
കഴിഞ്ഞവര്‍ഷം നടന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ വിജയത്തിലേക്ക് നയിച്ചത് സുനില്‍ കനുഗോലു എന്ന തിരഞ്ഞെടുപ്പു വിദഗ്ധന്റെ അടവുനയങ്ങളായിരുന്നുവെന്ന് കോണ്‍ഗ്രസ്സ് പാര്‍ട്ടി പരസ്യമായി തന്നെ അംഗീകരിക്കുന്നുണ്ട്. കേരളത്തിലും കനുഗൊലു വന്ന് ചില വിശകലനങ്ങള്‍ നടത്തിയിരുന്നുവെങ്കിലും അതിന്റെ അടിസ്ഥാനത്തിലായിരുന്നില്ല സ്ഥാനാര്‍ഥി നിര്‍ണയമെന്ന് കെ.പി.സി.സി വ്യക്തമാക്കിയിട്ടുണ്ട്. അതെന്തായാലും 'കനുഗൊലുമാര്‍' കൂടി ഉള്‍പ്പെട്ടതാണ് രാജ്യത്തെ നിലവിലുള്ള തിരഞ്ഞെടുപ്പ് രാഷ്ട്രീയമെന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, തിരിഞ്ഞുനോക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ ഒരു തിരഞ്ഞുടുപ്പ് രാഷ്ട്രീയരംഗമാണ് നമ്മുടെ മുന്നിലേക്ക് വരുന്നത്. രാഷ്ട്രീയ ലോകത്തെ അതികായന്മാരുടേതായിരുന്നു അക്കാലത്തെ അന്തിമ തീരുമാനങ്ങള്‍. അമ്പരപ്പിക്കുന്ന രീതിയില്‍ അവര്‍ ചില സ്ഥാനാര്‍ഥി പ്രഖ്യാപനങ്ങള്‍ നടത്തും. സഹപ്രവര്‍ത്തകരും അണികളും സംശയിച്ച് നില്‍ക്കേ ഇവര്‍ പറഞ്ഞിരുന്നു 'ജയിക്കും' നിങ്ങള്‍ നന്നായി പ്രവര്‍ത്തിച്ചാല്‍ മാത്രം മതി.' അങ്ങനെ അതിശയിപ്പിച്ച ഒരു സ്ഥാനാര്‍ത്ഥി പ്രഖ്യാനമായിരുന്നു തിരുവനന്തപുരത്ത് 1984 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയിലുണ്ടായത്. സാക്ഷാല്‍ കെ.കരുണാകരന്റേതായിരുന്നു ആ തീരുമാനം.
1980 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കരുത്തനായ സി.പി.ഐ നേതവ് എം.എന്‍. ഗോവിന്ദന്‍ നായരെ 1,07,057 വോട്ടുകള്‍ക്ക് തോല്പിച്ച ഡോ. എ.നീലലോഹിതദാസന്‍ നാടാരാണ് കളം മാറി വന്ന ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. ഹിന്ദുമുന്നണി സ്ഥാനാര്‍ഥിയായി പി.കേരളവര്‍മരാജയുടെ നിര്‍ണായക സാന്നിധ്യവുമുണ്ട്. ഈ പശ്ചാത്തലമെല്ലാം കണക്കിലെടുത്ത് നായര്‍ വിഭാഗത്തില്‍പ്പെട്ട ഒരാളായിരിക്കും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെന്ന് ഭൂരിപക്ഷം കോണ്‍ഗ്രസ്സുകാരും ഉറപ്പിച്ചു. ചിലര്‍ സ്ഥാനാര്‍ഥി വേഷത്തിനുള്ള ഉടുപ്പുകള്‍ മനസ്സില്‍ തയ്ക്കാനും തുടങ്ങിയിരുന്നു. അപ്പോള്‍ അതാ കരുണാകരന്റെ പ്രഖ്യാപനം വരുന്നു. എ.ചാള്‍സ് ആണ് നമ്മുടെ സ്ഥാനാര്‍ത്ഥി. ഉടനെ ഉയര്‍ന്ന ചോദ്യം ഇതായിരുന്നു. ആരാണീ ചാള്‍സ്. സ്ഥാനാര്‍ത്ഥിക്കുപ്പായം തയ്ക്കാന്‍ തുടങ്ങിയ ചിലര്‍ അമര്‍ഷം പൂണ്ട് അതിനപ്പുറവും ചോദിച്ചു. ആരാണീ ഈ ചാള്‍സ് രാജകുമാരന്‍?
പക്ഷേ, കരുണാകരൻ കുലുങ്ങിയില്ല. രാഷ്ട്രീയരംഗത്തേക്ക് താന്‍ കൈപിടിച്ചു കൊണ്ടുവന്ന ഈ ചാള്‍സിന്റെ ജയം അദ്ദേഹം മനസ്സിലുറപ്പിച്ചിരുന്നു. കേരളവര്‍മരാജ 1,10,449 വോട്ട് നേടിയിട്ടും ചാള്‍സ് 53,438 വോട്ടിന് നീലനെ തോല്പിച്ചു. പി.എസ്.സിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും പിന്നീട് പി.എസ്.സി. അംഗവുമായിരുന്ന ചാള്‍സിനെ കമ്മിഷനിലെ അംഗത്വം രാജിവെപ്പിച്ചാണ് കരുണാകരന്‍ അങ്കത്തട്ടിലിറക്കിയത്. ഏറെ സൗമ്യനായ നല്ല ഒരു മനുഷ്യന്‍. 1989-ല്‍ ഒ.എന്‍.വി കുറുപ്പിനേയും 1991-ല്‍ ഇ.ജെ. വിജയമ്മയേയും തോല്പിച്ച് അദ്ദേഹം വീണ്ടും ലോക്‌സഭയിലെത്തിക്കുകയും ചെയ്തു. അതിനൊക്കെ ശേഷം മറ്റൊരു ലോക്‌സഭാ തിരഞ്ഞെടുപ്പ് വേളയില്‍ കുമാരപുരം ബര്‍മാ റോഡില്‍ ചാള്‍സ് താമസിച്ചിരുന്ന വീട്ടിലെത്തി. പഴയ പോരാട്ടങ്ങളുടെ കഥകള്‍ മാതൃഭൂമിക്ക് വേണ്ടി പകര്‍ത്താനായിരുന്നു ഇത്.
ഒ.എന്‍.വി. കുറുപ്പിനെ തോല്പിക്കാനാകുമെന്ന് ഉറപ്പുണ്ടായിരുന്നോ?
''കടുത്ത മത്സരമായിരുന്നു അത്. ഒരു സമുദായത്തിന്റെ പ്രാതിനിധ്യം കൂടി കണക്കിലെടുത്താണല്ലോ, കരുണാകരന്‍ സാര്‍ എന്നെ നീലനെതിരെ മത്സരിപ്പിച്ചത്. എന്റെ ചിന്തയും കാഴ്ചപ്പാടും അന്നൊക്കെ അതിന് അനുസൃതവുമായിരുന്നു. പക്ഷേ, ഒ.എന്‍.വി യ്‌ക്കെതിരെ തിരുവനന്തപുരത്തെ ജനങ്ങള്‍ എന്നെ വിജയിപ്പിച്ചതോടെ അത്തരം പരിമിതികള്‍ക്ക് അപ്പുറത്തേക്ക് എന്റെ മനസ്സ് വളര്‍ന്നു. അതോടെ ജാതി-മത പരിഗണനകള്‍ക്ക് അപ്പുറം തിരുവനന്തപുരത്തെ ജനങ്ങളുടെ താല്പര്യം മാത്രമായി എന്റെ ലക്ഷ്യം. ഞാന്‍ എങ്ങനെ മാറാതിരിക്കും? തിരുവനന്തപുരം നഗരത്തില്‍ സവര്‍ണ ഹിന്ദുവിഭാഗങ്ങള്‍ കൂടുതലുള്ള ബൂത്തുകളിലാണ് എനിക്ക് ഏറ്റവും കൂടുതല്‍ വോട്ട് കിട്ടിയത്'-ചാള്‍സ് പറഞ്ഞു.
കരുണാകരന്റെ ആ തീരുമാനം ഒരു മനുഷ്യന്റെ കാഴ്ചപ്പാടിനെ തന്നെ മാറ്റിയെടുക്കുന്ന രീതിയില്‍ പരിണമിക്കുന്നു. ചാള്‍സിന്റെ ആദ്യ തിരഞ്ഞെടുപ്പ് ജയം കഴിഞ്ഞ് രണ്ട് മാസത്തിന് ശേഷം ഒരവസരത്തില്‍ കരുണാകരനോട് ചോദിച്ചു. 'നീലന്‍ ഒരു ലക്ഷത്തിലേറെ വോട്ടിന് 1980ല്‍ ജയിച്ച മണ്ഡലത്തില്‍ തുകച്ചും പുതുമുഖമായ ചാള്‍സിനെ ഇക്കുറി മത്സരിപ്പിക്കാന്‍ എങ്ങനെ ആത്മവിശ്വാസം വന്നു? അവിടെയാണ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനുമപ്പുറത്തേക്ക് ഉയരുന്ന കരുണാകരന്റെ രാഷ്ട്രീയ ചാതുര്യം കണ്ടത്. 'രാഷ്ട്രീയത്തില്‍ റിസ്ക്കെടുത്തേ പറ്റൂ. അതില്‍ റിസ്‌ക് ഉണ്ടായിരുന്നു. ശരിയാണ് പക്ഷേ, ഒരു തവണ കൂടി നീലന്‍ ജയിച്ചിരുന്നെങ്കില്‍ ഒരു വിഭാഗം ഏകദേശം പൂര്‍ണമായും കോണ്‍ഗ്രസ്സില്‍ നിന്ന് അകന്ന പോകുന്ന സ്ഥിതിവരുമായിരുന്നു. അത് തടയാന്‍ കൂടിയായിരുന്നു ആ റിസ്‌ക്' പെട്ടെന്നായിരുന്നു കണ്ണിറുക്കി ചിരിയോടെ കരുണാകന്റെ പ്രതികരണം.
അവിടെയൊന്നും നില്‍ക്കുന്നില്ല. കരുണാകരന്റെ കണക്കുകൂട്ടലുകള്‍. 1999-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് അപ്രതീക്ഷിതമായ മറ്റൊരു സ്ഥാനാര്‍ഥി നിര്‍ണയത്തിനും അദ്ദേഹം കളമൊരുക്കി. 1984 മുതല്‍ തങ്ങളുടെ ഗ്രൂപ്പില്‍പ്പെട്ടവര്‍ മത്സരിക്കുന്ന മണ്ഡലമായതിനാല്‍ ഐ ഗ്രൂപ്പില്‍പ്പെട്ട പലരും തിരുവനന്തപുരം സീറ്റില്‍ കണ്ണുവെച്ചിരുന്നു. പക്ഷേ, യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ പ്രസിഡന്റും തന്റെ ഉറ്റ അനുയായിയുമായിരുന്ന വി.എസ്. ശിവകുമാറിനെ സ്ഥാനാര്‍ഥിയാക്കാനായിരുന്നു കരുണാകരന്റെ തീരുമാനം. മികച്ച പ്രഭാഷകനും എഴുത്തുകാരനുമായ കണിയാപുരം രാമചന്ദ്രനാണ് ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. ഒ.രാജഗോപാല്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയും. രാജഗോപാലിനെ ജയിപ്പിക്കാനുള്ള അഡ്ജസ്റ്റ്‌മെന്റാണിതെന്ന് ഇടതുമുന്നണി വന്‍ പ്രചാരണം അഴിച്ചുവിട്ടു. ശിവകുമാര്‍ മൂന്നാം സ്ഥാനത്താകുമെന്ന് കോണ്‍ഗ്രസ്സ് നോതാക്കളില്‍ ചിലര്‍ പോലും അടക്കം പറഞ്ഞു. പക്ഷേ, ഫലം വന്നപ്പോള്‍ 14,485 വോട്ടിന് ശിവകുമാറിനായിരുന്നു ജയം. കരുണാകരന്‍ ഒരിക്കല്‍ കൂടി കണ്ണിറുക്ക് ചിരിച്ചു. ഈ ലോകത്തോട് യാത്ര പറയുന്നതിന്ന് ഒരു വര്‍ഷം മുമ്പ്, ഇത്തരം വിസ്മയങ്ങളുടെ പട്ടികയില്‍ ഒന്നുകൂടി അദ്ദേഹം ചേര്‍ത്തു.
കൊല്ലത്ത് 2004-ല്‍ 1,11,071 വോട്ടിന്ന് ജയിച്ച ഇടതുമുന്നണിസ്ഥാനാര്‍ഥി പി.രാജേന്ദ്രന്‍ 2009-ല്‍ ബുദ്ധിമുട്ടില്ലാതെ ജയിക്കുമെന്ന സ്ഥിതിയാണുണ്ടായിരുന്നത്. ഐ ഗ്രുപ്പിന്റെ സീറ്റായിരുന്നു അത്. ആ ഗ്രൂപ്പില്‍ നിന്ന് കരുത്തനായ ഒരു സ്ഥാനാര്‍ത്ഥി വന്നില്ലെങ്കില്‍ രാജേന്ദ്രന്‍ പാട്ടും പാടി ജയിക്കുമെന്ന് യു.ഡി.എഫ് കേന്ദ്രങ്ങള്‍ നേതൃത്വത്തെ അറിയിച്ചു. പക്ഷേ, കരുണാകരന്‍ തന്റെ ആഗ്രഹം അറിയിച്ചു. പീതാംബരക്കുറുപ്പിനെ അവിടെ മത്സരിപ്പിക്കണം. അതിന്റെ കാരണവും അദ്ദേഹം അടുപ്പമുള്ളവരോട് പറഞ്ഞു. കുറുപ്പ് എന്നോടൊപ്പം എന്നും ഉറച്ചു നിന്നിട്ടുണ്ട്. ഒരു നല്ല സീറ്റ് കൊടുക്കാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല. അതില്‍ എനിക്ക് കുറ്റബോധമുണ്ട്. കുറുപ്പ് അവിടെ മത്സരിക്കട്ടെ. ജയിക്കുമെന്ന് തന്നെയാണ് എന്റെ വിശ്വാസം' അദ്ദേഹം പറഞ്ഞു. അവിടെയും കരുണാകരന്‍ പറഞ്ഞത് തന്നെ നടന്നു. 17,531 വോട്ടിന് ജയിച്ച് എന്‍.പീതാംബരകുറുപ്പ് ലോക്‌സഭയിലെത്തി.
'കനുഗോലുമാര്‍' വേണ്ട എന്നല്ല ഇവിടെ ഉദ്ദേശിക്കുന്നത്. കിട്ടാവുന്ന എല്ലാ സ്ഥിതിവിവരകണക്കുകളും തിരഞ്ഞെടുപ്പ് ശാസ്ത്രമായ സെഫോളജിയിലെ സാങ്കേതങ്ങളുമൊക്കെ ഉപയോഗിച്ചാലേ പുതിയ ലോകത്ത് തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്‌കരിക്കാനാകൂവെന്ന കാര്യത്തില്‍ സംശയില്ല. എല്ലാ രാഷ്ട്രീയ കക്ഷികളും അത് ചെയ്യുന്നുമുണ്ട്. പക്ഷേ, എവിടെയൊക്കെയോ ചില കുറവുകളുടെ ബോധ്യം ഉണ്ടാകുന്നില്ലേ?
അതിനുകാരണം രാഷ്ട്രീയം താഴെതട്ടില്‍ നിന്ന് അകന്നു പോയതുകൊണ്ടല്ലേ? അതുമാത്രമല്ല, ജനങ്ങളുടെ ഹൃദയമിടിപ്പുകള്‍ യാഥാവിധി അറിയാന്‍ പറ്റിയ നേതാക്കളും അധികമില്ലാതായിക്കൊണ്ടിരിക്കുന്നു. എല്ലാ രാഷ്ട്രീയ കക്ഷികളേയും ബാധിച്ചിരിക്കുന്ന ഒരു പ്രശ്‌നമാണിത്. അതുകൊണ്ടു തന്നെയാണ് കെ.കരുണാകരന്‍ പ്രസക്തമായ ഒരു തിരഞ്ഞെുടുപ്പ് 'കേസ് സ്റ്റഡി' ആയി മാറുന്നതും
Content Highlights: lok sabha election 2024, indian election 2024
Published: 03 Apr 2024, 12:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented