തിരഞ്ഞെടുപ്പ് ഓര്‍മകള്‍ തിരതല്ലുകയാണിപ്പോള്‍. മുപ്പത് കൊല്ലത്തിലേറെ വരുന്ന മാതൃഭൂമി ജീവിതത്തില്‍ പത്രപ്രവര്‍ത്തനത്തിന്റെ വലിയൊരു ഓഹരി നിരന്തരം നാട്ടില്‍ നടന്നുവന്ന തിരഞ്ഞെടുപ്പുകളുമായി കെട്ടുപിണഞ്ഞിരിക്കുന്നു. സര്‍വീസിനിടെ ഒമ്പതു ലോക്സഭ തിരഞ്ഞെടുപ്പുകള്‍... നിയമസഭയിലേക്കും ത്രിതല പഞ്ചായത്തിലേക്കും അത്രത്തോളമോ കൂടുതലോ പിന്നെയും. ഇന്ത്യക്കാര്‍ അധികം ഓര്‍ക്കുന്നുണ്ടാകില്ല, 1989-നും 1999-നും ഇടയ്ക്ക് പത്തുകൊല്ലം മാത്രം അഞ്ച് ലോക്സഭ തിരഞ്ഞെടുപ്പുകളാണ് ജനങ്ങള്‍ നേരിട്ടതെന്ന്... രാഷട്രീയക്കാരേക്കാള്‍ ജോലിഭാരം പേറിയതാകട്ടെ പത്രപ്രവര്‍ത്തകരും.

To advertise here,

ഓരോ തിരഞ്ഞെടുപ്പും കുറെ അനുഭവങ്ങളുടെ പെട്ടികളായി മനസ്സില്‍ അട്ടിയിട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കൗതുകമായി തോന്നിതുടങ്ങിയത് കോളേജ് കാലത്താണ്. രാത്രിയിലെ പൊതുയോഗങ്ങളും ജാഥകളും വോട്ട് അഭ്യര്‍ഥിച്ചുള്ള ഉച്ചഭാഷിണി ബഹളങ്ങളും... കൗമാരത്തില്‍ തുടങ്ങിയ കൗതുകം പിന്നെ ഫലമറിയാന്‍ പത്രമാപ്പീസുകളുടെ മുന്നില്‍ അര്‍ധരാത്രിയോളം കാത്തുനില്‍പിലെത്തി. അന്ന് സങ്കല്‍പത്തില്‍ പോലും ആ കെട്ടിടത്തിനുള്ളിലേക്ക് ഒരു ജോലിക്കാരനായി കടന്നുചെല്ലുമെന്ന് കരുതിയതല്ല. അത്യുത്തര-പൂര്‍വ്വ സംസ്ഥാനങ്ങളിലെ ഫലമറിയാന്‍ വെളുക്കുവോളം കാത്തിരുന്ന ജനക്കൂട്ടത്തിലെ ഒരാള്‍ പിന്നീട് മാതൃഭൂമിയുടെ ജനല്‍വാതിലിലൂടെ ആ ജനക്കൂട്ടത്തെ നോക്കിനിന്നു. പലവട്ടം... പക്ഷേ ആ കാലവും പോയി. വോട്ടെണ്ണലും പ്രതികരണവുമെല്ലാം ടെലിവിഷനിലേക്ക് കുടിയേറി. പത്രമാപ്പീസുകളുടെ മുറ്റം ശൂന്യമായി.

1991-ലെ തിരഞ്ഞെടുപ്പ് ആദ്യ അനുഭവം മാത്രമല്ല... മറക്കാത്ത ഒന്നു കൂടിയാണ്. രാജീവ് ഗാന്ധിവധം നടന്ന കൊല്ലം. പാലക്കാട് ബ്യൂറോയിലായിരുന്നു അപ്പോള്‍ ജോലി. കൊടുംചൂടില്‍ ജില്ല മുഴുവന്‍ അലച്ചില്‍, സ്ഥാനാര്‍ഥികളെയും നേതാക്കളെയും പിന്തുടരുക... പ്രചാരണ വിശേഷങ്ങള്‍, നേതാക്കളുടെ കൂടെ സഞ്ചരിക്കുക... ഒടുവില്‍ പാലക്കാട്ട് രാജീവ് ഗാന്ധിയുമെത്തി. കോട്ടമൈതാനത്ത് പൊതുസമ്മേളനം. ഫോട്ടോ എടുക്കാന്‍ രാജന്‍ പൊതുവാള്‍ എത്തിയിട്ടുണ്ട്. അതീവ സുരക്ഷ. രാജീവ് എത്തുന്നതിന് മണിക്കൂറുകള്‍ മുമ്പേ മൈതാനം ഫുള്‍. പൊതുവാളിന് ആ ജനക്കൂട്ടത്തെ പകര്‍ത്തണം. രാജീവിന് പ്രസംഗിക്കാന്‍ വേണ്ടി കെട്ടി ഉയര്‍ത്തിയ വേദിക്ക് ചുറ്റും തോക്കേന്തിയ പോലീസ്. ലോക്കല്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നമ്മളെയൊക്കെ പരിചയമുണ്ടെങ്കിലും സുരക്ഷാ ചുമതല പുറമെ നിന്നുവന്നവര്‍ക്ക്. പ്രസംഗവേദിക്ക് മുകളില്‍ നിന്നാല്‍ ജനക്കൂട്ടത്തെ മുഴുവനായി കാണാം. കളര്‍ഫോട്ടോ പത്രത്തില്‍ തുടങ്ങിയ കാലമാണ്. ചിത്രം എടുത്താല്‍ റീല്‍ കോഴിക്കോട്ട് എത്തിക്കുകയും വേണം. ഫിലിം പ്രോസസ് ചെയ്ത് പേജില്‍ ഉള്‍പ്പെടുത്താന്‍ മൂന്നു നാല് മണിക്കൂറിന്റെ ഘട്ടങ്ങളുണ്ട്. ആദ്യം ഫോട്ടോ എടുത്തിട്ട് വേണ്ടേ അത് അയയ്ക്കാന്‍. സമയം പോകുന്നു... രാജീവ് ഗാന്ധി ഏതാനും നിമിഷങ്ങള്‍ക്കകം എത്തുമെന്ന് അറിയിപ്പ് മുഴങ്ങി കൊണ്ടിരുന്നു. സുരക്ഷാ ഭടന്മാര്‍ തയ്യാറായി. കാഞ്ചിയില്‍ വിരല്‍ വെച്ച് അവര്‍ സൂക്ഷ്മ നിരീക്ഷണത്തിലാണ്. എന്താ ചെയ്യാ... പൊതുവാളിനോട് ചോദിച്ചു. 'വഴിയുണ്ട്...' എന്ന് പറയലും പൊതുവാള്‍ ക്യാമറയുമേന്തി ഒരു കുതിപ്പ്. രാജീവ് ഗാന്ധിക്ക് തയ്യാറാക്കിയ വേദിയിലേക്ക് ഓടിക്കയറി തുരുതുരാ ക്ലിക്ക്... പിറകെ നാലഞ്ച് പോലീസുകാര്‍ എത്തിയപ്പോഴേക്കും പണി കഴിഞ്ഞ് അദ്ദേഹം തിരിച്ചിറങ്ങി.

പിറ്റേന്ന് മാതൃഭൂമിയില്‍ മാത്രം കളര്‍ ചിത്രങ്ങള്‍. രാജീവിന്റെ പ്രസംഗം തന്നെയായിരുന്നു മെയിന്‍ വാര്‍ത്ത എന്നാണ് ഓര്‍മ. പ്രചാരണത്തിന്റെ അവസാന ദിവസങ്ങളിലായിരുന്നു ഇത്. വോട്ടെടുപ്പിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ കളക്ടര്‍ ജിജി തോംസനോടൊപ്പം ജില്ല മുഴുവന്‍ സഞ്ചരിച്ചു. ഒരുക്കങ്ങള്‍ വിലയിരുത്താന്‍. സന്ധ്യയോടെ അദ്ദേഹത്തിന്റെ കാറില്‍ പാലക്കാട്ട് തിരിച്ചെത്തി. ഉറങ്ങാന്‍ കിടന്ന ശേഷമാണ് ആ വിവരം ആരോ വിളിച്ചറിയിച്ചത്... രാജീവ് കൊല്ലപ്പെട്ടു. രാവിലെ ആയപ്പോഴേക്കും നാട്ടില്‍ പരക്കെ അരാജകത്വം. ബ്യൂറോയും ഓഫീസും പ്രവര്‍ത്തിക്കുന്ന സുല്‍ത്താന്‍പേട്ടയിലെ കെട്ടിടം തുറക്കാന്‍ പോലും കഴിയില്ല. വാഹനങ്ങള്‍ ഇല്ല. റസ്‌റ്റോറന്റുകളില്ല. വാര്‍ത്തകള്‍ ശേഖരിക്കാന്‍ നിവൃത്തിയില്ല. സംഘര്‍ഷത്തിന്റെ നാളുകള്‍ തരണം ചെയ്യാന്‍ ഏറെ പണിപ്പെട്ടു.

ഒരു പക്ഷേ രാജീവിന്റെ ഘാതകര്‍ കോട്ടമൈതാനത്തും വന്നിട്ടുണ്ടാകാം. സമ്മേളന സുരക്ഷ സംവിധാനം വിലയിരുത്താനോ അല്ലെങ്കില്‍ വധിക്കാന്‍ തന്നെയോ അവര്‍ പാലക്കാട്ട് വന്നിട്ടുണ്ടാകാനിടയുണ്ട്. കോണ്‍ഗ്രസിലെ ചില സുഹൃത്തുക്കളോട് അന്നത്തെ വീഡിയോ കാസറ്റ് കിട്ടാന്‍ വഴിയുണ്ടോ എന്ന് അന്വേഷിച്ചു. പക്ഷേ പോലീസ് അതെല്ലാം നേരത്തെ കൈവശപ്പെടുത്തിയിരുന്നു. പ്രത്യേകിച്ച് തുമ്പൊന്നും കിട്ടിയിട്ടില്ലെന്ന് അനൗപചാരികമായി അറിഞ്ഞു.

വി.ഐ.പി. സ്ഥാനാര്‍ഥികളോടൊപ്പം

ഭാഗ്യമെന്ന് പറയില്ല, നിമിത്തമായി കൂട്ടാം. ഒട്ടേറെ വി.ഐ.പി. സ്ഥാനാര്‍ഥികളുടെ തിരഞ്ഞെടുപ്പ് കവര്‍ ചെയ്യാന്‍ നിയോഗിക്കപ്പെടലുണ്ടായി. പല തവണയായി. ലോക്സഭ മാത്രമല്ല അസംബ്ലിയിലേക്ക് മത്സരിച്ചവരും അതില്‍പെടും. കെ.ആര്‍. നാരായണന്‍, ഇ.കെ. നായനാര്‍, എ.കെ. ആന്റണി, ടി.എന്‍.ശേഷന്‍, ശരദ് പവാര്‍, സുനില്‍ദത്ത്, എം.പി. വീരേന്ദ്രകുമാര്‍.... ഇവരുടെ മണ്ഡലങ്ങളിലൊക്കെ പ്രചാരണ കാലത്ത് എത്തിയിട്ടുണ്ട്. ഓരോന്നും വ്യത്യസ്ത അനുഭവങ്ങള്‍ സമ്മാനിച്ചവ. യാത്രാനുഭവങ്ങളും രാഷ്ട്രീയ സംഭവങ്ങളും ഇടകലര്‍ന്ന നാളുകള്‍.

മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായിരുന്ന ടി.എന്‍. ശേഷന്‍ 1999-ലാണ് ഗുജറാത്തിലെ ഗാന്ധിനഗറില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചത്. എല്‍.കെ. അദ്വാനിക്ക് എതിരെ. മലയാളികള്‍ക്ക് ഏറെ താല്‍പര്യമുള്ള മത്സരം. അദ്വാനിക്ക് എതിരാളിയാകില്ലെന്ന് അറിയാമായിരുന്നിട്ടും ശേഷന്റെ രാഷ്ട്രീയവേഷം കൗതുകമുണര്‍ത്തി. അഹമ്മദാബാദിലെത്തി ശേഷന്റെ പ്രചാരണ പരിപാടികള്‍ കണ്ടെത്തി. പിറ്റേന്ന് രാവിലെ ഒരിടത്ത് അദ്ദേഹത്തിന്റെ പരിപാടിയുണ്ട്. നഗരത്തില്‍ നിന്ന് അകലെയാണ്. ഒരു ഓട്ടോക്കാരനെ ആശ്രയിച്ചു. ഹിന്ദിയും ഇംഗ്ലീഷും അറിയില്ല അയാള്‍ക്ക്. പോകേണ്ട സ്ഥലം പറഞ്ഞു കൊടുത്തു. അവിടെ ശേഷന് പരിപാടി ഉണ്ടെന്നും പറഞ്ഞ് ഒപ്പിച്ചു. ഗുജറാത്തിലെ വരണ്ട ഗ്രാമങ്ങളിലൂടെ കുറെ ഓടിയ ശേഷം ഓട്ടോ നിന്നു. മൃണാള്‍സെന്നിന്റെ ഭുവന്‍ ഷോം ചിത്രത്തിന്റെ പോസ്റ്ററിലേതുപോലെ ഒരു പുരാതന റെയില്‍വേ സ്റ്റേഷന്റെ പരിസരം. വണ്ടിയുമില്ല യാത്രക്കാരുമില്ല. ഡ്രൈവറോട് ആംഗ്യത്തില്‍ ചോദിച്ചു. 'എന്താ ഇവിടെ?' അറിയുന്ന രീതിയില്‍ അദ്ദേഹം പറഞ്ഞു... 'ശ്തേഷൻ'. ശേഷന് എത്ര വോട്ട് കിട്ടുമെന്ന് അപ്പോഴേ മനസ്സിലായി.

ഒടുവില്‍ പ്രാദേശിക കോണ്‍ഗ്രസ് നേതാവിന്റെ ബംഗ്ലാവിന്റെ മുന്നിലെത്തിച്ചു തന്നു. ഭാഗ്യം, അദ്ദേഹത്തിന്റെ പരിവാരം എന്നെ ശേഷന്റെ അടുത്തെത്തിച്ചു. കണ്ടപാടെ ശേഷന്റെ വേഷം ശ്രദ്ധിച്ചു. ഉത്തരേന്ത്യന്‍ രീതിയിലുള്ള പൈജാമയും കുര്‍ത്തയും. അദ്ദേഹത്തിന് ചേരുന്നതല്ല ആ വസ്ത്രം. ഉച്ചയ്ക്ക് ഗാന്ധി നഗറിലെ താല്‍ക്കാലിക വസതിയില്‍ വിശ്രമമാണ്. അവിടെ ചെന്ന് സംസാരിക്കാം. കാറില്‍ ഒരു സെക്രട്ടറിയും ഞാനും ഡ്രൈവറും ശേഷനും. ആരവങ്ങളോ അകമ്പടിയോ ഒന്നുമില്ല. രാഷ്ട്രീയം ഇഷ്ടമായോ എന്ന് ചോദിക്കാനൊന്നും പോയില്ല. ഗുജറാത്തിന്റെ സമ്പൂര്‍ണ ചരിത്രം വിവരിച്ചു. എതിരാളിയൊന്നും സംഭാഷണത്തിലേക്ക് വന്നില്ല. ഒരു നിശ്ശബ്ദ പ്രചാരകന്‍... 'ശേഷന് ഇണങ്ങാത്ത വേഷം' എന്നായിരുന്നു ആ സ്റ്റോറിയുടെ തലക്കെട്ട്.

ബാരാമതിയിലേക്ക് മലകയറ്റം

ശരദ് പവാര്‍ എന്ന മഹാപര്‍വതത്തിന്റെ മണ്ഡലം സന്ദര്‍ശിക്കാതെ തിരഞ്ഞെടുപ്പ് തീര്‍ഥാടനത്തില്‍ കാര്യമില്ല. നേരെ പൂണെയിലേക്ക്. റോഡ് വഴി തന്നെ പോകണം ബാരാമതിയിലേക്ക്. മഹാരാഷ്ട്ര സര്‍ക്കാര്‍ ബസ് ഉണ്ട്. മൂന്നു നാല് മണിക്കൂര്‍. വലിയ ചുരം റോഡുകള്‍ താണ്ടണം. ചൂടുകാലത്ത് വിരസവും വരണ്ടതുമായ യാത്ര. ചുവന്ന മലവാരങ്ങളുടെ അടി മുതല്‍ മുടി വരെ എല്ലാം കാണാം. ഒറ്റ മരവുമില്ല കാഴ്ച മറയ്ക്കാന്‍. ചെറിയ ജനലുകളുള്ള ബസ്. പവാറിന്റെ സാമ്രാജ്യത്തെ കുറിച്ചുള്ള സങ്കല്‍പമെല്ലാം തെറ്റി. വികസനം നടന്നിട്ടില്ലാത്ത ഉറക്കം തൂങ്ങി പട്ടണം. നല്ല ചായക്കട പോലുമില്ല. പവാറിന്റെ തിരഞ്ഞെടുപ്പ് ഓഫീസിലെത്തി. നിറയെ പ്രവര്‍ത്തകര്‍. അദ്ദേഹത്തിന്റെ ജ്യേഷ്ഠനാണ് മേല്‍നോട്ടം, പോസ്റ്ററുകള്‍ മണ്ഡലത്തിന്റെ എല്ലാ ഭാഗത്തേക്കും വിതരണം ചെയ്യുന്ന തിരക്കാണ്. അതിനിടയ്ക്ക് കുറച്ച് സംസാരിച്ചു. പവാര്‍ മണ്ഡലത്തില്‍ വരുന്നത് പത്രിക സമര്‍പ്പിക്കാന്‍ മാത്രമാണ്. അത്രയേ വേണ്ടൂ. കരിമ്പ് കര്‍ഷക സൊസൈറ്റികള്‍ മിക്കതും നിയന്ത്രിക്കുന്ന പാര്‍ട്ടിക്ക് എതിര്‍ശബ്ദമില്ല. നേതാവ് ഏകപക്ഷീയമായി മത്സരിക്കുന്ന മണ്ഡലത്തില്‍ നിന്ന് വാര്‍ത്തയും കിട്ടാനില്ല. മറാഠി മാത്രം പറയുന്നവരോട് ചോദിച്ചറിയാനും നിവൃത്തിയില്ല. സെന്‍ട്രല്‍ മുംബൈയിലെ വൈ.എം.സി.എ. യില്‍ പെട്ടി വിശ്രമിക്കുന്നുണ്ട്. ഉടനെ തിരിച്ചുപോയി. വീണ്ടും മുംബൈയിലേക്ക്. സുനില്‍ദത്തിന്റെ പ്രചാരണവും ബാല്‍താക്കറെയുടെ അഭിമുഖവുമായിരുന്നു മനസ്സില്‍. രണ്ടാമത്തേത് തരപ്പെട്ടില്ല. നോര്‍ത്ത്-വെസ്റ്റ് മുംബൈയില്‍നിന്നുള്ള ദത്തിന്റെ (കുത്തക) തിരഞ്ഞെടുപ്പിലും പുതുമയൊന്നുമില്ല.

നായനാരും ആന്റണിയും

രണ്ടു മുഖ്യമന്ത്രിമാര്‍ അസംബ്ലിയില്‍ എത്തിയത് തൊണ്ണൂറുകളുടെ മധ്യത്തില്‍ രണ്ട് ഉപതിരഞ്ഞെടുപ്പുകളിലൂടെയാണല്ലേ. ആദ്യം എ.കെ. ആന്റണി തിരൂരങ്ങാടിയില്‍നിന്ന്. അടുത്ത കൊല്ലം ഇ.കെ. നായനാര്‍ തലശ്ശേരിയില്‍... രണ്ടിലും ഫലം സുനിശ്ചിതം. തലശ്ശേരിയില്‍ നായനാരുടെ പ്രചാരണത്തിന്റെ ഏകോപനം കോടിയേരി ബാലകൃഷ്ണനായിരുന്നു. തലശ്ശേരി ടൗണില്‍ ഗംഭീര പ്രചാരണ പ്രവര്‍ത്തനങ്ങള്‍. സി.പി.എമ്മിന്റെ സംഘടനായന്ത്രം സദാ ചലിച്ചുകൊണ്ടിരിക്കയാണ്. എവിടെയും പാളിച്ചകളില്ല. ഒരു പൊതുയോഗ സ്ഥലത്ത് കോടിയേരിയുടെ കാറിലിരുന്നായിരുന്നു സംസാരം. പ്രതീക്ഷിക്കുന്ന ഭൂരിപക്ഷമൊക്കെ കൃത്യമായി വിവരിക്കുന്നു. നായനാര്‍ തലശ്ശേരിയില്‍ ജയിച്ചുകഴിഞ്ഞു... മാതൃഭൂമിയും പറഞ്ഞു. ആന്റണിക്ക് വേണ്ടി തിരൂരങ്ങാടി വിട്ടുകൊടുത്ത മുസ്ലിം ലീഗ് ഇന്നും അതില്‍ ഊറ്റം കൊള്ളുന്നു. അവരുടെ മതേതര പാരമ്പര്യത്തിന് മകുടോദാഹരണമാണ് ഒറ്റ ക്രിസ്ത്യാനിയില്ലാത്ത മണ്ഡലത്തിലേക്ക് ആന്റണിയെ കൊണ്ടുവന്നതെന്ന് ഈയിടെയും കേട്ടു. മണ്ഡലത്തിലൂടെ ഓട്ടപ്രദക്ഷിണം മാത്രമേ ഉണ്ടായുള്ളൂ. ആന്റണി ആരെ ഭയക്കണം...

കരുണാകരന്റെ സ്പീഡിന് പിന്നാലെ

കെ. കരുണാകരന്‍ ഒറ്റപ്പാലത്ത് പ്രചാരണത്തിന് വരുന്നു. കെ.ആര്‍. നാരായണന് വേണ്ടി. രണ്ടുപേരും രണ്ടു കാറില്‍. ഒരു വേദിയില്‍നിന്ന് മറ്റൊന്നിലേക്ക്. നേതാവിന്റെ ഒരു ദിവസം എന്ന പംക്തിക്ക് വേണ്ടിയാണ്. കരുണാകരന്റെ കാറില്‍ കയറാന്‍ ശ്രമിച്ചില്ല. മറ്റൊരു കാറില്‍ പിന്തുടരാം. എവിടെയെത്താന്‍. ആരുടെയോ ബെന്‍സ് കാറില്‍ കുതിച്ചുകൊണ്ടിരുന്ന അദ്ദേഹത്തിന്റെ പിന്നില്‍ രണ്ടു കിലോമീറ്റര്‍ ദൂരെയായിരുന്നു വൈകുന്നേരം വരെ. നാരായണനേക്കാള്‍ ജനപ്രിയന്‍ കരുണാകരന്‍ തന്നെ. വഴിയില്‍ കൂടുതല്‍ ആവേശം കാട്ടിയത് പോലീസുകാരാണ്. ഓടി വന്ന് സല്യൂട്ട്...കോഴിക്കോട്ട് മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ കൂടിയായ എം.പി. വീരേന്ദ്രകുമാറിന്റെ രണ്ട് തിരഞ്ഞെടുപ്പുകള്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. എതിരാളിയായി വന്ന പി. ശങ്കരന്‍ കാണുമ്പോഴൊക്കെ തമാശ പറയും. 'നമ്മടെ പേരു കൂടി എഴുതണേ'. 'വക്കീലേ ങ്ങളുടെ പേര് കൊടുക്കേണ്ട എന്ന് ഇതുവരെ പറഞ്ഞിട്ടില്ല...' എന്ന മറുപടിയില്‍ ചിരിച്ച് പിരിയും. സത്യം പറഞ്ഞാല്‍ ജയസാധ്യതയില്‍ മാധ്യമങ്ങള്‍ക്ക് വലിയ സ്വാധീനമൊന്നുമില്ലെന്ന് വീരേന്ദ്രകുമാറിന് അറിയാമായിരുന്നു. അദ്ദേഹം സ്ഥാനാര്‍ഥി ആയതുകൊണ്ട് മാത്രം എന്തെങ്കിലും സമ്മര്‍ദ്ദം ഉണ്ടായിട്ടുമില്ല.

ജോസ് കെ. മാണിയോടൊപ്പം

ജോസ് കെ. മാണിയുടെ കോട്ടയം മണ്ഡലം. കാണാന്‍ 2009-ല്‍ നിമിത്തമുണ്ടായി. കുമരകം ഭാഗത്തായിരുന്നു അന്ന്. ബോട്ടില്‍ കനാലുകളിലൂടെ സ്ഥാനാര്‍ഥിക്കൊപ്പം സഞ്ചാരം. ഇരു കരകളിലും ആളുകള്‍ കൈവീശി അഭിവാദ്യം ചെയ്യും. ഇടയ്ക്ക് കരയടുപ്പിച്ച് ചെറിയൊരു പ്രസംഗം. ചില വീടുകളില്‍ നിന്ന് ശീതളപാനീയം. ജയം ഉറപ്പിച്ച സ്ഥാനാര്‍ഥികളോട് ഒപ്പമുള്ള യാത്ര വാര്‍ത്തയ്ക്ക് ഒന്നും തരാറില്ല. എങ്കിലും ഓരോ നാട്ടിലും വിവിധ രീതികള്‍ കാണാന്‍ അവസരം ലഭിച്ചു. അപ്പുറത്ത് ഇടുക്കിയില്‍ പി.ടി. തോമസിന്റെ പ്രചാരണം അദ്ദേഹത്തിന്റെ ആവേശകരവും സ്പഷ്ടവുമായ പ്രസംഗങ്ങളിലൂടെയായിരുന്നു. ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാനുള്ള തോമസിന്റെ കഴിവ് നേരില്‍ കണ്ടു, ആ തിരഞ്ഞെടുപ്പില്‍. രണ്ടു ദശകങ്ങളായി നീണ്ട തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ഒട്ടേറെയുണ്ട്. പക്ഷേ ജീവിതത്തില്‍ എന്നും ഓര്‍ക്കുന്ന ഒരു തിരഞ്ഞെടുപ്പ് വിശേഷം പറയാം. വിദ്യാര്‍ഥിയായിരിക്കെ ഒരു സ്ഥാനാര്‍ഥി വോട്ടു ചോദിക്കാന്‍ വന്നിരുന്ന കഥ. എണ്‍പത് വയസ്സ് കാണും. ഷര്‍ട്ടില്ല. കൂടെ കുട്ടികള്‍ മുതല്‍ യുവാക്കള്‍ വരെ നൂറോളം പേര്‍. ആര്‍ത്തു വിളിച്ചും മുദ്രാവാക്യം മുഴക്കിയും വീടുതോറും സന്ദര്‍ശനം. മുറ്റത്തെ ബഹളം കേട്ട് നോക്കുമ്പോള്‍ നീണ്ടു വളഞ്ഞ ആള്‍ രൂപം ഗൗരവത്തില്‍ കൈകൂപ്പും. 'വോട്ട് കണ്ണേട്ടന് കൊടുക്കണേ...' അനുയായികള്‍ അഭ്യര്‍ഥിക്കും. ഏതു പാര്‍ട്ടി ഏതു തിരഞ്ഞെടുപ്പ് ഒന്നും പ്രസക്തമല്ല. കണ്ണേട്ടന് പെട്ടെന്ന് തോന്നും വോട്ട് ചോദിക്കാന്‍. കൂടെ ഒരു വോട്ട് ബാങ്കും അകമ്പടിയായി. ചിത്രങ്ങള്‍ ഓരോന്നായി മായുമ്പോഴും കണ്ണേട്ടന്‍ തെളിഞ്ഞുവരുന്നു. ഒരു പക്ഷേ തിരഞ്ഞെടുപ്പ് തന്നെ പ്രഹസനമാണെന്ന് അദ്ദേഹത്തിന് തോന്നിയിട്ടുണ്ടാകാം.

(ലേഖകന്‍ മാതൃഭൂമി ദിനപത്രം മുന്‍ ഡെപ്യൂട്ടി എഡിറ്ററാണ്)