
വാരാണസിയില്‍ നിന്ന് അതിരാവിലെയുള്ള ട്രെയിനിലാണ് പട്‌നയിലെത്തിയത്. പട്‌നയില്‍ നിന്ന് ബെഗുസരായി വഴി പോകുന്ന ഇന്റര്‍സിറ്റി എക്‌സ്പ്രസിന്റെ സമയം രാവിലെ എട്ടര. നേരത്തെ എത്തിയതിനാല്‍ ആവശ്യത്തിന് സമയമുണ്ട്. അതിമധുരപ്പായസം പോലെയാണെങ്കിലും ഇഞ്ചി ചേര്‍ത്ത ഒരു ചായ പകുതി കുടിച്ച് മേല്‍പ്പാലങ്ങള്‍ മാറിമാറി കയറി പ്ലാറ്റ്‌ഫോമിലെത്തി. വണ്ടി കിടപ്പുണ്ട്. പക്ഷെ ശര്‍ക്കരക്കുടത്തില്‍ ഈച്ച പൊതിഞ്ഞതുപോലെ ഓരോ കംപാര്‍ട്ട്‌മെന്റിനും മുന്നില്‍ ആള്‍ക്കൂട്ടത്തിന്റെ ആര്‍ത്തടുക്കലുകള്‍. ചെറുവാതില്‍ പൊളിച്ചെടുക്കുമെന്ന് തോന്നും പോലെ ആളുകള്‍ അകത്തു കടക്കാന്‍ കയ്യാങ്കളിയും കായികാഭ്യാസങ്ങളും.
നീണ്ട യാത്രക്കുള്ള വലിയ പെട്ടിയും തൂക്കി ആള്‍ക്കൂട്ടത്തിന് പിന്നിലായി നിന്നു. പത്ത് ദിവസത്തെ തിരഞ്ഞെടുപ്പ് റിപ്പോര്‍ട്ടിംഗിനായി പുറപ്പെട്ടതിനാല്‍ പെട്ടിക്ക് സാമാന്യം നല്ല ഭാരം. സമയം ചോരും തോറും ആള്‍ക്കൂട്ടം പെരുകുന്നു. ഓണ്‍ലൈന്‍ ബുക്ക് ചെയ്‌തെടുത്ത ടിക്കറ്റില്‍ ഒന്നു കൂടി ഉറപ്പിച്ച് നിശ്ചിത കംപാര്‍ട്ട്‌മെന്റിന് മുന്നിലെത്തി. സ്ഥിതിക്ക് ഒരു മാറ്റവുമില്ല. ചെറുവാതില്‍ നൂണ്ടുകയറാന്‍ പത്തിരട്ടി ആളുകള്‍ ഇടിയോടിടി. പലര്‍ക്കും റിസര്‍വേഷനുമില്ല, ബുക്കിംഗുമില്ല. മറ്റാരോ ബുക്ക് ചെയ്ത ടിക്കറ്റ് ലക്ഷ്യമാക്കിയുള്ള ഇരമ്പമാണ്. സീറ്റ് നമ്പര്‍ അച്ചടിച്ച ടിക്കറ്റും കയ്യില്‍ പിടിച്ച് ഇടിക്കൂട്ടത്തിന് പിന്നില്‍ ഭാരപ്പെട്ടിയുമായി എപ്രിലിന്റെ ദാക്ഷിണ്യമില്ലാത്ത ചൂടില്‍ ഉരുകിയൊലിച്ചു നില്‍ക്കുമ്പോള്‍ കയറിയവരെയും കയറിക്കൂടിയവരെയും പേറി ഇന്റര്‍സിറ്റി എകസ്പ്രസ് പട്‌ന സ്റ്റേഷനില്‍ നിന്ന് നീങ്ങി.

നിറഞ്ഞ വണ്ടി
കുത്തിനിറച്ച ചാക്ക് പോലെ കവാടങ്ങള്‍. നിസ്സഹയാനായി, പ്ലാറ്റ്‌ഫോമില്‍ നിന്ന പത്രക്കാരനെ ട്രെയിന്‍ തിരിഞ്ഞു പോലും നോക്കിയില്ല ! ഇതൊക്കെ ഇവിടെ പതിവെന്ന മട്ടില്‍ ബാക്കിയുള്ള ആള്‍ക്കൂട്ടം അടുത്ത വണ്ടിക്കായി ഇടി തുടങ്ങിയപ്പോള്‍ ഇനിയെന്ത് വഴിയെന്ന് ചിന്തിച്ച് സ്റ്റേഷന് പുറത്തേക്ക് ഇറങ്ങി. ഏപ്രില്‍മാസ സൂര്യന്‍ മണ്ണില്‍ എണ്ണ തിളപ്പിക്കുന്നു. പുറത്ത് സമോസയും പക്കോഡയും എണ്ണയില്‍ തിളക്കുന്നു. കടുകെണ്ണയുടെ ഗന്ധം. അടുത്തുള്ള ടാക്‌സി സ്റ്റാന്‍ഡിലേക്ക് നടന്നു. പലവട്ടം പേശി പറഞ്ഞുറപ്പിച്ച നിരക്കില്‍ ബഗുസരായിയിലേക്ക്. അന്നത്തെ സി.പി.ഐ നേതാവും ഇപ്പോള്‍ കോണ്‍ഗ്രസ് നേതാവുമായ കനയ്യ കുമാറിനെ തേടിയുള്ള ആദ്യ യാത്രയാണ്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ്. ബഗുസരായിയിലെ സി.പി.ഐ സ്ഥാനാര്‍ഥിയാണ് അന്ന് കനയ്യ. ബിഹാറിന്റെ ലെനിന്‍ ഗ്രാഡ് എന്നറിയപ്പെടുന്ന ബഗുസരായി ഒരു കാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രിയപ്രദേശങ്ങള്‍. (കനയ്യയെ തേടി രണ്ടു വട്ടം ബഗുസരായിയിലേക്ക് പോയി. 2019 ലും 2020 ലും. രണ്ടാം യാത്രയെക്കുറിച്ച് പിന്നീട് പറയാം). 2019 ഏപ്രില്‍ 27. നേരത്തെ പല വട്ടം വന്നു പരിചിതമായ പട്‌ന നഗരത്തിലൂടെ ടാക്‌സി കാര്‍ യാത്രതുടങ്ങി. പട്‌നയില്‍ നിന്ന് ബഗുസരായിയിലേക്ക് 128 കിലോമീറ്റര്‍ ദൂരമേയുള്ളുവെങ്കിലും ഗംഗാനദിക്ക് കുറുകെ ഹാജിപുരിലേക്കുള്ള മഹാത്മാഗാന്ധി പാലം(മഹാത്മാഗാന്ധി സേതു) കടക്കാന്‍ തന്നെ മുക്കാല്‍ മണിക്കൂറെടുത്തു.
പാലത്തിന് താഴെ വിശാലമായി പരന്നു കിടക്കുന്ന ഗംഗ. 2017 വരെ ഇന്ത്യയിലെ ഏറ്റവും വലിയ പാലമായിരുന്നു പട്‌ന നഗരത്തെ ഹാജിപുര്‍ നഗരവുമായി ബന്ധിപ്പിക്കുന്ന ഗാന്ധി പാലം. പാലത്തിന് മുകളില്‍ ട്രക്കുകളുടെ നീണ്ട നിര. ഹാജിപുര്‍ കേല എന്ന പ്രശസ്തമായ ഹാജിപ്പുര്‍ പഴങ്ങള്‍ വിളയുന്ന വാഴക്കൃഷിത്തോട്ടങ്ങള്‍ അക്കരയില്‍. രാംവിലാസ് പസ്വാന്റെ തട്ടകമായ ഹാജിപുര്‍ പിന്നിട്ട് ചുട്ടു പഴുത്ത റോഡിലൂടെ വാഹനം കുതിക്കുന്നു. പലയിടങ്ങളില്‍ ഗംഗ പലമുഖങ്ങളില്‍, മെലിഞ്ഞും നിറഞ്ഞും ഒഴുകുന്നു. പലയിടങ്ങളില്‍ പിന്നെയും ട്രക്കുകള്‍ വഴിയടച്ചു. ഇടക്ക് ചായക്കും ഭക്ഷണവും വഴിയോര ധാബകളില്‍.

ബഗുസരായിയില്‍ കാറെത്തിയപ്പോള്‍ വൈകിട്ട് ആറ് മണി. ചെറു നഗരത്തിന്റെയും ഗ്രാമത്തിന്റെയും അതിരുകള്‍ ലയിച്ചതുപോലെ ഒരു ഗ്രാമനഗരം യാത്രക്കിടയില്‍ തന്നെ വിരലിലെണ്ണാവുന്ന ഹോട്ടലുകളിലൊന്നില്‍ മുറി ഉറപ്പിച്ചതിനാല്‍ വാഹനം അവിടെയെത്തി ആളെ ഇറക്കിയ ശേഷം മടങ്ങി.
മുറിയില്‍ കയറി പെട്ടി വെച്ചതിശേഷം ഒരു കിലോമീറ്ററിനപ്പുറമുള്ള സി.പി.ഐ ഓഫീസിലേക്ക് നടന്നു. ഡല്‍ഹിയിലെ കേന്ദ്ര കമ്മിറ്റി ഓഫീസില്‍ നിന്ന് റോയി തന്നെ നമ്പറുകളില്‍ വിളിച്ചു കൊണ്ടായിരുന്നു നടത്തം .ജെ.എന്‍.യു.വിലെ സമരകാലം മുതല്‍ രാജ്യ വ്യാപകമായി താരപോരാളി പരിവേഷമുള്ള കനയ്യകുമാറുമായുള്ള അഭിമുഖമായിരുന്നു യാത്രോദ്ദേശം. സി.പി.ഐ ഓഫീസിലെത്തുമ്പോള്‍ പ്രവര്‍ത്തകരുടെ കൂട്ടം. പഴമയുടെ പരിചയം പേറുന്ന പ്രൗഢിയുടെ അലങ്കാരങ്ങള്‍ വിദൂരമായി പോലും ഏശാത്ത രണ്ട് നിലക്കെട്ടിടത്തില്‍ അവിടവിടെയായി ഗ്രാമീണമുഖമുള്ള സഖാക്കളുടെ ചെറുസംഘങ്ങള്‍.
ചെറിയ കടലാസ് ഗ്ലാസുകളില്‍ ഇടക്കിടെ ചായ. കേരളത്തില്‍ നിന്ന് വന്ന പത്രപ്രവര്‍ത്തകനോട് കേരളത്തിലെ പാര്‍ട്ടി രാഷ്ട്രീയം ചോദിച്ചറിയാനുള്ള കൗതുകം തോരാതെ. (ഉത്തരേന്ത്യയിലുള്ള ഉള്‍ഗ്രാമങ്ങളിലെ സാധാരണ ഇടത് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് കേരളമെന്നാല്‍ പണ്ടത്തെ റഷ്യയും കേരളത്തില്‍ നിന്നെത്തുന്നവരെല്ലാം പാര്‍ട്ടി പ്രവര്‍ത്തകരുമാണ്). കേരളത്തിലെ സി.പി.ഐ നേതാക്കളില്‍ ചിലരുടെ പേരെടുത്ത് പറഞ്ഞ് അന്വേഷണം.
അതിനിടയില്‍, കനയ്യ ദൂരെ എവിടെയോ പ്രചരണത്തിലാണെന്ന് ചിലര്‍. ഉടന്‍ വരുമെന്ന് മറ്റു ചിലര്‍. എന്നാല്‍ ഇക്കുറി കനയ്യ കനത്ത മത്സരം കാഴ്ച വയ്ക്കുമെന്ന് ഏകാഭിപ്രായം.
ഒരു മുറിയില്‍ പ്രവര്‍ത്തകര്‍ക്ക് നടുവില്‍ സംസ്ഥാന സെക്രട്ടറി സത്യനാരായണ്‍ സിംഹ്. ബിഹാറിലെ മുതിര്‍ന്ന രാഷ്ട്രീയ നേതാവായ (2020 ല്‍ അന്തരിച്ചു) സത്യനാരായണ്‍ സിംഹുമായി അഭിമുഖം നടത്തിയതിന് ശേഷം കനയ്യയെ തിരക്കി. കനയ്യ ഇന്ന് ഇങ്ങോട്ട് വരില്ല, പ്രചരണം തീര്‍ന്ന് ടൗണിലെത്താന്‍ നേരം വൈകും. നാളെ രാവിലെ വീട്ടില്‍ ചെന്നാല്‍ കാണാമെന്ന് മുതിര്‍ന്ന സഖാവ്. രാവിലെ ഏഴ് മണിക്ക് സ്ഥാനാര്‍ഥി പ്രചരണങ്ങള്‍ക്കായി വീട് വിടും. അതിന് മുന്നെ ബിഹതിലെ വീട്ടിലെത്തിയാല്‍ കാണാം. ആരെയൊക്കെയോ വിളിച്ച് കാര്യം തിരക്കിയ ശേഷമായിരുന്നു സഖാവിന്റെ മറുപടി. അതോടെ അന്നത്തെ ദൗത്യം മതിയാക്കി. യാത്രാക്ഷീണത്തിന്റെ അകമ്പടിയോടെ താമസസ്ഥലത്തേക്ക് മടങ്ങി. ഹോട്ടലിന്റെ ചെറു റിസപ്ഷനില്‍ ചെന്ന് അടുത്ത ദിവസം രാവിലെ കനയ്യയുടെ വീട്ടില്‍ പോകാന്‍ ഒരു വണ്ടി കിട്ടുമോ എന്നന്വേഷിച്ചു. പുലര്‍ച്ചെ അഞ്ചു മണിക്ക് വേണം. റെഡിയെന്ന് യുവാവിന്റെ മറുപടി. പുറത്തു നിന്ന ഒരാളെ വിളിച്ച് റിസപ്ഷന്‍കാരന്‍ ചട്ടം കെട്ടി.
കനയ്യയുടെ ഗ്രാമം തേടി
പുലര്‍ച്ചെ നാല് മണിക്ക് എഴുന്നേറ്റു. അഞ്ചു മണിയോടെ റിസപ്ഷനില്‍ എത്തുമ്പോള്‍ യുവാവ് കനത്ത ഉറക്കത്തില്‍. വണ്ടിയെവിടെയെന്ന് ചോദിച്ചപ്പോള്‍ ഏത് വണ്ടിയെന്ന് ചോദ്യം. കാര്യം നടപ്പില്ലെന്ന് കണ്ട് പുറത്തിറങ്ങി നടന്നു. റോഡും ഇരുട്ടും ചങ്ങാതിമാര്‍. അല്‍പം നടന്ന് കവലയിലെത്തിയപ്പോള്‍ ഒരു ഓട്ടോറിക്ഷ. ഡ്രൈവര്‍ വണ്ടിയില്‍ ഉറക്കത്തില്‍. കാര്യം പറഞ്ഞപ്പോള്‍ ഉത്സാഹത്തോടെ എഴുന്നേറ്റ് വണ്ടി സ്റ്റാര്‍ട്ടാക്കി. മസ്ലംപൂര്‍ തോല ഗ്രാമത്തിലെ ഊടുവഴികള്‍ പിന്നിട്ട് ഓട് പാകിയ ചെറുവീടി്ന് മുന്നില്‍ വണ്ടി നിന്നു. കനയ്യയുടെ വീട്. വണ്ടിയില്‍ നിന്നിറങ്ങുമ്പോള്‍ അതിന് മുന്നെ തന്നെ വീടിന് മുന്നില്‍ ഇടം പിടിച്ച ആള്‍ക്കൂട്ടം.
പല ദേശങ്ങളില്‍ നിന്നെത്തിയ പല പ്രായക്കാര്‍. ഗള്‍ഫില്‍ നിന്ന് ഒരാഴ്ച അവധി എടുത്ത് വന്നതാണ് മംഗലാപുരം സ്വദേശി മന്‍സൂര്‍. പുലര്‍ച്ചെ അഞ്ച് മണി മുതല്‍ കാത്തിരിക്കുകയാണ്. മൊകാമയില്‍ നിന്ന് പങ്കജ് കുമാര്‍ മുന്ന, ഹാജിപുരില്‍ നിന്ന് സാബിര്‍ ഹുസൈന്‍, കത്തിഹാറിലെ കോളേജ് വിദ്യാര്‍ഥി സുരേഷ് സിന്‍ഹ, അയല്‍ ഗ്രാമത്തില്‍ നിന്നുള്ള എണ്‍പതുകാരന്‍ രാംജിതന്‍ മഹതോ തുടങ്ങിയവരും കാത്തിരിക്കുന്നത് ബഗുസരായിയിലെ ഇടത് സ്ഥാനാര്‍ഥിയെയാണ്.
കനയ്യകുമാറിനെ നേരില്‍ കാണുകയും ആശംസ നേരുകയുമാണ് അവരുടെ ലക്ഷ്യം. അവരില്‍ പലരും പാര്‍ട്ടി പ്രവര്‍ത്തകരോ അനുഭാവികളോ പോലുമല്ലെന്ന് സംസാരത്തില്‍ നിന്ന് വ്യക്തമായി. ബി.ജെ.പിയെയും പ്രധാനമന്ത്രി മോദിയെയും വെല്ലുവിളിക്കുന്ന മുപ്പത്തിരണ്ടുകാരനോടുള്ള ഇഷ്ടം പ്രകടിപ്പിക്കാനെത്തിയതാണ് അവര്‍.

ആള്‍ക്കൂട്ടം സമയം പിന്നിടുമ്പോള്‍ വലുതായിക്കൊണ്ടിരുന്നു. കേരളത്തിലെ ഒരു ഉള്‍നാടന്‍ ഗ്രാമത്തിന്റെ രാഷ്ട്രീയാന്തരീക്ഷം. പഴയ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനരീതികള്‍ പുനരാവിഷ്‌കരിച്ച മട്ടില്‍ ഗ്രാമീണര്‍ അടുത്തു കണ്ട ഇരിപ്പിടങ്ങളില്‍ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നു. കേരളത്തില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകനാണെന്നറിഞ്ഞപ്പോള്‍ കേരളത്തിലെ പാര്‍ട്ടി വിശേഷങ്ങളറിയാന്‍ അവിടെയും ചെറുവട്ടം. കേരളത്തില്‍ ഇത്തവണ പാര്‍ട്ടിക്ക് എത്ര സീറ്റുകിട്ടുമെന്ന് കൗതുകം. ഇടയ്ക്ക് ഇഞ്ചി ചതച്ചു ചേര്‍ത്ത കട്ടന്‍ ചായയുമായി ചുറ്റുവട്ടത്തെ വീട്ടുകാരുടെ ആതിഥ്യം. തിരഞ്ഞടുപ്പ് പ്രചരണപരിപാടികളുടെ സൗകര്യാര്‍ഥം വീടിന് തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടിലാണ് കനയ്യ താല്‍ക്കാലിക താമസം. ഒപ്പം വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തകരും ജെ.എന്‍.യുവിലെ പഴയ സുഹൃത്തുക്കളുമുണ്ട്.
സി.പി.ഐ ഓഫീസില്‍ നിന്ന് നേരത്തെ അറിയിച്ചിരുന്നതിനാല്‍ കനയ്യയുടെ അടുത്ത ചങ്ങാതി മിന്റു ആ കെട്ടിടത്തില്‍ നിന്ന് പുറത്തെത്തി. പുലര്‍ച്ചെ രണ്ട് മണിക്കാണ് കനയ്യ പ്രചരണ പരിപാടികള്‍ കഴിഞ്ഞ് എത്തിയത്. ഒട്ടും ഉറങ്ങിയിട്ടില്ല. ഉടന്‍ പുറത്തുവരുമെന്നറിയിച്ചു. ഏഴ് മണിക്ക് മുന്നെ കനയ്യ പുറത്തെത്തി. ഉറക്കം പിടികൂടിയ കണ്ണുകളില്‍ ഉത്സാഹം കൊടിയുയര്‍ത്തി. കാണാനെത്തിയ ആള്‍ക്കൂട്ടം ആവേശത്തോടെ ഒപ്പം കൂടി. എല്ലാവരോടും ചെറുകുശലങ്ങള്‍. അതിനിടയില്‍ കേരളത്തില്‍ നിന്നെത്തിയ പത്രപ്രവര്‍ത്തകന്റെ ചോദ്യങ്ങളോട് കനയ്യ പ്രതികരിച്ചു.
സംസാരങ്ങള്‍ക്ക് ശേഷം പ്രവര്‍ത്തകര്‍ക്കിടയിലൂടെ പ്രചരണത്തിരക്കിലേക്ക് കനയ്യയും കൂട്ടുകാരും പാഞ്ഞു. കൂട്ടുകാരാല്‍ തയ്യാറാക്കി നിര്‍ത്തിയ ബൈക്കിന് പിന്നിലിരുന്നായിരുന്നു കനയ്യയുടെ യാത്ര. കമ്യൂണിസ്റ്റ് പ്രതാപം അയവിറക്കുന്ന ബഗുസരായിയുടെ ഉള്‍വഴികളിലൂടെ. 1930 കള്‍ തൊട്ട് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്ക് വേരോട്ടമുള്ള മണ്ണാണ് ബഗുസരായി. ജന്‍മിമാര്‍ക്കെതിരെ ഭൂരഹിതരായ പാവങ്ങളെ സംഘടിപ്പിച്ചാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുത്തത്. ചന്ദ്രശേഖര്‍ സിംഗായിരുന്നു കമ്യൂണിസ്റ്റ് ആശയങ്ങള്‍ ബെഗുസരായിയെ പരിചയപ്പെടുത്തിയത്. 1962 ല്‍ തേഗ്ര നിയമസഭാ മണ്ഡലത്തില്‍ നിന്ന് ചന്ദ്രശേഖര്‍ സിംഗ് തിരഞ്ഞെടുക്കപ്പെട്ടതോടെ ആദ്യത്തെ തിരഞ്ഞെടുപ്പ് വിജയവുമായി. ചന്ദ്രശേഖര്‍ സിംഗിന്റെ പിന്തുടര്‍ച്ചയാണ് കനയ്യയ്ക്ക് കമ്യൂണിസം. ചന്ദ്രശേഖറിന്റെ അച്ഛനും കനയ്യയുടെ മുത്തച്ഛനും സഹോദരന്‍മാരാണ്.(പക്ഷെ, തിരഞ്ഞെടുപ്പില്‍ കനയ്യ തോറ്റു. ബി.ജെ.പി നേതാവായ ഗിരിരാജ് സിംഗിനോട് 4,22,217 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്).
കനയ്യ കുമാറിന്റെ അടുത്ത തട്ടകം 2020 ലെ നിയമസഭാ തിരഞ്ഞെടുപ്പായിരുന്നു. മഹാസഖ്യത്തിന്റെയും ഇടതുപാര്‍ട്ടികളുടെയും താരപ്രചാരകനായിരുന്നു കനയ്യ. കനയ്യയെ മത്സരിപ്പിക്കാന്‍ ഇടതുപാര്‍ട്ടികള്‍ തയ്യാറായെങ്കിലും സഖ്യം സമവാക്യങ്ങളില്‍ തട്ടി മുടങ്ങി. കനയ്യക്കായി വാദിച്ച ഇടതുപാര്‍ട്ടികള്‍ രാഷ്ട്രീയ സഖ്യം തകരാതിരിക്കാന്‍ വിട്ടുവീഴ്ച ചെയ്തു. കനയ്യയുടെ സാന്നിധ്യം പ്രചരണവേദികളില്‍ ഒതുങ്ങി. 2019 ല്‍ തന്നെ സി.പി.ഐ ദേശീയ നിര്‍വാഹക സമിതി അംഗമായിരുന്ന കനയ്യ ആളെക്കൂട്ടി പ്രസംഗകരില്‍ ഒരാളായി മാറിയിരുന്നു.
പട്നയിലെ സി.പി.ഐ സംസ്ഥാന സമിതി ഓഫീസില്‍ കനയ്യക്ക് പ്രത്യേക മുറിയൊരുക്കിയിരുന്നു. 2020 ല്‍ കനയ്യയെ കാണാനായി വീണ്ടും ബെഗുസരായിയില്‍ എത്തുമ്പോള്‍ അധികം കാത്തിരിക്കാതെ തന്നെ ഒരു പ്രാദേശിക പാര്‍ട്ടി ഓഫീസില്‍ വച്ച് അഭിമുഖം നടത്താനായി. ഒരുപാട് ശബ്ദത്തില്‍ പ്രവര്‍ത്തിക്കുന്ന പഴയ ഒരു എയര്‍കണ്ടീഷണര്‍ മാത്രം ആഡംബരമായിരുന്ന ഒരു ചെറുമുറിക്കുള്ളിലിരുന്ന് കനയ്യ കുമാര്‍. സ്ഥാനാര്‍ഥിത്വ നഷ്ടത്തെക്കുറിച്ച് ചിന്തിച്ച് നിരാശനാകാതെ പക്വത നേടിയ ഒരു നേതാവിനെയാണ് ആ അഭിമുഖത്തില്‍ ഉടനീളം കണ്ടത്.
സ്ഥാനാര്‍ഥിയാകാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചോദ്യത്തിന് അന്ന് ഇതായിരുന്നു കനയ്യയുടെ മറുപടി : ''ഞാന്‍ ഒരു പാര്‍ട്ടിയുടെ കേഡര്‍ മാത്രമാണ്. പാര്‍ട്ടിക്ക് അതിന്റേതായ ഘടനയും ക്രമവും അച്ചടക്കവും സംവിധാനവുമുണ്ട്. എല്ലാ പ്രാവശ്യവും മത്സരിക്കണമെന്ന് ഒരു വ്യക്തിക്ക് സ്വയം തീരുമാനിക്കാനാകില്ല. ഞാന്‍ തന്നെ ലോക്‌സഭയിലും നിയമസഭയിലും പിന്നെ പഞ്ചായത്തിലും മത്സരിക്കുക എന്ന് വരുന്നത് ശരിയാണോ ? പാര്‍ട്ടിയില്‍ മറ്റുള്ളവര്‍ക്കും മത്സരിക്കാന്‍ അവസരം ലഭിക്കണം.
എല്ലാ തിരഞ്ഞെടുപ്പിലും ഞാന്‍ തന്നെ മത്സരിക്കുന്നതെന്തിനാണ് ? മാത്രമല്ല. പാര്‍ട്ടിയിലെ എന്റെ റോള്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും പ്രസംഗിക്കുകയും മാതമല്ല. ഞാനൊരു സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനായി പ്രവര്‍ത്തിക്കണം. ഒരു നേതാവിനപ്പോലെ എപ്പോഴും പ്രസംഗിച്ച് നടക്കുകയല്ല ചെയ്യേണ്ടത്. ഞങ്ങള്‍ ഒരു നരേറ്റീവ് സ്ഥാപിക്കാന്‍ ശ്രമിക്കുകയാണ്. അത് ജനാധിപത്യപരമായിരിക്കണം. സമഗ്രമായിരിക്കണം. അത് നമ്മുടെ സ്വഭാവത്തിലും പ്രതിഫലിക്കണം. അത് നമ്മുടെ പാര്‍ട്ടി ഘടനയിലും പ്രാവര്‍ത്തികമാകണം. എന്റെ പാര്‍ട്ടി നല്‍കുന്ന നിര്‍ദേശമനുസരിച്ചാണ് ഞാന്‍ പ്രവര്‍ത്തിക്കുന്നത്.
യോഗങ്ങള്‍ക്ക് പോകുക, പരിസരം വൃത്തിയാക്കുക, കസേരയും മേശയും നിരത്തുക, സൗണ്ട് സിസ്റ്റം ഏര്‍പ്പെടുത്തുക എന്നിവയും പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമാണ്. അതും ഞാന്‍ ചെയ്യണം. അത്തരത്തില്‍ ജനാധിപത്യ ഘടനയും സമഗ്രതയും പാര്‍ട്ടിയിലുണ്ട്. എല്ലാ പ്രാവശ്യവും ഒരാള്‍ തന്നെ മത്സരിക്കുക, മറ്റുള്ളവര്‍ക്ക് അവസരങ്ങള്‍ നല്‍കാതിരിക്കുക. അങ്ങനെയെങ്കില്‍ നമ്മള്‍ മറ്റു പാര്‍ട്ടികളില്‍ നിന്ന് എങ്ങനെ വ്യത്യസ്തമാകും? ഞങ്ങള്‍ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായ പാര്‍ട്ടിയാണ്. ഞങ്ങള്‍ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥി ടിക്കറ്റുകള്‍ വില്‍ക്കാറില്ല. ഈ സമൂഹത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കുകയാണ് ചെയ്യുക. ആരാണ് സ്ഥാനാര്‍ഥി എന്നതിന് ഞങ്ങളുടെ രാഷ്ടീയ സംവാദത്തില്‍ യാതൊരു പ്രസക്തിയും ഇല്ല. പാര്‍ട്ടിയാണ് പ്രധാനം, നയങ്ങളാണ് പ്രധാനം. മറ്റൊരു തരത്തിലുമുള്ള ചര്‍ച്ചകള്‍ക്ക് ഞങ്ങള്‍ക്ക് താല്‍പര്യമില്ല.''
എന്നാല്‍ അതേ കനയ്യകുമാറിനെ മാസങ്ങള്‍ പിന്നിട്ടപ്പോള്‍ കണ്ടത് ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത്. കൃത്യമായി പറഞ്ഞാല്‍ 2021 സെപ്തംബര്‍ 28 ന്. രാജ്യത്തെ രക്ഷിക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയു എന്നായിരുന്നു കനയ്യ കുമാര്‍ അപ്പോള്‍ പറഞ്ഞത്. എന്നാല്‍ ബിഹാറിലെ രാഷ്ട്രീയത്തില്‍ സി.പി.ഐ.യുടെ പ്രാതിനിധ്യം ബലമുള്ളതല്ലെന്ന തിരിച്ചറിവും ദേശീയ തലത്തില്‍ ഭാവിമോഹങ്ങളുടെ കാറ്റോട്ടവും കണക്കിലെടുത്ത് പോരാട്ടത്തിന്റെ കനല്‍പാതകള്‍ കനയ്യ വെടിയുകയായിരുന്നുവെന്നാണ് അന്നുയര്‍ന്നു കേട്ടത്. വീണ്ടും ഒരു തിരഞ്ഞെടുപ്പിലേക്ക് ബിഹാറും ദേശീയ രാഷ്ട്രീയവും നീങ്ങുമ്പോള്‍, കനയ്യയുടെ സ്ഥാനാര്‍ഥിത്വത്തില്‍ മഹാസഖ്യത്തില്‍ തീരുമാനമെത്തിയിട്ടില്ല.

മടക്കം തീച്ചൂളയിലൂടെ
2019 ലെ തിരഞ്ഞെടുപ്പ് കാലത്തേക്ക് തിരിച്ചു വരാം. അഭിമുഖമെടുത്തതിന് ശേഷം ഹോട്ടലില്‍ മടങ്ങിയെത്തി. പട്‌നയിലേക്ക് പോകാന്‍ ഉച്ചക്ക് രണ്ട് മണിക്ക് ഒരു ട്രെയിനുണ്ട്. അതു കഴിഞ്ഞാല്‍ മടക്കത്തിന് മറ്റു മാര്‍ഗങ്ങള്‍ തേടേണ്ടി വരുമെന്ന് റിസപ്ഷനിലെ പഴയ യുവാവ്. തിടുക്കത്തില്‍ മുറിയിലെത്തി പത്രത്തിന്റെ തിരഞ്ഞെടുപ്പ് ഡസ്‌കിലേക്ക് അഭിമുഖം തയ്യാറാക്കി അയച്ചതിന് ശേഷം പുറത്തിറങ്ങി. പെട്ടിഭാരവും വലിച്ച് റെയില്‍വെ സ്റ്റേഷനിലേക്ക് കുതിച്ചു. സ്റ്റേഷനില്‍ തിരക്കിയപ്പോള്‍, ട്രെയിന്‍ എട്ട് മണിക്കൂര്‍ ലേറ്റ്. അതു പത്തോ പന്ത്രണ്ടോ മണിക്കൂര്‍ ലേറ്റായാലും പരിഭവിക്കരുതെന്ന ഭാവവുമായി റെയില്‍വെ ജീവനക്കാരന്‍. കാര്യം പന്തിയല്ലെന്ന് മനസ്സിലായി.വേറെ എന്ത് മാര്‍ഗമെന്ന് ചോദിച്ചപ്പോള്‍ 30 കിലോമീറ്റര്‍ പോയാല്‍ മറ്റൊരു സ്റ്റേഷനുണ്ട്. അതിലുടെ മറ്റ് ചില ട്രെയിനുകള്‍ ക്രോസ് ചെയ്ത് പോകുന്നുണ്ട്. അതിന് ശ്രമിക്കു എന്ന സ്‌നേഹബുദ്ധ്യാ ഉപദേശം.
ഇതികര്‍ത്തവ്യാമൂഢനായി നില്‍ക്കണോ പോണോ എന്നായി ചിന്ത. പുറത്തിറങ്ങി മറ്റ് ചിലരോട് ഈ സംശയം പങ്ക് വച്ചു. കുറച്ച് മാറിയാല്‍ ഒരു ബസഡ്ഡ (ബസ് സ്റ്റാന്‍ഡ് )ഉണ്ട്. അവിടെ നിന്ന് പട്‌നയ്ക്ക് ബസ്സ് കിട്ടുമെന്ന് ഒരാള്‍. പെട്ടിയും വലിച്ച് ബസഡ്ഡയിലേക്ക് നടത്തം. മുകളില്‍ ഉച്ചസൂര്യന്റെ ക്രൂരതാണ്ഡവം.
ബസഡ്ഡയില്‍ ഓട്ടമത്സരത്തിനെന്ന പോലെ സ്റ്റാര്‍ട്ട് ചെയ്ത് ഇരപ്പിച്ചു നിര്‍ത്തിയ ബസ്സുകളുടെ നിര. അതിന് മുന്നിലെ കൗണ്ടറില്‍ നിന്ന് ടിക്കറ്റെടുത്തു. തുറന്ന വാതിലുകളുമായി ബസ്സുകള്‍. ആദ്യം കണ്ട ബസ്സില്‍ കയറി. ബസ്സിനുള്ളില്‍ വെയില്‍ചൂടില്‍ ചുട്ടുപഴുത്ത സീറ്റുകള്‍. ഒരു സീറ്റ് കഷ്ടി കിട്ടി-എപ്പോള്‍ വേണമെങ്കിലും ആരെങ്കിലും കയ്യേറിയേക്കാമെന്ന നിലയില്‍.
ചൂടില്‍ വറുക്കാന്‍ ഇട്ടതു പോലെ പഴഞ്ചന്‍ ബസ്സ് അരമണിക്കൂറോളം ബസഡ്ഡയില്‍ കിടന്ന് പിന്നെയും പിന്നെയും ആളെ വിളിച്ചു കൊണ്ടിരുന്നു. പെട്ടി റാക്കില്‍ കടത്തി വച്ചു. ഇപ്പോള്‍ വീഴുമെന്ന് ഭീഷണി ഉയര്‍ത്തി പെട്ടി തലയ്ക്ക് മുകളില്‍ പകുതി അകത്തും പുറത്തുമായി സ്ഥിതി ചെയ്യുന്നു. ലാപ്‌ടോപ് മടിയില്‍ തന്നെ ഉറപ്പിച്ചു വച്ചു. എരിതീയില്‍ എണ്ണ പകര്‍ന്ന് ബസ്സ് പുറപ്പെട്ടു. പുറത്ത് നിന്നെത്തിയ ഉഷ്ണക്കാറ്റ് വീണ്ടും ചൂടേറ്റി. പുലര്‍ച്ചെ മുതല്‍ പായസച്ചായയല്ലാതെ ഒന്നും കഴിച്ചിട്ടില്ല. പുറം ചൂടില്‍ തിളച്ച് അകം വിശപ്പ്. വിശപ്പേ അടങ്ങു, എന്നെ വിഴുങ്ങാതെ എന്ന് ഇടക്കിടെ താക്കീത് നല്‍കുന്നുണ്ടെങ്കിലും താക്കീതവഗണന പതിവ് ശീലമാക്കിയ നേതാക്കളെപ്പോലെ വിശപ്പ് വീണ്ടും ആശയും ആശയവും വെടിഞ്ഞ് ആമാശയത്തിനുള്ളില്‍ വിവാദപ്രസ്താവനകള്‍ നടത്തുന്നു.
വണ്ടി തെല്ല് നീങ്ങിയപ്പോള്‍ എവിടെയോ ഒരിടത്ത് വണ്ടി നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിപ്പോയി. അരുകില്‍ ഒരു മുറുക്കാന്‍ കട. ലോക്കല്‍ ബിസ്‌കറ്റുകള്‍ കിട്ടും. പക്ഷെ എഴുന്നേറ്റാല്‍ ഇരിപ്പിടം സ്വാഹ. ഒരാള്‍ നില്‍ക്കേണ്ട ഇടത്ത് പത്തുപേര്‍ എന്ന കണക്കില്‍ തിങ്ങിനില്‍പാണ് മനുഷ്യവനം. അവിടെ നിന്ന് വീണ്ടും കയറി നാലഞ്ചുപേര്‍.
ഒരു ബീഡി വലിച്ചു തീരും വരെ പുറത്തു നിന്ന ഡ്രൈവര്‍ വീണ്ടും ഇരിപ്പിടത്തിലെത്തി. ഡ്രൈവറുടെ ഇറങ്ങിപ്പോക്കും വരവും പലകുറി ആവര്‍ത്തിക്കുമെന്ന് അപ്പോള്‍ കരുതിയില്ല. വണ്ടി നീങ്ങി. പുറത്തു നിന്നടിക്കുന്ന കാറ്റ് ഉലയില്‍ നിന്ന് ഊതിയെത്തിയത് പോലെ. അകത്തും പുറത്തും തീക്കാലം. മനുഷ്യരെയും പനി പോലെ പൊള്ളുന്നു. വിയര്‍പ്പില്‍ ഇരിപ്പിടങ്ങളും നനഞ്ഞു. വേഗതയില്ലാതെ ഓടുന്നു. വണ്ടി എവിടെയോ വീണ്ടും സ്ലോ ചെയതപ്പോള്‍ ഒരു താലം നിറയെ ഉപ്പുമാങ്ങകളുമായി ഒരാള്‍. പത്ത് രൂപ കൊടുത്താല്‍ ഒരുപിടി ഉപ്പുമാങ്ങ മസാലയില്‍ പുതച്ച് കയ്യിലെത്തും. വാങ്ങി. വായില്‍ വച്ചപ്പോള്‍ തന്നെ വിശപ്പത് കൈനീട്ടി തട്ടിപ്പറിച്ചു.
കുറച്ചു ദൂരം കൂടി വണ്ടി പിന്നിട്ടപ്പോള്‍ കീരയെന്ന കുഞ്ഞിവെള്ളരിക്കീറുകളുമായി മറ്റൊരാള്‍. പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും അതില്‍ ഒപ്പിച്ചു. ഉച്ചവെയില്‍ മങ്ങിയാലും ചൂടിന് ശമനമില്ലാത്ത ഉത്തരേന്ത്യയുടെ ഉള്‍വഴികളിലൂടെ നിന്നും കിതച്ചും ഇഴഞ്ഞും ബസ്സ് നീങ്ങിക്കൊണ്ടിരുന്നു. മൂത്രശങ്ക തീര്‍ക്കാന്‍ പോലും പുറത്തിറങ്ങാനാവാത്ത നിലയില്‍ യാത്രക്കാരും. രാത്രി പത്ത് മണിയോടെ പട്‌നയുടെ സ്വാഗതബോര്‍ഡ് കണ്ണില്‍പ്പെടും വരെ വറചട്ടിയില്‍ വെന്തുകിടപ്പായിരുന്നു മനുഷ്യര്‍.
(മാതൃഭൂമി ഡൽഹി ബ്യൂറോ ചീഫാണ് ലേഖകൻ)
Content Highlights: election memories by manoj menon
Published: 28 Mar 2024, 11:57 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented