2004-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ എം.പി വീരേന്ദ്രകുമാര്‍ മത്സരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ പ്രധാന എതിരാളി വി.ബല്‍റാം; കോണ്‍ഗ്രസ്സില്‍ വി.ടി ബല്‍റാമിന് മുമ്പുള്ള മറ്റൊരു ബല്‍റാം. വടക്കാഞ്ചേരി എം.എല്‍.എയായിരുന്ന അദ്ദേഹം കെ. മുരളീധരന് അസംബ്ലിയിലേക്ക് മത്സരിക്കാന്‍ ആ സ്ഥാനം രാജിവെച്ച് ലോക്‌സഭയിലേക്ക് ഒരു കൈനോക്കാന്‍  ഇറങ്ങിയതായിരുന്നു. അന്ന് 'സ്ഥാനാര്‍ഥിയോടൊപ്പം' എന്ന പംക്തിയുണ്ട്. അദ്ദേഹത്തിന്റെ പ്രചാരണത്തിന് പിന്നാലെ പോകാന്‍ അനുമതി ചോദിച്ചപ്പോള്‍ സ്വാഭാവികമായും അദ്ദേഹം ചെറുതായി ആശങ്കപ്പെട്ടു. എതിര്‍ സ്ഥാനാര്‍ഥി മാതൃഭൂമി മാനേജിങ് ഡയറക്ടര്‍ ആയതുതന്നെ കാരണം.

To advertise here,

'നമ്മളെ കുഴപ്പത്തിലാക്കുമോ?' അദ്ദേഹം മടികൂടാതെ ചോദിച്ചു. വീരേന്ദ്രകുമാറിനെ ജയിപ്പിക്കുകയല്ല ഉദ്ദേശ്യം എന്ന മറുപടിയില്‍ അദ്ദേഹം തൃപ്തനായി. അന്ന് കോഴിക്കോട് ഒന്നാം മണ്ഡലത്തില്‍ (ഇപ്പോഴത്തെ കോഴിക്കോട് നോര്‍ത്ത്) അദ്ദേഹത്തിന് പിന്നാലെ വണ്ടിവിട്ടു. അതുകഴിഞ്ഞ് എല്ലാം ഭംഗിയായി അച്ചടിച്ചുവന്നു. പിറ്റേന്ന് പത്രപ്രവര്‍ത്തകനായ ജെഫ്രി റെജിനോള്‍ഡ് വായിച്ചിട്ട് ഇങ്ങനെ പറഞ്ഞു ''നിങ്ങളുടേതാണ് നന്നായത്.''

ശരി! സന്തോഷം!. പക്ഷെ, അതില്‍ ഒരു പിശകുണ്ടായിരുന്നു. കോഴിക്കോട് ഒന്ന് എന്നതിനു പകരം കോഴിക്കോട് രണ്ട് എന്നായിരുന്നു അച്ചടിച്ചു വന്നത്. ഒരക്കത്തിന്റെ വ്യത്യാസമേയുള്ളുവെങ്കിലും തെറ്റു തെറ്റുതന്നെ. വി.കെ.എന്ന് തിക്കോടിയന് കത്തയക്കുമ്പോള്‍ ' കോഴിക്കോട് ഒന്ന്, ഏറിയാല്‍ രണ്ട് 'എന്നാവാം. പത്രത്തിന് അത് ശരിയാവില്ല. ഈയിടെ 'വാഷിങ്ടണ്‍ പോസ്റ്റ്' പത്രം ഒരു വ്യക്തിയുടെ പേരിലെ ഒരക്ഷരം തെറ്റിയത് തിരുത്തിക്കാണിക്കുകയുണ്ടായി 'lifschitz 'എന്ന പേര് 'lifshitz 'എന്നു തിരുത്തിയപ്പോള്‍ ഒരക്ഷരം മാത്രമേ നീക്കം ചെയ്യുകയുണ്ടായുള്ളൂ. പിന്നീട് നിയമസഭാ മണ്ഡലങ്ങളുടെ പേരുകള്‍ കോഴിക്കോട് നോര്‍ത്ത്, സൗത്ത് എന്നാക്കിയത് എത്രയോ നന്നായി. തിരഞ്ഞെടുപ്പില്‍ ബല്‍റാം പരാജയപ്പെട്ടു. വീരേന്ദ്രകുമാറോ ബല്‍റാമോ ജെഫ്രിയോ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. 

അതേ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം , കൊല്ലം മണ്ഡലങ്ങളിലേക്കും യാത്ര ചെയ്യുകയുണ്ടായി. കോവളത്ത് എവിടെയോ വെച്ച് അക്കാലത്തെ വില കുറഞ്ഞ ഒരു മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതു മാത്രമേ ഒരു ബുദ്ധിമുട്ടായി ഓര്‍ത്തെടുക്കാനുള്ളൂ. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പിന്നാലെ പോവുക വളരെ രസകരം. ഉള്‍നാടന്‍ സഞ്ചാരങ്ങളില്‍ കാഴ്ചകള്‍ മാറി മാറി വരുന്നത് കാണുമ്പോള്‍ തിരഞ്ഞെടുപ്പ് എന്ന പ്രക്രിയക്ക് വളരെ അടുത്തു നില്‍ക്കുന്നു എന്ന തോന്നലുണ്ടാവും. സാധാരണ മനുഷ്യരുമായുള്ള സംഭാഷണങ്ങളിലൂടെ  സ്ഥാനാര്‍ഥികളുടെ ജയപരാജയ സാധ്യതകള്‍ മനസ്സിലാക്കുക  എന്നതിനെക്കാള്‍ താന്താങ്ങളുടെ  ജീവിത പ്രതീക്ഷകളുടെ ഒരു ചിത്രം മുന്നില്‍ തെളിയുന്നത് വായിച്ചെടുക്കുക കൗതുകകരം. പ്രമുഖ വ്യക്തികളുമായുള്ള സംഭാഷണങ്ങളും ചില ഉള്‍ക്കാഴ്ചകള്‍ സമ്മാനിക്കുമെങ്കിലും ഒന്നിനെയും സംശയം കൂടാതെ വിഴുങ്ങരുത് എന്നതാണ് അടിസ്ഥാന പാഠം.

റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു ഘട്ടത്തില്‍ സ്ഥാനാര്‍ഥികളുടെ പേരുകളും പോസ്റ്ററുകളും മാറുന്നത്  സിനിമയിലെ ഒരു ദൃശ്യം മാറി മറ്റൊന്നാവുന്നതുപോലെ സഞ്ചാരിയില്‍  അടുത്ത രംഗത്തെക്കുറിച്ച്  ഒരു പ്രതീക്ഷ വളര്‍ത്തുന്നു; കൗതുകം സമ്മാനിക്കുന്നു.

2009-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഒരു രോഗത്തിന്റെ ബാക്കിപത്രം കൂട്ടിനുണ്ടായിരുന്നു. എങ്ങനെ പെരുമാറുമെന്ന് മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത ആമാശയമായിരുന്നു അത്. പാലക്കാട് ഒരു സന്ധ്യയ്ക്ക് എത്തുമ്പോള്‍ ഹോട്ടലിലെ റസ്റ്റോറന്റില്‍  അയല ഗ്രേവിയില്‍ വിശ്രമിക്കുന്നു. കഴിക്കാതിരിക്കുന്നതെങ്ങനെ? നാളെ രാവിലെ ഇറങ്ങിയാല്‍ മതിയല്ലോ. പിറ്റേന്ന് സി.പി.എം വിമതനായ എം.ആര്‍. മുരളി കളക്ടറേറ്റിനു സമീപം പ്രസംഗിക്കുന്നുണ്ട്. സ്വതന്ത്ര സ്ഥാനാര്‍ഥിയായി അദ്ദേഹം മത്സരിക്കുന്നുമുണ്ട്. സി.പി.എം. ജില്ലാ സെക്രട്ടറി പി.ഉണ്ണിയെ കാണണം. സാധിക്കുമെങ്കില്‍ സ്ഥാനാര്‍ഥികളായ എം.ബി രാജേഷിന്റെയൊ സതീശന്‍ പാച്ചേനിയുടെയൊ ഏതെങ്കിലും ഒരു യോഗത്തില്‍ ഹാജരാകണം. ബി.ജെ.പി സ്ഥാനാര്‍ഥി സി.കെ പത്മനാഭന്‍ ഇതേ ഹോട്ടലില്‍ താമസിക്കുന്നുണ്ട്. ആലത്തൂര്‍ സന്ദര്‍ശിക്കണം. അങ്ങനെ പദ്ധതികള്‍ പലതുണ്ട്.

വയറിനെച്ചൊല്ലിയുള്ള ആശങ്ക കാരണം ഭക്ഷണം കഴിക്കാതെയാണ് രാവിലെ ഇറങ്ങിയത്. ആദ്യം മുരളി. അദ്ദേഹത്തിന്റെ പ്രസംഗം കഴിഞ്ഞ് അദ്ദേഹവുമായി അല്‍പനേരം സംസാരിച്ചു. നോക്കുമ്പോള്‍  ഉടുത്ത മുണ്ട് വളരെ മലിനമായിരിക്കുന്നു. തിരിച്ച് ഹോട്ടലില്‍ പോവുക മാത്രമേ വഴിയുള്ളൂ. അന്നത്തെ ദിവസം ജോലി നടക്കണമെങ്കില്‍ പകല്‍ ഭക്ഷണം ഉപേക്ഷിക്കുക മാത്രമാണ് ഒരേയൊരു വഴി. അങ്ങനെയാകട്ടെയെന്നുവെച്ചു. സി.പി.എം ജില്ലാ കമ്മിറ്റി ഓഫീസില്‍ പി.ഉണ്ണിയുണ്ടായിരുന്നു. സ്വാഭാവികമായും മുരളിയെക്കുറിച്ചുള്ള ചോദ്യം അദ്ദേഹത്തിന് ഇഷ്ടപ്പെട്ടില്ല. മുരളിയുടെ പേര് ഉച്ചരിക്കാന്‍ പോലും അദ്ദേഹം കൂട്ടാക്കിയില്ല. ഇതേ കാര്യം മറ്റൊരു ചോദ്യമായി വന്നപ്പോള്‍ അദ്ദേഹം ക്ഷുഭിതനായി.

''നിങ്ങളെന്താണ് അയാളെക്കുറിച്ചു ചോദിക്കുന്നത്? ജോര്‍ജ് പൊടിപാറ (അന്നത്തെ പാലക്കാട്  മാതൃഭൂമി ലേഖകന്‍) എനിക്ക് നന്നായി അറിയുന്ന ആളാണ്. അയാള്‍ പറഞ്ഞതുകൊണ്ടാണ് ഞാന്‍ നിങ്ങളെ കാണുന്നതുതന്നെ''.

ഞാന്‍ അദ്ദേഹത്തെ സമാധാനിപ്പിച്ചു. തന്റെ മുന്നിലിരിക്കുന്ന ആള്‍ ഒരു ശത്രുവല്ലെന്നും പത്രലേഖകന്‍ മാത്രമാണെന്നും തിരിച്ചറിഞ്ഞതുകൊണ്ടാവും ഞങ്ങള്‍ അലോഹ്യം കൂടാതെയാണ് പിരിഞ്ഞത്. മുരളി പിന്നീട് സി.പി.എമ്മില്‍ തിരിച്ചെത്തി. ആലത്തൂര്‍ സന്ദര്‍ശിച്ച് ഒറ്റപ്പാലത്ത് ചെല്ലുമ്പോഴേക്കും സന്ധ്യയായിരുന്നു. അവിടെ ഒരു യോഗത്തില്‍ വി.എസ് അച്യുതാനന്ദന്‍ പ്രസംഗിക്കുന്നുണ്ട്. അതു കഴിഞ്ഞ് പാലക്കാട്ടെത്തി അന്നത്തെ ആദ്യത്തെ ഭക്ഷണം കഴിക്കുമ്പോഴേക്കും രാത്രി ഒമ്പതു മണിക്ക് അടുത്തായിരുന്നു.

ഡല്‍ഹിയിലെ സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ സീനിയര്‍ വിസിറ്റിങ് ഫെലോ ഷില്‍ വെര്‍ണിയേ (gilles verniers) പത്രലേഖകര്‍ മുന്‍ ഫലങ്ങള്‍ വെച്ച്  തിരഞ്ഞെടുപ്പ് പ്രവചനത്തില്‍ ഏര്‍പ്പെടരുത് എന്നാണ് ഉപദേശിക്കുന്നത്. ഇന്ത്യയിലെ തിരഞ്ഞെടുപ്പുകള്‍ അദ്ദേഹത്തിന്റെ പഠനവിഷയങ്ങളില്‍ ഒന്നാണ്. പ്രവചനം നടത്താനുള്ള സംവിധാനങ്ങളെ ചെറുക്കുന്നവരാണ് ഇന്ത്യന്‍ വോട്ടര്‍മാര്‍ എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. അതിനാല്‍ തിരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെ ചുരുള്‍ നിവരുന്നു, ജനാധിപത്യം ഉറപ്പുവരുത്തുന്ന സ്ഥാപനങ്ങളുടെ അവസ്ഥയെന്ത്, പുതിയ സാങ്കേതിക വിദ്യകളുടെ വിനിയോഗം, തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കല്‍ തുടങ്ങിയവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറയുന്നു.

സാമൂഹിക മാധ്യമങ്ങളിലൂടെ എന്തൊക്കെ കൈകാര്യം ചെയ്യുന്നു എന്നത് അന്വേഷിക്കുന്നത് പത്രലേഖകര്‍ക്ക് ഗുണം ചെയ്യും എന്നും  അദ്ദേഹം കരുതുന്നു. ഇദ്ദേഹത്തെ യൂ ട്യൂബില്‍ കാണാവുന്നതാണ്.

പ്രവചനങ്ങള്‍ ഫലങ്ങള്‍ വരുന്നതോടെ മൂക്കു കുത്തി വീഴുന്നത് സാധാരണ കാഴ്ചയാണ്. എന്നാല്‍, ഫലങ്ങള്‍ വന്നശേഷമുള്ള പരിശോധനകളില്‍ കയ്യിലെ രേഖകള്‍ പോലെ ജയപരാജയങ്ങളുടെ കാരണങ്ങള്‍ തെളിഞ്ഞു കാണുകയും ചെയ്യും. എങ്കില്‍ ഈ കൈരേഖകള്‍ എന്തുകൊണ്ടാണ് പ്രചാരണ വേളയില്‍ തന്നെ സ്വയം വ്യക്തമാക്കാത്തത്? ആ ഘട്ടത്തില്‍ ഈ രേഖകള്‍ മങ്ങിക്കിടക്കുന്നു. അവ അപ്പോള്‍ വായിച്ചെടുക്കുക ഏതാണ്ട് അസാധ്യം.

മാതൃഭൂമി മുന്‍ ഡെപ്യൂട്ടി എഡിറ്ററാണ് ലേഖകന്‍