ബിഹാറിലെ ആദ്യത്തെ വനിതാ മുഖ്യമന്ത്രി റാബ്‌റി ദേവി ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണവേദിയിലെത്തി. മുഖ്യമന്ത്രിയും സ്ഥാനാര്‍ഥികളും സദസ്സിനെ കൈകൂപ്പി വണങ്ങി. ആരവം ഉയര്‍ന്നു. അധികാരമേറ്റ് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തന്നെ വനിതാ മുഖ്യമന്ത്രി 'ആള്‍ദൈവമായി' മാറിയ പ്രതിഭാസം. 1999 ല്‍ ബിഹാറിലെ ബക്‌സര്‍ ലോക്‌സഭാ മണ്ഡലത്തിലായിരുന്നു വേദി.

To advertise here,

മിന്നല്‍ പോലെ അത് സംഭവിച്ചു. ഒറ്റക്കുതിപ്പില്‍ സ്ഥാനാര്‍ഥി റാബ്രിദേവിയുടെ കാല്‍ക്കല്‍ വീണു നമസ്‌കരിച്ചു. മെല്ലെ തല ഉയര്‍ത്തി മെയ്​വഴക്കത്തോടെ എഴുന്നേറ്റ് നിന്നു. അനുഗ്രഹം വേണമെന്ന് മുഖഭാവത്തിലൂടെ വ്യക്തമാക്കി. ഒട്ടും താമസിച്ചില്ല 'ആള്‍ദൈവം' കൈകള്‍ നീട്ടി സ്ഥാനാര്‍ഥിയുടെ തലയില്‍ കൈവച്ച് അനുഗ്രഹിച്ചു. ആള്‍ക്കൂട്ടം കരഘോഷം മുഴക്കി. സ്ഥാനാര്‍ഥി നാട്ടുകാരനാണ്. വലിയ ഭൂസ്വത്തുള്ള കുടുംബത്തില്‍പ്പെട്ടയാള്‍.

ബക്‌സര്‍ സ്വദേശിയാണെങ്കിലും കേരളത്തില്‍ വളരെപ്പേര്‍ അറിയുന്ന വ്യക്തി. മുന്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് യു.പി. സിങ് എന്ന ഉദയ്പ്രതാപ് സിങ്. 1996 മുതല്‍ ഒന്നര വര്‍ഷത്തോളം ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയിരുന്നു. അതിനാല്‍ പത്രങ്ങള്‍ വായിക്കുന്നവര്‍ക്കെല്ലാം ചീഫ് ജസ്റ്റിസിനെ അറിയാം. സര്‍വീസില്‍ നിന്ന് വിരമിച്ച ശേഷം അദ്ദേഹം നാട്ടില്‍ തിരിച്ചെത്തി രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. രാഷ്ട്രീയ ജനതാദളില്‍ ചേര്‍ന്നു. പാര്‍ട്ടിയുടെ പ്രസിഡണ്ടായ ലാലുപ്രസാദ് യാദവിന് കാലത്തീറ്റ കുംഭകോണക്കേസില്‍ പ്രതിയായതിനാല്‍ മുഖ്യമന്ത്രിപദം രാജിവയ്‌ക്കേണ്ടി വന്നു. അങ്ങനെ 1997ല്‍ അദ്ദേഹത്തിന്റെ ഭാര്യ റാബ്‌റി ദേവി ആദ്യത്തെ വനിതാ മുഖ്യമന്ത്രിയായി. പക്ഷേ, വീട്ടിലിരുന്ന് ലാലു ഭാര്യയ്ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കി. ഭരണം അങ്ങനെ മുന്നോട്ടു നീങ്ങി. വര്‍ഷങ്ങള്‍ക്ക് ശേഷം ലാലു ശിക്ഷിക്കപ്പെട്ട് ജയിലിലായി.

ബിഹാറിലെ സ്ഥാനാര്‍ഥിപ്പട്ടികയില്‍ ബക്‌സര്‍ മണ്ഡലത്തിലെ ആര്‍.ജെ.ഡി. സ്ഥാനാര്‍ഥി യു.പി. സിങ് ആണെന്ന് അറിഞ്ഞപ്പോള്‍ പാട്‌നയിലെ സുഹൃത്തുക്കളെ വിളിച്ച് അന്വേഷിച്ചു. മുന്‍ കേരള ചീഫ് ജസ്റ്റിസ് യു.പി. സിങ് തന്നെയല്ലേ? അതൊന്ന് സ്ഥിരീകരിക്കണം. പി.ടി.ഐ.യുടെ പട്‌ന ബ്യൂറോചീഫ് മറുപടി നല്‍കി. ''അതെ മുന്‍ കേരള ചീഫ് ജസ്റ്റിസ് തന്നെ''

യു.പി. സിങ് വിരമിച്ച ശേഷം പട്‌നയിലാണ് താമസിക്കുന്നതെന്ന് അറിഞ്ഞു. അദ്ദേഹത്തിന്റെ ഫോണില്‍ വിളിച്ചു. പക്ഷേ,  മറുപടിയില്ല. വീണ്ടും പി.ടി.ഐ.യുമായി ബന്ധപ്പെട്ടു. ''യു.പി. സിങ് എങ്ങനെ രാഷ്ട്രീയത്തില്‍ പ്രവേശിച്ചു. അത് അറിയാന്‍ ആഗ്രഹം'' അദ്ദേഹം മറുപടി രണ്ട് ദിവസങ്ങള്‍ക്ക് ശേഷം നല്‍കി. ''യു.പി. സിങ്ങിനെ ബന്ധപ്പെടാന്‍ കഴിയുന്നില്ല. എന്നാല്‍ ഞാന്‍ പാര്‍ട്ടി നേതാക്കളുമായി സംസാരിച്ചു. യു.പി. സിങ്ങിന്റെ കുടുംബക്കാര്‍ ബക്‌സറിലെ ധനാഢ്യരാണ്. പലരും ലാലു പ്രസാദുമായി അടുത്ത ബന്ധം പുലര്‍ത്തുന്നു. രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ക്കൊള്ളാമെന്ന് യു.പി. സിങ് ആഗ്രഹിച്ചപ്പോള്‍ പാര്‍ട്ടി നേതൃത്വം അതിന് സമ്മതിച്ചു'' ''കൂടുതലൊന്നും അറിയില്ല. ഇനി അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞാല്‍ ഞാന്‍ വിശദവിവരങ്ങള്‍ നല്‍കാം.'' പി.ടി.ഐ. ബ്യൂറോ ചീഫ് എന്‍. മഹേഷ് പറഞ്ഞു. മാതൃഭൂമി എം.ഡി. വീരേന്ദ്രകുമാര്‍ പി.ടി.ഐ. ഡയറക്ടര്‍ ആയതിനാല്‍ മഹേഷ് വേണ്ടത്ര സഹായിച്ചു.

യു.പി. സിങ്ങിന്റെ രാഷ്ട്രീയത്തിലേക്കുള്ള വരവ് അപ്രതീക്ഷിതമായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞു. ഏതായാലും പാര്‍ട്ടി നേതൃത്വം അദ്ദേഹത്തിന് അനുകൂലമായിരുന്നു. അല്ലെങ്കില്‍ രാഷ്ട്രീയത്തില്‍ തീരെ പരിചയമില്ലാത്ത ഒരാള്‍ക്ക് എങ്ങനെ ലോക്‌സഭയിലേയ്ക്ക് ടിക്കറ്റ് നല്‍കും? 1999 തിരഞ്ഞെടുപ്പില്‍ ഞാന്‍ കൂടുതലും യു.പി.യിലാണ് റിപ്പോര്‍ട്ടിങ് നടത്തിയത്. ലഖ്​നൗവും അയോദ്ധ്യയും അലഹബാദും മുലായംസിങിന്റെ മണ്ഡലമായ ഇത്താവയിലും മറ്റും നീണ്ടയാത്രകള്‍ നടത്താന്‍ അവസരം ലഭിച്ചു. ലഖ്​നൗവിലെ പ്രശസ്തനായ പത്രലേഖകനും മലയാളിയുമായ പി. ദാമോദരന്‍ ആത്മാര്‍ഥമായി എന്നെ സഹായിച്ചു. അയോധ്യയിലും മറ്റും പോകാന്‍ പ്രമുഖ പത്രലേഖകനായ വെങ്കിടേഷ് രാമകൃഷ്ണനും കൂടെ ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഡ്രൈവര്‍ ബോലുവിനാണെങ്കില്‍ പല മണ്ഡലങ്ങളിലെയും സ്ഥാനാര്‍ഥികളെയും പാര്‍ട്ടിനേതാക്കളെയും നേരിട്ട് അറിയാം. വഴികള്‍ എല്ലാം ഹൃദിസ്ഥം അതിനാല്‍ ബോലുവിന്റെ കൂടെയുള്ള യാത്ര ആര്‍ക്കും ആസ്വദിക്കാം.

ലഖ്‌​നൗവില്‍ നിന്നും പാട്‌നയില്‍ എത്താന്‍ അപ്രതീക്ഷിതമായ ഒരവസരം കിട്ടി. ബക്‌സറില്‍ മത്സരിക്കുന്ന യു.പി. സിങ്ങിനെ കാണാന്‍ താല്‍പര്യമുണ്ടെന്ന് അറിയിച്ചപ്പോള്‍ പി.ടി.ഐ യിലെ മഹേഷ് പറഞ്ഞു ''ബക്‌സറിലെ നല്ലൊരു ആര്‍.ജെ.ഡി. പ്രവര്‍ത്തകനെ പരിചയപ്പെടുത്തിത്തരാം'' അദ്ദേഹത്തോടൊപ്പം ബക്‌സറിലെത്തി, സ്ഥാനാര്‍ഥിയായ യു.പി. സിങ്ങിനെ തേടിയപ്പോള്‍ അദ്ദേഹം രാത്രി നഗരത്തില്‍ പ്രധാനവേദിയില്‍ ഉണ്ടാകുമെന്നറിഞ്ഞു. കാരണം മുഖ്യമന്ത്രി റാബ്രിദേവി അവിടെയെത്തും.

ബിഹാര്‍ രാഷ്ട്രീയത്തിലിറങ്ങുന്ന ആദ്യത്തെ മുന്‍ ചീഫ് ജസ്റ്റിസാണ് യു.പി. സിങ് എന്ന് അറിഞ്ഞു. അതിനാല്‍ അദ്ദേഹത്തെ നേരില്‍ കാണാന്‍ കഴിഞ്ഞാല്‍ കേരളത്തില്‍ വാര്‍ത്താ പ്രാധാന്യം ഉണ്ടാകുമെന്ന് തീര്‍ച്ചയായിരുന്നു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എറണാകുളം ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും മുന്‍ കേരള -ഗുജറാത്ത് ചീഫ് ജസ്റ്റിസ് ആയിരുന്ന പി. സുബ്രഹ്‌മണ്യന്‍ പോറ്റി ഇടത് സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ വാര്‍ത്താ പ്രാധാന്യം കിട്ടിയിരുന്നു. ലിബിയയില്‍ നിന്ന് തിരക്കിട്ട സന്ദര്‍ശനം വെട്ടിച്ചുരുക്കിയാണ് ജസ്റ്റിസ് പോറ്റി പത്രിക സമര്‍പ്പിക്കാന്‍ എറണാകുളത്ത് എത്തിയത്. പേരുകേട്ട ന്യായാധിപന്‍ ആയിരുന്നുവെങ്കിലും ജസ്റ്റിസ് പോറ്റി എറണാകുളത്ത് പരാജയപ്പെട്ടു. ബക്‌സറില്‍ രാത്രി മുഖ്യമന്ത്രി രാബ്രിദേവി എത്തുന്ന യോഗസ്ഥലത്തെത്തി. അവിടെ വേദിയില്‍ മറ്റ് നേതാക്കളോടൊപ്പം യു.പി. സിങ്ങും  ഉണ്ടായിരുന്നു... രാത്രി എട്ടര മണിയോടെ മുഖ്യമന്ത്രി എത്തി. അതോടെ യോഗസ്ഥലം നിറഞ്ഞു കവിഞ്ഞു. ഒരു ഫോട്ടോഗ്രാഫറെ തേടിയിരുന്നു പക്ഷേ, കിട്ടിയില്ല.

മുഖ്യമന്ത്രി വേദിയില്‍ എത്തി മിനിറ്റുകള്‍ കഴിഞ്ഞപ്പോഴാണ് അത് സംഭവിച്ചത്. മുന്‍ കേരളാ ചീഫ് ജസ്റ്റിസ് മുഖ്യമന്ത്രിയുടെ കാല്‍ക്കല്‍ വീണു. നല്ലൊരു വാര്‍ത്താചിത്രം. മനസ്സില്‍ കരുതി. പക്ഷേ, അതിലേറെ നിരാശയുണ്ടായി. കാരണം ഒരു ഫോട്ടോ ഇല്ലാത്തതിനാല്‍ വാര്‍ത്തയ്ക്ക് 'ഇംപാക്ട്' കിട്ടില്ല. എങ്കിലും മറ്റൊരു വിധത്തില്‍ ആഹ്ളാദം തോന്നി. കാരണം മാധ്യമ പ്രവര്‍ത്തകര്‍ ആരും അവിടെ ഇല്ലായിരുന്നു. അതിനാല്‍ മാതൃഭൂമിയില്‍ പിറ്റേന്ന് വാര്‍ത്ത വന്നാല്‍ അത് 'എക്‌സ്‌ക്ലുസീവ്' ആയിരിക്കും തീര്‍ച്ച.

ഒരു മണിക്കൂര്‍ നീണ്ട യോഗത്തിന് ശേഷം മുഖ്യമന്ത്രി വേദി വിട്ടു. യു.പി. സിങ്ങിനെ നേരില്‍ കാണാന്‍ ആഗ്രഹിച്ചു. പക്ഷേ,  തിരക്കിനിടയില്‍ അദ്ദേഹം മുഖ്യമന്ത്രിയുടെ കാറില്‍ കയറി. അതോടെ ഒരു കൂടിക്കാഴ്ചയ്ക്കുള്ള അവസരവും ഇല്ലാതെ പോയി. അന്ന് മൊബൈല്‍ ഫോണ്‍ ഫോട്ടോ സമ്പ്രദായം പിറന്നിട്ടില്ലെന്ന് തോന്നുന്നു. മൊബൈല്‍ ഫോണ്‍ പോലും കുറച്ചു പേരുടെ കൈകളില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. അതിനാല്‍ ഒരു ഫോട്ടോയുടെ അഭാവം മനസ്സിനെ വേദനിപ്പിച്ചു. വീണു കിട്ടിയ ഭാഗ്യത്തില്‍ അങ്ങനെ ഭാഗികമായി മാത്രമേ സന്തോഷിക്കാന്‍ കഴിഞ്ഞുള്ളൂ.

ഇനി വാര്‍ത്ത എങ്ങനെ അയക്കും? അടുത്ത ടെലഗ്രാഫ് ഓഫീസ് ലക്ഷ്യമാക്കി കുതിച്ചു. അവിടെയുള്ള പ്രസ്‌റൂമില്‍ ഇരുന്ന് വാര്‍ത്ത എഴുതി ഫാക്‌സ് വഴിയേ അയക്കാനാകൂ... അരമണിക്കൂര്‍ കാത്തിരുന്നിട്ടും ഫാക്‌സ് ലൈന്‍ പ്രാവര്‍ത്തികമായില്ല. നിരാശനായി താമസ സ്ഥലത്തേക്ക് മടങ്ങി. പിറ്റേന്ന് ബലിയ മണ്ഡലത്തിലേക്ക് പോകുന്നതിന് മുമ്പ് ബയ്‌സറില്‍ നിന്ന് വാര്‍ത്ത ഡല്‍ഹി മാതൃഭൂമി ഓഫീസിലേക്ക് ഫാക്‌സ് ചെയ്തു. പിറ്റേന്ന് അത് 'മാതൃഭൂമി'യില്‍ പ്രസിദ്ധീകരിച്ചതായി അറിയാന്‍ കഴിഞ്ഞു. പക്ഷേ, ഫോട്ടോ ഇല്ലാത്തതിനാല്‍ ഉള്‍പേജിലാണ് പ്രസിദ്ധീകരിച്ചത്. എന്നാല്‍ പ്രാമുഖ്യത്തോടെ വാര്‍ത്ത വന്നുവെന്നറിഞ്ഞതില്‍ സന്തോഷിച്ചു.

സ്ഥാനാര്‍ഥി യു.പി. സിങ് മുഖ്യമന്ത്രിയുടെ കാല്‍ക്കല്‍ വീഴുന്നതിന്റെ ചിത്രം ഉണ്ടായിരുന്നുവെങ്കില്‍ അത് ഒന്നാംപേജ് വാര്‍ത്തയാകുമായിരുന്നുവെന്ന് മാതൃഭൂമി എഡിറ്ററുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ പറഞ്ഞു. ''പക്ഷേ, പ്രശ്‌നമില്ല. ഉള്‍പേജില്‍ നന്നായി വന്നിട്ടുണ്ട്'' അദ്ദേഹം പറഞ്ഞു. ചിത്രമുണ്ടായിരുന്നുവെങ്കില്‍ വാര്‍ത്തയുടെ ഇംപാക്ട് എത്രയോ വലുതാകുമായിരുന്നു - എന്റെ മനസ്സ് മന്ത്രിച്ചു. ഒരാഴ്ച കഴിഞ്ഞ് ഡല്‍ഹി ഓഫീസില്‍ തിരിച്ചെത്തിയപ്പോള്‍ ഓഫീസ് അസിസ്റ്റന്റ് ഇന്ദിര പറഞ്ഞു '' ഹൈക്കോടതി റജിസ്ട്രാര്‍ കൊച്ചിയില്‍ നിന്ന് വിളിച്ചിരുന്നു'' റജിസ്ട്രാര്‍ ദിവാകരനെ ഞാന്‍ ഉടനെ ബന്ധപ്പെട്ടു. അദ്ദേഹം പറഞ്ഞു: 'യു.പി സിങിനെ കുറിച്ചുള്ള വാര്‍ത്ത കണ്ടു'' അദ്ദേഹം പൊട്ടിച്ചിരിച്ചു.

യു.പി. സിങ്ങിന്റെ ഗതികേട് എന്ന പ്രതീതിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അതിന് കാരണമുണ്ട്. ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ ഹൈക്കോടതി ജഡ്ജിമാരും സീനിയര്‍ ഉദ്യോഗസ്ഥരും മുറുമുറുപ്പിലായിരുന്നു. യു.പി. സിങ്ങിനെ പലര്‍ക്കും ഇഷ്ടമായിരുന്നില്ല. ചിലപ്പോള്‍ പരുഷമായ പെരുമാറ്റം. അദ്ദേഹം ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോള്‍ ബിഹാറുകാരായ നിരവധി അതിഥികള്‍ കൊച്ചിയില്‍ എത്തിയിരുന്നു. അവര്‍ക്കെല്ലാം സുഖസൗകര്യങ്ങള്‍ ഒരുക്കേണ്ടത് ഹൈക്കോടതി സ്റ്റാഫിന്റെ ചുമതലയായിരുന്നു. അത് മുറുമുറുപ്പിനിടയായി. തിരഞ്ഞെടുപ്പില്‍ യു.പി. സിങ് തോറ്റു. എതിര്‍ സ്ഥാനാര്‍ഥിയായ ബി.ജെ.പി. നേതാവ് ചൗബേയ് വിജയിച്ചു. അതോടെ യു.പി. സിങ് രാഷ്ട്രീയം മതിയാക്കി. കഴിഞ്ഞ വര്‍ഷം അദ്ദേഹം അന്തരിച്ചു.