ടലു പോലെ പരുത്തിപ്പാടങ്ങള്‍. കരിംപച്ചപ്പില്‍ പൂത്തുലഞ്ഞ്. കണ്ണെത്താദൂരത്തോളം. വിദര്‍ഭ ഹരിതാഭം. യവത് മാലിലേക്കുള്ള യാത്രയായിരുന്നു അത്, ഇന്ത്യയുടെ കര്‍ഷക ആത്മഹത്യകളുടെ തലസ്ഥാനം. 2014-ല്‍. നരേന്ദ്ര മോദി ഡല്‍ഹി പിടിച്ച ശേഷമുള്ള ആദ്യ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ്. യവത് മാലിലെ റെയില്‍വേ സ്റ്റേഷനില്‍ ശരത്ക്കാലത്ത് ഞങ്ങള്‍ ഇരുന്നു. വലിയ വേപ്പുമരത്തിന് താഴെ പച്ചയടിച്ച സിമന്റ് ബെഞ്ചില്‍. സ്വതന്ത്ര ഇന്ത്യയില്‍ അന്നുണ്ടായിരുന്ന ഒരേയൊരു സ്വകാര്യ റെയില്‍വേ സ്റ്റേഷനില്‍. ഞങ്ങള്‍ക്കു മുന്നിലേക്ക് ശകുന്തളാ എക്‌സ്പ്രസ് പതുക്കെ വന്നു നിന്നു.

വാര്‍ദ്ധയില്‍ നിന്ന് പുറപ്പെട്ടതാണ് ഞങ്ങള്‍. അവിടെ കുസും തായ് പാണ്ഡേ എന്ന തപസ്വിനിയെ കണ്ട് വിനയാദരങ്ങളാല്‍ വിസ്മയിച്ച ശേഷം. ആ അമ്മ ഓര്‍ത്തു. രാജ്യം ഒരുപിടി ഉപ്പു കുറുക്കിയ കാലം. ദണ്ഡിയില്‍ നിന്ന് ജയിലില്‍ പോയ ഗാന്ധിജി പിന്നെ വാര്‍ദ്ധയിലായിരുന്നു. അപ്പോഴേക്കും അദ്ദേഹം ഇന്ത്യയുടെ ഉപ്പായി മാറി. സ്വതന്ത്രയായ ശേഷമേ തിരികെ സബര്‍മതിയിലേക്കുള്ളൂ എന്നായിരുന്നു ഗാന്ധിജിയുടെ നിശ്ചയം. സ്വതന്ത്രരാജ്യത്ത് സമാധാനത്തോടെ ജീവിക്കാന്‍ വിധിയും നിശ്ചയിച്ചില്ല. സബര്‍മതിയിലേക്ക് പുറപ്പെടാമെന്ന നിശ്ചയം നടപ്പാക്കും മുമ്പേ ഗോഡ്‌സേയുടെ വെടിയുണ്ടയില്‍ ആ പ്രാണന്‍ പിടഞ്ഞു.

ഗാന്ധിജി ചര്‍ക്ക വീണ്ടെടുത്തതിനെപ്പറ്റി കുസും തായ് പറഞ്ഞു. പരുത്തിപ്പാടത്ത് കര്‍ഷകര്‍ സന്തുഷ്ടരായിരുന്ന കാലത്തെ ഓര്‍ത്ത് പരുത്തിച്ചെടി കര്‍ഷകര്‍ക്ക് ഉപജീവനം. പരുത്തി വിളവ്. നൂല്‍നൂല്‍പ്പ് തൊഴില്‍ നൈപുണ്യം. തുണി വ്യവസായം. പരുത്തിക്കുരുവില്‍ നിന്ന് എണ്ണ. പിണ്ണാക്ക് തൊഴുത്തിലേക്ക്. ചാണകം വളം. ഉഴവിനും യാത്രക്കും കാളകളും പോത്തുകളും. പാലിന് എരുമയും പശുവും. പൂര്‍ത്തിയാവുന്ന ജൈവചക്രം. മനുഷ്യനും പ്രകൃതിയും പൂരിപ്പിക്കുന്നത്. ആ വാക്കുകള്‍ക്കപ്പുറം അരികില്‍ ഒറ്റച്ചര്‍ക്ക കറങ്ങി. ഗാന്ധിജിയുടെ നയി താലിം വിദ്യാപദ്ധതി ആ തപോനിധി വിവരിച്ചു. അപ്പോള്‍ ഗീതേച്ചിയെ ഓര്‍ത്തു. പണ്ടൊരു ഗാന്ധി ജയന്തിയില്‍ ഇക്കാര്യം പറഞ്ഞു തന്ന രാമനാട്ടുകര സേവാമന്ദിരം സ്‌കൂളിലെ ഗീതാഞ്ജലി ടീച്ചറെ. കയ്യോടെ വിളിച്ചു. ടീച്ചറും കുസും തായും  ഓര്‍മ്മകളിലൂടെ നടന്നു. കുസും തായ് പാണ്ഡേ ആനന്ദക്കണ്ണീരോടെ കയ്യില്‍ പിടിച്ചു.

To advertise here,
placeholder
കുസും തായ് പാണ്ഡേ

ഗാന്ധിജി ചര്‍ക്ക നോറ്റു. രാജ്യം നൂല്‍ നൂറ്റു. ലക്ഷ്യം പട്ടിണി മാറണം. ലോകത്തെ തന്നെ ഏറ്റവും മികച്ച പരുത്തി വിദര്‍ഭയിലെ യവത് മാലിലേതെന്ന് അതിനും മുമ്പ് വെള്ളക്കാരന്‍ കണ്ടെത്തി. അത് മുംബയിലേക്ക് എത്തിക്കണം.  1910 ല്‍ കെല്ലിക്ക് ഏന്‍ഡ് നിക്‌സന്‍ കമ്പനി വന്നു. അവര്‍ സെന്‍ട്രല്‍ പ്രോവിന്‍സ് റെയില്‍വേ കമ്പനി ഉണ്ടാക്കി. 1923 ല്‍ മാഞ്ചസ്റ്ററില്‍ ഉണ്ടാക്കിയ ആവിവണ്ടി യവത് മാലിലേക്ക് ചൂളം വിളിച്ചെത്തി. അതിനിട്ട പേരാണ് ശകുന്തളാ എക്‌സ്പ്രസ്.

അത് മറ്റൊരു കഥ. 1952 ല്‍ ഇന്ത്യന്‍ റെയില്‍വേ ദേശസാല്‍ക്കരിച്ചു. അപ്പോൾ മുര്‍തിജാപൂര്‍ - യവത് മാല്‍ റൂട്ട് എന്തോ വിട്ടുപോയി. സ്വാതന്ത്ര്യം കിട്ടിയിട്ടും ഗ്രേറ്റ് ഇന്ത്യന്‍ പെനിന്‍സുലാര്‍ റെയില്‍വേയുടെ കീഴില്‍ ശകുന്തളാ എക്‌സ്പ്രസ് ഓട്ടം തുടര്‍ന്നു.1994 -ല്‍ ആവി വണ്ടി നിര്‍ത്തി. ലണ്ടനില്‍ നിന്ന് പകരം പുതിയ ഡീസല്‍ എഞ്ചിന്‍ എത്തി. സ്വതന്ത്ര ഇന്ത്യയിലെ സ്വകാര്യ റെയില്‍വേ സ്റ്റേഷനില്‍ മുന്നിലെത്തി നിന്നത് ആ ശകുന്തളയാണ്.

placeholder
വിദർഭയിലെ ഗ്രാമക്കാഴ്ച. Photo: mathrubhumi news

ചെറിയൊരു സ്‌റ്റേഷനാണ് യവത് മാലിലേത്. തിരക്കില്ലാത്ത യാത്രക്കാര്‍. ആഢംബരങ്ങള്‍ ഇല്ല. സ്‌റ്റേഷന്‍ മാസ്റ്റര്‍ ഇല്ലേയില്ല. ആകെയുള്ളത് റിസര്‍വേഷന്‍ കൗണ്ടര്‍ മാത്രം. വന്നു നിന്ന വണ്ടിയുടെ ഇരു ഭാഗത്തും പുറത്ത് വിറകുകെട്ടുകള്‍ കെട്ടിയിട്ടിരുന്നു. വീട്ടില്‍ അടുപ്പ് പുകയ്ക്കാന്‍ വേഗത്തില്‍ വിറകകലം താണ്ടുന്ന പ്രായോഗികമതികള്‍.

വളരെ കുറച്ച് യാത്രക്കാര്‍. കാട്ടില്‍ നിന്ന് ശേഖരിച്ച വിറക് തലയില്‍ ചുമന്ന് സ്ത്രീകള്‍ പാളം മുറിച്ച് നടന്നു. ഉണ്ടായിരുന്ന യാത്രക്കാര്‍ ഇറങ്ങിപ്പോയി. സ്‌റ്റേഷനിലുണ്ടായിരുന്നവര്‍ തിരക്കില്ലാതെ അകത്തു കയറി. തിരഞ്ഞെടുപ്പിനെ പറ്റി ചോദിച്ചപ്പോള്‍ നേരത്തേ,  വണ്ടി കാത്തിരുന്ന നിര്‍മ്മലാ ദേവി പറഞ്ഞു. ' ഞങ്ങള്‍ എല്ലാവരോടും ഒന്നേ ആവശ്യപ്പെടുന്നുള്ളൂ. ഈ റെയില്‍വേ ലൈന്‍ ഒന്നു നന്നാക്കിത്തരൂ. ഈ വികസനം മാത്രം മതി. വേറെ ഒന്നും പറയാനില്ല'  
 

placeholder
യവയ്​മാലിൽ ട്രെയിനിൽ വിറക് കൊണ്ടുവരുന്ന സ്ത്രീകൾ

തിരഞ്ഞെടുപ്പ് പഞ്ചായത്തിലേക്കായാലും നിയമസഭയിലേക്കായാലും പാര്‍ലമെന്റിലേക്കായാലും എല്ലാ പാര്‍ട്ടികളും ഈ ആവശ്യം ഉയര്‍ത്തിക്കൊണ്ടേയിരുന്നു. അമരാവതിയിലേയും അചല്‍പൂരിലേയും രണ്ടു ഡസനിലേറെ ഗ്രാമങ്ങളെ പുറംലോകവുമായി ബന്ധിപ്പിച്ച ഏകമാര്‍ഗമായിരുന്നു ഈ പാളങ്ങള്‍. ആറേഴുകൊല്ലം മുമ്പ് വികസനത്തിനായി റെയില്‍വേ ശകുന്തളാ എക്‌സ്പ്രസ് നിര്‍ത്തി. ഇപ്പോള്‍ പുതിയ വാഗ്ദാനമുണ്ട്. ഗതാഗതം പുനഃസ്ഥാപിക്കും.

ആ വിറകുകെട്ടുകളുടെ ഓര്‍മയില്‍ ഞങ്ങള്‍ അരികെയുള്ള പരുത്തി ഗ്രാമത്തിലേക്ക് നടന്നു. മറ്റൊരു വാഗ്ദാനം പാഴാവുന്നത് അവിടെ വോട്ടര്‍മാര്‍ അറിയുകയായിരുന്നു. രോഗങ്ങളെ മറികടക്കാന്‍ കൊണ്ടു വന്ന ബിടി കോട്ടണ്‍ ജനുസ്സുകള്‍ വിദര്‍ഭയിലെ പാടങ്ങളില്‍ പ്രതിസന്ധി വിളയിച്ചു പിങ്ക് ബോള്‍ വേം എന്ന പാടലനിറമുള്ള പരുത്തിപ്പുഴു പാടങ്ങളില്‍ ഒരിക്കല്‍ കൂടി പുളയ്ക്കാന്‍ തുടങ്ങി. വിദര്‍ഭയിലെ കര്‍ഷകര്‍ പരുത്തിപ്പാടത്തടിക്കാനുള്ള കീടനാശിനി ജീവനാശിനിയാക്കി വീണ്ടും മായാന്‍ തുടങ്ങി. 1986 ല്‍ സാഹേബ് റാവു കാര്‍പെയും കുടുംബവും കാണിച്ച മരണപാത. പരുത്തിപ്പാടത്തെ ഉടന്തടിച്ചാട്ടം. പതിനായിരക്കണക്കിന് കര്‍ഷകര്‍ പിന്നീട് ആ വഴിയേ  നടന്നുപോയി. മൂന്നാണ്ടു മുമ്പ് മരണം 60,000 കടന്നെന്ന് പി സായ്‌നാഥ് ആധികാരികമായി ഇന്ത്യയെ അറിയിച്ചു.

കര്‍ഷക നേതാവ് കിഷോര്‍ തീവാരി ഞങ്ങള്‍ക്കൊപ്പം പോന്നു. പാടം അതിരിടുന്ന ഗ്രാമങ്ങളിലേക്ക്.  വീട്ടിനും തൊഴുത്തിനും വേണ്ടതൊക്കെ ചുമന്ന് വണ്ടിക്കാളകള്‍ നീങ്ങി. ഒരു ചുറ്റുടയറു പോലുമില്ലാത്ത വണ്ടികള്‍ നാല്‍ക്കാലികള്‍ വലിച്ചു. മനുഷ്യര്‍ അരുമകളെ കഷ്ടപ്പെടുത്താതെ റോട്ടില്‍ ഒപ്പം നടന്നു.. ലക്ഷ്ണൺ നവാടെയുടെ ശവമടക്കു നടന്ന ഗ്രാമത്തിലേക്ക് ഞങ്ങള്‍ കടന്നു.

ചിത എരിഞ്ഞു തീര്‍ന്നിരുന്നില്ല. ഉടലാര്‍ന്ന മൗനം പോലെ ലക്ഷണന്റെ ചെത്തിത്തേക്കാത്ത ഇഷ്ടികവീട്. കടന്നുപോയ ഉച്ചസൂര്യന്റെ ചൂടത്രയും മുകളിലെ തകരപ്പാളികള്‍ പേറി.. താഴെ ചുമരിനോട് ചേര്‍ന്ന് തണ്ടുപൊട്ടിയ കാളവണ്ടി കിടന്നു. ചക്രങ്ങളില്‍ അപ്പോഴും ബാക്കി കിടന്ന അലങ്കാരങ്ങള്‍ വറ്റിപ്പോയ സമൃദ്ധിയുടെ ഓര്‍മ്മച്ചാലു കീറി. ഉണങ്ങിയ കണ്ണീരുമായി ലക്ഷ്ണണിന്റെ ഭാര്യ ശശികല വാതിലിനപ്പുറം ഇരുന്നു. നരച്ച പച്ച സാരിത്തലപ്പു കൊണ്ട് പാതി മറച്ച മുഖവുമായി. രണ്ടും ആറും വയസ്സുള്ള  കുട്ടികളെ അവര്‍ ചേര്‍ത്തുപിടിച്ചു. മൂക്കൊലിക്കുന്ന എട്ടുവയസ്സുള്ള മൂത്ത കുട്ടി മുറ്റത്ത് നിന്ന് ഞങ്ങളെ നോക്കി.. അവര്‍ക്കൊപ്പം ആ നിലത്തിരുന്ന് ഞാന്‍ മൈക്കു നീട്ടി.

placeholder
വിദർഭയിലെ പരുത്തി കൃഷി. Photo: mathrubhumi news

ശശികലയ്ക്ക് പറയാന്‍ ഉണ്ടായിരുന്നത് ഇന്ത്യയിലെ ആത്മഹത്യ ചെയ്ത എല്ലാ കര്‍ഷകരുടേയും പത്‌നിമാര്‍ക്ക് പറയാനുളളത് തന്നെയായിരുന്നു. ചോദ്യം വേണ്ടി വന്നതേയില്ല.' ആറു ലക്ഷം രൂപ വായ്പ ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ടു തവണയും കൃഷി പിഴച്ചു. ഇത്തവണ വിത്തും വളവും കടം. നേരെയാവുമെന്ന പ്രതീക്ഷ ഉണ്ടായിരുന്നു. അപ്പോഴാണ് നശിച്ച പുഴു വന്നത്. പരുത്തിപ്പാടത്തെ മുക്കാല്‍ പങ്കും പോയി. ഇന്നലെ രാവിലെ പാടത്തു പോയി തിരിച്ചു വന്നു. മക്കള്‍ക്ക് മധുരം നല്‍കി.'

എന്നിട്ട് ശശികലയെ  ഒന്നു ചേര്‍ത്തു പിടിച്ച ലക്ഷ്മണ്‍ വീണ്ടും പാടത്തേക്ക് പോയി. തിരിച്ചുവരാനല്ലാതെ. വിഷം കുടിച്ച് നീലിച്ച ആ മൃതദേഹത്തിന് മുകളില്‍ സര്‍വരോഗ സംഹാരകമായ വേപ്പുമരം കൊമ്പു പടര്‍ത്തി നിന്നു. ഓര്‍മ്മയാവുകയായിരുന്നു. മാഞ്ചസ്റ്ററിലേക്കുള്ള പരുത്തിത്തീവണ്ടി. വിദര്‍ഭയിലെ പരുത്തിപ്പാടസമൃദ്ധി. നിലമുഴുത കാളകള്‍, പരുത്തിയുണ്ടാക്കാന്‍ വിയര്‍ത്ത കര്‍ഷകന്‍. അവന്റെ കുടുംബം. എല്ലാം. എല്ലാം . എല്ലാം. മടങ്ങുമ്പോള്‍ യവത് മാലില്‍ വീണ്ടും ഇരുട്ടു പടര്‍ന്നു തുടങ്ങി. ലക്ഷ്മണന്റെ  ചിതയില്‍ അപ്പോഴും കനല്‍ കെട്ടിരുന്നില്ല.

മോദി പ്രഭയില്‍ പത്താണ്ട് മുമ്പ് മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസ് തിളങ്ങി. ഇങ്ങേദശകത്തില്‍ എതിരാളികളെ പലതാക്കി പിളര്‍ത്തി ദേവേന്ദര്‍ വോട്ടു ചോദിക്കുകയാണ്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന്റെ അന്നും തലേന്നും പിറ്റേന്നുമായി യവത് മാലില്‍  അഞ്ചു കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു.