.24 കോടിയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലുള്ള എന്‍.പി.പി.ക്ക് 4.4 ലക്ഷം രൂപയും കഴിഞ്ഞവര്‍ഷം ഇങ്ങനെ ലഭിച്ചു.