ബിക്കാനീര്‍ എന്ന പേര് കേട്ടത്  എഴുപതുകളിലാണ്. പത്രം കിട്ടിയാല്‍ ആദ്യം സ്‌പോര്‍ട്‌സ് പേജ് നോക്കുന്ന കാലത്ത്. അര്‍ജന്റീന എന്ന രാജ്യം എവിടെയെന്നോ എന്തെന്നോ, എന്തിന്  പേര് എങ്ങനെ ഉച്ചരിക്കുമെന്നോ അറിയാത്ത കാലത്താണ് മരിയോ കെംപസ് ലോകകപ്പ് നേടിയത്. എന്തുകൊണ്ടോ ചില ഇഷ്ടം അന്നേ മലയാളിക്ക് ലാറ്റിനമേരിക്കയോട് ഉണ്ടായിരുന്നു. പെലെയുടെ തുടര്‍ച്ച ആയിരിക്കണം.

അക്കാലത്ത്  തൃശൂരിലെ ചാക്കോളാ ട്രോഫിയും കോഴിക്കോട്ടെ സേഠ് നാഗ്ജിയും രണ്ടു പ്രധാന ടൂര്‍ണമെന്റുകള്‍. അതില്‍ കളിക്കാന്‍ ബിക്കാനീറില്‍ നിന്നൊരു ടീം വരും. ആര്‍.എസി. ബിക്കാനീര്‍. ഫഗ്വാരയിലെ ജെ.സി.ടി. മില്‍സും ജലന്തറിലെ ബി.എസ്എ.ഫു.മൊക്കെ പരിചിതരായത് അങ്ങനെയാണ്. ആരു വന്നാലും കളമശ്ശേരി പ്രീമിയര്‍ ടയേഴ്‌സ് ആയിരുന്നു അന്നോളം ഫുട്‌ബോള്‍ കാണാത്ത ആ കുട്ടിയുടെ പ്രിയസംഘം. അതെന്തുമാകട്ടെ. ബിക്കാനീര്‍ എവിടെ എന്ന് മനസ്സിലായത് പിന്നീട്.

2008- ലെ രാജസ്ഥാന്‍ തിരഞ്ഞെടുപ്പ്. ബിക്കാനീറിലെ പഴയ ക്ലബ്ബില്‍ ഇപ്പോള്‍ പന്തു തട്ടുന്നുണ്ടാവുമോ?  ആ യാത്ര തോന്നിപ്പിച്ചത് കോഴിക്കോട്ടെ ഫുട്‌ബോള്‍ സംഘാടകന്‍ മുസ്തഫക്ക. പോയി നോക്കാന്‍ തീരുമാനിച്ചു. മഗന്‍ സിംഗ് രാജ്വിയെ കണ്ടാല്‍ കഥകള്‍ കിട്ടും. മറുനാട്ടിലെ പന്തുകളിയുടെ ഇതിഹാസം. തിരഞ്ഞെടുപ്പിനിടെ ഒരു വെറൈറ്റി.

രാജ്വിയെ കണ്ടില്ല. അതിനിടെ തൊട്ടടുത്ത മണ്ഡലത്തില്‍ കൗതുകകരമായ ഒരു മത്സരം നടക്കുന്ന വിവരം അറിഞ്ഞു. രണ്ടു പതിറ്റാണ്ടിനിടെ പലവട്ടം പാര്‍ട്ടി മാറിയ ഒരു നേതാവ് അവിടെ ബി.ജെ.പി. ടിക്കറ്റില്‍ ജനവിധി തേടുന്നു. പാര്‍ട്ടി ഏതായാലും വിജയിക്കലാണ് ലക്ഷ്യം. ഇങ്ങനെ പാര്‍ട്ടി മാറുന്നവര്‍ നല്ലൊരു ഇലക്ഷന്‍ സ്‌പെസിമെനാണ്. പലപ്പോഴും ഋതുഭേദങ്ങളുടെ പ്രവാചകര്‍. അവരുടെ കണക്കുകൂട്ടലുകള്‍ പലപ്പോഴും പറഞ്ഞുതരും. വഴികളും  വഴിപിരിയലുകളും പ്രാദേശികമായ സാമുദായിക വിഘടിക്കലുകളും.   ദേവീ സിംഗ് ഭട്ടിയിലേക്ക് എത്തുന്നത് അങ്ങനെയാണ്.

'വൈകീട്ട് കര്‍ണീ മാതാവിനെ കാണാന്‍ പോകും. അവിടെ വച്ചു കാണാം'.സ്ഥാനാര്‍ത്ഥി ഹാപ്പി. അങ്ങനെ കോലായാത് മണ്ഡലത്തില്‍ എത്തി. അവിടെ ദേശ്‌നാക്ക് എന്ന കുഞ്ഞുനഗരത്തിന്റെ മൂക്കിന്‍തുമ്പില്‍ കാത്തിരിപ്പുണ്ടായിരുന്നു അപ്രതീക്ഷിതമായ ഒരു അത്ഭുതം. മരുഭൂമിക്ക് നടുവില്‍. മണല്‍ക്കാറ്റുകളുടെ എല്ലാ തിരകളേയും മായിുകളഞ്ഞുകൊണ്ട് . ആ യാത്രയുടെ ഘനീഭവിച്ച നിമിഷമായി കാലം എന്നേക്കും മനസ്സില്‍ കൊത്തിവയ്ച്ച ഓര്‍മ്മ.

കര്‍ണിമാതാ ക്ഷേത്രത്തിന്റെ കൗതുകങ്ങള്‍ അറിഞ്ഞിരുന്നതേയില്ല. ജയ്പൂര്‍ എന്ന പിങ്ക് സിറ്റിയും താര്‍ മരുഭൂമിയും ചില കോട്ടകളുമൊഴികെ മലയാളിക്ക് രാജസ്ഥാന്‍ ഇന്നും എത്ര അപരിചിതം! ജോധ്പൂര്‍, പുഷ്‌കര്‍ ,  ജയസാല്‍മീറിലെ മരുഗ്രാമരാത്രികള്‍, ഒട്ടകപ്പുറത്ത് കുത്തിനിറച്ച സാമാനങ്ങളുമായി ഉത്തരേന്ത്യ താണ്ടുന്ന ഗ്രാമീണ ജീവിതങ്ങള്‍, മരുഭൂമിയിലെ പ്രാഥമിക നിറങ്ങള്‍ ഒന്നും അടുത്തറിഞ്ഞിരുന്നില്ല അന്നോളം. മലയാളി പലപ്പോഴും ഒഴിവാക്കുന്ന അനുഭവഗരിമകള്‍. എന്നാല്‍ അക്കാഴ്ചകളൊന്നും അന്ന് കര്‍ണീമാതാ തന്ന ആഘാതത്തോളം സമ്പന്നമായിരുന്നില്ല.

To advertise here,
placeholder
കർണിമാതാ ക്ഷേത്രം

2008 -ല്‍ കടന്നു ചെല്ലുമ്പോള്‍ അത് ഒരു പതിവു ക്ഷേത്രം. അന്തിവിളക്കുകള്‍ തെളിയാന്‍ തുടങ്ങിയിരുന്നു. വലിപ്പം കൊണ്ടോ എടുപ്പു കൊണ്ടോ ഞെട്ടിപ്പിക്കുന്നില്ല. ജുന്‍ജുനുവിലെ സതീക്ഷേത്രത്തിന്റെ ഔന്നത്യവുമില്ല. പ്രാചീനത തിടം കെട്ടിയ പരിസരം. വലിയ തിരക്കില്ല. സ്ഥാനാര്‍ത്ഥി വരുന്നതിനാല്‍ തിങ്ങിനിറഞ്ഞ ഏതാനും ബി.ജെ.പി. പ്രവര്‍ത്തകര്‍ മാത്രം. അവരാകട്ടെ, എല്ലായിടത്തുമെന്ന പോലെ, ക്ഷേത്രദര്‍ശനത്തിന് യാതൊരു കൗതുകവും പ്രകടിപ്പിച്ചില്ല.

ക്ഷേത്രത്തിന് പുറത്ത് വഴിപാടു സാധനങ്ങള്‍. ചെമ്പട്ടും തേങ്ങയും ലഡ്ഡുവും വെളുത്ത മധുര പലഹാരങ്ങളും എല്ലാം. അതില്‍ അതാ, എലികള്‍ക്കുള്ള വഴിപാട്. ചോദിച്ചപ്പോള്‍ പറഞ്ഞു.'പല തലമുറകള്‍ കഴിയുന്ന സ്ഥലമാണിത്. പൂര്‍വികര്‍ എലികളായി കര്‍ണിമാതാവിനൊപ്പം കഴിയുന്നു. വഴിപാട് പൂര്‍വിക പുണ്യം.' പറഞ്ഞുതീരും മുമ്പേ ഒരു കടലാസുതളികയില്‍ സാധനങ്ങള്‍ കയ്യിലേക്ക്.

ഞെട്ടി. എന്ത്? എലികള്‍ക്ക് ഒരമ്പലമോ? അതെ. കടന്നു ചെന്നത് എലികളുടെ നടുവിലേക്കാണ്. പശുക്കളുടെ ഓര്‍മ്മയേയുളളൂ വളര്‍ത്തുമൃഗങ്ങളായി. പാടത്തും പറമ്പിലും തൊഴുത്തിലുമായി പരിപാലിച്ചവ. കുട്ടിക്കാലം തൊട്ട് അടുത്തു കണ്ടതിനാല്‍ കുത്തുമോ എന്ന പേടിയല്ലാതെ അവയോട് അമ്പരപ്പില്ല. ഓമനകളായ പട്ടികളേയും പൂച്ചകളേയും കിളികളേയുമൊക്കെ വളര്‍ത്തുന്ന കൂട്ടുകാരുണ്ട്. എപ്പോഴെങ്കിലും അവ ദേഹത്തു തൊട്ടാല്‍ കിടുങ്ങിവിറയ്ക്കുന്ന പ്രകൃതമാണിന്നും.

ആ ഞാന്‍ കാലു വച്ചത് എലികള്‍ക്കു നടുവിലേക്കാണ്. അമ്പലത്തില്‍ നിറയെ എലികള്‍. 'അറിയാതെയെങ്ങാന്‍ ചവിട്ടി എലി ചത്താല്‍ അത്രയും തൂക്കം സ്വര്‍ണം നടയ്ക്കു വയ്ക്കണം. പരിക്കേറ്റാല്‍ അത്രയും തൂക്കം വെള്ളിക്കട്ടി.. സൂക്ഷിക്കണം'. വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുമ്പോള്‍ 'സൂക്ഷിക്കണേ'  എന്ന മുന്നറിയിപ്പ് നല്‍കുന്നതിന് തുല്യം. ശ്രദ്ധിച്ചില്ലെങ്കില്‍ തട്ടിപ്പോകുമെന്ന് ഉറപ്പ്. ശ്രദ്ധിച്ചില്ലെങ്കില്‍ ഇവിടെ എന്നെത്തന്നെ നടയ്ക്ക് വയ്‌ക്കേണ്ടി വരുമെന്ന പേടി.

placeholder
ക്ഷേത്രത്തില്‍ പാലുകുടിക്കുന്ന എലികള്‍

കര്‍ണിമാതാവിന് ആരതി. എലികള്‍ കല്ലുപാകിയ തറയില്‍ ഓടി നടന്നു. കാലുകളിലൂടെ കടന്നുപോയി.. ഓരോ തവണയും നടുങ്ങി. വിറച്ചു. അവിടെ കൂടിയവര്‍ ലോകത്തെ ഏറ്റവും വലിയ തമാശ കണ്ടപോലെ ചിരിച്ചു. ' അനങ്ങാതെ നില്‍ക്കൂ. പേടിക്കേണ്ട. ഒന്നും ചെയ്യില്ല. കര്‍ണിമായുടെ അനുഗ്രഹം ഉണ്ടാവും. നിങ്ങള്‍ പേടിച്ചാല്‍ എലികളും  പേടിക്കും. ചവിട്ടരുതേ, ഭാഗ്യമുണ്ടെങ്കില്‍ വെളുത്ത എലിയെ കാണാം. '

അടുത്തു നിന്ന സ്ത്രീ പറഞ്ഞു. ഭാഗ്യം ഉണ്ടായിരുന്നു, പാലു കുടിക്കുന്ന എലികള്‍ക്കിടയില്‍ അന്ന് വെളുത്ത എലിയും വന്നു.

ഐതിഹ്യം ചോദിച്ചത് പിന്നീടാണ്. പൂന്താനത്തോളം ചെന്നിട്ടില്ല ബിക്കാനീറില്‍ പുനര്‍ജന്മം. അജം ചത്തു ഗജവും ഗജം ചത്ത് അജവും  പിറക്കുന്ന, നരി ചത്ത് നരനാവുന്ന, അമരന്മാര്‍ മരങ്ങളാവുന്ന കഥകളില്ല മരുഭൂമിയില്‍. പുരാണത്തില്‍ പറയുന്ന കപില തീര്‍ത്ഥത്തില്‍ മരിച്ച വളര്‍ത്തുമകനെ രക്ഷിക്കാന്‍ യമരാജസന്നിധിയില്‍ പോയ കര്‍ണി മാതാവിന്റെ കഥയാണ് എലികളുടെ ഏലസ്സ്. ജനിമൃതികളുടെ അവിരാമപ്രയാണം. മരിക്കുന്ന മക്കള്‍ എലികളായി കര്‍ണിമാതാവിന് അരികില്‍ പിറക്കുന്നു. നൂറു കണക്കിന് എലികള്‍. പതിനായിരത്തിലേറെ എന്ന് നാട്ടുകാര്‍. എലികള്‍ക്ക് കര്‍പ്പൂരാരതി ഉഴിയുന്ന ദീപാരാധന. ആ വിസ്മയത്തില്‍ അന്തം വിട്ടു നിന്നു. ഓട്ടുമണികള്‍ കലമ്പി. പ്രാര്‍ത്ഥനകള്‍ മുഴങ്ങി. തീയിനോടും പേടിയില്ലാതെ എലികള്‍ ചാടി.

placeholder
വെളുത്ത എലി

പുറത്തു കടന്നപ്പോള്‍ സ്ഥാനാര്‍ത്ഥി തിടുക്കപ്പെട്ട് അകത്തേക്ക് നീങ്ങി. മുഴുവന്‍ പ്രവര്‍ത്തകരും അദ്ദേഹത്തോടൊപ്പം അകത്തേക്ക് കടന്നു. വൈകാതെ പുറത്തു വന്ന ദേവിസിംഗ് ഭട്ടി വിശദമായി സംസാരിച്ചു. വസുന്ധര രാജെ സിന്ധ്യയെപറ്റി. ബിജെപി തരംഗത്തെ പറ്റി.... ആ തിരഞ്ഞെടുപ്പില്‍ ചെറുപാര്‍ട്ടികളുടെ പിന്തുണയോടെ അശോക് ഗെഹ്ലോട്ട് രാജസ്ഥാന്‍ മുഖ്യമന്ത്രിയായി. ബിക്കാനീറിലെ ഭട്ടി ജയിച്ചു. ആ അഭിമുഖം വാര്‍ത്തയാക്കിയതേയില്ല. മൂഷികക്ഷേത്രത്തിലെ വിശേഷങ്ങള്‍ അതിനേക്കാളും എത്രയോ സമ്പന്നം. അല്ലെങ്കിലും വിക്രമാദിത്യന്റെ നാടാറുമാസക്കാലത്ത് ഭട്ടിക്കെന്തിന് സിംഹാസനം?

അതിനാല്‍ അന്ന് എലികളെപ്പറ്റി സംസാരിച്ചു.