placeholder
കുത്തുബ്ദീന്‍ അന്‍സാരി
| File Photo: Mathrubhumi library

കുത്തുബ്ദീന്‍ അന്‍സാരി എന്ന വ്യക്തിയെ ഇന്ന് എല്ലാവരും മറന്നുകാണും. പക്ഷെ പക്ഷെ തൊട്ടടുത്ത് കൂട്ടക്കൊലകള്‍ കണ്ടും അടുത്ത നിമിഷം തന്റെ മരണം പ്രതീക്ഷിച്ചും അക്രമകാരികളില്‍നിന്ന് രക്ഷയ്ക്കായി കൈകൂപ്പി നിലവിളിച്ച ആ ചിത്രം ലോകത്തിന്റെ മുന്നില്‍ മാധ്യമങ്ങള്‍ ഒന്നാം പേജില്‍ കണ്ടപ്പോള്‍ ആ ഫോട്ടോ ഗുജറാത്ത് കലാപത്തിന്റെ നടുക്കുന്ന ഐക്കണ്‍ ആയി മാറി. നിരപരാധികള്‍ മതത്തിന്റെ പേരില്‍ വേട്ടയാടപ്പെടുന്നതിന്റെ ചിത്രം കൂടി ആയി. പോലീസ് അയാളെ രക്ഷപ്പെടുത്തിയെങ്കിലും ആ ഫോട്ടോ അയാളെ വിടാതെ പിന്‍തുടര്‍ന്നു. ഭയപ്പാടോടെ... ആള്‍ക്കാരുടെ തുറിച്ചു നോട്ടത്തോടെ..

ഗുജറാത്ത് കലാപത്തിന്റെ ഐക്കണ്‍ ആയ കുത്തുബ്ദീന്‍ അന്‍സാരിയെ തേടിപ്പിടിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഒരു തിരഞ്ഞെടുപ്പ് കവറേജ് ഓര്‍മ്മകള്‍ ഇന്നും എന്റെ പത്രപ്രവര്‍ത്തക അനുഭവങ്ങളില്‍ മറക്കാത്ത ഒന്നാണ്.

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ രണ്ടാം തവണ ആ സംസ്ഥാനത്തേക്ക് പോകുമ്പോള്‍ ഗുജറാത്ത് കലാപം കഴിഞ്ഞിട്ട് 12 വര്‍ഷം കഴിഞ്ഞിരുന്നു. 2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനാണ് കണ്ണൂര്‍ 'മാതൃഭൂമി'യില്‍ ചീഫ് റിപ്പോര്‍ട്ടര്‍ ആയിരിക്കെ ആദ്യം ഗുജറാത്തില്‍ പോകുന്നത്. ഗോധ്ര തീവണ്ടി കത്തിച്ച സംഭവവും തുടര്‍ന്നുണ്ടായ ഗുജറാത്ത് കലാപവും ഗാന്ധിജിയുടെ ജന്മനാടിനെ തുടര്‍ച്ചയായി ആഗോളതലത്തില്‍ തന്നെ കുറ്റവിചാരണ നടത്തിക്കൊണ്ടിരിക്കുന്ന സമയമായിരുന്നു അപ്പോഴും. ഒപ്പം ഒരു വശത്ത് ഗുജറാത്ത് മോഡല്‍ വികസന സങ്കല്‍പ്പവും ചര്‍ച്ചയില്‍ നിറഞ്ഞു. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ ഉള്ളതിനേക്കാള്‍ പ്രാധാന്യം നിറഞ്ഞതായിരുന്നു. ലോകത്ത് പലസ്ഥലത്തും വളരുന്ന മൂലധനരാഷ്ട്രീയവും വലതുപക്ഷ ഫാസിസവും അക്കാലത്തെ ഗുജറാത്തിന്റെ പശ്ചാത്തലത്തില്‍ വലിയ ചര്‍ച്ചക്ക് വിധേയമായിരുന്നു. ഇതൊക്കെ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ എങ്ങിനെ പ്രതിഫലിക്കുന്നു എന്ന് അറിയാന്‍ കൂടിയാണ് അവിടത്തെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ് ശ്രദ്ധേയമാകുന്നത്.
 
കലാപത്തിന് ശേഷം എങ്ങിനെയാണ് വിധിയെഴുത്തിന്റെ മനോഭാവം, ഗുജറാത്തിന്റെ കൊട്ടിഘോഷിക്കപ്പെടുന്ന വികസനം എത്രത്തോളം എന്നൊക്കെ    പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ അറിയാനുള്ള താത്പര്യം എനിക്കും ഏറെയുണ്ടായിരുന്നു. ഗുജറാത്ത് തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു എഡിറ്ററോട് സമ്മതം വാങ്ങിപ്പോവുകയായിരുന്നു ഞാന്‍ ആദ്യം. അന്ന് കേശവമേനോന്‍ ആയിരുന്നു പത്രാധിപര്‍. രണ്ടാം തവണയും (നിയമസഭാ തിരഞ്ഞെടുപ്പ് ) എഡിറ്റര്‍ നിര്‍ദ്ദേശിച്ചിട്ട് ഗുജറാത്തിലേക്ക് പോവുകയായിരുന്നു. അങ്ങിനെയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പും തുടര്‍ന്ന് 2012-ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പും റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകുന്നത്. നരേന്ദ്രമോദി അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയാണ്. അഹമ്മദാബാദിന് സമീപമുള്ള മണിനഗര്‍ നിയമസഭാ മണ്ഡലത്തിലാണ് അദ്ദേഹം മത്സരിക്കുന്നത്. അമിത് ഷായും മത്സരിക്കുന്നുണ്ട്. ഈ രണ്ട് മത്സരങ്ങളും റിപ്പോര്‍ട്ട് ചെയ്യുകയും വേണം.

ലോക്‌സഭാ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ട് ചെയ്യാനായി പോകുമ്പോള്‍ അന്ന് എന്റെ ലക്ഷ്യം ഗുജറാത്ത് കലാപത്തിന്റെ ഐക്കണ്‍ ആയി മാറിയ കുത്തുബ്ദീന്‍ അന്‍സാരി എന്ന യുവാവിനെ സന്ദര്‍ശിച്ച് ഒരു ഇന്റര്‍വ്യു സംഘടിപ്പിക്കുക എന്നായിരുന്നു. മലയാളത്തിലെ മാധ്യമങ്ങളിലൊന്നും അത്തരം റിപ്പോര്‍ട്ട് വന്നിട്ടില്ല. കൊല്ലാന്‍ വരുന്നവരില്‍നിന്ന് രക്ഷിക്കണേ എന്നാവശ്യപ്പെട്ട് പോലീസുകാര്‍ക്ക് മുന്നില്‍ ജീവന്‍ രക്ഷിക്കാനായി കൈകൂപ്പി കരയുന്ന ആ ചിത്രം ഗുജറാത്ത് കലാപത്തിന്റെ പൊള്ളുന്ന വേദനയായിരന്നു. കലാപത്തിന്റെ തീനാളങ്ങള്‍ക്കിടയില്‍ അര്‍ക്കാദത്ത എന്ന ഫോട്ടോഗ്രാഫറുടെ ക്യാമറയില്‍ പതിഞ്ഞതാണ് ആ ചിത്രം. ഇന്ത്യക്കകത്തും പുറത്തുമുള്ള പല മാധ്യമങ്ങളിലെയും ഒന്നാം പേജില്‍ അര്‍ക്കാദത്തയുടെ ആ ചിത്രം അടിച്ചുവന്നു.

കലാപത്തില്‍ കുത്തുബ്ദീന്‍ അന്‍സാരി കൊല്ലപ്പെട്ടു എന്നാണ് പലരും കരുതിയത്. അയാള്‍ രക്ഷപ്പെട്ടോ എന്ന ചോദ്യം നാടിന്റെ പലഭാഗത്തുനിന്നുമുണ്ടായി. കത്തിയമര്‍ന്ന ശവശരീരത്തില്‍ ഒന്ന് അയാളുടേതായിരിക്കും എന്നും പലരും കരുതി. പക്ഷെ പിന്നീടാണ് അന്‍സാരി ജീവിച്ചിരിപ്പുണ്ടെന്നും പോലീസ് അയാളെ രക്ഷപ്പെടുത്തിയെന്നും അറിയാന്‍ കഴിഞ്ഞത്. ഗുജറാത്തില്‍ ജീവനുവേണ്ടി യാചിച്ച് കരയുന്ന ഒരു ഇന്ത്യന്‍ മുസ്‌ലിമിന്റെ ചിത്രമായി അപ്പോഴേക്കും ആ ചിത്രം സഞ്ചാരം തുടങ്ങിക്കഴിഞ്ഞിരുന്നു. അതോടെ അന്‍സാരി ഭീഷണിയിലായി. എവിടെയും അയാള്‍ തിരിച്ചറിയപ്പെട്ടു. ഒരേസമയം സഹതാപത്തോടെയും പ്രതികാരത്തോടെയും വെറുപ്പോടെയും അയാളെ ആള്‍ക്കൂട്ടം കണ്ടു. അയാള്‍ കുറച്ചുകാലം ഗുജറാത്തില്‍ ഒളിവില്‍ കഴിഞ്ഞു. പിന്നെ മുംബൈയിലേക്ക് മുങ്ങി. അതിനുശേഷം പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അയാള്‍ക്ക് അഭയം നല്‍കി. ഇടക്ക് രഹസ്യമായി അയാള്‍ നാട്ടില്‍ വന്നുപോവുകയും  െചയ്തു.

ആദ്യതവണ ഞാന്‍ ഗുജറാത്തില്‍ എത്തിയപ്പോള്‍ അന്‍സാരിയെ കാണാന്‍ ശ്രമിച്ചു. അദ്ദേഹവുമായി സംസാരിക്കാന്‍ പറ്റിയെങ്കില്‍ അന്ന് അദ്ദേഹത്തിന്റെ കണ്‍മുന്നില്‍ നടന്ന സംഭവങ്ങളും തുടര്‍ന്ന് അദ്ദേഹം അനുഭവിക്കേണ്ടി വന്ന പലായനങ്ങളുടെ കഥയും കേള്‍ക്കാമായിരുന്നു. പക്ഷെ നിരാശയായിരുന്നു ഫലം. പലരോടും അന്വേഷിച്ചു. അയാള്‍ ഗുജറാത്തിലെ ഇല്ലെന്ന് എല്ലാവരും പറഞ്ഞു. സത്യത്തില്‍ അയാള്‍ ഗുജറാത്തില്‍ എവിടെയോ വീട്ടില്‍ ചെറിയ ജോലിയെടുത്തു പുറത്തിറങ്ങാതെ കഴിയുകയായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് മാധ്യമങ്ങള്‍ പ്രത്യേകിച്ചും ചാനലുകള്‍ തന്നെത്തേടിയെത്തുന്നതാണ് അന്‍സാരിക്ക് പ്രശ്‌നം. ഏതായാലും എന്റെ ആഗ്രഹം മടക്കി. 

രണ്ടാം തവണ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് കവര്‍ ചെയ്യാനെത്തിയപ്പോള്‍ വീണ്ടും ഞാന്‍ ശ്രമം തുടങ്ങി. പത്രക്കാരെ യാതൊരു തരത്തിലും അദ്ദേഹം അടുപ്പിക്കില്ല എന്ന് ചിലര്‍ അന്നും പറഞ്ഞു. അദ്ദേഹത്തെ കുറിച്ചുള്ള വാര്‍ത്തകളും ചിത്രങ്ങളുമാണ് പോകുന്നിടത്തൊക്കെ പുള്ളിക്ക് അപകടം ഉണ്ടാക്കിയതെന്ന് അന്‍സാരി പറഞ്ഞതായി അവര്‍ പറഞ്ഞു. അതുപോലെ കുത്തുബ്ദീന്‍ അന്‍സാരിയെ പത്രക്കാര്‍ കാണുന്നതും മുഖാമുഖം നടത്തുന്നതും ഗുജറാത്ത് സര്‍ക്കാരും ഇഷ്ടപ്പെട്ടില്ല. പോലീസും എതിരായിരുന്നു. മോദിക്കെതിരെയും ബി.ജെ.പിക്കെതിരെയും ദേശീയ തലത്തില്‍ ജനവികാരം ഉണ്ടാക്കാനാണ് ഇത്തരം മുഖാമുഖങ്ങളെന്നും അവര്‍ കരുതി. ഗുജറാത്ത് കൂട്ടക്കൊല സംബന്ധിച്ച അന്വേഷണം തുടരുന്ന സമയവുമായിരുന്നു.

മറ്റു തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ക്കിടെ ഞാന്‍ അന്‍സാരിയെയും തേടിയലഞ്ഞു. പോലീസ് സ്‌റ്റേഷനില്‍ അന്വേഷിക്കാന്‍ മനസ്സുവന്നില്ല. കോണ്‍ഗ്രസ് ഓഫീസിലും മലയാളി സമാജത്തിലും മറ്റും അന്വേഷിച്ചു. സ്ഥലം അറിഞ്ഞാല്‍ തന്നെ പത്രക്കാരനാണെന്ന് പറഞ്ഞാല്‍ പോവാനും പറ്റില്ല. ഗുജറാത്തിലെ ചില പത്രക്കാരെയും കണ്ടു. പക്ഷെ അവര്‍ക്കൊന്നും അതില്‍ വലിയ താത്പര്യമില്ല. പുച്ഛത്തിലുള്ള നോട്ടമായിരുന്നു. എല്ലാം കഴിഞ്ഞതല്ലേ എന്ന് അവര്‍ പറഞ്ഞു. പക്ഷെ മലയാളത്തില്‍ ഒരു റിപ്പോര്‍ട്ടറും കുത്തുബ്ദീന്‍ അന്‍സാരിയെ നേരിട്ടു കണ്ടു റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടില്ല.

അങ്ങനെയിരിക്കെ തിരക്കിനിടയിലെ ഒരു തിങ്കളാഴ്ച രാത്രി ഇന്റര്‍വ്യുവിനായി ഗുജറാത്ത് മുന്‍ ഡി.ജി.പിയും മോദിയുടെ മുഖ്യശത്രുവും മലയാളിയുമായ ആര്‍.ബി. ശ്രീകുമാറിനെ വിളിച്ചു. അദ്ദേഹം അന്ന് ഗാന്ധിനഗറില്‍ തന്നെയുണ്ട്. രാത്രി 11-മണിക്കാണ് സമയം തന്നത്. ഞാന്‍ ആ സമയം തന്നെ അവിടെയെത്തി. അദ്ദേഹവുമായി സംസാരിച്ചു. എല്ലാം കഴിഞ്ഞു തിരിച്ചുവരാന്‍ നോക്കുമ്പോഴാണ് ഞാന്‍ ഇക്കാര്യം സൂചിപ്പിച്ചത്. പത്രക്കാരെ അദ്ദേഹം അടുപ്പിക്കില്ല. പുള്ളിക്ക് അത് പൊല്ലാപ്പാണ്. ആര്‍.ബി ശ്രീകുമാറും അങ്ങിനെയാണ് പറഞ്ഞത്. 

പക്ഷെ കേരളത്തിലെ പത്രത്തില്‍ വാര്‍ത്തയും ചിത്രവും വന്നത് കൊണ്ടു പ്രശ്‌നമില്ലല്ലോ എന്ന് ഞാന്‍ പറഞ്ഞു. പുള്ളി ഇപ്പോള്‍ എവിടെ താമസിക്കുന്നു എന്നു പറയാന്‍ പറ്റില്ല. നിങ്ങളറിയുമോ എന്റെ ഫോണ്‍പോലും ചോര്‍ത്തുന്നുണ്ട് ഈ സര്‍ക്കാര്‍. ശ്രീകുമാര്‍ ചിരിച്ചു കൊണ്ടു പറഞ്ഞു. ഞാന്‍ മുഖ്യമന്ത്രിയുടെ ഹിറ്റ്‌ലിസ്റ്റിലാണ്. പേടിയില്ലാതെ ശ്രീകുമാര്‍ പറഞ്ഞു. ഞാന്‍ മടങ്ങി. ഹോട്ടല്‍ മുറിയില്‍ എത്തി കിടക്കാന്‍ നോക്കുമ്പോള്‍ ആര്‍.ബി ശ്രീകുമാര്‍ വിളിക്കുന്നു. കുത്തുബ്ദീന്‍ അന്‍സാരിയുടെ ഫോണ്‍നമ്പര്‍ എഴുതിയെടുക്കൂ എന്ന് പറഞ്ഞു കൊണ്ട്. പക്ഷെ ഒരു കാരണവശാലും പത്രക്കാരനാണെന്ന് പറഞ്ഞു പോകരുത്. അയാള്‍ ഫോണ്‍ കട്ട് ചെയ്യും. ശ്രീകുമാര്‍ പറഞ്ഞു. ഞാന്‍ അദ്ദേഹത്തിന് നന്ദി പറഞ്ഞു ഫോണ്‍ വെച്ചു അപ്പോള്‍ സമയം രാത്രി ഒരു മണി കഴിഞ്ഞിരുന്നു.

ചില അന്വേഷണങ്ങളില്‍ അയാള്‍ നരോദാപാട്യ എന്ന സ്ഥലത്ത് എവിടെയോ ആണ് താമസം എന്നറിഞ്ഞു. ഗുജറാത്ത് കലാപസമയത്ത് ഏറ്റവും നിഷ്ഠുരമായ കൂട്ടക്കൊല നടന്ന സ്ഥലമാണ് നരോദാപാട്യ. അവിടെത്തെ അക്രമവുമായി ബന്ധപ്പെട്ട് നരോദാപാട്യ എം.എല്‍.എയും ഗുജറാത്ത് മുന്‍ മന്ത്രിയുമായ    ഡോ.മായാബെന്‍ കൊട്‌നാനി ജയിലിലും ആയിരുന്നു. കൊലയ്ക്കും അക്രമത്തിനും അവര്‍ പരസ്യമായി നേതൃത്വം നല്‍കിയിരുന്നതായാണ് ആരോപണം. പത്രപ്രവര്‍ത്തകന്റെ വേഷം മാറ്റിവെച്ച് കുത്തുബ്ദീന്‍ അന്‍സാരിയെ കാണാനുള്ള ശ്രമമായി പിന്നീട്. ഗുജറാത്ത് മലയാളി സമാജത്തിന്റെ മുന്‍ഭാരവാഹിയും മലയാളിയും ഏകതാപരിഷത്ത് എന്ന ഗാന്ധിയന്‍ സംഘടനയുടെ പ്രവര്‍ത്തകനും ഒക്കെയായ പവിത്രന്‍ നമ്പ്യാരോട് കാര്യം പറഞ്ഞപ്പോള്‍ അദ്ദേഹം സഹായിക്കാമെന്നേറ്റു.

ഉച്ചക്ക് ഞാനും പവിത്രന്‍ നമ്പ്യാരും ജമാല്‍പൂരിലെ മുല്ലാജി എന്നുവിളിക്കുന്ന മലപ്പുറംകാരന്‍ ബീരാന്റെ ഹോട്ടലില്‍ ഊണുകഴിക്കാന്‍ കയറി. മുല്ലാജി വര്‍ഷങ്ങളായി അവിടെ ഹോട്ടല്‍ നടത്തുന്നയാളാണ്... കലാപ സമയത്ത് അദ്ദേഹത്തിന്റെ ഹോട്ടല്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ആളൊരു കറകളഞ്ഞ കോണ്‍ഗ്രസ്‌കാരനാണ്. പക്ഷെ ഗുജറാത്തിലെ കോണ്‍ഗ്രസ്സുകാരെ കുറിച്ച് പുച്ഛമാണ്. ഒന്നിനും കൊള്ളാത്ത ശെയ്ത്താന്‍മാര്‍ എന്നാണ് പുള്ളിയുടെ പ്രയോഗം. ഭക്ഷണത്തിന് ശേഷം ഞങ്ങള്‍ മുല്ലാജിയോട് കുത്തുബ്ദീന്‍ അന്‍സാരിയുടെ കാര്യം പറഞ്ഞു. തേടിയവള്ളി കാലില്‍ ചുറ്റി എന്നു പറഞ്ഞത് പോലെ മുല്ലാജി പറഞ്ഞു. ഓന്റെ പരിചയക്കാരന്‍ ഈ കടയിലുണ്ട്. ശരിയാക്കാം. പക്ഷെ എന്തിന് വെറുതെ പൊല്ലാപ്പിന് പോകുന്നു. പത്രക്കാരെ ഓടിക്കും കേട്ടോ. അദ്ദേഹം പറഞ്ഞു. മുല്ലാജി പിന്നീട് കടയിലെ ലത്തീഷ് ഷെയ്ക് എന്നയാളിനെ വിളിച്ച് ഹിന്ദിയില്‍ കാര്യം പറഞ്ഞു. അയാളെ കൊണ്ട് കുത്തുബ്ദീന്റെ സുഹൃത്തിനെ വിളിപ്പിച്ചു. ആള്‍ നരോദാപാട്യയിലുണ്ട്. വേഗം വിട്ടോ എന്ന് മുല്ലാജി പറഞ്ഞു. ഞങ്ങള്‍ ഉടനെ കാറില്‍ നരോദാപാട്യയിലേക്ക് വിട്ടു. വഴിയില്‍ പറഞ്ഞ പോയിന്റില്‍ നിര്‍ത്തി. ലത്തീഷ് ഷെയ്ക്ക് തന്ന ഫോണ്‍നമ്പറില്‍ വിളിച്ചപ്പോള്‍ കുത്തുബ്ദീന്റെ സുഹൃത്ത് ഞങ്ങളെ കൊണ്ടുപോകാന്‍ വരും എന്നു പറഞ്ഞു.                       

2009-ലെ ആദ്യയാത്രയില്‍നിന്നും നരോദാപാട്യ ആകെ മാറിയിരിക്കുന്നു. വികസനം എന്നു പറയാന്‍ പറ്റുന്ന രീതിയില്‍ വീതിയേറിയ റോഡുകള്‍. കൂറ്റന്‍ ഫൈ്‌ളഓവറുകള്‍. വിജുനഗര്‍ ഫ്‌ളൈ ഓവറിന് സമീപമാണ് കുത്തുബ്ദീന്‍ താമസിക്കുന്നതന്നെ് അറിയാന്‍ കഴിഞ്ഞു. നിശ്ചിത സ്ഥലത്ത് കുത്തുബ്ദീന്റെ സുഹൃത്തെത്തി. പക്ഷെ കാണാന്‍ താത്പര്യമില്ലെന്നും ഒന്നും പറയാനില്ലെന്നും സുഹൃത്ത് പറഞ്ഞു. ഞങ്ങള്‍ നിരാശരായി. കേരളത്തില്‍നിന്ന് വരുന്നവരാണെന്നും അവിടെ ഗാന്ധിയന്‍ സംഘടനയുടെ ആള്‍ക്കാരാണെന്നും പവിത്രന്‍ നമ്പ്യാര്‍ കാച്ചി. വീണ്ടും ഫോണ്‍ വിളിച്ചു. അവസാനം അദ്ദേഹം ഓക്കെ പറഞ്ഞു. 

വളഞ്ഞു ചുറ്റിപ്പോകുന്ന തെരുവ്, ഒറ്റപ്പെട്ട മറ്റൊരു തിരക്ക് പിടിച്ച റോഡ്. അതിനിടയിലൂടെ ഊടുവഴികള്‍. ദരിദ്രര്‍ തിങ്ങിപ്പാര്‍ക്കുന്ന വഴി. ഭൂരിപക്ഷവും മുസ്‌ലിങ്ങള്‍ തന്നെയാണ്. ഓരോരുത്തരേയും ഞാന്‍ നോക്കി. അര്‍ക്കാ ദത്തയുടെ ഫോട്ടോ മനസ്സില്‍ നിറഞ്ഞു നിന്നു. കൈകൂപ്പി കരയുന്നചിത്രം ആള്‍ക്കൂട്ടത്തില്‍ ഉണ്ടോ. പെട്ടെന്ന് ചിരിച്ചു കൊണ്ട് കടപോലെ തോന്നിക്കുന്ന ഒരുചെറിയ വീട്ടില്‍ നിന്നും ഇറങ്ങിവരികയാണ് കുത്തുബ്ദീന്‍ അന്‍സാരി. ഞങ്ങള്‍ക്ക് കൈ തന്നു. വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു. തെരുവില്‍ കുട്ടികള്‍ കളിക്കുന്നു. തെരുവിലെ മറ്റു വീടുകളെ അപേക്ഷിച്ച് കുറച്ച് വലുപ്പമുള്ള വീടാണ് അന്‍സാരിയുടെത്. സ്വീകരണമുറിയില്‍ സാമാന്യം വലുപ്പമുള്ള ഒരു ടി.വിയുണ്ട്.

മുറിയിലെ ഒരു ഭാഗത്ത് വെച്ച വിലിയ പെട്ടി നിറയെ തന്നെ കുറിച്ചു പത്രങ്ങളിലും വാരികളിലും മറ്റും വന്ന വാര്‍ത്തകളാണെന്ന് അന്‍സാരി പറഞ്ഞു. യാത്ര ചെയ്യാന്‍ പറ്റാത്ത സ്ഥിതി, ആശ്വസിപ്പിച്ചവരും കല്ലെറിഞ്ഞവരും ഉണ്ട്, സഹായിച്ചവരും ഏറെ- അദ്ദേഹം പറഞ്ഞു. മറ്റെവിടെയെങ്കിലും അക്രമം നടക്കുമ്പോള്‍ ഞാന്‍ ഭയന്നുവിറക്കും. വീണ്ടും എന്നെ കൊല്ലാന്‍ ആള്‍ക്കാര്‍ വരുമോ എന്ന പേടി. ഞങ്ങള്‍ നിലത്തിരുന്നു. അന്‍സാരി പലരോടും നേരത്തെ പറഞ്ഞ വേദനാജനകമായ അനുഭവം ഞങ്ങളോടും പങ്കുവെച്ചു.

2002 ഫെബ്രവരി 28-നാണ് കുത്തുബ്ദീന്‍ അന്‍സാരി താമസിക്കുന്ന ഡോണികിച്ചാല്‍ എന്ന സ്ഥലത്ത് അക്രമം ഉണ്ടായത്. ഗോധ്ര തീവെപ്പിന് ശേഷം ഗുജറാത്ത് കത്തിക്കാളിയ സമയം. വാളും പെട്രോളുമായി അന്‍സാരിയുള്‍പ്പടെ മുസ്‌ലിങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് അക്രമികള്‍ എത്തി. തീവെപ്പും നിലവിളിയും അട്ടഹാസങ്ങളുമായി ആകെ ഭീകരാന്തരീക്ഷം. എങ്ങോട്ട് പോകണമെന്നറിയാതെ സ്ത്രീകളും കുട്ടികളും നാലുഭാഗത്തേക്കും നിലവിളിച്ചോടി. ചിലര്‍ വെട്ടേറ്റു മരിച്ചു. വീടുകളും കടകളും കത്തി. മുറിക്കുള്ളില്‍ ചിലര്‍ ജീവനോടെ നിന്നുകത്തി. അന്‍സാരിയുടെ കുടുംബം രക്ഷപ്പെടാനായി ഒരു കെട്ടിടത്തിന് മുകളില്‍ കയറി. അക്രമികള്‍ കൃത്യമായി ആളെ തിരഞ്ഞു കൊലനടത്തുകയായിരുന്നു. അക്രമികള്‍ വാളുമായി കെട്ടിടത്തിലേക്ക് ഇരച്ചുകയറുമെന്ന് അറിയാമായിരുന്നു. മരണം അടുത്തുവെന്ന തോന്നല്‍ ഈ സമയം ഭാഗ്യത്തിന് താഴെ ആര്‍.പി.എഫിന്റെ വണ്ടിയെത്തി.. അവരെ കണ്ടതോടെ അക്രമികള്‍ പിന്‍വലിഞ്ഞു. ആ പോലീസുകാരോടാണ് കരഞ്ഞു കൈകൂപ്പി രക്ഷിക്കണേ എന്ന് അന്‍സാരി ആവശ്യപ്പെട്ടത്. 

ആ രംഗമാണ് അവിചാരിതമായി അവിടെയെത്തിയ അര്‍ക്കാ ദത്ത എന്ന ക്യാമറാമാന്‍ പകര്‍ത്തിയത്. പിറ്റേന്ന് പത്രത്തില്‍ ആ ചിത്രം കണ്ടവര്‍ പലരും ചോദിച്ചത് ഇയാള്‍ രക്ഷപ്പെട്ടോ എന്നായിരുന്നു. അതു പറയുമ്പോള്‍ അന്‍സാരി ഞങ്ങള്‍ക്കുമുന്നില്‍ കുട്ടികളെ പോലെ പൊട്ടിക്കരഞ്ഞു. അന്‍സാരിയെ പോലീസാണ് പിന്നീട് അഭയാര്‍ഥി ക്യാമ്പിലെത്തിച്ചത്. കുത്തുബ്ദിന്‍ മരിച്ചതായി നാട്ടുകാര്‍ കരുതി. തിരിച്ചറിയപ്പെടാത്ത മൃതദേഹങ്ങള്‍ക്കിടയില്‍ അദ്ദേഹത്തിന്റെ ശരീരമേന്വേഷിച്ച് അവര്‍ പരതി. സംഭവം നടന്ന് ആറുദിവസങ്ങള്‍ക്ക് ശേഷമാണ് അന്‍സാരി തന്നെ പത്രത്തില്‍ വന്ന തന്റെ ഫോട്ടോ കാണുന്നത്. തനിക്ക് ഒരു രാഷ്ട്രീയവുമില്ല. ശത്രുക്കളുമില്ല. സുഹൃത്തുക്കള്‍ ബി.ജെ.പിക്കാരും കോണ്‍ഗ്രസ്സുകാരും എല്ലാമുണ്ട്, അദ്ദേഹം പറഞ്ഞു.

പുറത്തിറങ്ങാന്‍ പറ്റാത്ത സ്ഥിതിയായതിനാലാണ് താന്‍ നാടുവിട്ടതെന്ന് അന്‍സാരി പറഞ്ഞു. യാത്രയില്‍ എല്ലാവരും തന്നെ തുറിച്ചു നോക്കും. മരണത്തില്‍നിന്നും പോലീസാണ് രക്ഷപ്പെടുത്തിയത്. അങ്ങിനെയുള്ള വ്യക്തി, മോദിസര്‍ക്കാരിനെതിരെ പ്രവര്‍ത്തിക്കുന്ന ചിത്രമായി മാറി. ആകെ ഭയമായി. ഞാന്‍ ഏതു സമയവും കൊല്ലപ്പെടുമെന്ന് ആശങ്ക. കലാപത്തിന്റെ കേസുകളില്‍ സാക്ഷി പറയേണ്ടി വരും. സാക്ഷി പറഞ്ഞാല്‍ എന്ത് സംഭവിക്കും. രാത്രി ഉറക്കം ഇല്ലാതായി ഭ്രാന്ത് പിടിക്കും എന്ന് അവസ്ഥ. അന്ന് അനുഭവിച്ചവര്‍ക്കേ അത് മനസ്സിലാകൂ. ഭയപ്പാട് പുകയുന്ന മുഖത്തോടെ കുത്തുബ്ദീന്‍ അന്‍സാരി പറഞ്ഞു.

ആദ്യം സ്വന്തം നാട്ടില്‍നിന്ന് എങ്ങോട്ടെങ്കിലും രക്ഷപ്പെടാനാണ് തോന്നിയത്. ആരോടും എവിടെ പോകുന്നുവെന്ന് പറഞ്ഞില്ല. നേരെ മഹാരാഷ്ട്രയിലേക്ക് പോയി. പക്ഷെ വിവാദമായ ചിത്രം കാരണം ഞാന്‍ വളരെ വേഗം തിരിച്ചറിയപ്പെട്ടു. ജോലികിട്ടാത്ത സ്ഥിതി. ചിലര്‍ പരിഹസിച്ചു. സ്‌നേഹത്തോടെ കാര്യങ്ങള്‍ ചോദിച്ചവരും ഉണ്ടായിരുന്നു. അവിടെ സുരക്ഷിതമല്ല എന്നു തോന്നിയതോടെയാണ് പശ്ചിമബംഗാളിലേക്ക് പോയത്. അവിടെ സര്‍ക്കാര്‍ സഹായവും സംരക്ഷണവും തന്നു. പക്ഷെ വീണ്ടും നാടും വീടും വിളിക്കാന്‍ തുടങ്ങിയതോടെ ഗുജറാത്തിലേക്ക് മടങ്ങി. ഒരു ചെറിയ തുണിക്കടയിട്ട്    ജീവിക്കുന്നു. ദിവസം 200 രൂപ വരുമാനം കിട്ടും. കേരളത്തില്‍ നിര്‍മ്മാണ തൊഴിലാളിക്ക് ദിവസം 700മുതല്‍ 900 രൂപ വരെ കിട്ടുമെന്ന് പറഞ്ഞപ്പോള്‍    അന്‍സാരിക്ക് അത്ഭുതം. തുന്നല്‍ ജോലിക്ക് വലിയ സ്‌കോപ്പാണെന്ന് ഞാന്‍ പറഞ്ഞു. ഇവിടത്തെക്കാള്‍ മൂന്നിരട്ടി വരുമാനം ദിവസം ഉണ്ടാക്കാമെന്ന് പറഞ്ഞപ്പോള്‍ അന്‍സാരിക്ക് കേരളത്തിലേക്ക് വരാന്‍ മോഹമുണ്ടെന്ന് പറഞ്ഞു..

കലാപത്തെ കുറിച്ച് ഒന്നും ഇപ്പോള്‍ പറയുന്നില്ല. ഞാന്‍ ഓര്‍ക്കുന്നുമില്ല. അന്‍സാരി നിരാശയോടെ പറഞ്ഞു. ഞാന്‍ എല്ലാം മറന്നു. എല്ലാവര്‍ക്കും ഭ്രാന്തായിരുന്നു കലാപം നടത്തിയവര്‍ പലരും പുറത്തുനിന്ന് വന്നവരാണ്. പക്ഷെ നേതൃത്വം കൊടുത്തത് അറിയപ്പെടുന്ന ചിലര്‍ തന്നെ. പക്ഷേ മുഖ്യമന്ത്രി മോദി കലാപത്തെ തള്ളിപ്പറയുന്നില്ലല്ലോ, അന്‍സാരി പറഞ്ഞു 

രണ്ടു പെണ്ണും ഒരാണും അടക്കം മൂന്ന് കുട്ടികളാണ് അന്‍സാരിക്ക്. തൊട്ടടുത്ത ഭാര്യ എല്ലാം കേട്ട് നില്‍ക്കുന്നു. അവര്‍ക്കിത് ശീലമാണ്. ഇവിടെ എല്ലാ മതക്കാരും ഉണ്ട്. കഴിഞ്ഞതെല്ലാം കഴിഞ്ഞു. എല്ലാവരും ജിവിതം പച്ചപിടിപ്പിക്കാന്‍ നോക്കുന്നു. അന്‍സാരി പറഞ്ഞു. ഒരിക്കല്‍ ആ ഫോട്ടോഗ്രാഫര്‍ അര്‍ക്കാ ദത്ത വന്നു. മാപ്പ് പറഞ്ഞു. അറിഞ്ഞുകൊണ്ടല്ല ആ ദൃശ്യം പകര്‍ത്തിയതെന്ന് പറഞ്ഞു. സാരമില്ല. നിങ്ങള്‍ നിങ്ങളുടെ പണി ചെയ്തു, അദ്ദേഹം അതിന് മറുപടി പറഞ്ഞു. കലാപം ഒരു തരം ഭ്രാന്താണ്. എന്റെ വേദനയും കഷ്ടപ്പാടും കണ്ട് ഒരിക്കല്‍ ഒരാള്‍ എന്നെ ത്തേടി വന്നു. ഹിന്ദുവാണ്. എന്നെ അയാളുടെ നാട്ടില്‍ കൊണ്ടു പോയി സഹായമൊക്കെ തന്നു. അതാണ് നന്മ അന്‍സാരി പറഞ്ഞു.                                  

രണ്ടുവര്‍ഷത്തിനുശേഷം ഞാന്‍ പിന്നീട് അന്‍സാരിയെ കാണുന്നത് കണ്ണൂര്‍ തളിപ്പറമ്പില്‍ വെച്ചാണ്. അദ്ദേഹത്തോടൊപ്പം ഗുജറാത്ത് കലാപത്തിലെ മറ്റൊരു ഐക്കണ്‍ കൂടിയായ അശോക് മോച്ചയും ഉണ്ടായിരുന്നു ഈ രണ്ട് മുഖങ്ങളെ അടുത്തത്തടുത്തിരുത്തി നടന്ന ഒരു പരിപാടിക്ക് നേതൃത്വം നല്‍കിയത് സി.പി.എം. നേതാവായ പി. ജയരാജന്‍ ആയിരുന്നു. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ തളിപ്പറമ്പില്‍ സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കാനാണ് അന്‍സാരിയും അശോക് മോച്ചയും എത്തിയത്. അന്‍സാരിയെപ്പോലെ അശോക് മോച്ചയുടെ പ്രതികാരവാങ്ഛയുള്ള ചിത്രവും ആരും മറന്നുകാണില്ല. ആളെക്കൊല്ലാനായി വാളുയര്‍ത്തി, പ്രതികാരദാഹത്തോടെ കാവിക്കൊടിയുയര്‍ത്തി വരുന്ന ആള്‍ക്കൂട്ടത്തെ നയിക്കുന്ന അശോക്‌മോച്ച. അതിന്റെ വിപരീത ചിത്രമായിരുന്നു ജീവന് വേണ്ടി നിലവിളിക്കുന്ന അന്‍സാരിയുടെത്. 

placeholder
കുത്തുബ്ദീന്‍ അന്‍സാരിയും അശോക് മോച്ചിയും സി.പി.എം. നേതാവ് പി. ജയരാജനൊപ്പം വിഷുസദ്യ കഴിക്കുന്നു. ഫയല്‍ചിത്രം | Photo: Mathrubhumi Library 

അശോക് മോച്ച ദളിതനായി ഒരു ചെരുപ്പ് കുത്തിയായിരുന്നു. അയാള്‍ കലാപത്തിലേക്ക് വരാന്‍ കാരണം ആരുടെയോക്കെയോ പ്രലോഭനമായിരുന്നു. വിലയ്‌ക്കെടുത്ത ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ അയാളും ഇരയായി. അവസാനം തെറ്റ് മനസ്സിലായപ്പോള്‍ അയാള്‍ എല്ലാത്തില്‍നിന്നും വിട്ടുനിന്നു. സാധാരണ ജീവിതത്തിലേക്ക് മടങ്ങി. ഈ രണ്ടു ധ്രുവങ്ങളെയാണ് കേരളത്തിലേക്ക് ക്ഷണിച്ചത്. വേദിയില്‍ വെച്ച് ജീവിതത്തില്‍ ഒരിക്കലും നേരിട്ടു പരിചയപ്പെട്ടിട്ടില്ലാത്ത ഇരുവരും കെട്ടിപ്പിടിച്ചു. മതവെറിക്കെതിരെ മനുഷ്യസ്‌നേഹം പകുത്തുംപകര്‍ന്നും കൊണ്ട്. ആയിരക്കണക്കിനാളുകള്‍ കയ്യടിച്ചു. തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിങ്ങിനിടയിലെ ഈ ഓര്‍മ്മകള്‍ ഇപ്പോഴും മനസ്സില്‍ നിറയാതെയുണ്ട്.

(ലേഖകന്‍ മാതൃഭൂമിയുടെ സ്‌പെഷല്‍ കറസ്‌പോണ്ടന്റായിരുന്നു)